Prabodhanm Weekly

Pages

Search

2023 നവംബർ 24

3328

1445 ജമാദുൽ അവ്വൽ 10

ഉടയ്ക്കപ്പെട്ട ക്യാമറക്കുള്ളിലെ ഉടയാത്ത കണ്ണുകൾ

യാസീൻ വാണിയക്കാട്

ഫലസ്ത്വീനിലെ കർഷകനായ ഇമാദ് ബർനത്ത് ഒരു പുതിയ ക്യാമറ വാങ്ങുന്നത് തന്റെ കുടുംബത്തിന്റെ നല്ല നിമിഷങ്ങളെ പകർത്തുന്നതിന് വേണ്ടിയായിരുന്നു. വിശേഷിച്ചും, തന്റെ നാലാമത്തെ മകൻ ജിബ്്രീലിന്റെ കുട്ടിത്തങ്ങളെയും അവന്റെ വളർച്ചയിലെ ഓരോ പടവുകളെയും, കുടുംബവുമൊത്തുള്ള അവന്റെ സല്ലാപങ്ങളെയും കാലത്തിന് പ്രഹരിക്കാനാകാത്തവണ്ണം മങ്ങാത്ത ഓർമകളായി മിഴിവോടെ പകർത്താൻ.

പക്ഷേ, വിധി മറ്റൊന്നായിരുന്നു.
ആ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതത്രയും ടിയർഗ്യാസിൽ കണ്ണെരിയുന്ന ഗ്രാമവാസികളെ, തീയിൽ പച്ചയോടെ വെന്തെരിയുന്ന അവരുടെ ഒലീവ് മരങ്ങളെ, വെടിയുണ്ടയുടെ രൂപത്തിൽ കടന്നുവന്ന് ഉറ്റവരുടെ ജീവൻ അപഹരിക്കുന്ന ക്രൂരനിമിഷങ്ങളെ, മുള്ളുവേലികൾ കൊണ്ടും കൂറ്റൻ മതിൽ കൊണ്ടും വിഭജിക്കപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന കൃഷിയിടങ്ങളെ, വിലാപങ്ങളെ, സമരങ്ങളെ, ചെറുത്തുനിൽപുകളെ... ഇങ്ങനെയിങ്ങനെ അധിനിവേശത്തിന്റെ കൊടും ക്രൂരതകളെ നേർക്കുനേർ നിന്ന് വീക്ഷിക്കുന്ന ഒരു തത്സമയ ദൃക്സാക്ഷിയാകാനായിരുന്നു ഇമാദിന്റെ ക്യാമറയുടെ നിയോഗം.

ഇങ്ങനെ ഒന്നൊന്നായി പകർത്താൻ നാലു വർഷംകൊണ്ട് അഞ്ചു ക്യാമറകൾ വാങ്ങേണ്ടിവന്നു വെസ്റ്റ് ബാങ്കിലെ ബിലിൻ ഗ്രാമവാസിയായ ആ കർഷകന്! ഒന്നിനു പിറകെ ഒന്നായി ഓരോ പുതിയ ക്യാമറയും ഉടക്കപ്പെട്ടുകൊണ്ടിരുന്നു.

ഇസ്രായേലിന്റെ അധിനിവേശപ്പടക്ക് അത്ര അരോചകമായിരുന്നു തങ്ങളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും കൈയേറ്റങ്ങളെയും ഒപ്പിയെടുത്തു സൂക്ഷിക്കുന്നത്. ആ വീഡിയോ ചിത്രങ്ങളൊക്കെയും നാളെ ലോകത്തിന് മുന്നിൽ നിവർന്നുനിന്ന് സംസാരിക്കുമെന്ന് അവർ ആശങ്കപ്പെട്ടിരിക്കാം.

പിന്നീടത് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള  ഡോക്യുമെന്ററി ഫിലിമായി ലോകത്തോട് നിവർന്നുനിന്നു സംവദിച്ചു. അഞ്ച് ഉടക്കപ്പെട്ട ക്യാമറകളെയും അത് പകർത്തിയ ചോര കിനിയുന്ന നിമിഷങ്ങളെയും ലോകം കണ്ടു; Five Broken Cameras എന്ന ഡോക്യുമെന്ററിയിലൂടെ. ഉടക്കപ്പെട്ട അഞ്ചു ക്യാമറകളിലേയും ഫൂട്ടേജുകൾ കോർത്തിണക്കി സംവിധാനിച്ച ആ ഡോക്യുമെന്ററിക്ക് നിരവധി പ്രേക്ഷകരെ യാഥാർഥ്യം ബോധ്യപ്പെടുത്താനുള്ള നിയോഗമുണ്ടായി.

ക്യാമറ ഉപയോഗിക്കരുത്, പകർത്തരുത് എന്ന് ശക്തമായി താക്കീത് നൽകുന്ന ഇസ്രായേലി അധിനിവേശ സൈനികരോടും കോപാകുലരാകുന്ന കുടിയേറ്റക്കാരോടും താനൊരു ക്യാമറാമാനാണ് എന്ന് പറഞ്ഞ് തർക്കിക്കുന്ന ഇമാദിനെ ചിത്രത്തിലുടനീളം കാണാം. ഒലീവിന് തീയിടുമ്പോൾ ഈ മരം തന്റെ നാഥനോട് പരാതി ബോധിപ്പിക്കുമെന്ന് പറഞ്ഞ് വിലപിക്കുന്ന വയോധിക ഒരു നൊമ്പരക്കാഴ്ചയാകുന്നുണ്ട്.

2005-ലാണ് ഇമാദിന് നാലാമത്തെ സന്തതി ജിബ്്രീൽ ജനിക്കുന്നത്. ആ വർഷം തന്നെയാണ് ക്യാമറയുടെയും ജനനം. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഓരോ ഘട്ടങ്ങളെന്നപോലെ അവന്റെ വളർച്ചയുടെ ഓരോ മുഹൂർത്തത്തെയും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. അവൻ ഇസ്രായേലി പട്ടാളക്കാർക്ക് ഒലീവ് തൈ കൈമാറാൻ ശ്രമിക്കുന്നതും വിഭജന മതിലിൽ അക്ഷരങ്ങൾ കോറുന്നതും രാത്രി റെയ്ഡിൽ സാക്ഷിയാകുന്നതും എല്ലാ ഫലസ്ത്വീനി ബാലന്മാരുടെയും പ്രതിനിധി എന്ന നിലയിൽ തന്നെയാണ് നമ്മോട് സംവദിക്കുന്നത്. 2011- ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2013-ൽ ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. 2019-ൽ ഡോക്യുമെന്ററി പ്രദർശനത്തിന്റെ ഭാഗമായി ഇമാദ് ദൽഹിയിൽ എത്തിയിരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

ശക്തി പകരുന്ന പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്