Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

ഓഷ് വിറ്റ്സ് ഒരു ചുക്കുമല്ലെന്ന് ഗസ്സയിലെ കുഞ്ഞുങ്ങളെ ചുട്ടുകൊല്ലും മണം

മുഹമ്മദ് കുട്ടി എളമ്പിലാക്കോട്

ഗസ്സയിലെ നിഷ്കളങ്കരായ  കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്തൊഴുക്കുന്ന
ഇളം ചോരപ്പുഴയിൽ നീന്തിപ്പുളച്ച്
അർമാദിക്കുന്നു 
യുദ്ധക്കൊലവെറി മൂത്ത
അധിനിവേശ ഡ്രാക്കുളകൾ.
സാമ്രാജ്യത്വ
ക്കഴുകുകളുടെ കാവലിൽ
നടത്തപ്പെടുന്ന
കൊടും ക്രൂര വംശഹത്യക്ക്
'ഇരകളുടെ പ്രതിരോധ'
മെന്ന ഭാഷ്യം
എത്രമേൽ വിരോധാഭാസം!
സാമ്രാജ്യത്വ-
ക്കാപാലികരുമൊത്ത്
മാനസ മരുവിലെ
മനുഷ്യത്വത്തിന്റെ ഇത്തിരി
പച്ചപ്പടർപ്പുകൾ പോലും
ചുട്ടെരിക്കുന്ന കൂറ്റൻ ബോംബർ വിമാനമായ് സയണിസ്റ്റ്
രാക്ഷസൻ
അലറിപ്പറക്കുമ്പോൾ
ലോകം നടുങ്ങും
പ്രേതഭൂമിയിൽ 
യു.എൻ ഒടുങ്ങുന്നു.
സ്വത്വത്തിന്റെ
തായ് വേരാഴ്ന്ന
സ്വന്തം ജന്മനാട്ടിൽ നിന്ന്
സ്വന്തം പ്രിയ വീട്ടിൽ നിന്ന്
ആട്ടിപ്പുറത്താക്കപ്പെടുമ്പോൾ
ദാരുണമായി
കൂട്ടക്കൊല ചെയ്യപ്പെട്ട
ഗസ്സയിലെ കുഞ്ഞുങ്ങളുടെ
വെള്ളപുതച്ചു കിടത്തിയ
തളിരിളം മേനികൾ
പത്രത്താളുകളിൽ കണ്ട്
സ്വന്തം ജന്മനാട്ടിലെ
സ്വന്തം പ്രിയ വീട്ടിൽ നിന്ന്
യു.കെ.ജി യിലേക്ക്
യൂണിഫോമിട്ട്
ഉമ്മച്ചിയുടെ പരിലാളനത്തണൽ
ചൂടിയിറങ്ങുന്ന പേരന്റ ചോദ്യം:
'ഇതേത് സ്കൂളിലെ
യൂണിഫോമിട്ട കുട്ടികൾ?'

അതുകേട്ട് എന്നിലുദ്ധരിച്ച വലതുപക്ഷ മിതവാദി
അതിനുത്തരിക്കുന്നു:
'ഇതു തീവ്രവാദികൾ.
വീട് വിട്ടോടാൻ
അന്ത്യശാസനം കേട്ട്
അഭയമറ്റ് ഓടിത്തളർന്നൊടുങ്ങുമ്പോൾ
ബോംബിന്റെ ശരമാരി വർഷിച്ച്
മിതവാദികൾ ചുട്ടു പൊരിച്ച് വഞ്ചിച്ചെടുത്തവർ.'

'ഇതുപോലെ
മിതവാദിയാണോ
ഗാന്ധിയപ്പൂപ്പനെ
വെടിവെച്ച് സ്വാതന്ത്ര്യ സമരത്തിൽ നിന്ന് രക്ഷിച്ച്
ഉസ്കൂളിലൊട്ടിച്ചത്?'

എന്നവന്റെ കുട്ടിത്തമില്ലാത്ത
കൂരമ്പിൽ നിന്നൊഴിയാൻ
ഗസ്സയിലെ ആശുപത്രിയിൽ
ഫോസ്ഫറസ് ബോംബിട്ട്
വെന്റിലേറ്ററിലെ
കുഞ്ഞുങ്ങളെയടക്കം
കൊന്നൊടുക്കുമ്പോൾ
ഫോസ്ഫറസ് തീയുടെ
വിസ്മയ വേഗപ്പൊരിച്ചൂടിൽ
ഓഷ് വിറ്റ്സ് ഒരു ചുക്കുമല്ലെന്ന്
ബൈനോക്കുലർ വിഷനിൽ വായിച്ചെടുത്ത്‌  ചാരിതാർഥ്യത്തോടെ
സ്വച്ഛമായ്  പറന്നിറങ്ങി
ബത് ലഹേമിലെ
ബലിത്തറയിൽ പണിത
വീട്ടിൽ പട്ടിക്കുഞ്ഞിനെ
ലാളിച്ച് വിശ്രമിക്കുന്ന
മിതവാദി
ബോംബർ വൈമാനികന്റെ
ബുദ്ധത്വ കീർത്തനം
ലൈവായി വിളമ്പുന്ന
'യുദ്ധഭൂമിയിൽ നിന്ന്
തത്സമയ രസികത്വ'മെന്ന
മോണിംഗ്
ടി.വി വിനോദത്തിലേക്ക്
ഞാനവനെയൊന്ന്
ജ്ഞാന സ്നാനം ചെയ്ത് നോക്കുന്നു.

l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി