Prabodhanm Weekly

Pages

Search

2023 നവംബർ 24

3328

1445 ജമാദുൽ അവ്വൽ 10

ശക്തി പകരുന്ന പ്രാർഥന

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

قَالَ ابْنُ عَبَّاس رَضِيَ اللهُ عَنْهُ فِي قَوْلِهِ تَعَالَى: ﴿ الَّذِينَ قَالَ لَهُمُ النَّاسُ إِنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ فَزَادَهُمْ إِيمَانًا وَقَالُوا حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ ﴾ قَالَهَا إبْرَاهِيمُ حِينَ أُلْقِيَ فِي النَّارِ، وَقَالَهَا مُحَمَّدٌ صَلَّى اللهُ عَلَيْهِ وَسَلَّمَ حِينَ قَالُوا: “إنَّ النَّاسَ قَدْ جَمَعُوا لَكُمْ فَاخْشَوْهُمْ...” (مسلم)

 

"നിങ്ങള്‍ക്കെതിരെ ജനം സംഘടിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കണം" എന്ന് ജനങ്ങള്‍ അവരോടു പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണുണ്ടായത്. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരേേമല്‍പിക്കാന്‍ ഏറ്റവും അനുയോജ്യന്‍ അവനാണ്" (3: 173).
ഈ വാക്യത്തെക്കുറിച്ച്  ഇബ്്നു അബ്ബാസ് (റ) പറഞ്ഞു:
"ഇബ്റാഹീം നബി (അ)യെ തീയിലെറിഞ്ഞപ്പോഴും, മുഹമ്മദ് നബി(സ)യോട് 'താങ്കൾക്കെതിരെ ജനങ്ങൾ ഒന്നടങ്കം സംഘടിച്ചിരിക്കുന്നു' എന്ന് പറയപ്പെട്ടപ്പോഴും പറഞ്ഞ വചനമാണിത്"
(മുസ്്ലിം).

 

രുത്തരും ശക്തരുമായ ശത്രുക്കളെ നേരിടേണ്ടിവരുമ്പോൾ മനസ്സ് കൊണ്ടും നാവ് കൊണ്ടും പറയേണ്ട പ്രാർഥനയാണ്:

حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ (ഞങ്ങൾക്ക് അല്ലാഹു മതി. കാര്യങ്ങൾ ഏൽപ്പിക്കാൻ ഏറ്റവും യോഗ്യൻ അവനാണ് ). അല്ലാഹുവേ, ഞങ്ങളുടെ ദൗത്യങ്ങൾ പൂർത്തീകരിക്കാൻ നിന്റെ സഹായത്തിൽ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ എന്നാണിതിന്റെ പൊരുൾ.

ഇബ്റാഹീം നബി (അ) നംറൂദിന്റെ തീക്കുണ്ഡത്തിലേക്ക് എറിയപ്പെട്ടപ്പോൾ അദ്ദേഹം ഉരുവിട്ട വാക്കുകളാണിത്. അപ്പോൾ അല്ലാഹു അഗ്നിയെ തണുപ്പാക്കി മാറ്റി.

ഉഹുദ് യുദ്ധം കഴിഞ്ഞ് സ്വഹാബികൾ ഹംറാഉൽ അസദിൽ ഒരുമിച്ചു കൂടിയപ്പോഴാണ്, മക്കയിൽ ശത്രുക്കളെല്ലാം ഐക്യപ്പെട്ട് മുസ്്ലിംകൾക്കെതിരെ വീണ്ടും ഒരാക്രമണത്തിനായി പുറപ്പെടുന്നുണ്ടെന്ന വിവരം ലഭിച്ചത്. അപ്പോൾ നബി (സ) ഉറക്കെ പ്രഖ്യാപിച്ചതും حَسْبُنَا اللَّهُ وَنِعْمَ الوَكِيلُ ، عَلَى اللهِ تَوَكَّلْنَا എന്നായിരുന്നു. അങ്ങനെ  അല്ലാഹു വിശ്വാസികൾക്ക് അനുഗ്രഹം ചൊരിഞ്ഞു.
പല കാരണങ്ങളാലുണ്ടാവുന്ന ഭയത്തിന്റെയും വെപ്രാളത്തിന്റെയും സന്ദർഭങ്ങളിൽ ഇതേ വചനമാണ് ഉച്ചരിക്കേണ്ടതെന്ന് നബി (സ) പഠിപ്പിക്കുന്നു.

റസൂൽ (സ) അരുളി: "കാഹളത്തിന്റെയാൾ അതിലൂതുന്നതിനുള്ള അനുവാദത്തിനായി കാത്തിരിക്കുമ്പോൾ എനിക്കെങ്ങനെയാണ് സന്തോഷിക്കാനാവുക?" ഈ വാക്കുകൾ നബി(സ)യുടെ അനുയായികളിൽ വളരെ അസ്വസ്ഥതയുണ്ടാക്കി. അപ്പോൾ പ്രവാചകൻ അവരോട് ഇപ്രകാരം ചൊല്ലാൻ പറഞ്ഞു:
حَسْبُنَا اللَّهُ وَنِعْمَ الوَكِيلُ ، عَلَى اللهِ تَوَكَّلْنَا 
"ഞങ്ങൾക്ക് അല്ലാഹു മതി. കാര്യങ്ങൾ ഏൽപ്പിക്കാൻ അവൻ വളരെ ഉത്തമനാണ്. ഞങ്ങൾ സകലതും അല്ലാഹുവിൽ സമർപ്പിച്ചിരിക്കുന്നു" (തിർമിദി, നസാഈ).

ഇമാം ഇബ്്നുൽ ഖയ്യിം (റ) ഈ വാക്യത്തെ, ശത്രുക്കളെയും ഭരണാധികാരികളെയും ഭയപ്പെടുമ്പോൾ ചൊല്ലാനുള്ള പ്രാർഥന എന്നു പറഞ്ഞാണ് പരിചയപ്പെടുത്തുന്നത് (അൽ വാബിലുസ്സ്വയ്യിബ്). മുഹമ്മദ് നബി(സ)യോട് حَسْبِىَ ٱللَّهُ  (എനിക്കല്ലാഹു മതി) എന്ന് പ്രഖ്യാപിക്കാൻ രണ്ടു തവണ അല്ലാഹു ആവശ്യപ്പെടുന്നുണ്ട് (9: 129, 39: 38).

സൗർ ഗുഹയിലിരിക്കെ  അബൂബക്ർ സ്വിദ്ദീഖി(റ)നോട് റസൂൽ (സ) പറഞ്ഞ വാക്കുകളെ അല്ലാഹു അഭിനന്ദിക്കുന്നുണ്ട്:

"അദ്ദേഹം തന്റെ കൂട്ടുകാരനോട് പറഞ്ഞു: 'ദുഃഖിക്കാതിരിക്കുക; അല്ലാഹു നമ്മോടൊപ്പമുണ്ട്.' അന്നേരം അല്ലാഹു തന്നില്‍നിന്നുള്ള സമാധാനം അദ്ദേഹത്തിന് സമ്മാനിച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത പോരാളികളാല്‍ അദ്ദേഹത്തിന് കരുത്തേകുകയും ചെയ്തു'' (9: 40).

വിശുദ്ധ ഖുർആനിൽ 'ഞങ്ങൾക്ക് അല്ലാഹു മതി' എന്ന് പ്രഖ്യാപിക്കുന്ന എല്ലായിടത്തും  അല്ലാഹുവിൽ ഭരമേൽപ്പിക്കണമെന്ന് ഉണർത്തുന്നുണ്ട്. സകലതും അല്ലാഹുവിൽ സമർപ്പിച്ച നിർഭയമായ ഹൃദയത്തിൽനിന്നാണ് ഈ വചനങ്ങൾ പുറത്തുവരേണ്ടതെന്നർഥം.

വിശ്വാസികൾ അല്ലാഹുവല്ലാത്ത മറ്റൊന്നിനെയും പേടിക്കരുതെന്നുള്ളത് തൗഹീദിന്റെ ഭാഗമാണ്.
കാരണം, അല്ലാഹുവിന്റെ തീരുമാനങ്ങളെ മാറ്റിമറിക്കാൻ ഒരാൾക്കും സാധ്യമല്ല. ഉപകാരവും ഉപദ്രവവും, നേട്ടവും കോട്ടവും, വിജയവും പരാജയവും അവന്റെ കൈകളിലാണ്.
അല്ലാഹു ചോദിക്കുന്നു: "അല്ലാഹു പോരേ അവന്റെ അടിമയ്ക്ക്? അവന് പുറമെയുള്ളവരുടെ പേരില്‍ അവര്‍ നിന്നെ പേടിപ്പിക്കുന്നു" (39: 36).

മുന്നിൽ കടലും പിന്നിൽ ഫറോവയുടെ സൈന്യത്തെയും കണ്ടപ്പോൾ മൂസാ നബി (അ) പറഞ്ഞു: "ഒരിക്കലുമില്ല. എന്നോടൊപ്പം എന്റെ നാഥനുണ്ട്. അവന്‍ എനിക്കു രക്ഷാമാര്‍ഗം കാണിച്ചുതരികതന്നെ ചെയ്യും" (26: 62).

കവി പാടി:
وَإِذَا العِنَايَةُ لَاحَظَتْكُ عُيُونُهَا          نَمْ فَالمَخَاوِفُ كُلُّهُنَّ أَمَانُ
(സുരക്ഷയുടെ കണ്ണുകൾ നിനക്ക് കാവലിരിക്കുമ്പോൾ, സമാധാനത്തോടെ ഉറങ്ങുക; അപ്പോൾ ഭയങ്ങളെല്ലാം നിനക്ക് നിർഭയത്വമാണ്). 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 01-03
ടി.കെ ഉബൈദ്

ഹദീസ്‌

ശക്തി പകരുന്ന പ്രാർഥന
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്