തെയ്യമ്പാടി റുഖിയ
മലപ്പുറം ജില്ലയിലെ പറപ്പൂർ ഏരിയയിലെ ആട്ടീരി വനിതാ ഹൽഖയിലെ കാർകുനായിരുന്ന ഞങ്ങളുടെ ഉമ്മയും മർഹൂം കറുപ്പൻ വീട്ടിൽ മുഹമ്മദലി മാസ്റ്ററുടെ ഭാര്യയുമായിരുന്നു തെയ്യമ്പാടി റുഖിയ (70). കഴിഞ്ഞ നവംബർ ഒന്നിനാണ് അവരുടെ വിയോഗം. ഒരു വീഴ്ചയിൽ തലക്ക് പരിക്കേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉമ്മയെ അല്ലാഹു തിരിച്ചുവിളിച്ചത്. ഉപ്പയുടെ മരണത്തിന് ശേഷം ആറര മാസം പൂർത്തിയാവുന്നതിനിടയിലാണ് ഉമ്മയുടെ മരണം.
പറപ്പൂരിലെയും പരിസരപ്രദേശങ്ങളിലെയും മതസാമൂഹിക വിദ്യാഭ്യാസ നവോത്ഥാന മേഖലകളിൽ നിറസാന്നിധ്യമായിരുന്ന മർഹൂം തെയ്യമ്പാടി ഹസ്സൻ മാസ്റ്ററുടെ മകളായി ജനിച്ച ഉമ്മാക്ക് ചെറുപ്പകാലത്ത് തന്നെ ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഉമ്മയുടെ ജ്യേഷ്ഠത്തി പരേതയായ കുഞ്ഞിപ്പാത്തുമ്മയെ മർഹൂം വി.കെ അബ്ദുർറശീദ് സാഹിബ് വിവാഹം ചെയ്ത വേളയിൽ മലയാളത്തിൽ നികാഹ് ഖുത്വ്്ബ നടത്തിയതിന്റെ പേരിൽ മദ്റസയിൽനിന്ന് പുറത്താക്കിയതിനാൽ ഉമ്മാക്കും സഹോദരങ്ങൾക്കും മദ്റസാ വിദ്യാഭ്യാസം നഷ്ടമായി. ഇസ് ലാമിക പ്രസ്ഥാനത്തിൽ അണിചേർന്നതിനാൽ ഉപ്പയുമായുള്ള വിവാഹശേഷവും ഒട്ടേറെ പ്രയാസങ്ങൾ നേരിടേണ്ടി വന്നു. പ്രദേശത്തെ ഇസ്‌ലാമിക പ്രസ്ഥാന പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഉപ്പയോടൊപ്പം കരുത്തോടെ നിലകൊള്ളാൻ ഉമ്മാക്ക് സാധിച്ചു.
ഏറക്കാലം ആട്ടീരി വനിതാ ഹൽഖയുടെ നാസിമത്തായിരുന്നു. പ്രസ്ഥാന പരിപാടികളിൽ കൃത്യമായി പങ്കെടുക്കാൻ ഉമ്മ ഏറെ താൽപര്യം കാണിച്ചിരുന്നു. ഫലസ്ത്വീൻ ഐക്യദാർഢ്യ പരിപാടിയിലാണ് ഉമ്മ അവസാനം പങ്കെടുത്തത്. നിഷ്കളങ്കമായ പുഞ്ചിരിയോടെയും അളവില്ലാത്ത സ്നേഹത്തോടെയും വാത്സല്യത്തോടെയും സൗമ്യമായ സംസാരത്തോടെയുമാണ് കണ്ടുമുട്ടുന്ന മുഴുവൻ മനുഷ്യരോടും ഉമ്മ പെരുമാറിയിരുന്നത്.
മക്കൾ: ഫൈസൽ (അധ്യാപകൻ, ജി.എം.എൽ.പിസ്കൂൾ ഇരിങ്ങല്ലൂർ - കുഴിപ്പുറം), സഫീർ (റിയാദ്, സുഊദി അറേബ്യ), സിറാജുദ്ദീൻ, സാജിത, മുഫീദ, ശമീമ. മരുമക്കൾ: ഫസലുറഹ്്മാൻ കാരാട്ടുകടവത്ത് (അബൂദബി), അബ്ദുറഹ് മാൻ എന്ന ബാവ കരിപറമ്പൻ (ചാപ്പനങ്ങാടി), പാശ്ശേരി സുഹൈൽ (ദുബൈ), റഹ് മത്ത് കൊടപ്പന, ഷംസാദ് തെങ്ങിലാൻ, മുഫീദ ജാസ്മിൻ കറുമണ്ണിൽ.
ചാലക്കൽ അലി സാർ
ആലുവ ചാലക്കൽ ഞാറ്റുവീട്ടിൽ പരേതനായ മീതിയൻ മകൻ അലി സാർ (82) അല്ലാഹുവിലേക്ക് യാത്രയായി.
കളമശ്ശേരി ഞാലകം പള്ളിദർസിൽനിന്ന് പഠനം പൂർത്തിയാക്കി, മുടിക്കലിലെ ഗുരുനാഥന്റെ ശിഷ്യനായി എൻട്രൻസ് പാസ്സായ ശേഷം അറബി അധ്യാപകനായി ഇടുക്കി മണിയാറങ്കുടി ഗവ. സ്കൂളിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് സ്ഥലംമാറ്റം ലഭിച്ച ശേഷം വിരമിക്കുന്നതു വരെ നോർത്ത് വാഴക്കുളം ഗവ. യു.പി സ്കൂളിലായിരുന്നു അധ്യാപനം.
ചാലക്കൽ മേഖലയിലെ ഇസ്‌ലാമിക നവോത്ഥാന സംരംഭങ്ങൾക്ക് അലി സാറിനെപ്പോലൊരു മാതൃകാ വ്യക്തിത്വത്തിന്റെ പങ്കാളിത്തം അനുപേക്ഷണീയമാണ് എന്ന് തിരിച്ചറിഞ്ഞ മർഹൂം വടക്കനേത്തിൽ അബ്ദുറഹ് മാൻ സാഹിബിന്റെ നിരന്തര ഇടപെടലുകൾ മൂലം അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ ഭാഗമായി, ഇസ്‌ലാമിക് സെന്ററിന്റെ സ്ഥാപക ട്രസ്റ്റ് മെമ്പറായി, ഹൽഖാ നാസിമായി. ഹിഫ്ള് കോഴ്സുകളൊന്നും വ്യാപകമായി ഇല്ലാതിരുന്ന അക്കാലത്ത് ദർസിൽനിന്ന് സ്വപ്രയത്നത്താൽ ഖുർആൻ ഏറക്കുറെ ഹൃദിസ്ഥമാക്കുകയും ചെറുപ്രായക്കാർ മുതൽ വയോവൃദ്ധർ വരെയുള്ള അനേകരെ ഖുർആൻ അക്ഷരശുദ്ധിയോടും പാരായണ ഭംഗിയോടും ഓതാൻ പഠിപ്പിക്കുകയും ചെയ്തു.
റമദാൻ തറാവീഹിന് അദ്ദേഹത്തിന്റെ പാരായണം ഏവർക്കും ഹൃദ്യമായിരുന്നു. ഖുർആനും സുന്നത്തും കോർത്തിണക്കിയ പഠന ക്ലാസ്സുകൾ ആസ്വദിച്ച തലമുറകൾ എത്രയാണ്!
ശാന്തമായ പ്രകൃതം, സൗമ്യമായ പെരുമാറ്റം, ആരിലും മതിപ്പുളവാക്കുന്ന ഇടപെടലുകൾ, മനുഷ്യരെ ചേർത്തുനിർത്തുന്ന ചാതുരി.... എല്ലാ അർഥത്തിലും വേറിട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഏഴ് പെൺമക്കളായിരുന്നു അദ്ദേഹത്തിന്. മക്കൾക്ക് നല്ല വിദ്യാഭ്യാസവും വിഭവങ്ങളും ജീവിത പരിസരങ്ങളുമൊരുക്കുന്നതിൽ സഹധർമിണിയോടൊത്തുള്ള കൂട്ടുത്തരവാദിത്വത്തിന്റെ നിദർശനമായിരുന്നു ഈ ദമ്പതികൾ. അവർ തമ്മിലെ ബന്ധം അതീവ തീവ്രവും ഊഷ്മളവുമായിരുന്നു. അതുകൊണ്ടു തന്നെ, ഭാര്യയുടെ വേർപാട് അദ്ദേഹത്തെ തളർത്തിയിരുന്നു.
ചാലക്കൽ ഇസ്‌ലാമിക് സെന്ററിൽ പൊതുദർശനത്തിന് വെച്ച മയ്യിത്ത് ഒരു നോക്ക് കാണാനും പരേതന് വേണ്ടി പ്രാർഥിക്കാനും എത്തിയ നാനാ തുറയിലുള്ള ജനബാഹുല്യവും വീട്ടിൽ പല തവണയും രണ്ടു പള്ളികളിലുമായി നടന്ന മയ്യിത്ത് നമസ്കാരങ്ങളും അലി സാറിനെ ജന്മനാട് എത്രത്തോളം സ്നേഹിച്ചിരുന്നു എന്നതിന്റെ നേർക്കാഴ്ചയായിരുന്നു.
കെ.പി യൂസുഫ് പെരിങ്ങാല
Comments