ഫലസ്ത്വീന് മണ്ണിലും മനസ്സിലും
ചരിത്രമുറങ്ങുന്ന മണ്ണാണ് ഫലസ്ത്വീന്‍. ആദം മുതല്‍ മുഹമ്മദ് നബി വരെയുള്ള പ്രവാചക ശൃംഖലയിലെ പ്രബലമായ പല കണ്ണികള്‍ക്കും ഫലസ്ത്വീനുമായി ദൃഢബന്ധമുണ്ട്. ലോക ചരിത്രത്തിലെ നാഴികക്കല്ലുകളായ പല സംഭവങ്ങള്‍ക്കും സാക്ഷിയായ ഫലസ്ത്വീന്‍ ഭൂപ്രദേശത്തിന്റെ സവിശേഷതകള്‍ സംഗ്രഹിക്കാം:
* നിരവധി പ്രവാചകന്മാരുടെ വാസകേന്ദ്രമായിരുന്നു ഫലസ്ത്വീന്‍.
* ഇബ്‌റാഹീം നബി (അ) ഫലസ്ത്വീനിലേക്കാണ് ഹിജ്‌റ പോയത്.
* സൊദോം നിവാസികള്‍ക്ക് ദൈവശിക്ഷ ഇറങ്ങിയപ്പോള്‍ ലൂത്വ് നബിയെ അല്ലാഹു രക്ഷപ്പെടുത്തി അയച്ചത് ഫലസ്ത്വീനിലേക്കാണ്.
* ദാവൂദ് നബി ജീവിച്ചതും തന്റെ പ്രാര്‍ഥനാ മണ്ഡപം പണിതതും ഫലസ്ത്വീനിലാണ്.
* സുലൈമാന്‍ നബിയുടെ ഭരണ സിരാ കേന്ദ്രം ഫലസ്ത്വീനിലായിരുന്നു.
* സുലൈമാന്‍ നബി സൈന്യവുമായി ഉറുമ്പിന്റെ താഴ്വരയിലൂടെ കടന്നുപോകുന്നത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. ഉറുമ്പുകളുടെ നേതാവ് 'ഉറുമ്പുകളേ, നിങ്ങള്‍ മാളങ്ങളിലേക്ക് കടന്നുപോയ്‌ക്കൊള്ളൂ. സുലൈമാനും സൈന്യവും നിങ്ങളെ ചവിട്ടിമെതിക്കേണ്ട' എന്നു പറഞ്ഞത് കേട്ട സുലൈമാന്‍ പുഞ്ചിരിതൂകിയ സന്ദര്‍ഭം ഖുര്‍ആന്‍ വിവരിച്ചിട്ടുണ്ട്. ആ സംഭാഷണ പ്രസക്തികൊണ്ടാണ് ആ അധ്യായത്തിന് നംല് (ഉറുമ്പ്) എന്ന പേര്‍ വന്നത്. ഇതു നടന്നത് ഫലസ്ത്വീനിലെ അസ്ഖലാന് സമീപമുള്ള വാദിന്നംല് (ഉറുമ്പു താഴ് വര) എന്ന പ്രദേശത്താണ്.
* സകരിയ്യാ നബിയുടെ പ്രാര്‍ഥനാ മണ്ഡപം ഫലസ്ത്വീനിലാണ്. തനിക്ക് പിന്‍തുടര്‍ച്ചക്കാരനായ ഒരു കുഞ്ഞിന് വേണ്ടി അദ്ദേഹം അല്ലാഹുവിനോട് കേണത് ഇവിടെ വെച്ചാണ്.
* പ്രാര്‍ഥനാ ഫലമായി യഹ് യാ എന്ന കുഞ്ഞ് പിറന്നതും യഹ് യാ പ്രവാചകനായിത്തീര്‍ന്നതും ഫലസ്ത്വീനിലാണ്.
* മൂസാ നബി തന്റെ ജനതയോട് 'നിങ്ങള്‍ വിശുദ്ധ ഭൂമിയിലേക്ക് പ്രവേശിച്ചുകൊള്ളുക' എന്ന പരാമര്‍ശം (അല്‍ മാഇദ 21) ഫലസ്ത്വീനെക്കുറിച്ചാണ്. ശിര്‍ക്ക് മുക്ത രാജ്യവും പ്രവാചകന്മാരുടെ വാസ കേന്ദ്രവുമായതിനാലാണ് ആ നാട് വിശുദ്ധമെന്ന് വിശേഷിപ്പിക്കപ്പെട്ടത്.
* ഈസാ നബി ഭൂജാതനായത് ഫലസ്ത്വീനിലെ ബത്‌ലഹേമിലാണ്.
* പ്രസവ വേദനയെത്തുടര്‍ന്ന് മര്‍യം ഓടിയണഞ്ഞത് ഫലസ്ത്വീനില്‍ വളര്‍ന്ന ഈത്തപ്പന മരച്ചുവട്ടിലേക്കാണ്. 'ഈത്തപ്പനത്തണ്ട് കുലുക്കിയാല്‍ മൂത്ത് വിളഞ്ഞ ഈത്തപ്പഴം കിട്ടും, ആഹരിക്കുക, കുടിക്കുക, കണ്‍കുളിര്‍ക്കുക' എന്ന ദിവ്യബോധനം മര്‍യമിന് ലഭിച്ചതും ഇതേ മണ്ണില്‍ തന്നെ.
* ഇസ്രാഈല്യര്‍ ഈസായെ കൊല്ലാനുറച്ചപ്പോള്‍ അല്ലാഹു ഇടപെട്ട് ഈസാ നബിയെ ആകാശത്തേക്കുയര്‍ത്തിയത് ഫലസ്ത്വീന്‍ മണ്ണില്‍നിന്നാണ്.
* ഈസാ നബി അവസാന നാളില്‍ ഫലസ്ത്വീനിലെ 'മനാറത്തുല്‍ ബൈദാഇ'ല്‍ ഇറങ്ങിവരുമെന്ന് നബി (സ) സൂചിപ്പിച്ചിട്ടുണ്ട്.
* ഈസാ നബി മസീഹുദ്ദജ്ജാലിനെ വധിക്കുക ഫലസ്ത്വീനിലെ 'ലുദ്ദ്' കവാടത്തില്‍ വെച്ചായിരിക്കുമെന്ന് നബി (സ) പ്രവചിച്ചിട്ടുണ്ട്.
* അന്ത്യനാളില്‍ 'മഹ്ശര്‍' ഭൂമിയും ഫലസ്ത്വീനിലാണെന്ന് നബിവചനത്തില്‍ സൂചനയുണ്ട്.
* അന്ത്യകാലത്ത് യഅ്ജൂജ്-മഅ്ജൂജ് നശിപ്പിക്കപ്പെടുന്നതും ഫലസ്ത്വീനിലായിരിക്കും.
* ത്വാലൂത്ത് ജാലൂത്തിനെ യുദ്ധത്തെത്തുടര്‍ന്ന് വധിച്ചതും ഫലസ്ത്വീനില്‍ വെച്ചാണ്.
* ബൈത്തുല്‍ മഖ്ദിസായിരുന്നു മുസ്്‌ലിംകളുടെ ആദ്യ ഖിബ് ല. ഖുര്‍ആനാണ് ബൈത്തുല്‍ മഖ്ദിസിന് 'മസ്ജിദുല്‍ അഖ്‌സ്വാ' എന്ന് പേരിട്ടത്. നബിയുടെ മദീനാ ജീവിത കാലത്താണ് മക്കയിലുള്ള മസ്ജിദുല്‍ ഹറാം ഖിബ് ലയാക്കി മാറ്റി നിശ്ചയിക്കപ്പെട്ടത്. മദീനയിലെ 'മസ്ജിദുല്‍ ഖിബ് ലത്തൈന്‍' അതിന്റെ സ്മാരകമാണ്.
* ഇസ്റാഅ് വേളയില്‍ നബി (സ) മസ്ജിദുല്‍ ഹറാമില്‍നിന്ന് ഫലസ്ത്വീനിലെ മസ്ജിദുല്‍ അഖ്‌സ്വായിലേക്കാണ് നിശാ പ്രയാണം നടത്തിയത്.
* മുന്‍കാല പ്രവാചകന്മാര്‍ക്ക് ഇമാമായി നബി നമസ്‌കരിച്ചത് മസ്ജിദുല്‍ അഖ്‌സ്വായില്‍ വെച്ചാണ്.
*ലോകത്ത് ആദ്യമുണ്ടായത് മസ്ജിദുല്‍ ഹറാമും രണ്ടാമത് ഉണ്ടായത് മസ്ജിദുല്‍ അഖ്‌സ്വായുമാണെന്ന് നബി (സ) പറഞ്ഞു.
* മുസ്്‌ലിംകള്‍ക്ക് തീര്‍ഥാടനം പുണ്യമായ മൂന്ന് പള്ളികളാണുള്ളത്. മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ്വാ.
*മിഅ്‌റാജ്-ആകാശാരോഹണ സംഭവം- തുടങ്ങിയത് മസ്ജിദുല്‍ അഖ്‌സ്വായില്‍നിന്നാണ്. ഫലസ്ത്വീന് ഇസ്റാഅ്-മിഅ്‌റാജ് സംഭവത്തിന്റെ പശ്ചാത്തലമുണ്ടായത് ദൈവഹിതമാണ്.
* നബിയുടെ വിയോഗാനന്തരമുണ്ടായ നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ ഉസാമത്തുബ്‌നു സൈദിന്റെ നേതൃത്വത്തില്‍ നബി വിന്യസിക്കാന്‍ തീരുമാനിച്ച സൈന്യത്തെ ഖലീഫാ അബൂബക് ര്‍ ഒരുക്കി അയച്ചത് ഫലസ്ത്വീന്‍ ഉള്‍പ്പെട്ട 'ബിലാദുശ്ശാമി'ലേക്കാണ്. ആ രാജ്യത്തെ അക്രമികളായ ഭരണാധികാരികളില്‍നിന്ന് മോചിപ്പിക്കുകയായിരുന്നു ഉദ്ദേശ്യം.
* ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ ഭരണകാലത്താണ് റോമന്‍ അധീനതയില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വാ മോചിപ്പിക്കപ്പെട്ടത്.
* നൂറ് വര്‍ഷം നീണ്ട കുരിശു പടയുടെ ആധിപത്യത്തില്‍നിന്ന് സുൽത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി മസ്ജിദുല്‍ അഖ്‌സ്വായെ വിമോചിപ്പിച്ചു.
*റോമന്‍ ആധിപത്യത്തില്‍നിന്ന് മസ്ജിദുല്‍ അഖ്‌സ്വായെ മോചിപ്പിക്കാന്‍ 5000-ല്‍ പരം സ്വഹാബിമാര്‍ക്ക് ശഹാദത്ത് വരിക്കേണ്ടിവന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.
* 'അർദുശ്ശുഹദാഅ്' എന്നും 'അർദു രിബാത്ത്' എന്നും ഫലസ്ത്വീന്‍ ഭൂമി വിശേഷിപ്പിക്കപ്പെടാറുണ്ട്.
* ഖുര്‍ആനിലെ ഒരു ചെറിയ അധ്യായത്തിലെ ആദ്യ സൂക്തങ്ങള്‍ ഈ ചരിത്ര സ്ഥലികളെയെല്ലാം ഉള്‍ക്കൊള്ളുന്നതായി ഇബ്‌നു അബ്ബാസ് അഭിപ്രായപ്പെടുന്നു.
'വത്തീനി വസ്സൈത്തൂന്‍. വത്വൂരി സീനീന്‍, വഹാദല്‍ ബലദില്‍ അമീന്‍' -അത്തിയാണ് സത്യം (ബിലാദുശ്ശാം), ഒലിവാണ് സത്യം (ഫലസ്ത്വീന്‍), സീനായിലെ ത്വൂര്‍ മലയാണ് സത്യം (മൂസാ നബി അല്ലാഹുവുമായി സംവദിച്ച ത്വൂര്‍ സീനാ പര്‍വതം), നിര്‍ഭയമായ ഈ നഗരമാണ് സത്യം (മുഹമ്മദ് നബി പിറന്ന മക്ക).
* ക്രൈസ്തവര്‍ പവിത്രമായി കരുതുന്ന 'കനീസത്തുല്‍ ഖിയാമ' (Church of the Resurrection) ഫലസ്ത്വീനിലാണ്. കൊൺസ്റ്റന്റൈന്‍ രാജാവിന്റെ മാതാവ് ഹിലാനാ രാജ്ഞി ക്രിസ്ത്വബ്ദം 325-ല്‍ പണികഴിപ്പിച്ചതാണിത്.
* 'കനീസത്തുല്‍ ബിശാറ' (Church of Annunciation) എന്ന, ക്രൈസ്തവര്‍ പവിത്രമായി കരുതുന്ന ദേവാലയത്തില്‍ വെച്ചാണ് പിറക്കാന്‍ പോകുന്ന കുഞ്ഞിനെ കുറിച്ച സന്തോഷ വാര്‍ത്ത മര്‍യമിന് ലഭിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു.
Comments