യുദ്ധക്കെടുതികളെക്കാള്‍ ഭീകരം ഈ പ്രോപഗണ്ടാ യുദ്ധം
നിറം പിടിപ്പിച്ച നുണകളിലേക്കും വക്രീകരിച്ച വാര്‍ത്തകളിലേക്കും നമ്മുടെ വായനയെയും കാഴ്ചയെയും തിരിച്ചുവിട്ട് മനുഷ്യ മനസ്സിനെയും സമൂഹത്തെയും മുഖ്യധാരാ മീഡിയ മലീമസമാക്കിക്കൊണ്ടിരിക്കുന്നു. മണ്ണ് സ്വതന്ത്രമായിട്ടും മനസ്സ് സ്വതന്ത്രമാകാത്ത സമൂഹമാണ് ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നത്. വായനയുടെയും കാഴ്ചയുടെയും മുഴുവന്‍ സ്രോതസ്സുകളെയും സാമ്രാജ്യത്വ ശക്തികള്‍ കൈയടക്കി വെച്ചിരിക്കുന്നു. ലോകം എന്ത് വായിക്കണമെന്നും അറിയണമെന്നും പാശ്ചാത്യ ശക്തികളാണ് തീരുമാനിക്കുന്നത്. അവര്‍ക്ക് അനിഷ്‌ടകരമായതൊക്കെയും തമസ്‌കരിക്കപ്പെടും. മാധ്യമ രാജാക്കന്മാര്‍ വാഴുന്ന ലോകത്ത് കീഴടങ്ങിയ പ്രജകളായി ഭൂരിപക്ഷ വായനക്കാരും മാറിയിരിക്കുന്നു. സാമ്രാജ്യത്വവും സയണിസവും ഫാഷിസവും നവനാസ്തികതയും കൂട്ടുചേര്‍ന്ന അച്ചുതണ്ടാണ് വായനയുടെ പുതിയ സമവാക്യങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്.
അതിരാവിലെ ഉമ്മറപ്പടിയില്‍ എത്തുന്ന പത്രങ്ങളും സ്വീകരണ മുറിയില്‍ മുഴങ്ങുന്ന അന്തിച്ചര്‍ച്ചകളും ഭാഗികമായോ പൂര്‍ണമായോ ഇതിന് വിധേയപ്പെട്ടുകൊണ്ടിരിക്കുന്നു. ഇസ്്‌ലാം ഭീകരമാണെന്ന് ചിത്രീകരിച്ച് മനുഷ്യ മനസ്സില്‍ ഭീതി സൃഷ്ടിക്കുന്നു. അപ്പോഴും പണം കൊടുത്ത് നുണ നിറച്ച പത്രം വാങ്ങിയും, കാണികളായി ഇരുന്ന് പ്രേക്ഷകരെ കൂട്ടിയും ആദര്‍ശ വിരുദ്ധ ചേരിക്ക് നാം അറിഞ്ഞോ അറിയാതെയോ പിന്തുണ കൊടുക്കുന്നു. വിശുദ്ധ വേദത്തെ വക്രീകരിക്കുകയും പ്രവാചകനെ പരിഹസിക്കുകയും വിമോചന പോരാട്ടങ്ങളെ ഭീകരതയായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ അത്തരം മാധ്യമ സംവിധാനങ്ങളോടുള്ള സമീപനം ഖുര്‍ആനിക പരിപ്രേക്ഷ്യത്തിലൂടെ ആവിഷ്‌കരിക്കാന്‍ നമുക്ക് സാധിക്കണം.
''അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ അങ്ങനെ ചെയ്യുന്നവര്‍ മറ്റു വര്‍ത്തമാനങ്ങളില്‍ ഏര്‍പ്പെടും വരെ അവരോടൊപ്പം ഇരിക്കരുതെന്ന് ഈ വേദപുസ്തകത്തില്‍ നാം നിങ്ങളോട് നിര്‍ദേശിച്ചതാണല്ലോ. അങ്ങനെ ചെയ്താല്‍ നിങ്ങളും അവരെപ്പോലെയാകും. നിശ്ചയം അല്ലാഹു കപടവിശ്വാസികളെയും സത്യനിഷേധികളെയും ഒന്നാകെ നരകത്തില്‍ ഒരുക്കൂട്ടുക തന്നെ ചെയ്യും'' (അന്നിസാഅ് 140).
ആഗോള വാര്‍ത്താ ശൃംഖലയുടെ ഭാഗമായി ഇസ്്‌ലാമിക ചിഹ്നങ്ങളെയും അധ്യാപനങ്ങളെയും പരിഹസിക്കുമ്പോള്‍ ഒരു യഥാര്‍ഥ വിശ്വാസിയുടെ ആദര്‍ശ ബോധം ഉണരും. ആദര്‍ശത്തെ അവഹേളിക്കുന്ന ദൃശ്യ-ശ്രാവ്യ മാധ്യമ സംവിധാനങ്ങളെ അവര്‍ യുക്തിഭദ്രമായ തീരുമാനത്തിന്റെ ഭാഗമായി നിരാകരിക്കുകയും അവഗണിക്കുകയും ചെയ്യും. ആസൂത്രിതമായ ഈ മാധ്യമ വേട്ടയുടെ സന്ദര്‍ഭത്തില്‍ നിസ്സംഗതയുടെ സമീപനം സ്വീകരിച്ച് ഇസ്്‌ലാംവിരുദ്ധ മീഡിയയുടെ സഹകാരികളും പ്രചാരകരുമായി മാറുമ്പോള്‍ നമ്മുടെ ആദര്‍ശ പ്രതിബദ്ധത എത്രത്തോളം ആത്മാര്‍ഥമാണ് എന്ന് നാം ആത്മപരിശോധന നടത്തേണ്ടതുണ്ട്.
കള്ള വാര്‍ത്തകളും നുണ പ്രചാരണങ്ങളും എന്നും ഇസ്്‌ലാംവിരുദ്ധരുടെ യുദ്ധ തന്ത്രങ്ങള്‍ ആയിരുന്നു. യുദ്ധം ജയിക്കേണ്ടത് പോര്‍ക്കളങ്ങളില്‍ അല്ലെന്നും എതിരാളികളുടെ മനസ്സിലും തലച്ചോറിലുമാണെന്നും ബി.സി ആറാം നൂറ്റാണ്ടില്‍ 'The Art of War' എന്ന ഗ്രന്ഥത്തില്‍ ചൈനീസ് സൈനിക ജനറല്‍ സുന്‍സൂ രേഖപ്പെടുത്തിയിട്ടുണ്ട്. ആകാശത്ത് പറക്കുന്ന ബോംബര്‍ വിമാനങ്ങളും കടലില്‍ നങ്കൂരമിട്ടിരിക്കുന്ന യുദ്ധക്കപ്പലുകളും ടാങ്കുകളുമായി അതിര്‍ത്തി കടന്നെത്തുന്ന കരസേനയും സൃഷ്ടിക്കുന്ന യുദ്ധക്കെടുതിയെക്കാള്‍ മാരകമാണ് പുതിയ കാലത്തെ പ്രോപഗണ്ടാ യുദ്ധം. ലോക രാഷ്ട്രങ്ങളുടെ ഭരണാധികാരികള്‍ മുതല്‍ പ്രാദേശിക വാര്‍ത്താ ലേഖകന്മാര്‍ വരെയും ഈ പ്രോപഗണ്ടയുടെ ഭാഗമായി മാറിയിരിക്കുന്നു. ശത്രുപാളയത്തിലെ പട്ടാളക്കാരെ കീഴ്‌പ്പെടുത്തുന്നതിന് മുന്നെ ലോക സമൂഹത്തിന്റെ ഹൃദയവും പൊതുവികാരവും അധീനപ്പെടുത്തുകയാണ് ഈ പ്രോപഗണ്ടാ യുദ്ധത്തിന്റെ പിന്നിലെ ലക്ഷ്യം. ഹമാസ് നാല്‍പത് കുട്ടികളെ കഴുത്തറുത്തു കൊന്നു എന്ന കള്ള വാര്‍ത്ത എത്ര പെട്ടെന്നാണ് ലോകത്ത് പ്രചരിച്ചത്. കളമശ്ശേരിയിലെ യഹോവ സാക്ഷികളുടെ സമ്മേളന നഗരിയിലെ ബോംബ് സ്‌ഫോടനം എത്ര പെട്ടെന്നാണ് സമൂഹത്തില്‍ നുണബോംബുകളായി പൊട്ടിത്തെറിച്ചത്.
രുചികള്‍ക്ക് പിറകെ ഓടുന്ന മലയാളി
റസാഖ് വഴിയോരം എഴുതിയ ലൈക് പേജി(ഒക്ടോബര്‍ 27)ലെ വരികള്‍ മലയാളികള്‍ തിമിര്‍ത്താടി രുചികള്‍ക്ക് പിറകെ ഓടുന്നതിന്റെ നേര്‍ സാക്ഷ്യമാണ്. ആവശ്യത്തിനപ്പുറം അനാവശ്യവും ധൂര്‍ത്തും ഭക്ഷണ ശീലങ്ങളെ സ്വാധീനിക്കുന്ന വര്‍ത്തമാന കാഴ്ച ആരെയും ഞെട്ടിക്കും. വീടകങ്ങളില്‍ ഭക്ഷണമൊരുക്കി ഒരു മേശക്ക് ചുറ്റും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്ന മലയാളി ഇന്ന് വെളിച്ച വൈവിധ്യത്തിന്റെ നടുവില്‍ കുടുംബവുമൊത്ത് ഭക്ഷണ ശാലകളില്‍ അഭയം പ്രാപിക്കുകയാണ്.
കല്യാണങ്ങള്‍ നിയന്ത്രിക്കുന്നത് ഇവന്റ് ടീമാണ്. അവരാണ് ഏത് ഭക്ഷണം, എത്ര തരം, ഡക്കറേഷന്‍, വരന്റെയും വധുവിന്റെയും വേഷം, സന്ദര്‍ഭത്തിനനുസരിച്ച് പാട്ടുകള്‍ ഇതെല്ലാം ഗൃഹനാഥനെ ബോധ്യപ്പെടുത്തുന്നത്. പലരും ഇത്തരം ഇവന്റ് ടീമുകളുടെ പിടിയില്‍ പെട്ട് ഊര്‍ധ്വശ്വാസം വലിക്കുന്നതായി കണ്ടിട്ടുണ്ട്.
ആഡംബര മോഹങ്ങളെ തേച്ചുമിനുക്കി കച്ചവടവത്കരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതും മലയാളികള്‍ തന്നെ. ഇസ്്‌ലാമിക പ്രവര്‍ത്തകരെങ്കിലും കല്യാണങ്ങളിലെ അരുതായ്മകളും ഭക്ഷണ ആഡംബരങ്ങളും നിയന്ത്രിക്കുകയും സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്യേണ്ടതുണ്ട്. ആരോഗ്യമുള്ള തലമുറക്കേ ആരോഗ്യമുള്ള ചിന്തകള്‍ പങ്കുവെക്കാനാകൂ.
എന്‍.പി അബ്ദുല്‍ കരീം
ചേന്ദമംഗല്ലൂര്‍ 9645000216
പുതിയ ജാഹിലിയ്യത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പ്
നൗഷാദ് ചേനപ്പാടി എഴുതിയ 'നാല് ജാഹിലിയ്യത്തുകള്‍' (ലക്കം 20) വായിച്ചു. ഖുര്‍ആനിലെ നാല് സൂറകളിലെ ആയത്തുകള്‍ ഉദ്ധരിച്ച് ആ സംജ്ഞയെ വിശദീകരിച്ചത് വളരെ നന്നായി. ജാഹിലിയ്യത്തുകളെ, പ്രത്യേകിച്ച് ആധുനിക ജാഹിലിയ്യത്തുകളെ ഇഴകീറി പരിശോധിച്ച് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ അവ എങ്ങനെ പിടിമുറുക്കിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. ആധുനിക ജാഹിലിയ്യത്തുകള്‍ മനുഷ്യ സമൂഹത്തില്‍ ഉണ്ടാക്കിത്തീര്‍ത്ത ദുരന്തങ്ങള്‍ ഖുര്‍ആനിന്റെ അടിസ്ഥാനത്തില്‍ പഠിച്ചിരിക്കണമെന്നും, എങ്കില്‍ മാത്രമേ ഏത് മേഖലകളിലെ ജാഹിലിയ്യത്തുകളെയും പ്രതിരോധിക്കാന്‍ സാധിക്കുകയുള്ളൂ എന്നുമുള്ള ലേഖകന്റെ മുന്നറിയിപ്പ് വളരെ ഗൗരവമുള്ളതാണ്.
എം.എം.എ മുത്തലിബ് താണ, കണ്ണൂര്‍ 9895833092
സി.എച്ച് അബ്ദുൽ ഖാദർ സ്മരണിക
ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ, എസ്.ഐ.ഒ പ്രഥമ സംസ്ഥാന ജനറൽ സെക്രട്ടറിയും ഇസ് ലാമിക പ്രസ്ഥാനത്തിന്റെ നേതാക്കളിലൊരാളുമായിരുന്ന സി.എച്ച് അബ്ദുൽ ഖാദർ സാഹിബിനെക്കുറിച്ച് മലപ്പുറം കൂട്ടിലങ്ങാടി തർബിയത്തുൽ ഇസ് ലാം ട്രസ്റ്റ് സ്മരണിക പുറത്തിറക്കുന്നു. സി.എച്ചുമായി അടുത്ത ബന്ധമുണ്ടായിരുന്നവർ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പ്/ലേഖനം തയാറാക്കി നല്‍കണമെന്ന് അഭ്യർഥിക്കുന്നു. ഡിസംബർ 15-ന് മുമ്പായി [email protected] എന്ന ഇമെയിലിലേക്കോ 9037553064, 7306063100 എന്നീ വാട്സാപ്പ് നമ്പറുകളിലേക്കോ അയക്കാന്‍ താൽപര്യം.
തപാലില്‍ അയക്കേണ്ട വിലാസം: സി.എച്ച് ഇഹ്സാൻ, ചിറയക്കുത്ത് വീട്, കടുങ്ങൂത്ത്, കൂട്ടിലങ്ങാടി പി.ഒ, മലപ്പുറം ജില്ല, പിൻ: 676506 (ഫോണ്‍: 9037553064).
-എം.എ മജീദ്, ചീഫ് എഡിറ്റര്‍ (സി.എച്ച് അബ്ദുല്‍ ഖാദര്‍ സ്മരണിക)
Comments