സെമി ഫൈനലാകുമോ അസംബ്ലി തെരഞ്ഞെടുപ്പുകള്‍?
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനുമിടയില്‍ ഒരു പൊതുസ്വഭാവം കൈവരിച്ചതാണ് കഴിഞ്ഞ പത്തു വര്‍ഷമായി രാജ്യം കണ്ടുവരുന്നത്. ഒട്ടൊക്കെ യുക്തിരഹിതവും അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധവുമായ രീതിയിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദിക്ക് അനുകൂലമായ രീതിയില്‍ ജനാഭിപ്രായം വേര്‍തിരിയുന്നത്. കേന്ദ്രം ഭരിക്കാന്‍ നല്ലത് മോദിയാണെന്നും സംസ്ഥാനങ്ങളിലെ ദുര്‍ഭരണങ്ങള്‍ക്ക് ഗവണ്‍മെന്റുകളെ മാറ്റി പരീക്ഷിക്കുന്നതാണ് പോംവഴിയെന്നുമുള്ള ഈ വിശ്വാസത്തിന് ഇളക്കമുണ്ടാവുമോ എന്നേ അറിയാനുള്ളൂ. നടന്നു വരുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളിലൊന്നും ഒരിടത്തും മോദി തരംഗം നിലനില്‍ക്കുന്നില്ല. ഇന്‍ഡ്യ എന്ന പ്രതിപക്ഷ കൂട്ടായ്മ ഇതില്‍ ഒന്നാമത്തെ ചിത്രത്തെ, അതായത് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയെ താഴെയിറക്കുക എന്ന വോട്ടര്‍മാരുടെ സ്വാഭാവികമായ നിലപാടിനെ പ്രത്യേകിച്ച് സ്വാധീനിക്കുന്ന സംസ്ഥാനങ്ങളൊന്നും തെരഞ്ഞെടുപ്പ് നേരിടുന്നവയുടെ കൂട്ടത്തിലില്ല.
തെലങ്കാനയിലും മിസോറാമിലും ഒഴികെ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ നേര്‍ക്കു നേരെയാണ് മല്‍സരം. ഈ മൂന്നിൽ എല്ലായിടത്തും ഇന്‍ഡ്യ മുന്നണി ഇല്ലാതിരുന്ന കാലത്തും ബി.ജെ.പിക്കെതിരെ ജനം വോട്ടു ചെയ്തിട്ടുണ്ട്. തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസും കോണ്‍ഗ്രസും തമ്മിലുള്ള പോരാട്ടമായി മാറിവന്നിട്ടുണ്ട്. മിസോറാമില്‍ ത്രികോണ മല്‍സരമാണെങ്കിലും തൊട്ടടുത്ത മണിപ്പൂരില്‍ ബി.ജെ.പി കളിച്ച വൃത്തികെട്ട കളി ഓർമയിലുള്ളതു കൊണ്ട് ഭൂരിപക്ഷ ക്രിസ്ത്യന്‍ സമുദായം എത്രയിടത്ത് ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് തിരികെ കൊടുക്കും എന്നേ അറിയാനുള്ളൂ. വിഷയം ഇതൊന്നുമല്ല. അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തൂത്തുവാരിയെന്നു തന്നെയിരിക്കട്ടെ. പക്ഷേ, 2024-ലെ പൊതു തെരഞ്ഞെടുപ്പില്‍ അതെത്രത്തോളം പ്രതിഫലിക്കുമെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.
മോദിയുടെ മറുവശത്ത് ശക്തനായ ഒരു എതിരാളിയെ ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷത്തിന് കഴിയാത്ത സാഹചര്യം മാധ്യമങ്ങളിലൂടെ സൃഷ്ടിക്കുകയാണ് ഇത്രയും കാലം ബി.ജെ.പി ചെയ്തുവന്നത്. അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി അടിക്കടി താഴേക്കു വരുമ്പോഴും നരേന്ദ്ര മോദി എന്ന വ്യാജ വിഗ്രഹം ദല്‍ഹിയില്‍ എങ്ങനെയോ പിടിച്ചുനിന്നു. രാഹുൽ ഗാന്ധിയാണ് സ്വാഭാവികമായും മറുവശത്ത് കരുത്താര്‍ജിക്കാന്‍ കഴിയേണ്ടിയിരുന്ന ഒരാള്‍. അത് കൃത്യമായി തന്നെ തിരിച്ചറിഞ്ഞ് അദ്ദേഹത്തെ ടാര്‍ജറ്റ് ചെയ്യുന്ന നീക്കങ്ങളും കഴിഞ്ഞ പത്ത് വര്‍ഷമായി ഗോദി മീഡിയ ഒരു ക്വട്ടേഷന്‍ പോലെ ഏറ്റെടുത്ത് നടത്തുന്നുണ്ട്. അസ്പൃശ്യനായ ഒരു നേതാവൊന്നുമല്ല രാഹുല്‍ എന്ന് സ്ഥാപിച്ചെടുക്കാന്‍ തന്നെയാണ് ഭാരത് ജോഡോ യാത്രക്കു ശേഷം അദ്ദേഹത്തെ ചെറിയൊരു കാലയളവിലേക്കെങ്കിലും അയോഗ്യനാക്കാന്‍ ബി.ജെ.പി കരുക്കള്‍ നീക്കിയത്.
മറുഭാഗത്ത് അതല്ല മോദിയുടെ ചിത്രം. 2019-ല്‍ മോദി ജയിക്കാന്‍ വഴിയൊരുക്കിയ പുല്‍വാമ ആക്രമണം രാജ്യദ്രോഹത്തോളമെത്തുന്ന നിഗൂഢ സംഭവമായിരുന്നുവെന്നും അതിനകത്ത് കേന്ദ്ര സര്‍ക്കാര്‍ കുറ്റകരമായ രീതിയില്‍ അനാസ്ഥ കാണിച്ചിട്ടുണ്ടെന്നും ബി.ജെ.പിക്കകത്തുനിന്നു തന്നെ ആരോപണമുയര്‍ന്നു. രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുന്നതിലും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുമൊക്കെ മോദി പരമ ദയനീയമായി പരാജയപ്പെട്ടു. പ്രതിസന്ധിയിലാവുമ്പോള്‍ ഒരല്‍പ്പം പിറകോട്ടു വലിയുക എന്ന തന്ത്രം മാത്രമാണ് മോദി സ്വീകരിച്ചുപോരുന്നത്. ജനം മോദിയെ കുറിച്ച് നല്ലതും ചീത്തയുമായി ഒന്നും കേള്‍ക്കാതിരിക്കുന്ന ഈ ഗ്യാപ്പ് കൃത്യമായി ഉപയോഗപ്പെടുത്തി, അടുത്ത ധ്രുവീകരണ അജണ്ടയുമായി അദ്ദേഹം കൃത്യമായ സമയത്ത് പ്രത്യക്ഷപ്പെടുകയും ചെയ്യും. രാമക്ഷേത്രം മുതൽ ഏക സിവില്‍ കോഡ് വരെ അതെന്തുമാവാം. അത്തരം അപ്രതീക്ഷിത നീക്കങ്ങളാണ് പലപ്പോഴും ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കാറുള്ളതും.
അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢിലാണ് കോണ്‍ഗ്രസ് ഏറ്റവും ശക്തമായി നിലകൊള്ളുന്നത്. കഴിഞ്ഞ തവണ 90-ല്‍ 68 സീറ്റിലും ജയിച്ച പാര്‍ട്ടി ഇത്തവണയും മികച്ച രീതിയില്‍ ജയിച്ചു കയറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഈ സംസ്ഥാനത്ത് ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള വോട്ടിംഗ് വ്യത്യാസം വെറും 0.75 ശതമാനം മാത്രമായിരുന്നുവെന്ന് മറക്കരുത്. രാജസ്ഥാനിലെ വോട്ടിംഗ് നിലയിലും വെറും 0.5 ശതമാനമാണ് കോണ്‍ഗ്രസിനുള്ള മുന്‍തൂക്കം. ഈ ചെറിയ വ്യത്യാസമാണ് ബി.ജെ.പിയുടെ 73-നെതിരെ 100 സീറ്റുകളില്‍ അശോക് ഗഹ്‌ലോട്ടിനെയും കൂട്ടരെയും മുമ്പിലെത്തിച്ചത്. അവിടെ നൂറോളം സീറ്റുകളില്‍ വളരെ ചെറിയ മാര്‍ജിനിലാണ് കോണ്‍ഗ്രസ് ജയിച്ചു കയറിയത്. വോട്ടിംഗ് നിലയിലെ ഈ നേരിയ ചാഞ്ചാട്ടം എങ്ങോട്ടുമാവാം എന്നത് കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലെ പോരാട്ടത്തെ രാജസ്ഥാനില്‍ തീര്‍ച്ചയായും കടുപ്പിക്കുന്നുണ്ട്. മധ്യപ്രദേശില്‍ 114 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിനെ 109 സീറ്റ് നേടിയ ബി.ജെ.പി കുതിരക്കച്ചവടത്തിലൂടെയാണ് മറിച്ചിട്ടത്. പക്ഷേ, ചൗഹാന് സംസ്ഥാനത്തെ ജനങ്ങളുടെ പിന്തുണ ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി തന്നെയും അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടിയല്ല മല്‍സരിക്കുന്നത്. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ മിസോറാമില്‍ ഇത്തവണ ബി.ജെ.പി എന്തെങ്കിലും നേടുമെന്ന് പ്രതീക്ഷിക്കുന്നതിനെക്കാള്‍ വലിയ വങ്കത്തം വേറെയില്ല.
ഇത്തവണത്തെ അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ ജാതി വീണ്ടുമൊരിക്കല്‍ കൂടി നിര്‍ണായക ഘടകമായി മാറുന്നതായാണ് സൂചനകള്‍. കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ ജാതിസംഘടനകളെ മതരാഷ്ട്രീയം കൊണ്ട് ബി.ജെ.പി മറികടന്നതോടെ പ്രതിസന്ധിയിലായ ഒ.ബി.സി - ദലിത് സംഘടനകളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ബിഹാറിലെ ജാതി സെന്‍സസിലൂടെ സംഭവിച്ചത്. നരേന്ദ്ര മോദിയുടെ ഭരണം രാജ്യത്തെ സാമ്പത്തിക, കാര്‍ഷിക, തൊഴില്‍ മേഖലകളിലുണ്ടാക്കിയ തകര്‍ച്ച ചര്‍ച്ച ചെയ്യുന്നതിനൊപ്പം സ്വത്വ രാഷ്ട്രീയത്തെയും കോണ്‍ഗ്രസ് രാജ്യത്ത് വീണ്ടും സജീവമാക്കിയിട്ടുണ്ട്. തെലങ്കാനയില്‍ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് കോണ്‍ഗ്രസിന്റെയും ഇന്‍ഡ്യ സഖ്യത്തിന്റെയും തുരുപ്പുചീട്ടായി മാറുന്നത് കാണാനാവും. ജാതി സെന്‍സസിനെ മറികടക്കാന്‍ രംഗത്തിറക്കിയ വനിതാ സംവരണം കടലാസില്‍ ഒതുങ്ങുകയും എന്‍.ഡി.എ എന്ന വാജ്‌പേയി കാലം മുതല്‍ക്കുള്ള സഖ്യം തത്ത്വത്തില്‍ ഇല്ലാതാവുകയും ചെയ്തതോടെ ബി.ജെ.പി വലിയൊരളവില്‍ ശൂന്യമായ കൈകളുമായാണ് തെരഞ്ഞെടുപ്പ് നേരിടുന്നത്.
2024-ലെ പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകളെ മോദിയെ മാത്രം മുന്നില്‍ നിര്‍ത്തി ജയിപ്പിക്കാനാവാത്ത ഒരു സാഹചര്യവും ബി.ജെ.പിക്കു മുന്നില്‍ രൂപപ്പെടുന്നുണ്ട്. മൊത്തം നോക്കുമ്പോള്‍ പൊതുവെ കോണ്‍ഗ്രസിനും സഖ്യ കക്ഷികള്‍ക്കും വലിയ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ് നിലവിലുള്ള അസംബ്ലി തെരഞ്ഞെടുപ്പുകള്‍. എന്നാല്‍, ഇതിനെ 2024-ലേക്കുള്ള ചവിട്ടുപടിയായി കാണാനാവുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുക എളുപ്പവുമല്ല.
ഇന്ത്യയിലുടനീളം ഒരേ നിലപാടല്ല കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഇപ്പോഴത്തെ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസും ബി.ജെ.പിയും 2023 മെയില്‍ നേര്‍ക്കുനേരെ ഏറ്റുമുട്ടിയ സംസ്ഥാനമാണ് കര്‍ണാടക. മൃദുഹിന്ദുത്വം വെടിഞ്ഞ്, ബി.ജെ.പിയുടെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ അതിശക്തമായി ആഞ്ഞടിച്ച രാഹുൽ ഗാന്ധിയുടെ ശൈലിയാണ് ഈ തെരഞ്ഞെടുപ്പിന്റെ വിജയമന്ത്രമായി മാറിയത്. ദേശീയ രാഷ്ട്രീയത്തിൽനിന്ന് തൂത്തെറിയപ്പെടുന്ന അവസ്ഥയില്‍നിന്ന് കോണ്‍ഗ്രസിന്റെ മടങ്ങിവരവിന്റെ തുടക്കം കുറിച്ച തെരഞ്ഞെടുപ്പായിരുന്നു അത്. ബി.ജെ.പി വിരുദ്ധതയുടെ കാര്യത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊതുചിത്രത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന സംസ്ഥാനമൊന്നുമല്ല തെലങ്കാന. ബി.ജെ.പി ഇത്തവണ കുറെക്കൂടി താഴേക്കു പോകുന്ന ചിത്രമാണ് അവിടെ രൂപപ്പെടുന്നത്. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭരണം മികച്ചതാണെന്ന അഭിപ്രായം ഉണ്ടായിരിക്കെ തന്നെ കോണ്‍ഗ്രസ് ഇക്കുറി മികച്ച പ്രകടനം കാഴ്ചവെക്കാനിടയുള്ള സംസ്ഥാനമായി പൊടുന്നനെ തെലങ്കാന മാറിയിരിക്കുന്നു. കര്‍ണാടകയിലെ വിജയം വലിയൊരളവില്‍ കോണ്‍ഗ്രസ്സിന്റെ സാധ്യതകളെ തെലങ്കാനയില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 119 അംഗ അസംബ്ലിയില്‍ ബി.ആര്‍.എസിന് ഒപ്പമോ ഒരു ചുവട് മുന്നിലോ ആണ് നിലവില്‍ കോണ്‍ഗ്രസ് പ്രചാരണ രംഗത്തുള്ളത്. ഇതോടെ ചിത്രത്തില്‍ ബഹുദൂരം പിന്നിലാവാന്‍ പോകുന്നത് ബി.ജെ.പിയാണ്. അസംബ്ലി തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേദിയില്‍ അവര്‍ക്ക് ഇതുവരെ ഒരു അനക്കവും സൃഷ്ടിക്കാനായിട്ടില്ല. കോണ്‍ഗ്രസ്സാണ് ബി.ആര്‍.എസിന്റെ മുഖ്യ എതിരാളികളെന്നാണ് ഏതാണ്ടെല്ലാ ഏജന്‍സികളും വിലയിരുത്തുന്നത്. 17 ലോക്‌സഭാ സീറ്റുകളുള്ള ഈ സംസ്ഥാനത്ത് ആരു ജയിച്ചാലും ദേശീയ തലത്തില്‍ ബി.ജെ.പിക്ക് ഒരു നേട്ടവും അതുകൊണ്ടുണ്ടാവില്ല എന്നതാണ് ഇതിന്റെ മറുവശം. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് ബി.ആര്‍.എസിനെ ഇത്തവണ കോണ്‍ഗ്രസ് മറിച്ചിടുമെന്നു തന്നെയാണ്. രാഹുല്‍ ഗാന്ധിക്ക് സംസ്ഥാനത്ത് വലിയ സ്വീകാര്യത ലഭിക്കുന്നതും കാണാനുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ സീറ്റു നിലയില്‍ തീര്‍ച്ചയായും തെലങ്കാന നിര്‍ണായകമായ പങ്കുവഹിക്കും.
നിലവില്‍ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലായിടത്തും ഇതല്ല ചിത്രം. അസംബ്ലിയില്‍ അവര്‍ കോണ്‍ഗ്രസ്സിനെ തുണച്ചേക്കുമെങ്കിലും പാര്‍ലമെന്റില്‍ മോദിയുടെ പിറകെയാണ് ഉത്തരേന്ത്യന്‍ വോട്ടര്‍മാര്‍. രാജസ്ഥാനും ഛത്തീസ്ഗഢും ഒരല്‍പ്പം ഭേദമാണെങ്കിലും മധ്യപ്രദേശിലെ ലോക്‌സഭാ സീറ്റുകളില്‍ 29-ല്‍ 28-ഉം ബി.ജെ.പിയാണ് കൈപ്പിടിയിലൊതുക്കിയത്. കഴിഞ്ഞ 20 വര്‍ഷമായി നിലനില്‍ക്കുന്ന ഹിന്ദുത്വ ഭരണം ആ സംസ്ഥാനത്തിന്റെ പൊതുബോധത്തെ കീഴ്‌പ്പെടുത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഈ രാഷ്ട്രീയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുകയും ഒപ്പം ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയക്കളിയില്‍ ഒരു കൈ നോക്കുകയുമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ചെയ്യുന്നത്. ശിവരാജ് സിംഗ് ചൗഹാന്റെ ദുര്‍ഭരണംകൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ കഴിഞ്ഞ തവണ അസംബ്ലിയിലേക്ക് കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചിട്ടും ജ്യോതിരാദിത്യ സിന്ധ്യയും കൂട്ടരും കൂറുമാറി ബി.ജെ.പിയില്‍ ചേര്‍ന്ന് ചൗഹാന്റെ ജനദ്രോഹ ഭരണത്തിന് വീണ്ടുമൊരു അവസരം പിന്‍വാതിലിലൂടെ ഒരുക്കിക്കൊടുക്കുകയായിരുന്നു. കമല്‍നാഥും ദിഗ് വിജയ് സിംഗും തമ്മിലുള്ള ഗ്രൂപ്പ് വഴക്കും മറ്റ് ആഭ്യന്തര ചേരിപ്പോരുമൊക്കെ മാറ്റിവെച്ച് ഒറ്റക്കെട്ടായി നിന്നപ്പോള്‍ കോണ്‍ഗ്രസ്സിന് സംസ്ഥാനത്ത് വിജയം എളുപ്പമായി. മറുഭാഗത്ത് ഹിന്ദുത്വ വിഷയങ്ങളില്‍ കോണ്‍ഗ്രസ് തപ്പിത്തടയുകയാണ് ചെയ്തത്. നർമദ യാത്ര എന്ന പേരില്‍ സംസ്ഥാനത്തു കൂടെ ദിഗ് വിജയ് സിംഗ് നടത്തിയ യാത്രക്ക് ഹൈന്ദവ തീര്‍ഥാടന കേന്ദ്രങ്ങളുമായാണ് ബന്ധം ഉണ്ടായിരുന്നത്. ഇത്തവണയും രാമക്ഷേത്രത്തിന്റെയും മറ്റും പേരില്‍ കോണ്‍ഗ്രസ് ഊറ്റം കൊള്ളുന്നത് കാണാനുണ്ട്. ബി.ജെ.പിയുടെ ബി.ടീമായാണ് കമല്‍നാഥ് മല്‍സരിക്കുന്നതെന്ന് കുറ്റപ്പെടുത്താന്‍ പോലും കഴിയുന്ന ചിത്രമാണിത്. അസംബ്ലിയിലേക്ക് ജയിക്കാന്‍ പ്രത്യേകിച്ച് ഒരു ഹിന്ദുത്വ നിലപാടും കോണ്‍ഗ്രസ്സിന് ആവശ്യമില്ലാത്ത വിധം ചൗഹാന്‍ വിരുദ്ധത കത്തിനില്‍ക്കുന്ന സംസ്ഥാനത്ത് പക്ഷേ എന്തിന് പാര്‍ട്ടി സ്വന്തം അടിത്തറകളെ കളങ്കപ്പെടുത്തുന്നു എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്.
ജാതി സെന്‍സസ് മുതല്‍ ജനാക്രോശ് യാത്രകള്‍ വരെയുള്ള കൃത്യമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയിലേക്ക് രാമക്ഷേത്രത്തെ കൂടി തിരുകിക്കയറ്റുന്നത് മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസമില്ലായ്മയാണ് കാണിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയിലേക്ക് പോയത് ഗ്വാളിയോര്‍, മൊറീന, ഗുണ, ചമ്പല്‍ മേഖലകളിലെ 60-ഓളം സീറ്റുകളില്‍ നിര്‍ണായകമാവുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നതെങ്കില്‍ ഇതില്‍ വലിയ ശരികളില്ല. സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറില്‍ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സാണ് നേട്ടമുണ്ടാക്കിയത്. സിന്ധ്യയോടൊപ്പം പോയ എല്ലാ അവസരവാദികളെയും സന്തോഷിപ്പിക്കാന്‍ ബി.ജെ.പി ഇത്തവണ തയാറായിട്ടില്ല. പഴയ കാലുമാറ്റക്കാരില്‍ 11 പേര്‍ക്കെങ്കിലും ഇക്കുറി സീറ്റ് കൊടുത്തിട്ടില്ല. ബൈജുനാഥ് സിംഗും യാഗവേന്ദ്ര സിംഗും തിരികെ കോണ്‍ഗ്രസ്സിലേക്ക് മടങ്ങിയെത്തി. സിന്ധ്യക്ക് ഈ മേഖലയില്‍ നിര്‍ണായക സ്വാധീനമുണ്ടെങ്കിലും അദ്ദേഹം ബി.ജെ.പിക്കകത്തുണ്ടാക്കുന്ന ഗ്രൂപ്പ് വഴക്കുകള്‍ കോണ്‍ഗ്രസ്സിനാണ് നേട്ടമുണ്ടാക്കുന്നത്. സിന്ധ്യ പക്ഷക്കാരായ പഴയ കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി കാലുവാരിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. സിന്ധ്യയോടൊപ്പം എം.എല്‍.എമാരുടെ എണ്ണം കൂടുന്നതിനെ ബി.ജെ.പിയിലെ ആദ്യകാല നേതാക്കള്‍ ഭയക്കുന്നുണ്ട്. മൊറീനയിലും ചമ്പലിലുമുള്ള 35 സീറ്റുകളില്‍ 27-ഉം കഴിഞ്ഞ തവണ കോണ്‍ഗ്രസ് ജയിച്ചു കയറിയത് ഭരണവിരുദ്ധ തരംഗത്തിന്റെ കൂടി ചിറകിലേറിയാണ്. കൂറുമാറ്റത്തിനു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ അക്കാര്യം വോട്ടര്‍മാര്‍ തെളിയിച്ചതുമാണ്. ചൗഹാന് പകരം അടുത്ത മുഖ്യമന്ത്രിയായി സിന്ധ്യയെ ബി.ജെ.പി ഉയര്‍ത്തിക്കാട്ടിയിരുന്നുവെങ്കില്‍ ഈ മേഖലയില്‍ മാത്രമായി ഒരുപക്ഷേ ബി.ജെ.പി നേരിയ തോതില്‍ നേട്ടമുണ്ടാക്കിയേനെ. അതിന് പാര്‍ട്ടി തയാറായിട്ടില്ല.
അഞ്ചു സംസ്ഥാനങ്ങളിലായി 679 അസംബ്ലി സീറ്റുകളാണ് ഈ തെരഞ്ഞെടുപ്പുകളില്‍ വിധിയെഴുതുക. ഇതില്‍ എല്ലായിടത്തുമായി 82 ലോക്‌സഭാ സീറ്റുകളുമുണ്ട്. ഇക്കൂട്ടത്തില്‍ കോണ്‍ഗ്രസ് കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച ഛത്തീസ്ഗഢില്‍ പോലും ആകെയുള്ള 11ലോക്‌സഭാ സീറ്റുകളില്‍ 9-ലും ബി.ജെ.പിയാണ് ജയിച്ചത്. അശോക് ഗഹ്‌ലോട്ട് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയായിരിക്കെ തന്നെ രാജസ്ഥാനില്‍നിന്ന് ഒറ്റ ലോക്‌സഭാ സീറ്റില്‍ പോലും 2019-ല്‍ കോണ്‍ഗ്രസ്സിന് ജയിക്കാനായിട്ടില്ല. ഇവിടെ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ബി.ജെ.പിയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തില്‍ കുറഞ്ഞത്. പഴയ ടി.ആര്‍.എസ് എന്ന ഇന്നത്തെ ബി.ആര്‍.എസ് 17-ല്‍ 9 സീറ്റ് ജയിച്ചപ്പോള്‍ 4 സീറ്റില്‍ ബി.ജെ.പിയും 3 സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ഉവൈസിയുമാണ് തെലങ്കാനയില്‍നിന്ന് ലോക്‌സഭയിലെത്തിയത്. ബി.ജെ.പി വിരുദ്ധ പക്ഷത്താണ് മിസോറാമില്‍നിന്ന് ജയിച്ച ലാല്‍സോറംഗ. ഈ കണക്കുകളെ ഒന്നിച്ച് വായിക്കുമ്പോള്‍ 2024-ന് മുമ്പെയുള്ള സെമിഫൈനല്‍ എന്ന് ഇപ്പോഴത്തെ അസംബ്ലി തെരഞ്ഞെടുപ്പുകളെ വിലയിരുത്തുക സാഹസമായിരിക്കും. അവസാനത്തെ തുരുപ്പു ചീട്ടുകളാണ് ലോക്‌സഭയില്‍ ബി.ജെ.പിയെ ജയിപ്പിക്കുന്നത്. പുല്‍വാമ പോലുള്ള അതിവൈകാരിക പ്രചാരണ വിഷയങ്ങള്‍ ഉയര്‍ത്തുന്ന ബി.ജെ.പിക്കെതിരെ ജാതി സെന്‍സസും മോദിയുടെ ഭരണപരാജയവുമൊന്നും വോട്ടര്‍മാരെ ആകര്‍ഷിക്കണമെന്നില്ല. രാജ്യവ്യാപകമായ വര്‍ഗീയ കലാപങ്ങള്‍ മുതല്‍ ഗസ്സ മോഡല്‍ യുദ്ധങ്ങള്‍ വരെ മോദിയുടെ ആവനാഴിയില്‍ ഉണ്ടായേക്കാം. തന്റെ കാര്‍ഡുകള്‍ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ് മോദി കളിക്കുന്നത്. അതെന്താണെന്ന് വ്യക്തമാകാന്‍ ഒരുപക്ഷേ ഈ അസംബ്ലി തെരഞ്ഞെടുപ്പുകള്‍ വഴിയൊരുക്കിയേക്കാം.
Comments