പോരാളികള്‍ക്ക് വിശ്രമമില്ല
''ഫലസ്ത്വീനികള്‍ക്ക് പോരാടാന്‍ അപാച്ചെ ഹെലികോപ്റ്ററുകളോ എഫ്-16 വിമാനങ്ങളോ ടാങ്കുകളോ മിസൈലുകളോ ഇല്ല, രക്തസാക്ഷികളാവാനുള്ള ധീരതയാണ് അവരുടെ കൈമുതല്‍. പിറന്ന മണ്ണിന്റെ മോചനത്തിനായുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വമാണ് ഞാനും ആഗ്രഹിക്കുന്നത്. ഒരു ഹമാസ് നേതാവ് കൊല്ലപ്പെട്ടാല്‍ നൂറു നേതാക്കള്‍ ഉയര്‍ന്നുവരും.''
രക്തസാക്ഷിത്വം വരിക്കുന്നതിന് ഒരുമാസം മുമ്പ് ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്്മദ് യാസീന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലെ വാചകങ്ങളാണിത്.
ഇസ്രായേലിന്റെ അധിനിവേശ ഭീകരതക്കെതിരെ ഫലസ്ത്വീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് നടത്തിവരുന്ന ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കല്ലുകളില്‍നിന്നും ചാവേറുകളില്‍നിന്നും പുരോഗമിച്ച് ശത്രുവിനെതിരായ പോരാട്ടം ലോംഗ് റെയ്ഞ്ച് റോക്കറ്റുകളിലും പാരാഗ്ലൈഡറുകളിലുമെത്തിയ ഘട്ടമാണിത്. ഒക്ടോബർ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച 'ത്വൂഫാനുല്‍ അഖ്‌സ്വാ' ഓപറേഷന്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ചരിത്രത്തിലെ നിര്‍ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
നാല്‍പതിനായിരത്തോളം അംഗങ്ങളുള്ള ഖസ്സാം ബ്രിഗേഡ്‌സ് രണ്ടു വര്‍ഷത്തോളമായി ഈ ഓപറേഷന്‍ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നാണ് ഹമാസിന്റെ വിദേശകാര്യ വക്താവ് അലി ബറക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റോക്കറ്റുകളും പാരാഗ്ലൈഡറുകളും ബുള്‍ഡോസറുകളും പിക്കപ്പ് ട്രക്കുകളും മോട്ടോര്‍ ബൈക്കുകളും ഉപയോഗിച്ച് നടത്തിയ ഓപറേഷനായിരുന്നു അത്. പത്ത് കിലോമീറ്റര്‍ മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഖസ്സാമിന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അടിയുറച്ച ദൈവ വിശ്വാസമാണ് ഹമാസിന്റെ പോരാട്ടങ്ങളുടെ കരുത്ത്. സംഘടനയുടെ രാഷ് ട്രീയ, സൈനിക വിഭാഗങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന നിരവധി പേരെയാണ് ഇസ്രായേല്‍ വധിച്ചത്. അവരില്‍ സ്ഥാപക നേതാക്കളായ മൂന്നു പേരും ഉള്‍പ്പെടും. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും നൂറിലേറെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും ഇസ്രായേല്‍ കൊന്നൊടുക്കി. നിരവധി നേതാക്കള്‍ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇതൊന്നും ഇസ്രായേല്‍ ഭീകരതക്കെതിരായ പോരാട്ടത്തില്‍നിന്ന് ഹമാസിനെ പിന്തിരിപ്പിച്ചിട്ടില്ല.
ഇമാദ് അഖില്‍ (1971 - 1993 )
1993 നവംബര്‍ 24-നാണ് ഹമാസിന്റെ ഒരു കമാണ്ടറെ ഇസ്രായേല്‍ സൈന്യം ആദ്യമായി വധിക്കുന്നത്. ഇമാദ് അഖിൽ ആണ് ആ അര്‍ഥത്തില്‍ ഹമാസിന്റെ ആദ്യ രക്തസാക്ഷി. ഇരുപത്തിരണ്ടു വയസ്സു മാത്രമായിരുന്നു അന്ന് ഇമാദിന്റെ പ്രായം. ഇത്രയും ചെറു പ്രായത്തില്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ കമാണ്ടര്‍ പദവിയിലെത്താന്‍ മാത്രം അപാരമായ ധൈര്യവും നേതൃപാടവവുമുണ്ടായിരുന്നു ഇമാദിന്. ഹമാസ് പ്രസ്ഥാനം സ്ഥാപിതമായതിന്റെ അടുത്ത വര്‍ഷം തന്നെ ഇമാദ് അതിന്റെ ഭാഗമായി. ഹമാസില്‍ അംഗത്വമെടുത്തതിന്റെ പേരില്‍ ഇമാദിനെയും മൂത്ത സഹോദരന്‍ ആദിലിനെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയില്‍ മോചിതനായതോടെ പോരാളിയുടെ കുപ്പായമണിയുകയായിരുന്നു ആ കൗമാരക്കാരന്‍.
വേഷം മാറി പ്രത്യക്ഷപ്പെടുന്നതില്‍ മിടുക്കനായിരുന്നു ഇമാദ്. ജൂത കുടിയേറ്റക്കാരന്റെ വേഷത്തിലും ഇസ്രായേലി സൈനികരെ അദ്ദേഹം കബളിപ്പിക്കുകയുണ്ടായി. തന്റെ ജീവനെടുക്കാന്‍ സയണിസ്റ്റ് സൈന്യവും അവരുടെ ചാര സംഘടനകളും പിന്നാലെയുണ്ടെന്ന് ഇമാദിന് അറിയാമായിരുന്നു. 1991-ല്‍ എഴുതിയ ഡയറിക്കുറിപ്പില്‍ ഇക്കാര്യം ഇമാദ് സൂചിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗത്തിലേക്കുള്ള പാതയിലാണ് താനുള്ളതെന്നും അദ്ദേഹം അതില്‍ കുറിക്കുന്നു.
1993 നവംബറില്‍ ഗസ്സ ചീന്തിലെ ശുജാഇയ്യയില്‍ വീട് ഉപരോധിച്ചാണ് ഇസ്രായേല്‍ സൈന്യം ഇമാദിനെയും സഹപ്രവര്‍ത്തകരെയും വധിച്ചത്. വലീദ് ഹംദിയ എന്ന മുന്‍ ഹമാസ് പ്രവര്‍ത്തകനാണ് ഇമാദിനെ ഒറ്റുകൊടുത്തത്. 2002-ല്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇമാദ് അഖിലിന്റെ ജീവിതവും രക്തസാക്ഷിത്വവും വരച്ചുകാട്ടുന്ന ഡോക്യുമെന്ററി 2009-ല്‍ ഹമാസ് പുറത്തിറക്കിയിരുന്നു. ഹമാസ് സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മഹ്്മൂദ് സഹാറും ആഭ്യന്തര മന്ത്രിയായിരുന്ന ഫാതിഹ് ഹമദുമാണ് രചന നിര്‍വഹിച്ചത്. ഖസ്സാമിന്റെ ഇപ്പോഴത്തെ കമാണ്ടര്‍ മുഹമ്മദ് ദൈഫ് ഇമാദിനെ തന്റെ ഗുരുവായി കാണുന്നു.
യഹ്‌യാ അയ്യാശ് (1966 - 1996)
ഇമാദ് അഖിലിന്റെ മരണശേഷമാണ് യഹ്‌യാ അബ്ദുല്ലത്വീഫ് അയ്യാശ് ഖസ്സാമിന്റെ കമാണ്ടര്‍ പദവി ഏറ്റെടുക്കുന്നത്. ഖുര്‍ആന്‍ പഠനത്തില്‍ ഉള്‍പ്പെടെ മികവ് കാണിച്ച അയ്യാശ് 1991-ല്‍ ബീര്‍സൈത് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ജോര്‍ദാനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള അദ്ദേഹത്തിന്റെ നീക്കം ഇസ്രായേല്‍ തടഞ്ഞത് ഹമാസ് ബന്ധത്തിന്റെ പേരിലായിരുന്നു.
ഖസ്സാമിന്റെ ബോംബുകളുടെയും റോക്കറ്റുകളുടെയും ശില്‍പി എന്നറിയപ്പെടുന്ന അയ്യാശിനെ ഇല്ലാതാക്കാനുള്ള ചുമതല നല്‍കപ്പെട്ടത് ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന്‍ബെറ്റിനായിരുന്നു. 1996 ജനുവരി അഞ്ചിന് പിതാവുമായി സംസാരിക്കവെയാണ് മൊബൈലില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹം രക്തസാക്ഷിയാവുന്നത്. 15 ഗ്രാം ആര്‍.ഡി.എക്‌സ് നിറച്ച മൊബൈല്‍ ഫോണ്‍ അയ്യാശിന്റെ പക്കല്‍ എത്തിക്കുകയും റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയുമായിരുന്നു.
അയ്യാശിന്റെ മരണത്തിന് നാലു ചാവേര്‍ സ്‌ഫോടനങ്ങളിലൂടെയാണ് ഖസ്സാമിന്റെ ഉപ ഗ്രൂപ്പുകള്‍ പകരം വീട്ടിയത്. 1996 ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 78 പേര്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെ ഞെട്ടിച്ചു. ഹമാസ് അണികള്‍ക്കിടയില്‍ 'എഞ്ചിനീയര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അയ്യാശിനോടുള്ള ആദരവായാണ് 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള റോക്കറ്റുകള്‍ക്ക് 'അയ്യാശ് 250' എന്ന പേര് ഖസ്സാം നല്‍കിയത്.
സ്വലാഹ് ശഹാദ (1953 - 2002)
ഗസ്സയിലെ ഹമാസ് നേതാവായിരുന്ന സ്വലാഹ് മുസ്ത്വഫാ മുഹമ്മദ് ശഹാദ ഖസ്സാം ബ്രിഗേഡ്‌സിന്റെ കമാണ്ടറായിരുന്നു. അയ്യാശിനു ശേഷം ഈ ചുമതല ഏറ്റെടുത്ത ശഹാദയെ 2002 ജൂലൈ 22-നാണ് സയണിസ്റ്റ് സൈന്യം വധിച്ചത്. ശഹാദയോടൊപ്പം ഭാര്യയും മകളും രക്തസാക്ഷികളായി. അമേരിക്കന്‍ നിര്‍മിത എഫ്-16 വിമാനത്തില്‍നിന്ന് ഒരു ടണ്‍ ബോംബാണ് അദ്ദേഹത്തിന്റെ വീടിനു മുകളില്‍ വര്‍ഷിച്ചത്. ഇസ്രായേലിനെ വിറപ്പിച്ച നിരവധി ചാവേര്‍ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു ശഹാദ. 2000 -ത്തിലെ അല്‍ അഖ്‌സ്വാ ഇന്‍തിഫാദക്കാലത്ത് ഇസ്രായേലിനകത്ത് പ്രകമ്പനം കൊള്ളിക്കുന്ന ഓപറേഷനുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ശഹാദയുടെ കാലത്താണ് ഇസ്രായേലിനകത്തേക്ക് ഖസ്സാം റോക്കറ്റുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.
ഇസ്മാഈല്‍ അബൂ ശനബ് (1950 - 2003)
ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇസ്മാഈല്‍ അബൂ ശനബിനെ 2003 ആഗസ്റ്റ് 21-ന് ഗസ്സയിലെ റിമാലില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിസൈലാക്രമണത്തിലൂടെയാണ് വധിച്ചത്. ചാവേര്‍ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുകയും ദീര്‍ഘകാലത്തെ വെടിനിര്‍ത്തലിനെ അനുകൂലിക്കുകയും ചെയ്തയാളായിരുന്നു ഇസ്മാഈല്‍ അബൂ ശനബെന്ന് ദ ഇക്കണോമിസ്റ്റിന്റെ ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് ആയിരുന്ന മാക്‌സ് റോഡന്‍ബെക്കും മിഡിലീസ്റ്റ് ലേഖകനായിരുന്ന നിക്കോളാസ് പെല്‍ഹാമും സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേലുമായുണ്ടായിരുന്ന മൂന്നു മാസത്തെ വെടിനിര്‍ത്തല്‍ ഇതോടെ ഹമാസും ഇസ്‌ലാമിക് ജിഹാദും ഫതഹിന്റെ സൈനിക വിഭാഗമായ അല്‍ അഖ്‌സ്വാ ബ്രിഗേഡും അവസാനിപ്പിച്ചു.
ഗസ്സയിലെ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന മൂന്നു നേതാക്കളിലൊരാളായ അബൂ ശനബിന്റെ ഖബറടക്കച്ചടങ്ങില്‍ ഒരു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗസ്സ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന ഇസ്മാഈല്‍ അബൂ ശനബിനെ ശൈഖ് അഹ്്മദ് യാസീനുമായുള്ള അടുത്ത ബന്ധമാണ് ഹമാസിലെത്തിച്ചത്. യാസീന്റെ ഡെപ്യൂട്ടിയായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഏഴു വര്‍ഷം ഇസ്രായേലി തടവറയില്‍ കഴിച്ചുകൂട്ടുകയുണ്ടായി. 1996-ലാണ് മോചിതനായത്.
ശൈഖ് അഹ്്മദ് യാസീന്‍ (1936 - 2004)
ഇന്‍തിഫാദക്ക് കാരണക്കാരനെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന അഹ്്മദ് യാസീന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ വധിക്കാനുള്ള പദ്ധതി ഷാരോണിന്റെ നേതൃത്വത്തിലാണ് രൂപം കൊണ്ടത്. 2003 സെപ്റ്റംബര്‍ ആറിന് ശൈഖ് യാസീനും മുതിര്‍ന്ന നേതാക്കളും ഗസ്സയില്‍ യോഗം ചേരുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അര ടണ്‍ ബോംബുകളുമായി അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം തയാറാക്കി നിര്‍ത്തി. ശൈഖ് യാസീനു പുറമെ ഹമാസ് രാഷ്ട്രീയ വിഭാഗത്തിലെ പ്രമുഖന്‍ ഇസ്മാഈല്‍ ഹനിയ്യ, സൈനിക വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ദൈഫ് എന്നിവരുമുണ്ടായിരുന്നു. ഇസ്രായേല്‍ യുദ്ധ വിമാനം ബോംബ് വര്‍ഷിച്ചെങ്കിലും തലനാരിഴക്ക് ശൈഖ് യാസീനും കൂട്ടരും രക്ഷപ്പെട്ടു. ബോംബിന്റെ ചീളുകള്‍ യാസീന്റെ വലതു ചുമലില്‍ പതിച്ച് നേരിയ പരിക്കേറ്റു.
2005 -ല്‍ ഇസ്രായേല്‍ പിന്‍മാറ്റം നടത്തുന്നതു വരെ ഗസ്സയില്‍ ധാരാളം ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലായിരുന്നു ഗസ്സ. അവിടത്തെ അല്‍ സബ്റയിലെ അല്‍ മുജമ്മ പള്ളിയിലാണ് ശൈഖ് യാസീന്‍ പ്രഭാത നമസ്‌കാരത്തിന് എത്താറുള്ളതെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നു. 2004 മാര്‍ച്ച് 22-ന് തിങ്കളാഴ്ച പുലര്‍ച്ചെ 4.30-ന് ഒരു ഇസ്രായേലി ഡ്രോണ്‍ ഗസ്സയുടെ മുകളിലൂടെ പറന്ന് ശൈഖ് യാസീന്‍ വീല്‍ ചെയറില്‍ പള്ളിയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സൈനിക കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിക്കൊണ്ടിരുന്നു. ശൈഖ് യാസീന്‍ പള്ളിയില്‍നിന്ന് പുറത്തുകടന്നതോടെ ഡ്രോണില്‍നിന്ന് ലേസര്‍ രശ്മികള്‍ പ്രവഹിക്കാന്‍ തുടങ്ങി. വെളിച്ചം ലക്ഷ്യസ്ഥാനത്ത് പതിച്ചതോടെ അപാച്ചെ കോപ്റ്ററില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ ശൈഖിന്റെ നേരെ തൊടുത്തുവിട്ടു. ശൈഖ് യാസീനും മകള്‍ ഖദീജയുടെ ഭര്‍ത്താവും അംഗരക്ഷകന്‍ ഖമീസ് മുശ്തഹയും ഉള്‍പ്പെടെ എട്ടു പേര്‍ സംഭവസ്ഥലത്ത് രക്തസാക്ഷികളായി. 17 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ആകാശത്ത് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പെട്ടതായി മകന്‍ മുഹമ്മദ് പറഞ്ഞപ്പോള്‍, 'നാം രക്തസാക്ഷിത്വം കൊതിക്കുന്നുവെന്നും അല്ലാഹുവിങ്കലേക്കാണ് നമ്മുടെ മടക്കമെന്നും' ആയിരുന്നു ശൈഖ് യാസീന്റെ പ്രതികരണം. പ്രഭാത നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു മകന്‍ അബ്ദുല്‍ ഗനിയും പിതാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ശൈഖ് അത് അവഗണിച്ച് രക്തസാക്ഷിത്വത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
അബ്ദുല്‍ അസീസ് റന്‍തീസി (1947- 2004)
ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ (മുസ്‌ലിം ബ്രദര്‍ഹുഡ്) ഗസ്സയിലെ ആറു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു അബ്ദുല്‍ അസീസ് അലി അബ്ദുല്‍ മജീദ് റന്‍തീസി. ശൈഖ് യാസീനൊപ്പം ഹമാസ് രൂപവത്കരണത്തില്‍ നേതൃപരമായ പങ്കുവഹിച്ച റന്‍തീസി, പ്രസ്ഥാനത്തിന്റെ നാവായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും ആഗോള ടെലിവിഷന്‍ ചാനലുകള്‍ക്കും ഹമാസിനെ പരിചയപ്പെടുത്തുന്നതിലും സംഘടനയുടെ നയനിലപാടുകള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നതിലും റന്‍തീസിയുടെ വാക്ചാതുരി വലിയ പങ്കു വഹിക്കുകയുണ്ടായി. 1992 ഡിസംബര്‍ 17-ന് ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും പ്രവര്‍ത്തകരായ 415 പേരെ തെക്കന്‍ ലബനാനിലെ നോ മാന്‍സ് ലാന്റി (മറജുസ്സുഹൂർ )ലേക്ക് ഇസ്രായേല്‍ നാടുകടത്തിയപ്പോള്‍ അക്കൂട്ടത്തിലുള്‍പ്പെട്ട പ്രമുഖനായിരുന്നു ഡോ. റന്‍തീസി.
ഗസ്സക്കു വടക്ക് അല്‍ ജലാല സ്ട്രീറ്റില്‍ 2004 ഏപ്രില്‍ 17-ന് സന്ധ്യയോടെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇസ്രായേല്‍ വ്യോമസേനയുടെ എ.എച്ച് അപാച്ചെ ഹെലികോപ്റ്ററില്‍നിന്ന് രണ്ട് എയര്‍ റ്റു സര്‍ഫസ് മിസൈലുകള്‍ റന്‍തീസിയുടെ വാഹനത്തില്‍ പതിച്ചത്. റന്‍തീസിയെ ഉടന്‍ അല്‍ ശിഫാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് അന്ത്യശ്വാസം വലിച്ചു.
ഹമാസിന്റെ പരമോന്നത നേതൃത്വത്തിനു നേരെ ഒരു മാസം തികയും മുമ്പ് ഇസ്രായേല്‍ സൈന്യം നടത്തിയ രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു അത്. ശൈഖ് യാസീന്റെ വധത്തിനു പിറ്റേന്ന് ഹമാസിന്റെ നേതൃത്വം ഏറ്റെടുത്ത റന്‍തീസിക്ക് നാലാഴ്ച തികച്ച് ആ ചുമതലയില്‍ തുടരാനായില്ല.
ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ (ഐ.ആര്‍.എ) രാഷ്ട്രീയ വിഭാഗമായ ഷിന്‍ഫൈന് സമാനമായി ഹമാസിന് രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ ഉണ്ടാകണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് റന്‍തീസി ആയിരുന്നു. എന്നാല്‍, സൈനിക വിംഗുമായി നേരിട്ട് ബന്ധമില്ലാത്ത റന്‍തീസിയെയും മറ്റു ആറ് ഹമാസ് സ്ഥാപകാംഗങ്ങളെയും ഇസ്രായേലിനെതിരായ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഹിറ്റ്‌ലിസ്റ്റില്‍ പെടുത്തുകയായിരുന്നു.
മഹ്്മൂദ് അല്‍ മബ്ഹൂഹ് (1960 - 2010)
ഇസ്രായേലിന്റെ കുപ്രസിദ്ധ ചാര സംഘടനയായ മൊസ്സാദ് വിദേശ രാജ്യങ്ങളില്‍ നടത്തിവരുന്ന കൊലപാതക പരമ്പരകളില്‍ ഉള്‍പ്പെട്ടതാണ് 2010 ജനുവരി 19-ന് ദുബൈയിലെ അല്‍ ബുസ്താന്‍ റോട്ടാന ഹോട്ടലില്‍ നടന്നത്. ഖസ്സാമിന്റെ സ്ഥാപകരിലൊരാളായ മഹ്്മൂദ് അല്‍ മബ്ഹൂഹിനെ ഹോട്ടല്‍ മുറിയില്‍ ശ്വാസം മുട്ടിച്ചും വൈദ്യുതാഘാതം ഏല്‍പിച്ചുമാണ് വധിച്ചത്. ദമസ്‌കസില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ ഇറങ്ങിയ മബ്ഹൂഹിനെ കൊലപ്പെടുത്താന്‍ 26 അംഗ സംഘത്തെയാണ് മൊസ്സാദ് നിയോഗിച്ചത്. ബ്രിട്ടീഷ്, ഐറിഷ്, ഫ്രഞ്ച്, ജര്‍മന്‍, ആസ്‌ത്രേലിയന്‍ പാസ്്പോര്‍ട്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ യു.എ.ഇയിലെത്തിയത്.
Comments