ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം സമരോത്സുക ജീവിതത്തിന്റെ ഫലസ്ത്വീൻ പ്രതീകം
'ഹറകത്തുല്‍ മുഖാവമത്തില്‍ ഇസ് ലാമിയ്യ'(ഹമാസ്)യുടെ സൈനിക വിഭാഗമായ 'കതാഇബുല്‍ ഖസ്സാം' (ഖസ്സാം ബ്രിഗേഡ്) ആണ് ഫലസ്ത്വീന്‍ സ്വാതന്ത്ര്യ സമരം നയിക്കുന്നത്. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഗസ്സയില്‍നിന്ന് ഇന്ന് ഏറെ ഉയര്‍ന്നു കേള്‍ക്കുന്ന 'ഖസ്സാം ബ്രിഗേഡ്' പണ്ഡിതനും ധീര യോദ്ധാവുമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ വീരചരിതവുമായി ബന്ധപ്പെട്ടതാണ്. സിറിയയില്‍ ജനിച്ച ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം 1935-ല്‍ ബ്രിട്ടീഷ് -ഫ്രഞ്ച് സേനയുടെ കരങ്ങളാല്‍ രക്തസാക്ഷിയായി.
ബ്രിട്ടീഷ്-ഫ്രഞ്ച് -സയണിസ്റ്റ് കോളനിവാഴ്ചക്കെതിരെ ഫലസ്ത്വീനില്‍ ചെറുത്തുനില്‍പിന്റെയും പ്രതിരോധത്തിന്റെയും സമരത്തിന്റെയും ഇതിഹാസങ്ങള്‍ രചിച്ച് ചരിത്രത്തിന്റെ സ്രഷ്ടാവായിത്തീര്‍ന്നു ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം. പണ്ഡിതന്‍, പ്രബോധകന്‍, സേനാ നായകന്‍, തന്ത്രജ്ഞന്‍ എന്നീ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ഖസ്സാം, കഴിഞ്ഞ നൂറ്റാണ്ടിലെ ആദ്യ പാദങ്ങളില്‍ നടന്ന ജൂത കുടിയേറ്റത്തിനും പാശ്ചാത്യ ശക്തികളുടെ ഉപജാപങ്ങള്‍ക്കുമെതിരെ ഫലസ്ത്വീന്‍ ജനതയുടെ ശബ്ദമായി നിലകൊണ്ടു. ഫലസ്ത്വീന്‍ സ്വാതന്ത്ര്യ സമരത്തെയും ഖസ്സാമിന്റെ ജീവിതത്തെയും വേർപ്പെടുത്തി കാണാന്‍ കഴിയാത്ത വിധത്തില്‍ ഫലസ്ത്വീന്റെ മണ്ണിലും മനസ്സിലും ആ നാമം ഇഴുകിച്ചേര്‍ന്നു. നിരവധി വേട്ടയാടലുകള്‍ക്കും വധശ്രമങ്ങള്‍ക്കും വധശിക്ഷാ വിധികള്‍ക്കും വിധേയനായി ആയുഷ്‌കാലം ചെലവിട്ട ഖസ്സാം യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ പൊതു ശത്രുവായി പ്രഖ്യാപിക്കപ്പെട്ടു. തന്റെ ജന്മദേശമായ സിറിയയില്‍ ഫ്രഞ്ച് കോളനിവാഴ്ചക്കെതിരെ പടനയിച്ചു. സൈനിക ബറ്റാലിയനുകളും ബ്രിഗേഡുകളും രൂപവത്കരിച്ചു. ഇറ്റാലിയന്‍ അധിനിവേശത്തിനെതിരെ പൊരുതാന്‍ ലിബിയന്‍ സ്വാതന്ത്ര്യ സമരത്തിന് ധനശേഖരണം നടത്തി.
ബ്രിട്ടീഷ് - സയണിസ്റ്റ് കൊളോണിയല്‍ ശക്തികള്‍ക്കെതിരെയുള്ള തുറന്ന യുദ്ധമായിരുന്നു ഇസ്സുദ്ദീന്‍ ഖസ്സാമിന്റെ ജീവിതം. ഇത്രയേറെ വധശിക്ഷാ വിധികള്‍ ഏറ്റുവാങ്ങേണ്ടിവന്ന സ്വാതന്ത്ര്യ സമര സേനാനികള്‍ ലോകത്ത് ഖസ്സാമിനെപ്പോലെ ഏറെയുണ്ടാവില്ല. സഫലമായ തന്റെ ജീവിത യാത്രക്ക് ലഭിച്ച പുരസ്‌കാരങ്ങളായിരുന്നു അവയെല്ലാം. വര്‍ത്തമാനകാല സമരങ്ങളെ ഭൂതകാല പോരാട്ടങ്ങളുമായി കണ്ണി ചേര്‍ത്ത് പഠിച്ചാല്‍ മാത്രമേ പ്രതിരോധം, പരീക്ഷണങ്ങള്‍, വിജയം, അല്ലാഹുവിന്റെ നടപടിക്രമങ്ങള്‍ തുടങ്ങി മുസ്്‌ലിം സമൂഹത്തിന്റെ ചരിത്രപഥത്തിലൂടെയുള്ള പ്രയാണത്തിലെ നാഴികക്കല്ലുകള്‍ ഗ്രഹിക്കാന്‍ കഴിയുകയുള്ളൂ. അതിനാല്‍ തന്നെ ഫലസ്ത്വീന്‍ ചരിത്രപഠനത്തിലെ മുഖ്യ ഘടകമാണ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ജീവിതത്തെക്കുറിച്ച പാഠങ്ങള്‍.
1882-ല്‍ സിറിയയിലെ ജിബില്ല നഗരത്തിലാണ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ജനനം. പാണ്ഡിത്യത്തില്‍ പുകള്‍പെറ്റ കുടുംബം. ദരിദ്ര സാഹചര്യത്തിലായിരുന്നു ജീവിച്ചത്. പിതാവ് അബ്ദുല്‍ ഖാദിര്‍ മുസ്ത്വഫാ അല്‍ ഖസ്സാം അറബി ഭാഷ, സാഹിത്യം, ശരീഅത്ത് എന്നിവയില്‍ പ്രാവീണ്യം നേടിയ പണ്ഡിത വ്യക്തിത്വമായിരുന്നു. ഉമ്മയുടെ പേര് ഹലീമ. ഫഖ്‌റുദ്ദീന്‍, നബീഹ എന്നീ കൂടപ്പിറപ്പുകള്‍. തന്റെ മക്കള്‍ മുസ്്‌ലിം സമൂഹത്തിന് പ്രൗഢിയും പ്രതാപവും നല്‍കുന്നവരാവണം എന്ന ആ പിതാവിന്റെ സ്വപ്‌നവും ദൃഢനിശ്ചയവുമായിരുന്നു രണ്ടാണ്‍ കുട്ടികള്‍ക്ക് ഈ പേരുകള്‍ തെരഞ്ഞെടുക്കാന്‍ കാരണം. പിതാവായിരുന്നു ഗ്രാമത്തിലെ ഗുരുവര്യന്‍. ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, ചരിത്രം, അറബി ഭാഷ എന്നിവയില്‍ ഇസ്സുദ്ദീന്‍ കൗമാരപ്രായത്തില്‍ പ്രവിജ്ഞനായി. പതിനാലാം വയസ്സില്‍ സഹോദരന്‍ ഫഖ്‌റുദ്ദീനോടൊപ്പം ഉപരിപഠനാര്‍ഥം ഈജിപ്തിലെ അല്‍ അസ്ഹറിലേക്ക് തിരിച്ചു. ആ കാലഘട്ടത്തിലെ വിശ്രുത പണ്ഡിതന്മാരായ മുഹമ്മദ് അബ്ദു, മുഹമ്മദ് റശീദ് രിദാ, സ്വാതന്ത്ര്യ സമര സേനാനികളായ മുസ്ത്വഫാ കാമില്‍, സഅദ് സഗ് ലൂല്‍ എന്നിവരുടെ ശിഷ്യത്വവും സഹവാസവും ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ഹൃദയത്തില്‍ സ്വാതന്ത്ര്യ സമര വാഞ്ഛയും പോരാട്ട മനസ്സും കൊത്തിവെച്ചു. പില്‍ക്കാല ജീവിത യാത്രയില്‍ വൈജ്ഞാനിക-കര്‍മമേഖലകളില്‍ അധ്യയന കാലത്തെ സ്വാധീനത്തിന്റെ നിഴലാട്ടങ്ങള്‍ കാണാം.
സിറിയയില്‍ വിവിധ ജ്ഞാന ശാസ്ത്ര മേഖലകളില്‍ അവഗാഹം നേടിയ പണ്ഡിതനായാണ് തിരിച്ചെത്തിയത്. ജനങ്ങളില്‍ സമത്വബോധം സൃഷ്ടിക്കാനും ഭൂ പ്രഭുക്കള്‍ അന്യായമായി കൈയടക്കിവെച്ച ഭൂമി പാവപ്പെട്ട കര്‍ഷകര്‍ക്ക് തിരിച്ചു കൊടുപ്പിക്കാനുമുള്ള ശ്രമങ്ങളിലാണ് പിന്നീട് ഖസ്സാം മുഴുകിയത്. നിര്‍ധന കര്‍ഷക ജനത അനുഭവിക്കുന്ന കൊടിയ ചൂഷണങ്ങളൾക്കെതിരെയായിരുന്നു ഇസ്സുദ്ദീന്റെ ആദ്യ പടയോട്ടം. ഗ്രാമവാസികള്‍ക്ക് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ചൊല്ലിക്കൊടുത്ത് ബോധവത്കരിച്ച ആ യുവ പണ്ഡിതന്‍, അവര്‍ക്ക് എഴുത്തും വായനയും പഠിപ്പിക്കാന്‍ 1912-ല്‍ ജിബില്ലയില്‍ ഒരു പ്രാഥമിക വിദ്യാലയം തുറന്നു. പള്ളികളില്‍ ഖുര്‍ആന്‍-ഹദീസ് പഠന സൗകര്യമൊരുക്കി. ഫ്യൂഡല്‍ പ്രഭുക്കള്‍ അടങ്ങിയിരുന്നില്ല. അക്ഷരാഭ്യാസം കിട്ടിയ ജനത തങ്ങള്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ ധൃഷ്ടരാവുമെന്ന് മനസ്സിലാക്കിയ അവരുടെ കണ്ണിലെ കരടായി ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം. ഗൂഢാലോചനകളും ഉപജാപങ്ങളും മുറക്ക് നടന്നു. ഇസ്മീറിലേക്ക് നാടുകടത്താനായിരുന്നു അവരുടെ പ്ലാന്‍. ഉസ്മാനീ ഭരണകേന്ദ്രമായ തുര്‍ക്കിയയിലേക്ക് പോകാനായിരുന്നു ഖസ്സാമിന്റെ ആഗ്രഹവും പദ്ധതിയും. തുര്‍ക്കിയയില്‍ എത്തിയ അല്‍ ഖസ്സാം അവിടെ കൊടികുത്തിവാണ അജ്ഞതയും നിരക്ഷരതയും അന്ധവിശ്വാസങ്ങളും നേരില്‍ കണ്ട് അങ്ങേയറ്റം ദുഃഖിതനായി. ജനങ്ങളെ ബോധവത്കരിക്കാന്‍ പ്രസംഗങ്ങള്‍ നടത്തി. പക്ഷേ, തുര്‍ക്കിയയിലെ ജനങ്ങള്‍ക്ക് അറബി അറിയില്ലായിരുന്നു. ഖസ്സാമിന് ടര്‍ക്കിഷും അറിഞ്ഞുകൂടാ. വീണ്ടും ജിബില്ലയിലേക്ക് തന്നെ തിരിച്ചുപോയി തന്റെ ജന്മനാട്ടിലെ കുട്ടികളെ പഠിപ്പിക്കുകയാണ് അഭികാമ്യമെന്ന് അദ്ദേഹം കരുതി.
ഫലസ്ത്വീനിലേക്ക് പ്രയാണം
1920-ല്‍ ഫലസ്ത്വീനിലേക്ക് കുടിയേറിയ ഖസ്സാം അവിടെ വിമന്‍സ് ഇസ്്‌ലാമിക് സ്‌കൂളില്‍ സേവനമാരംഭിച്ചു. തുടര്‍ന്ന് അല്‍ ബുര്‍ജ് സ്‌കൂളിലേക്കും സേവനം വ്യാപിപ്പിച്ചു. ഫലസ്ത്വീനിലെ ഹൈഫയില്‍ അല്‍ ജംഇയ്യത്തുല്‍ ഇസ്്‌ലാമിയ്യ നടത്തിവന്ന സ്ഥാപനങ്ങളാണ് ഇവ രണ്ടും. തങ്ങളുടെ ഭാവി ഭദ്രമാക്കാന്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നേടാന്‍ അദ്ദേഹം വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അതിന് ഫലവുമുണ്ടായി. തന്റെ ശിഷ്യന്മാർ വിവിധ തൊഴില്‍ തുറകളില്‍ മിടുക്കരായി മാറിയതില്‍ ഖസ്സാം അഭിമാനം കൊണ്ടു. ഹൈഫയിലെ പള്ളിയിലെ ഇമാമത്തും ഖുത്വ്്ബയും അധ്യാപനവും ഖസ്സാം ഏറ്റെടുത്തതോടെ ഹൈഫയും പരിസര പ്രദേശങ്ങളും വിജ്ഞാന പ്രഭയില്‍ മുങ്ങി. ലക്ഷ്യബോധമുള്ള ഒരു തലമുറ ജന്മമെടുക്കുകയായിരുന്നു. ഇംഗ്ലീഷ് അധിനിവേശകരും ജൂത കുടിയേറ്റക്കാരും തങ്ങളുടെ ജന്മദേശത്തെ നശിപ്പിക്കുകയാണെന്നും അവരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നുമുള്ള ചിന്ത വിദ്യാര്‍ഥികളുടെ വിപ്ലവ മനസ്സിനെ തീ പിടിപ്പിച്ചു.
ഫലസ്ത്വീനിന് പുറത്തേക്കും ഖസ്സാം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. ഇറ്റാലിയന്‍ കോളനിവാഴ്ചയില്‍ അമര്‍ന്ന് ഞെരിഞ്ഞിരുന്ന ലിബിയയുടെ മോചനത്തിന് സമര രംഗത്തുണ്ടായിരുന്ന യോദ്ധാക്കള്‍ ആസുര പീഡനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ട കാലമായിരുന്നു അത്. സിറിയന്‍ അതിര്‍ത്തിയില്‍ 250 അംഗങ്ങളുള്ള സന്നദ്ധ സൈനികരെ ഖസ്സാം പരിശീലിപ്പിച്ചു നിര്‍ത്തി. ഇതാണ് തുടര്‍ന്ന് വിവിധ ഘട്ടങ്ങളില്‍ ഖസ്സാം രൂപം നല്‍കിയ അര്‍ധ സൈനിക സേനാ വിഭാഗ നിര്‍മിതിയിലെ ആദ്യ കാല്‍വെപ്പ്. ഈ സൈനികരെ ഇസ്‌കന്ദറോണ വഴി കപ്പലില്‍ ലിബിയയില്‍ എത്തിക്കാന്‍ അദ്ദേഹം തുര്‍ക്കിയയിലെ ഉസ്മാനീ ഭരണകൂടവുമായി ധാരണയിലെത്തി. പക്ഷേ, ആ ശ്രമം വിജയിച്ചില്ല. 1914-ല്‍ ഒന്നാം ലോക യുദ്ധം ആരംഭിച്ചതോടെ അദ്ദേഹം തുര്‍ക്കിയ സൈന്യത്തില്‍ സന്നദ്ധ സേവകനായി ചേര്‍ന്നു. 1918-ല്‍ ഫ്രഞ്ച് അധിനിവേശകര്‍ സിറിയയില്‍ കാല്‍കുത്തിയതോടെ ഖസ്സാം, യുവാക്കളെ തെരഞ്ഞെടുത്ത് യുദ്ധ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചു തുടങ്ങി. യുവാക്കളില്‍ കറകളഞ്ഞ ഇസ് ലാമിക ആദര്‍ശ ബോധം സൃഷ്ടിക്കുകയാണ് ശത്രുവിനെ തോല്‍പിക്കാന്‍ പറ്റിയ മൂര്‍ച്ചയുള്ള ആയുധമെന്ന് ഖസ്സാം വിശ്വസിച്ചു. ഫ്രഞ്ചുകാരോട് യുദ്ധത്തില്‍ ഏര്‍പ്പെട്ട ശൈഖ് സ്വാലിഹുല്‍ അലിയുമായി സഹകരിച്ച് നിരന്തര പോരാട്ടത്തിലേര്‍പ്പെട്ട ഖസ്സാമിനെ പ്രീണിപ്പിച്ച് വശത്താക്കാന്‍ ഫ്രാന്‍സ് പല ശ്രമങ്ങളും നടത്തി. തന്നെ സമീപിച്ച ദൂതന്മാരോട് അദ്ദേഹം പറഞ്ഞു: 'രക്തസാക്ഷിയായി അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഞാന്‍ ആയുധം താഴെ വെക്കില്ല.' ഫ്രഞ്ചുകാര്‍ പിന്നീട് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഉമറുല്‍ ബൈതാറിനോടൊപ്പം സിറിയയില്‍ സമരം നയിച്ച് ഖസ്സാം പിന്നീട് പല സമര മുഖങ്ങളിലും സാന്നിധ്യമറിയിച്ച് നിരന്തര സഞ്ചാരത്തിലായിരുന്നു. ഒടുവില്‍ ഫലസ്ത്വീനിലെ ഹൈഫയില്‍ താമസം ഉറപ്പിച്ചു. ഹൈഫയില്‍ എത്തിയ ആദ്യ ദിവസം തന്നെ അവിടത്തെ പള്ളിയില്‍ മഗ്്രിബ് നമസ്‌കാരാനന്തരം നടത്തിയ പ്രഭാഷണത്തില്‍ ആകൃഷ്ടരായവര്‍, ഖസ്സാമില്‍ തങ്ങളുടെ നായകനെ കണ്ടെത്തി. സയണിസ്റ്റുകൾ ഭാവിയില്‍ തങ്ങളുടെ നാടിന് വരുത്തിവെക്കുന്ന വന്‍ വിപത്തിനെ കുറിച്ച് അദ്ദേഹം യുവാക്കളെ ബോധവത്കരിച്ചു. സ്വാതന്ത്ര്യ സമര വാഞ്ഛ അവരില്‍ അങ്കുരിപ്പിച്ചു. ഇംഗ്ലീഷുകാര്‍ക്കെതിരില്‍ പട നയിക്കാന്‍ ആയുധസംഭരണത്തിന്റെ പ്രാധാന്യം അവരെ ധരിപ്പിച്ച ഖസ്സാം, ധനം ധൂര്‍ത്തടിച്ചു കളയേണ്ടതല്ലെന്നും പള്ളികള്‍ അലങ്കരിക്കുന്നതിന് പകരം സമ്പത്ത് ജിഹാദിന് ചെലവിടണമെന്നും ഉദ്ബോധിപ്പിച്ചു. ഒരു വര്‍ഷം ഹജ്ജ് കര്‍മം മാറ്റിവെച്ച് അതിന് സ്വരൂപിച്ച പണം ആയുധം വാങ്ങാന്‍ വിനിയോഗിക്കണമെന്ന് വരെ അവരെ ഉണര്‍ത്തി.
യുവാക്കള്‍ക്ക് ആശയും ആവേശവുമായി
ഖസ്സാമിന്റെ ഖുത്വ്്ബകളും പ്രഭാഷണങ്ങളുമെല്ലാം ഫലസ്ത്വീന്‍ ജനതയില്‍ സമരാവേശം ജ്വലിപ്പിച്ചു. അധിനിവേശക്കാര്‍ ഇംഗ്ലീഷുകാരായാലും ഫ്രഞ്ചുകാരായാലും ചെറുത്തുതോല്‍പിച്ചേ പറ്റൂ എന്നായിരുന്നു ഖസ്സാം അവരോട് പറഞ്ഞുകൊണ്ടിരുന്നത്. അതോടൊപ്പം സമൂഹത്തില്‍ നിലനിന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും അദ്ദേഹം ശക്തമായി പ്രതികരിച്ചു. ബ്രിട്ടീഷുകാര്‍ പലതവണ അറസ്റ്റ് ചെയ്‌തെങ്കിലും ജനരോഷത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ അദ്ദേഹത്തെ വിട്ടയക്കേണ്ടിവന്നു. 1926-ല്‍ ജംഇയ്യത്തു ശുബ്ബാനില്‍ മുസ്്‌ലിമീന് രൂപം നല്‍കി. ബ്രിട്ടീഷ് പോലീസിന്റെ കണ്ണില്‍ പെടാതെ വേറെയും ചെറിയ സൈനിക വ്യൂഹങ്ങള്‍ക്ക് രൂപം നല്‍കിക്കൊണ്ടിരുന്നു. ഖസ്സാം രൂപം നല്കിയ സൈനിക വ്യൂഹങ്ങള്‍, അനുസരണത്തിന്റെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ നബി (സ) രൂപം നല്കിയ സൈനിക വ്യൂഹത്തിന്റെ മാതൃക സ്വീകരിച്ചാണ് മുന്നേറിയത്. അഞ്ച് പേരില്‍ കവിയാത്ത ആളുകളുണ്ടാവും ഓരോ യൂനിറ്റിലും. കര്‍ശനമായ അച്ചടക്ക വ്യവസ്ഥകളായിരുന്നു. രാഷ്ട്രീയ കക്ഷി നേതാക്കളുടെയോ നിക്ഷിപ്ത താല്‍പര്യക്കാരായ വ്യാപാരികളുടെയോ ഒരു സഹായവും സ്വീകരിക്കരുത് എന്നതായിരുന്നു ചട്ടം.
അംഗങ്ങളുടെ സംഭാവന, വരിസംഖ്യ, ഉദാരമതികളുടെ സഹായം, സംഘടന നേതൃത്വം നല്‍കുന്ന കാര്‍ഷിക വിളകളില്‍നിന്നുള്ള വരുമാനം-ഇതൊക്കെയായിരുന്നു സാമ്പത്തിക സ്രോതസ്സ്. 1931 മുതല്‍ ഖസ്സാം രൂപവത്കരിച്ച സേനാ വിഭാഗം അധിനിവേശ ശക്തികള്‍ക്കെതിരെ സമരം തുടങ്ങി. 1935 മുതൽ ജൂത കുടിയേറ്റം വര്‍ധിച്ചതോടെ ഖസ്സാം പരസ്യമായിത്തന്നെ ഇംഗ്ലീഷുകാര്‍ക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി. 1935-ല്‍ കുടിയേറ്റ ജൂതന്മാരുടെ എണ്ണം 62,000 ആയിക്കഴിഞ്ഞിരുന്നു. ജൂത കുടിയേറ്റക്കാര്‍ ബ്രിട്ടീഷ് സഹായത്തോടെ ഭൂമിയും സ്വന്തമാക്കാന്‍ തുടങ്ങിയതോടെ ഖസ്സാമും അനുയായികളും ചെറുത്തുനില്‍പ് ശക്തമാക്കി. ഖസ്സാം അറസ്റ്റ് ചെയ്യപ്പെട്ടു. 1935 നവംബര്‍ 15-ഓടെ ഖസ്സാം ഫലസ്ത്വീന്‍ വിപ്ലവത്തിന്റെ ആദ്യ ജ്വാല തെളിയിച്ചു. ബ്രിട്ടീഷ് സൈന്യത്തിന് തുടരെത്തുടരെ തോല്‍വി സമ്മാനിച്ച് മുന്നേറിയ ഖസ്സാമിനെ തെരഞ്ഞുപിടിച്ച് വധിക്കുകയായിരുന്നു ഉന്നം. അപകടം മണത്തറിഞ്ഞ അദ്ദേഹം ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഒടുവില്‍ ആര്‍ക്കും പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്ത വൃക്ഷനിബിഡമായ യഅ്ബദ് ഗ്രാമത്തില്‍ താമസമുറപ്പിച്ചു. ബ്രിട്ടീഷ് സേനയെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഗറില്ലാ യുദ്ധമുറകള്‍കൊണ്ട് അധിക നേരം പിടിച്ചുനില്‍ക്കാനായില്ല. കീഴടങ്ങാനുള്ള അന്തിമാജ്ഞ ബ്രിട്ടീഷ് സൈന്യം പുറപ്പെടുവിച്ചു. ഖസ്സാം പ്രഖ്യാപിച്ചു: 'ഞങ്ങള്‍ കീഴടങ്ങില്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലെ ജിഹാദാണിത്. സഖാക്കളേ, ശഹാദത്ത് വരിച്ചുകൊള്ളുക.' തന്റെ യൂനിറ്റിലെ സൈനികര്‍ ഒരേ ശബ്ദത്തില്‍ 'അല്ലാഹു അക്ബര്‍' മുഴക്കി ശത്രുവിന് നേരെ നിറയൊഴിച്ചുകൊണ്ടിരുന്നു. പക്ഷേ, ഇരമ്പിവന്ന ഇംഗ്ലീഷ് സൈന്യം ഇസ്സുദ്ദീന്‍ ഖസ്സാമിനെയും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെയും വെടിവെച്ചു വീഴ്ത്തി. 1935 നവംബർ 15-ന് അവര്‍ ശഹാദത്ത് വരിച്ചു.
അനുഗൃഹീത വ്യക്തിത്വം
നിരവധി സിദ്ധികളും സവിശേഷതകളും ഒത്തിണങ്ങിയ വ്യക്തിത്വമായിരുന്നു ഖസ്സാം. സംഘാടനം, ശിക്ഷണം, പരിശീലനം, പ്രയോഗവത്കരണം എന്നീ രംഗങ്ങളില്‍ തന്റേതായ രീതികള്‍ അദ്ദേഹം ആവിഷ്‌കരിച്ചു. പരീക്ഷിച്ചു ബോധ്യപ്പെട്ടവരെ മാത്രം ഉത്തരവാദിത്വങ്ങള്‍ ഏല്‍പിച്ചു. സഹായികളായി ആരെ കൂട്ടണമെന്ന് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. രഹസ്യമായി നടത്തേണ്ട സൈനിക നീക്കങ്ങള്‍ ആ സ്വഭാവത്തിലും പരസ്യമായി നടത്തേണ്ട ബോധവത്കരണ- സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ആ രീതിയിലുമാണ് വേണ്ടതെന്ന് നിഷ്‌കര്‍ഷിച്ചു. ദീര്‍ഘ വീക്ഷണമുള്ള രാഷ്ട്രീയ കാഴ്ചപ്പാടായിരുന്നു. അനുയായികള്‍ അധികവും സാധാരണക്കാര്‍.
ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനത്തിന്റെ പ്രതീകമാണ് ശൈഖ് ഇസ്സുദ്ദീന്‍ അൽ ഖസ്സാം. സമരമായിരുന്നു അദ്ദേഹത്തിന് ജീവിതം. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കുകയെന്നത് മനുഷ്യന്റെ ജന്മാവകാശമാണെന്ന ഉറച്ച വിശ്വാസമാണ് ഖസ്സാമിനെ നയിച്ചത്. ഫലസ്ത്വീന്റെ സമ്പൂര്‍ണ വിമോചനമാണ് അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന അല്‍ ഖസ്സാം ബ്രിഗേഡിന്റെ പ്രഖ്യാപിത ലക്ഷ്യം. അറബ്-മുസ്്‌ലിം രാജ്യങ്ങളെ ഫലസ്ത്വീന്‍ വിമോചനത്തിന് തയാറെടുപ്പിക്കുകയും സമരത്തെ മുന്നില്‍നിന്ന് നയിക്കുകയുമാണ് ബ്രിഗേഡ് ചെയ്യുന്നത്. 27,000 ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ള, ഖുദ്‌സ് തലസ്ഥാനമായ വിശാല ഫലസ്ത്വീനാണ് ഖസ്സാം ബ്രിഗേഡിന്റെ അന്തിമ ലക്ഷ്യം. പ്രവര്‍ത്തന മേഖല ഫലസ്ത്വീനില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു. ഹമാസ് ഔദ്യോഗിക രംഗപ്രവേശം നടത്തിയ 1984 മുതൽക്കേ വിവിധ പേരുകളില്‍ അത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. 'അല്‍ മുജാഹിദൂനല്‍ ഫിലസ്ത്വീനിയ്യൂന്‍' ആയിരുന്നു 1987-ല്‍ അതിന്റെ പേര്. 1991-ലാണ് ഖസ്സാം ബ്രിഗേഡ് എന്ന് പുനര്‍നാമകരണം ചെയ്തത്.
Comments