പാഠപുസ്തകങ്ങളിൽനിന്ന് ഇന്ത്യ പുറന്തള്ളപ്പെടുമ്പോൾ
ഓർമകളുടെ കാവിവൽക്കരണത്തിനായുള്ള ദീർഘകാല പ്രോജക്ടിന്റെ ഒരു സുപ്രധാന ഘട്ടത്തിലാണ് രാജ്യം ഇപ്പോൾ എത്തിനിൽക്കുന്നത്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണം എന്നാവശ്യപ്പെട്ട് 2016-ല്‍ ഒരു വ്യക്തി സമർപ്പിച്ച ഹരജി ഹരജിക്കാരനെ ശാസിച്ചുകൊണ്ടാണ് സുപ്രീം കോടതി അന്ന് തള്ളിയത്. എന്നാൽ ഇന്ന്, G20 ഉച്ചകോടിയോടനുബന്ധിച്ച് പ്രസിഡന്റ് ഓഫ് ഇന്ത്യ, പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ എന്നീ പേരുകൾ പ്രയോഗിക്കുന്ന സ്ഥലത്ത് പ്രസിഡന്റ് ഓഫ് ഭാരത്, പ്രൈം മിനിസ്റ്റർ ഓഫ് ഭാരത് എന്ന് ചേർത്തുകൊണ്ട് പുതിയ മാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തപ്പെടുകയായിരുന്നു. ഏകദേശം ഇതേ സമയത്തു തന്നെയാണ് ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസില്‍ അംഗം കൂടിയായ ഡോ. സി. ഐസക്കിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി, പാഠപുസ്തകങ്ങളിൽ ഇനി മുതൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നും, പ്രാചീന ഇന്ത്യ എന്നതിന് പകരം ക്ലാസിക്കൽ കാലഘട്ടം എന്നും പ്രയോഗിക്കണമെന്ന നിർദേശം മുന്നോട്ടുവെക്കുന്നത്. പ്രതിപക്ഷ സംഘടനകളുടെ കൂട്ടായ്മയുടെ പേര് 'ഇൻഡ്യ' എന്ന് ആയതിനാലുള്ള ഒരു പേരുമാറ്റൽ മാത്രമാണ് ഇത് എന്ന് ചുരുക്കിക്കാണുന്നത് ദീർഘകാല ഹിന്ദുത്വ പ്രോജക്ടിനെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ട് മാത്രമായിരിക്കും.
ഇന്ത്യ എന്നുള്ളത് ബ്രിട്ടീഷുകാർ നമുക്കുമേൽ ചാർത്തിയ പേരാണ്, പൗരാണിക കാലത്ത് ഇന്ത്യയെ വിളിച്ചിരുന്നത് ഭാരതം എന്നാണ് - ഇതാണ് ഉയർത്തിക്കൊണ്ടുവരുന്ന വാദം. യഥാർഥത്തിൽ, നാം ഇന്ന് കാണുന്ന ഇന്ത്യൻ ഭൂപ്രദേശത്തെ മുഴുവൻ ഉൾക്കൊള്ളാൻ ആദ്യ കാലങ്ങളിൽ പ്രത്യേകം ഒരു നാമം ഉണ്ടായിരുന്നില്ല. പതിനാറോളം മഹാജന പദങ്ങൾ ആയിരുന്നു പ്രാചീന ഉത്തരേന്ത്യ. പൗരാണിക കാലം മുതൽ വ്യത്യസ്ത പേരുകളിലാണ് ഇന്നു നാം കാണുന്ന ഉത്തരേന്ത്യൻ ഭാഗങ്ങൾ വിളിക്കപ്പെട്ടിരുന്നത്. ഭാരത വർഷം, ഭാരത ദേശം, ആര്യാവർത്തം, ഹിന്ദ്പതം, ഹിന്ദുസ്ഥാൻ, ഇന്ത്യ എന്ന് തുടങ്ങി നിരവധി പേരുകളിൽ ഈ പ്രദേശം അറിയപ്പെട്ടിരുന്നു. ബി.സി അഞ്ചാം നൂറ്റാണ്ടില്‍ ഹെറോഡോട്ടസ് 'ഇൻഡോസ്' എന്നും ബി.സി ഒന്നാം നൂറ്റാണ്ടിൽ മെഗസ്തനീസ് 'ഇന്‍ഡിക്ക' എന്നും പേര് വിളിച്ചതായി കാണാം. ദക്ഷിണേന്ത്യയെ പൊതുവായി ദ്രാവിഡ ഭൂമി, ദ്രാവിഡ ദേശം എന്നും കേരളീയ ഭാഗത്തെ മലൈബാര്‍ എന്നുമെല്ലാമാണ് വിളിച്ചിരുന്നത്. ഇത്രയും വൈവിധ്യമാർന്ന പേരുകള്‍ വിളിക്കപ്പെട്ട ഒരു ദേശത്തിന് ഒരു ഘട്ടത്തില്‍ വിദേശികള്‍ നല്‍കിയ പേരിനു പകരമായി ഒരു പേര് തെരയുമ്പോള്‍ ഭാരതം എന്ന് തന്നെ തെരഞ്ഞെടുക്കാന്‍ എന്തായിരിക്കും കാരണം എന്ന് ആലോചിച്ചാല്‍ മതി ഈ പേരിന്റെ പിന്നിലെ രാഷ്ട്രീയം മനസ്സിലാക്കാന്‍.
ഇന്ന് നാം പൊതുവേ ഉപയോഗിച്ചുവരുന്ന ഭാരതം എന്ന പേരിന് ഭൂമിശാസ്ത്രപരം, ചരിത്രപരം എന്നതിനെക്കാളുപരി, ഐതിഹ്യങ്ങളുമായും കഥകളുമായും വിശ്വാസങ്ങളുമായുമാണ് കൂടുതൽ അടുപ്പമുള്ളത്. കുരുവംശ രാജാവായ യെയാദിയുടെ വംശത്തിൽനിന്നു വന്ന ദുഷ്യന്തന്റെ മകൻ ഭരതനെ കേന്ദ്രമാക്കിയുള്ള ഒരു പുരാണ കഥയിലെ പ്രദേശമാണ് ഭാരത വർഷം. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിലാണ് ഈ കഥ പറയുന്നത്. എന്നാൽ അത്, നാം ഇന്ന് പറയുന്ന ഭാരതത്തിന്റെ പൂർവ നാമമല്ല; ഇന്നത്തെ പ്രദേശങ്ങളെ ഉൾക്കൊള്ളുന്ന പ്രയോഗവുമല്ല. ഗുപ്ത ഭരണകാലത്ത് രചിക്കപ്പെട്ട വിഷ്ണു പുരാണത്തിൽ ഭാരതം എന്ന് പ്രയോഗിക്കുന്നുണ്ടെങ്കിലും, അതൊരു സാഹിത്യപ്രയോഗം എന്നതിനപ്പുറം എട്ടാം നൂറ്റാണ്ടിന് ശേഷം പൊതുവായി എവിടെയും ഇങ്ങനെ പ്രയോഗിച്ചു കാണുന്നില്ല.
കൊളോണിയൽ ശക്തികൾ നമ്മുടെ നാടിനു നൽകിയ പേര് മാറ്റി നാം നമ്മെ വിളിച്ചിരുന്ന പേര് പുനഃസ്ഥാപിക്കുന്നതിൽ എന്താണിത്ര പ്രശ്നം എന്ന ചോദ്യം ഒറ്റനോട്ടത്തിൽ നിഷ്കളങ്കമായി തോന്നാം. സാമൂഹിക ഓർമകളുടെ നിഷ്കാസനം വഴി ഹിന്ദുത്വ രാഷ്ട്രത്തിന്റെ സ്ഥിരപ്പെടുത്തലിന്റെ പ്രധാന പടവാണിതെന്ന് തിരിച്ചറിയുകയാണ് പ്രധാനം. ചരിത്രത്തെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ഒരു പ്രധാന ടൂൾ ആയി തിരിച്ചറിഞ്ഞ് പ്രയോഗിച്ച ബ്രിട്ടീഷ് സൃഗാലബുദ്ധി തന്നെയാണ് സംഘ് പരിവാർ ഇന്ത്യയിലും പയറ്റുന്നത്.
ഇന്ത്യയെക്കുറിച്ചുള്ള ആദ്യ ബൃഹത് ചരിത്രങ്ങളിലൊന്നാണ് ജെയിംസ് മില്ലിന്റെ ഇന്ത്യാ ചരിത്രം. ഇന്ത്യൻ ചരിത്രത്തെ ഹിന്ദു കാലഘട്ടം, മുസ് ലിം കാലഘട്ടം, ബ്രിട്ടീഷ് കാലഘട്ടം എന്നിങ്ങനെയാണ് ജെയിംസ് മില്ല് തരംതിരിച്ചിരിക്കുന്നത്. മില്ലിന്റെ ഈ ഭിന്നിപ്പിക്കൽ കാലഗണനാ പ്രയോഗത്തിന്റെ ആധുനിക രാഷ്ട്രീയ രൂപമാണ് 'ഇന്ത്യ'യിൽ നിന്ന് 'ഭാരത'ത്തിലേക്കുള്ള പേരുമാറ്റം. ബ്രിട്ടീഷുകാർ നൽകിയ ഇന്ത്യക്ക് പകരം പ്രാദേശിക പേരാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ഇന്നത്തെ ഇന്ത്യയെ ഏറക്കുറെയെങ്കിലും പ്രതിനിധാനം ചെയ്യുന്ന മുഗള കാലത്തെ 'ഹിന്ദുസ്ഥാൻ' തെരഞ്ഞെടുക്കാമായിരുന്നു. മധ്യകാലത്തിന്റെ ഓർമകൾ പേറുന്ന സ്ഥലങ്ങളുടെയും റോഡുകളുടെയും കെട്ടിടങ്ങളുടെയും പേര് മാറ്റിയെഴുതി, ജെയിംസ് മിൽ മുന്നോട്ടുവെച്ച ഹിന്ദു ക്ലാസിക്കൽ കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന ഭാരതം എന്ന പേര് നൽകുന്നത് ആ പേർ കേൾക്കുമ്പോൾ അനുവാചകന്റെ മനസ്സ് എത്തിച്ചേരേണ്ട ഒരു സംസ്കൃതിയെ മനസ്സിൽ കണ്ടുകൊണ്ടാണ്. ഏത് പേരും കേവലം പേരു മാത്രമല്ല. അത് കേൾക്കുന്നവന്റെയും പറയുന്നവന്റെയും മനസ്സിൽ ചില രൂപകങ്ങൾ പ്രത്യക്ഷപ്പെടുത്തും. ഭാരതം എന്ന് കേൾക്കുമ്പോൾ ഒരു കേൾവിക്കാരന്റെ മനസ്സിൽ എന്താണ് ചിത്രീകരിക്കപ്പെടേണ്ടത് എന്നത് ഈ ഒരു പേരുമാറ്റൽ ചടങ്ങിനോടൊപ്പം തന്നെ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
അതുകൊണ്ടാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിനു പകരം ഭാരതം എന്ന് പ്രയോഗിക്കണം എന്നതിനോടൊപ്പം തന്നെ, പൗരാണിക ഇന്ത്യ എന്ന് പ്രയോഗിക്കുന്നതിനു പകരം ഭാരതത്തിന്റെ ക്ലാസിക്കൽ കാലഘട്ടം എന്ന് തന്നെ പ്രയോഗിക്കണം എന്ന് നിഷ്കർഷിക്കുന്നത്. ജെയിംസ് മിൽ നമുക്കു മുന്നിൽ വരച്ചിട്ട ഹിന്ദു കാലഘട്ടം, അഥവാ ഇന്ന് ചരിത്ര പാഠപുസ്തകങ്ങൾ മുന്നോട്ടുവെക്കുന്ന 'ക്ലാസിക്കൽ ഗോൾഡൻ കാലഘട്ടം' എന്നതിനെ സത്യവും അർധസത്യവും അസത്യവും കൂട്ടിച്ചേർത്ത് നിറപ്പകിട്ടുള്ളതാക്കി മാറ്റിയെഴുതുക എന്നുള്ളതാണ് ഇന്നത്തെ ചരിത്ര ഗവേഷണത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം. ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ ഏറ്റവും കൂടുതൽ സെമിനാറുകൾ നടത്താനും ഗവേഷണം നടത്താനും ഫണ്ട് ചെലവഴിക്കുന്നത് ഇന്ത്യയുടെ പൗരാണിക ക്ലാസിക്കൽ കാലഘട്ടത്തെ പുനർ നിർമിക്കുന്നതിനും ആ കാലഘട്ടത്തിലെ കലാ-സാംസ്കാരിക പൈതൃകങ്ങളും ആർഷഭാരത കഥകളും പൊടി തട്ടിയെടുക്കാനുമാണ് എന്നത്, ഈ പുരാണ കാല പുനരുൽപാദനത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിത്തരാന്‍ സഹായിക്കും.
അവസാനമായി, ഇന്ത്യയിലെ കോളനി വിരുദ്ധ പോരാട്ട കാലത്ത് തങ്ങൾ രൂപവത്കരിച്ച സംഘടനകൾക്ക് ഇന്ത്യ എന്നും ഭാരതം എന്നും പേര് നൽകിയ രണ്ട് വിഭാഗത്തെ പരിചയപ്പെടാം. മതേതരത്വ മൂല്യങ്ങളിൽ നിന്നുകൊണ്ട് ഇന്ത്യൻ ദേശീയ രാഷ്ട്രത്തെ ശക്തിപ്പെടുത്തി കോളനി വിരുദ്ധ സമരങ്ങൾക്ക് രൂപം നൽകിയ ആദ്യകാല സംഘടനകളുടെ പേര് British Indian Association, Indian National Association, Indian League, East India Association, Indian Society, Indian National Congress എന്നിങ്ങനെ ആയിരുന്നു. എല്ലാറ്റിലും ഈ ദേശത്തെ ഇന്ത്യ എന്ന് തന്നെയാണ് വിളിക്കുന്നത്. അതേസമയം ഹിന്ദുത്വ ആശയത്തില്‍ ഊന്നി തീവ്രസ്വഭാവത്തോടു കൂടി ദാമോദര്‍ സവർക്കർ രൂപവത്കരിച്ച സംഘടനയുടെ പേര് 'അഭിനവ് ഭാരത് ' എന്നായിരുന്നു. 1921-ൽ സവർക്കറിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പേര് അഖില ഭാരതീയ ഹിന്ദു മഹാസഭ എന്നാക്കി മാറ്റിയതും ചരിത്രമാണ്.
(അവസാനിച്ചു)
Comments