Prabodhanm Weekly

Pages

Search

2023 നവംബർ 24

3328

1445 ജമാദുൽ അവ്വൽ 10

ഒരു നടന് സംഭവിക്കുന്ന രൂപമാറ്റങ്ങൾ

ബശീർ ഉളിയിൽ

സംബന്ധങ്ങളായ പ്രതീകങ്ങളുടെ സങ്കീര്‍ണവും രസകരവുമായ സംയോജനം കൊണ്ട് മനോഹരമായ ഒരു നോവലാണ്‌ ഇരുപതാം നൂറ്റാണ്ടിലെ വിഖ്യാത ജര്‍മന്‍ സാഹിത്യകാരന്‍ ഫ്രാന്‍സ് കാഫ്‌ക രചിച്ച ‘ദ മെറ്റമോര്‍ഫോസിസ്’ (രൂപാന്തരീകരണം). ഗ്രിഗര്‍ സാംസ എന്ന കഥാപാത്രം അസ്വസ്ഥജനകമായ ഒരു സ്വപ്നത്തിനു ശേഷം പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ താന്‍ ഒരു ഭീമാകാരമായ ചാണക വണ്ട് (dung beetle) ആയി രൂപാന്തരപ്പെട്ടതായി കാണുന്നു. സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തിരിയാനും മറിയാനും കഴിയാതെ ഒറ്റപ്പെട്ടു പോകുന്ന ഒരു ഭീമന്‍ പ്രാണി. ഒരു വണ്ടിന്റെ ശാരീരിക ഘടനയിലേക്ക് മാറുമ്പോഴും മനസ്സും മസ്തിഷ്കവും മനുഷ്യന്റേത് തന്നെ ആയതുകൊണ്ട് വിവരണാതീതമാണ് അയാള്‍ അനുഭവിക്കുന്ന മാനസിക വ്യഥകള്‍.

   ഈയൊരു കാഫ്‌ക കഥാപാത്രത്തെ അനുസ്മരിപ്പിച്ചുകൊണ്ട് താന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തുകയും സിനിമയേത്, ജീവിതമേത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരന്തക്കേടിലേക്ക് ‘മെറ്റമോര്‍ഫോസിസ്’ ചെയ്യപ്പെടുകയും ചെയ്യുന്ന   മലയാള സിനിമയിലെ ‘ആക്്ഷന്‍ സൂപ്പര്‍ സ്റ്റാറും’ ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന കോമഡിയും ട്രാജഡിയും നിറഞ്ഞ മെലോഡ്രാമകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പൂര്‍വാഹ്നത്തില്‍ മലയാളികള്‍ക്ക് കാണേണ്ടിവരുന്നത്. ഗ്രിഗര്‍ സാംസയെ പോലെ ആകാരത്തിലല്ല, ആന്തരികതയിലാണ് ഈ ‘കഥാപാത്ര’ത്തിനു  രൂപമാറ്റം സംഭവിക്കുന്നത് എന്നു മാത്രം. 1965-ല്‍ ഏഴാം വയസ്സില്‍ 'ഓടയില്‍ നിന്ന്' ബാലനടനായി ഉദിച്ചുയർന്ന്, മുതിര്‍ന്നപ്പോള്‍ നകുലനാ (മണിച്ചിത്രത്താഴ്)യും ആനക്കാട്ടില്‍ ചാക്കോച്ചി (ലേലം)യായും രൂപാന്തരപ്പെട്ട ശേഷം 1994-ല്‍ ‘കമ്മീഷണര്‍’ എന്ന സിനിമയിലെ ഭരത് ചന്ദ്രന്‍ (ഐ.പി.എസ്) ആയി മാറുന്നതോടെയാണ് സുരേഷ് ഗോപിയില്‍ മെറ്റമോര്‍ഫിസം മുളപൊട്ടുന്നത്. വേദി ഏതായാലും ശരീര ഭാഷയും സംസാരവും കൈ കൊണ്ടുള്ള ആക്്ഷന്‍  പോലും പിന്നീടങ്ങോട്ട് ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെതായി മാറുകയായിരുന്നു! 

‘ചെവിയില്‍ പൂടയുള്ള നായരാ’യിട്ടു പോലും പണ്ടൊരിക്കല്‍ എന്‍.എസ്.എസ് ആസ്ഥാനത്ത് പ്രവേശനം വിലക്കപ്പെട്ടത് മുതല്‍ ‘അടുത്ത ജന്മത്തില്‍ പൂണൂലിട്ട പട്ടരാ’യി ജനിക്കാനുള്ള അതിരറ്റ മോഹത്താല്‍, ‘വീട്ടാനുള്ളതാണ് പക’ എന്ന മട്ടില്‍ ഒരു യാഗാശ്വമായി  പരക്കം പായുകയാണ് താരം. കാറിലിരുന്നു  ‘പ്രജ’കളെ വരുത്തി കാലു പിടിപ്പിച്ചു വിഷുക്കൈ നീട്ടം നല്‍കിയും; പോലീസ് ഓഫീസറെ  വിളിച്ചുവരുത്തി ‘സല്യൂട്ട്’ പിടിച്ചുവാങ്ങിയും; ഏറ്റവുമൊടുവില്‍ വനിതാ ജേര്‍ണലിസ്റ്റിന്റെ  തോളില്‍ കൈയിട്ട് അവരെ ‘കൊച്ചാക്കി’യുമൊക്കെയാണ് താരം ‘പിജ്ജന്മ’  റിഹേഴ്സല്‍ നടത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ട് വെച്ച് വാര്‍ത്തക്കായി ബൈറ്റ് എടുക്കുന്നതിനിടെ ‘മീഡിയാ വണ്‍’ ചാനലിലെ  ഷിദ ജഗത് എന്ന മാധ്യമ പ്രവര്‍ത്തക ഉന്നയിച്ച ഒരു ചോദ്യത്തിന് ‘പയറഞ്ഞാഴി’ മറുപടി നല്‍കിയ ശേഷമാണ്  സുരേഷ് ഗോപി ‘മോളേ’ എന്ന് വിളിച്ചുകൊണ്ട് അവരുടെ തോളില്‍ ‘കൈയേറ്റം’ നടത്തിയത്. ‘തഴുകലി’ല്‍   നീരസം പ്രകടിപ്പിച്ച് അവര്‍ പിന്‍വലിഞ്ഞപ്പോള്‍ സുരേഷ് ഗോപിയിലെ ‘അഛന്‍’ വീണ്ടുമുണര്‍ന്ന് ‘കുട്ടി’യുടെ തോളില്‍ ഒരിക്കല്‍ കൂടി തലോടി. ‘ഷോക്കേറ്റ’ മാധ്യമ പ്രവര്‍ത്തക പോലീസില്‍ പരാതിപ്പെടുകയും പോലീസ് കേസെടുക്കുകയും ചെയ്തു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ വനിതാ കമീഷനിലും പരാതി നല്‍കി.

കാര്യങ്ങള്‍ പിടിവിട്ടുപോകുമെന്ന് കണ്ടപ്പോള്‍ ‘ഒരു അച്ഛന്റെ വാത്സല്യ’ത്തോടെയാണ് താന്‍ സ്പര്‍ശിച്ചതെന്നും ‘കുട്ടി’ക്ക് മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നു എന്നും ‘ജാമ്യം’ എടുത്തെങ്കിലും തൊട്ടടുത്ത ദിവസങ്ങളില്‍ ‘ബൈറ്റി’ന് വന്ന മാധ്യമ പ്രവര്‍ത്തകരോടുള്ള ‘നോ ബോഡി ടച്ചിംഗ്, വഴി തടഞ്ഞാല്‍ ഞാനും കേസ് കൊടുക്കും’ എന്ന പരിഹാസവും (മാധ്യമം 1-11-23) മറ്റൊരു മാധ്യമ പ്രവര്‍ത്തക(റിപ്പോര്‍ട്ടര്‍ ടി.വി)യോട് ‘ആളാവാന്‍ വരരുത്’ (ഡൂള്‍ ന്യൂസ് 4-11-23) എന്ന ആക്രോശവും  ആവര്‍ത്തിച്ചുകൊണ്ട് നേരത്തെ പറഞ്ഞ മാപ്പില്‍ ഒരു കോപ്പും  ഇല്ല എന്ന് താരം പറയാതെ പറയുകയും ചെയ്തു.

1994-ൽ, രഞ്ജിപണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കമ്മീഷണര്‍’ എന്ന സിനിമയുടെ ഹാങ്ങ്‌ ഓവറില്‍നിന്ന് 29 വര്‍ഷങ്ങള്‍ക്ക് ശേഷവും മുക്തനാവാന്‍ കഴിയാത്തതുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും ‘മോഹന്‍ തോമസിന്റെ ഉച്ഛിഷ്ടവും അമേധ്യവും കൂട്ടിക്കൊഴച്ച്’ താരം ഇപ്പോഴും പ്രതികരിച്ചുപോകുന്നത്. അപ്പോഴും ഉറച്ച പിന്തുണയുമായി ‘സംഘമിത്ര’ങ്ങള്‍ക്കൊപ്പം ‘സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്തായാലും’ എന്ന ‘പ്രീ ടെക്സ്റ്റോ’ടു കൂടി സിനിമാ മേഖലയിലെ കാവി ഗോപന വെള്ളിത്താരങ്ങളും അണിനിരക്കുന്നു എന്നത് സാംസ്കാരിക മലയാളത്തിന്റെ മറ്റൊരു ദുരന്തം. “സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷേ, വ്യക്തിപരമായി ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്.... ഇന്ന് മുതല്‍ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു” (ജോയ് മാത്യു – ഫേസ് ബുക്ക് പോസ്റ്റ്‌).

“അടുത്ത ജന്മത്തില്‍ തന്ത്രി കുടുംബത്തില്‍ ജനിക്കണം. എന്റെ അയ്യനെ ശ്രീ കോവിലിന്റെ പടിയില്‍വെച്ച് കണ്ടാല്‍ പോരാ, അകത്ത് കയറി തഴുകണം. കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കണം'’ (വേഗം മരിച്ച് തന്ത്രി കുടുംബത്തില്‍ പുനര്‍ജനിക്കണം: സുരേഷ് ഗോപി – ഡൂള്‍ ന്യൂസ് – 9 -10-23) എന്ന ബ്രാഹ്മ്യ മോഹം ഉള്ളില്‍ തിളച്ചു മറിയുന്ന താരത്തിന് താനൊരു സൂരി നമ്പൂതിരിപ്പാടും മുന്നില്‍ വരുന്ന പെണ്‍കുട്ടികളെല്ലാം ഇന്ദുലേഖമാരുമാണ് എന്ന് ഇജ്ജന്മത്തില്‍  തന്നെ തോന്നിത്തുടങ്ങുന്നുവെങ്കില്‍ അദ്ദേഹം അടിയുറച്ചു വിശ്വസിക്കുന്ന ‘സനാതനം’ തന്നെയാണ് അതിന്റെ ‘കാരണഭൂതം’.  പൂര്‍വാശ്രമത്തില്‍ കെ. കരുണാകരന് ചോറു വിളമ്പിക്കൊടുത്തും വി.എസ് അച്യുതാനന്ദന് വേണ്ടി വോട്ടുപിടിച്ചും സോണിയാ ഗാന്ധിക്ക് ഒപ്പം ഫോട്ടോയെടുത്തും ജന്മം സഫലമാക്കിയ ഈ ‘അനിതരസാധാരണനായ’ അഭിനേതാവ് നരേന്ദ്ര മോദിയുടെ അടിമയാവാന്‍ പോലും തയാറാണ് എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് 2016-ല്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഗോമയ ഗര്‍ത്തത്തിലിറങ്ങിയത്.  അങ്ങനെയാണ് തൃശൂര്‍ എടുക്കാന്‍ കഴിയാതെ പോയിട്ടും കലാകാരന്റെ ആനുകൂല്യത്തില്‍ പാര്‍ലമെന്റ് അംഗമായത്. രാജ്യസഭാംഗത്വത്തിന്റെ കാലാവധി കഴിഞ്ഞതോടെ 'മണിച്ചിത്രത്താഴി'ലെ നാഗവല്ലിയെ പോലെ ‘കാലം കാലമായ് നാന്‍ സെയ്ത യാഗം കോപത്തീയാക വളര്‍ന്തീടവേ’ എന്ന് ഉറഞ്ഞുതുള്ളുകയും പിന്നെയും പിടിത്തം വിട്ട് ത്രേതായുഗത്തിലെ സാക്ഷാല്‍ പരശുരാമന്റെ അനന്തരവനായി മാറുകയും ചെയ്യുമാറ് ‘ഡിസോസിയേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡറി’ല്‍ പെട്ടുപോയിരിക്കുകയാണ് താരം. പിജ്ജന്മ മോഹഭാരത്തോടൊപ്പം തന്നില്‍ സന്നിവേശിച്ച ‘ഘനപ്പെട്ട’  കഥാപാത്രങ്ങളെ കൂടി പേറേണ്ടി വന്നപ്പോള്‍ കേരളം തന്നെ ഒരഞ്ച് കൊല്ലത്തേക്ക്‌ പാട്ടത്തിനെടുക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍.  “അഞ്ചുവർഷത്തേയ്ക്ക് തൃശ്ശൂർ മാത്രം തന്നാൽ പോരാ; കേരളം കൂടി തരണം. പറ്റുന്നില്ലെങ്കില്‍ നല്ല അടിയും തന്ന് വിട്ടോളൂ: സുരേഷ് ഗോപി (കേരള കൗമുദി 13-11-23).

അയിത്തത്തിനു അയിത്തം കല്പിച്ച നാരായണ ഗുരുവും നമ്പൂതിരിയെ മനുഷ്യനാക്കിയ വി.ടി ഭട്ടതിരിപ്പാടുമെല്ലാം ഉഴുതു മറിച്ചു  പാകപ്പെടുത്തിയ മണ്ണില്‍ ഏത് ഭരത് ചന്ദ്രന്‍ ഐ.പി.എസായാലും   ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ‘ആണുങ്ങളില്‍ ആണായ കടയാടി രാഘവനെ മലര്‍ത്തിയടിച്ച ആനക്കാട്ടില്‍ ചാക്കോച്ചി’(ലേലം സിനിമ)യായി വന്നാല്‍ പേടിച്ചു പോകുന്ന കേരള പോലീസ് ആവണം എന്നില്ല മലയാളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍.  ‘മണിച്ചിത്രത്താഴി’ലെ നകുലനായി രൂപം പൂണ്ട് ‘ഗംഗ ഇപ്പൊ പോകണ്ട’ സ്റ്റൈലില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞാല്‍ ‘എന്താ ഞാന്‍ പോയാല്,  ഉന്നെ കൊന്ന്, ഉണ്‍  രക്തത്തെ കുടിച്ചു ഓംകാര നടനമാടുവേ' എന്ന് തിരിച്ചു പറയുന്ന നാഗവല്ലികളായി അവര്‍ മാറിയേക്കും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

ശക്തി പകരുന്ന പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്