Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

കെ.ടി മുഹമ്മദ് എന്ന മാനുഹാജി: ഒരു സാത്വികന്റെ വേർപാട്

സലാം മേലാറ്റൂർ 

ഞങ്ങളുടെ ഉപ്പ കെ.ടി മുഹമ്മദ് എന്ന മാനു ഹാജി (90) ഒക്ടോബർ അഞ്ചിന് അല്ലാഹുവിങ്കലേക്ക് യാത്രയായി. ജമാഅത്തെ ഇസ്്ലാമി മേലാറ്റൂർ പ്രദേശത്തെ ഒരു കാലഘട്ടം അടയാളപ്പെടുത്തിയ സാത്വികനായ ഒരാൾ കൂടി വിട പറഞ്ഞു. കുടുംബത്തിനും നാടിനും നന്മയുടെ ഒരുപാട് പാഠങ്ങൾ പകർന്നുതന്നായിരുന്നു ആ ജീവിതം. പരിചയപ്പെടുന്ന ആരെയും അടുപ്പിച്ചുനിർത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രകൃതം.  കക്ഷി-പക്ഷ ഭേദമന്യേ നാട്ടിലെ സാധാരണക്കാരോടും  നേതാക്കളോടുമെല്ലാം ഒരേപോലെ പെരുമാറി. പ്രായഭേദം കാണിക്കാതെ അവരെ സ്നേഹിച്ചു, ബഹുമാനിച്ചു. ആ സ്നേഹ-ബഹുമാനങ്ങൾ അവർ തിരിച്ചും നൽകി. മരണ വിവരമറിഞ്ഞ് എത്തിയ ജനസഞ്ചയം, നേതാക്കൾ , പണ്ഡിതർ, അവർ പങ്കുവെച്ച അനുഭവങ്ങൾ ഒരു ദീനീ പ്രവർത്തകൻ ജീവിതം അടയാളപ്പെടുത്തേണ്ടത് എങ്ങനെ എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു.

മേലാറ്റൂർ ഇർശാദ് മസ്ജിദ്, ഇർശാദ് ഇംഗ്ലീഷ് സ്കൂൾ, അൽ മദ്റസതുൽ ഇസ്്ലാമിയ എന്നീ സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലും നടത്തിപ്പിലും ആദ്യകാല പ്രവർത്തകരോടൊപ്പം തോളോടുതോൾ ചേർന്ന് ഉപ്പ പ്രവർത്തിച്ചു. ഇർശാദ് മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ട ഒരു പഴയകാല അനുഭവം അദ്ദേഹം പങ്കുവെച്ചതിൽ എല്ലാം അടങ്ങിയിട്ടുണ്ട്: പള്ളി നിർമാണത്തിന് സ്ഥലം നാട്ടിലെ ഒരു ധർമിഷ്ഠൻ വഖ്ഫ് ചെയ്തു. പണിയാൻ പണം ഇല്ല. എങ്ങനെയെങ്കിലും തറ കെട്ടാൻ തീരുമാനിച്ചു. കുറച്ച് ദൂരെ ഒരു പാറ പൊട്ടിച്ച കരിങ്കല്ല് ഒരാൾ സംഭാവന ചെയ്തു. അത് പള്ളി പണിയുന്നിടത്തേക്കെത്തിക്കണം. അതിനുള്ള വകയില്ല. ഒരു കാളവണ്ടി സംഘടിപ്പിച്ച് കല്ല് അതിൽ കേറ്റി മറ്റു സഹപ്രവർത്തകരോടൊപ്പം തോൾചേർന്ന് വലിച്ച് കരിങ്കല്ല് എത്തിച്ചാണ് മസ്ജിദ് നിർമിച്ചത്. ഒത്തൊരുമയുടെയും  കഠിനാധ്വാനത്തിന്റെയും സുന്ദരമായ ഈ അനുഭവം പങ്കുവെക്കുമ്പോൾ ഉപ്പയുടെ കണ്ഠം ഇടറുമായിരുന്നു.

സമയ നിഷ്ഠ ഉപ്പയുടെ ദിനചര്യയുടെ ഭാഗമായിരുന്നു.  പള്ളിയിലും യോഗങ്ങളിലുമെല്ലാം സമയ നിഷ്ഠ പാലിച്ചു. വെറുതെയിരിക്കുന്നത് കണ്ടിട്ടില്ല. അധികം സംസാരിച്ചും കാണാറില്ല; മൗനമായിരുന്നു സ്ഥായീഭാവം. അവസാന നാളുകളിൽ, സമയം കിട്ടുമ്പോഴെല്ലാം ഖുർആൻ പാരായണത്തിലായിരുന്നു. ചെറിയ കാര്യങ്ങൾ പോലും നന്നായി ചെയ്യാൻ നിഷ്കർഷിക്കും. അങ്ങനെ ചെയ്താൽ വലിയ കാര്യങ്ങളും നന്നായി ചെയ്യാന്‍ കഴിയുമെന്ന് ഉണർത്താറുണ്ടായിരുന്നു. ഖുർആൻ പാരായണവും 'പ്രബോധനം' വായനയും ഉപ്പയുടെ ജീവിതചര്യയുടെ ഭാഗമായിരുന്നു. കോവിഡ് കാലം പ്രബോധനം  പ്രിന്റ് കോപ്പി കിട്ടാതെ വന്നപ്പോൾ സോഫ്റ്റ് കോപ്പി പ്രിന്റെടുപ്പിച്ചും ആ വായന മുടക്കിയില്ല. പ്രബോധനം സമയത്ത് കിട്ടാതെ വന്നാൽ അദ്ദേഹം അസ്വസ്ഥനാകുമായിരുന്നു.

അവസാന നാളുകളിൽ വീട്ടിൽ ഒതുങ്ങിക്കഴിയുമ്പോഴും, ഉപ്പ പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തിൽ തിരക്കിലായിരുന്നു. ഉറങ്ങുമ്പോൾ മാത്രമായിരുന്നു ഒരു ഒഴിവ്. ഞങ്ങൾ എട്ട് മക്കളും പേര മക്കളും അവരുടെ മക്കളും ഒരു ദിനചര്യയെന്നോണം അവിടെ എത്തിയിരിക്കും; ഒരു തിരക്കിലും മുടങ്ങാതെ. മയ്യിത്ത് മുന്നിൽവെച്ച്, മഹല്ല് ഇമാം മൊയ്തീൻകുട്ടി ദാരിമി ഉസ്താദ് പറഞ്ഞ വാക്കുകൾ അക്ഷരംപ്രതി ശരിയായിരുന്നു; ഏത് ഔഷധത്തെക്കാളും വലിയ ആശ്വാസമായിരുന്നു അദ്ദേഹത്തിന് ഞങ്ങളുടെ ആ സാന്നിധ്യം.

ഇല്ലായ്മയിലും ഉപ്പ ലോഭമില്ലാതെ ചെലവഴിച്ചു. ഞങ്ങൾ മക്കളെ നന്മവഴിയിൽ ചെലവഴിക്കാൻ ഉപദേശിച്ചു. ദാരിദ്ര്യത്തിന്റെ നാളുകളിലും അർഹരിലേക്ക് അരിയായും പലവ്യഞ്‌ജനമായും പലഹാരങ്ങളായും പൊതിഞ്ഞുകെട്ടി എത്തിച്ചു-ചെറിയ ഒരു ഹോട്ടലായിരുന്നല്ലോ ആദ്യകാലത്ത് അദ്ദേഹത്തിന്റെ ഉപജീവന മാർഗം. ചോദിച്ചുവരുന്ന ആരെയും മടക്കിയില്ല; അർഹരാണോ അല്ലേ എന്ന് നോക്കാതെ ചെലവഴിച്ചു. ചിലരെങ്കിലും ആ പ്രകൃതം ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ശ്രദ്ധയിൽ പെടുത്തിയാൽ, 'അത് അവനും പടച്ചോനും തമ്മിലായിക്കോളും' എന്നായിരുന്നു മറുപടി. ചോദിച്ചുവരുന്നവരെ വെറും കൈയോടെ മടക്കരുത് എന്ന് ഉപദേശിക്കും.

വീടിന്റെ തൊട്ടടുത്ത ക്ഷേത്രത്തിലേക്കുള്ള നടവഴി റോഡായി വീതികൂട്ടാൻ സ്വന്തം സ്ഥലം വിട്ടുനൽകി. പൊതു ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാനായി  ഒരു കുളം നിർമിക്കാനുള്ള സ്ഥലവും അദ്ദേഹം  നൽകുകയുണ്ടായി. ആകെയുള്ള കുറഞ്ഞ ഭൂമിയിൽനിന്ന്‌ ഇങ്ങനെ ഔദാര്യം കാണിക്കുന്നതിനെ കുറിച്ച് സഹോദര സമുദായത്തിലെ അദ്ദേഹത്തിന്റെയൊരു സുഹൃത്ത് ചോദിച്ചപ്പോൾ, നമ്മൾ ഇതിന്റെയൊന്നും ഉടമകളല്ലല്ലോ, കൈകാര്യക്കാരല്ലേ എന്നായിരുന്നുവത്രെ മറുപടി. ജോലി ചെയ്യുന്നവരെ വെറും കൂലിക്കാരായി കണ്ടിരുന്നില്ല. അവരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും കണ്ടറിഞ്ഞ് വേണ്ടത് നൽകുമായിരുന്നു. ഒരു രക്ഷിതാവിനെപ്പോലെ അവരെ പരിപാലിച്ചു. ജോലിയിൽനിന്ന് പിരിഞ്ഞിട്ടും അവരിൽ പലരും തങ്ങളുടെ ജീവിതത്തിന്റെ നിർണായക മുഹൂർത്തങ്ങളിൽ ഉപ്പയെ സമീപിച്ച് ആശീർവാദം വാങ്ങുന്നത് കാണാമായിരുന്നു.

കുടുംബങ്ങളിലും അയൽപക്കത്തുമുണ്ടാകുന്ന പല പ്രശ്നങ്ങളിലും പരിഹാരം തേടി പലരും  അദ്ദേഹത്തിന്റെ അടുത്ത് വരാറുണ്ട്. ഉപ്പയെക്കാൾ വലിയ വിവരവും സ്വാധീനവും ഉള്ളവരും അക്കൂട്ടത്തിലുണ്ടാകും. അധികം സംസാരിക്കാത്ത അദ്ദേഹം എല്ലാം കേട്ട് പ്രായോഗികമായ ഒരു തീർപ്പ് പറയും. അതിൽ വന്നവർ സംതൃപ്തരാകുമായിരുന്നു.

ഉപ്പയുടെ കുടുംബസുഹൃത്തും  സന്തത സഹചാരിയും സതീർഥ്യനുമായ ഹംസക്കുട്ടി ഹാജി ഒരിക്കൽ പറഞ്ഞത്, 'നിന്റെ ഉപ്പ സ്വാർഥത തീണ്ടാത്ത, വലിയ നന്മയുള്ള ഒരു മനുഷ്യനാണ്' എന്നായിരുന്നു. ഇങ്ങനെ,  അടുത്ത് പെരുമാറിയവരിലും ഒരിക്കൽ മാത്രം കണ്ടവരിലും നന്മയുടെ പരിമളം ശേഷിപ്പിച്ച് ശാന്തനായി പുഞ്ചിരിയോടെ അല്ലാഹുവിലേക്ക് ഉപ്പ മടങ്ങി.

 

മൂന്നാക്കൽ അബ്ദുസ്സലാം

ജീവിതത്തിലുടനീളം തഖ് വാ ബോധം കാത്തു സൂക്ഷിക്കുകയും ഇസ് ലാമിക പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിലകൊള്ളുകയും ചെയ്ത തിരൂര്‍ക്കാട് ഓരോടംപാലം ഭാഗത്തെ മൂന്നാക്കല്‍ അബ്ദുസ്സലാം സാഹിബ് (84) അല്ലാഹുവിങ്കലേക്ക് യാത്രയായി. യശശ്ശരീരനായ മൂന്നാക്കല്‍ ഉണ്ണീന്‍ മുസ് ലിയാര്‍ എന്ന ജമാലുദ്ദീന്‍ മൗലവിയുടെയും പ്രസിദ്ധ മതപണ്ഡിതനായിരുന്ന അമാനത്ത് ഹസ്സന്‍കുട്ടി മുസ് ലിയാരുടെ മകള്‍ ആഇശയുടെയും മകനായി ജനിച്ച അബ്ദുസ്സലാം പണ്ഡിത കുടുംബാന്തരീക്ഷത്തിലാണ് വളര്‍ന്നതും വിദ്യ നേടിയതും. മാതൃസഹോദരനായിരുന്ന അമാനത്ത് കോയണ്ണി മുസ് ലിയാര്‍, പ്രശസ്ത ഖുര്‍ആന്‍ പരിഭാഷകനായിരുന്ന അമാനത്ത് മുഹമ്മദ് അമാനി മൗലവി എന്നിവരുടെ സാന്നിധ്യവും സംരക്ഷണവും ചെറുപ്പം മുതല്‍ തന്നെ ദീനീ പാതയില്‍ വളരാനും പഠനം നടത്താനും അവസരമൊരുക്കി. മുള്ള്യാകുര്‍ശി പള്ളിയില്‍ ഖാദിയും ഖത്വീബുമായിരുന്ന കോയണ്ണി മുസ് ലിയാര്‍, കളക്കണ്ടത്തില്‍ അബ്ദുര്‍റഹ്്മാന്‍ മുസ് ലിയാര്‍ (കെ.കെ മമ്മുണ്ണി മൗലവിയുടെ പിതാമഹന്‍), ഇസ്സുദ്ദീന്‍ മൗലവി തുടങ്ങി നിരവധി പണ്ഡിതന്മാരുടെ പ്രസംഗങ്ങള്‍ ശ്രവിച്ച് ഇസ് ലാമിനെയും  ഇസ് ലാമിക പ്രസ്ഥാനത്തെയും ആഴത്തിൽ പഠിച്ചു.

ശാന്തപുരം ഇസ് ലാമിയാ കോളേജുമായുള്ള നിരന്തര ബന്ധവും ജമാഅത്ത് നേതാക്കളുമായുള്ള പരിചയവും പ്രസ്ഥാന മാര്‍ഗത്തിലെ സജീവ പ്രവര്‍ത്തകനാക്കി അബ്ദുസ്സലാമിനെ മാറ്റി. വലമ്പൂരിലും പരിസര പ്രദേശങ്ങളിലും പഠനക്ലാസുകളും ഇസ് ലാമിക പ്രഭാഷണങ്ങളും സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങി. വലമ്പൂര്‍ ജുമാ മസ്ജിദിന്റെ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പെരിന്തല്‍മണ്ണ മസ്ജിദുല്‍ ഹുദ, ഓരാടംപാലം ബിലാല്‍ മസ്ജിദ്, തിരൂര്‍ക്കാട് നസ്‌റാ കോളേജ്, ഹമദ് ഐ.ടി.ഐ, ഇലാഹിയ്യ കോളേജ് തുടങ്ങി നിരവധി പള്ളികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. തിരൂര്‍ക്കാട് നുസ്‌റത്തുല്‍ ഇസ് ലാം അസോസിയേഷന്‍, യതീം ഖാന, നുസ്‌റത്തുല്‍ ഇസ് ലാം ട്രസ്റ്റ്, ഖാസിം ദര്‍വേശ് മസ്ജിദ് എന്നിവയുടെ വളര്‍ച്ചയിലും വലിയ സേവനങ്ങൾ അർപ്പിച്ചു.

   പൊതു ലൈബ്രറികളിലേക്ക് പ്രബോധനവും പുസ്തകങ്ങളും സ്‌പോണ്‍സര്‍ ചെയ്യുമായിരുന്നു. സഹോദര സമുദായാംഗങ്ങളുമായി ഹൃദ്യമായ ബന്ധം പുലര്‍ത്തി. പ്രസ്ഥാന മേഖലകളില്‍ അവരുടെ സാന്നിധ്യം ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. അര്‍ഹരായവരെ സഹായിക്കുന്നതിലും കുടുംബബന്ധം നിലനിര്‍ത്തുന്നതിലും എന്നെന്നും മാതൃകയായിരുന്നു.
ജോലി ആവശ്യാര്‍ഥം തമിഴ്‌നാട്, ഹൈദരാബാദ്, മധ്യപ്രദേശ്, ബിഹാര്‍, റാഞ്ചി, ഒറീസ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം ചെലവഴിച്ച അബ്ദുസ്സലാം സാഹിബ് മലഞ്ചരക്ക്, പലചരക്ക് വ്യാപാരിയായും മെട്രോ ടയേഴ്‌സ് എന്ന ടയര്‍ റീസോളിംഗ് കമ്പനി ഉടമയായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലമായി അങ്ങാടിപ്പുറത്ത് പ്രവര്‍ത്തിച്ചുവരുന്ന എം.എ.എസ് റൈസ് ആന്റ് ഓയില്‍ മില്‍ സലാം സാഹിബിന്റെ ഉടമസ്ഥതയിലുള്ളതാണ്.

ഭാര്യ: പരേതയായ ഇട്ടേക്കോടന്‍ സുബൈദ. മക്കള്‍: മുംതാസ്, ജമാലുദ്ദീന്‍, ശഹീർ ‍ബാബു, അന്‍സാര്‍ എന്ന കുട്ടി.

മരുമക്കള്‍: മുരിങ്ങാക്കോടന്‍ അബ്ദുര്‍റഹ്്മാന്‍ പൂവ്വത്താണി (അബൂദബി), കക്കൂത്ത് പാറക്കല്‍ റോഷ്‌ന, അരിക്കണ്ടംപാക്ക് അമ്പലവന്‍ ഫരീദ ഹാജിയാര്‍ പള്ളി, അമല്‍ കിഴിശ്ശേരി ഓരാടംപാലം.

പി.എ.എം അബ്ദുൽ ‍ഖാദര്‍ തിരൂര്‍ക്കാട്

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി