Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

നെതന്യാഹുവിന്റെ വംശവെറിയന്‍ ഭരണകൂടം

പി.കെ നിയാസ്

ഹമാസിനെതിരായ യുദ്ധത്തില്‍ വേണ്ടിവന്നാല്‍ അണുബോംബ് പ്രയോഗിച്ച് ഫലസ്ത്വീന്‍ ജനതയെ ഇല്ലാതാക്കുമെന്ന ഇസ്രായേലിലെ തീവ്ര വലതുപക്ഷ നേതാവും മന്ത്രിയുമായ അമിയാഹു ഏലിയാഹുവിന്റെ വിവാദ പ്രസ്താവന വലിയ ബഹളമൊന്നുമില്ലാതെയാണ് കെട്ടടങ്ങിയത്. മന്ത്രിയെ സസ്‌പെന്റ് ചെയ്യുന്നതായി (പുറത്താക്കിയിട്ടില്ല) പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയിറക്കിയതോടെ വിഷയം അവസാനിച്ചു. ഇസ്രായേലിനും സയണിസ്റ്റ് ഭീകരതക്കും എതിരെയുള്ള ഏതു പ്രസ്താവനയും സെമിറ്റിക് വിരുദ്ധമെന്ന് മുദ്രകുത്തപ്പെടുന്ന കാലത്ത്, ഒരു സമൂഹത്തെ പരസ്യമായി ഉന്മൂലനം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന പരാമര്‍ശങ്ങള്‍ സയണിസ്റ്റ് രാജ്യത്തിലെ മന്ത്രി നടത്തിയിട്ടും അമേരിക്കയോ സഖ്യ കക്ഷികളോ അതിനെതിരെ പ്രതികരിക്കാതിരുന്നത് അല്‍ഭുതമുളവാക്കുന്നില്ല.

2022 ഡിസംബറില്‍ നിലവില്‍ വന്ന നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ ഭരണകൂടമാണ്. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് പുറമെ യുനൈറ്റഡ് തോറ ജൂതായിസം, ഷാസ്, നാഷ്നല്‍ റിലീജ്യസ് പാര്‍ട്ടി, ഓസ്മ യെഹൂദിത്, നോം, നാഷ്നല്‍ യൂനിറ്റി എന്നീ അള്‍ട്രാ യാഥാസ്ഥിതികരും തീവ്ര വലതുപക്ഷ ജൂത പാര്‍ട്ടികളും ഉള്‍പ്പെടുന്നതാണ് ഏഴു പാർട്ടികള്‍ അടങ്ങുന്ന കൂട്ടുകക്ഷി സര്‍ക്കാര്‍. 120 അംഗങ്ങളുള്ള നെസറ്റില്‍ (പാര്‍ലമെൻറ്്) 64 അംഗങ്ങളുടെ പിന്തുണയുണ്ട് സര്‍ക്കാറിന്്. 

മൂന്നു വര്‍ഷത്തിനിടയില്‍ അഞ്ചു തെരഞ്ഞെടുപ്പുകളിലാണ് ഇസ്രായേല്‍ ജനത വോട്ടു ചെയ്തത്. അഴിമതിക്കേസില്‍ ജയിലിലാകുമെന്ന ഘട്ടത്തില്‍ നെതന്യാഹുവിന് രക്ഷകരായത് തീവ്ര വലതുപക്ഷ സയണിസ്റ്റ്-ജൂത പാര്‍ട്ടികളാണ്. 2022 നവംബറില്‍ നടന്ന വോട്ടെടുപ്പിലും ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് അധികാരത്തില്‍ തിരിച്ചുവരേണ്ടത് അനിവാര്യമായിരുന്ന നെതന്യാഹു തീവ്ര മത പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നത്. അവരുടെ ആവശ്യങ്ങളെല്ലാം ഒന്നൊഴിയാതെ അംഗീകരിച്ചുകൊടുത്ത് കാരാഗൃഹവാസം നീട്ടിക്കൊണ്ടുപോയ നെതന്യാഹു, ജുഡീഷ്യറിക്ക് മൂക്കുകയറിടാനും ശ്രമങ്ങള്‍ നടത്തി. ആദ്യ പടിയായി ചില നിയമങ്ങള്‍ പാസാക്കിയെടുത്തെങ്കിലും ശക്തമായ ജനകീയ പ്രക്ഷോഭത്തെയാണ് നേരിടേണ്ടി വന്നത്. ഹമാസിനെതിരായ ഗസ്സ യുദ്ധം അവസാനിക്കുന്നതോടെ ജനകീയ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പ്രധാനമന്ത്രിക്കറിയാം. അതിനെ മറികടക്കാനുള്ള ഗൂഢതന്ത്രങ്ങള്‍ അണിയറയില്‍ രൂപം കൊള്ളുന്നുണ്ട്.    

ഏറ്റവും അപകടകാരികളും ഫലസ്ത്വീനികള്‍ക്ക് മനുഷ്യാവകാശങ്ങള്‍ പോലും അനുവദിക്കേണ്ടതില്ല എന്നു വാദിക്കുന്നവരുമാണ് നെതന്യാഹു മന്ത്രിസഭയിലെ മിക്കവാറും അംഗങ്ങള്‍. അക്കൂട്ടത്തില്‍ മൂന്നു പേരുകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. ഗസ്സക്കെതിരെ നടന്നുവരുന്ന യുദ്ധവേളയില്‍ അത്യന്തം വെറുപ്പുളവാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തി മാധ്യമങ്ങളുടെ തലക്കെട്ടുകളില്‍ ഇടംപിടിച്ചവരാണ് ദേശീയ സുരക്ഷാ മന്ത്രി ഇതാമാര്‍ ബെന്‍ ഗെവിറും ധനമന്ത്രി ബിസാലില്‍ സ്‌മോട്രിച്ചും പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റും. ആദ്യം പറഞ്ഞ രണ്ടുപേരും അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റക്കാരും ഫലസ്ത്വീനികളെ അവിടെനിന്ന് പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നവരുമാണ്. വെള്ളവും വൈദ്യുതിയും ഭക്ഷണവും നിഷേധിച്ച് ഗസ്സയിലെ മനുഷ്യ മൃഗങ്ങളെ നശിപ്പിക്കുമെന്ന് പരസ്യമായി പ്രസ്താവിച്ചയാളാണ് ലിക്കുഡ് പാര്‍ട്ടിക്കാരനായ പ്രതിരോധ മന്ത്രി.

ഓസ്മ യെഹൂദിത് (ജൂത ശക്തി) എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടെ നേതാവാണ് ബെന്‍ ഗെവിര്‍. ആറു സീറ്റുകളുള്ള ഇയാളുടെ പാര്‍ട്ടി ഗവണ്‍മെന്റില്‍ സമ്മർദ ശക്തിയായാണ് നിലകൊള്ളുന്നത്. പാര്‍ട്ടി പാലം വലിച്ചാല്‍ നെതന്യാഹു വീഴും. ഇതു മുതലാക്കിയാണ് സുപ്രധാന വകുപ്പ് തന്നെ ബെന്‍ ഗെവിര്‍ പിടിച്ചുവാങ്ങിയത്. കുപ്രസിദ്ധമായ ജ്യൂയിഷ് ഡിഫന്‍സ് ലീഗ്, കച്ച് തുടങ്ങിയ സംഘടനകളുടെ നേതാവ് മെര്‍ കഹാനെയുടെ അനുയായിയാണ് ഇയാള്‍. ഇസ്രായേലിലും അമേരിക്കയിലും ഭീകര പട്ടികയില്‍ ഉള്‍പ്പെട്ടയാളായിരുന്നു കഹാനെ. അറബികളെ നാടുകടത്തണമെന്ന് വാദിക്കുന്ന നിരോധിത കച്ച് പാര്‍ട്ടിയുടെ ആശയങ്ങളാണ് ഓസ്മ യെഹൂദിത് പാര്‍ട്ടി പിന്തുടരുന്നത്.

സ്ഥാനമേറ്റതു മുതല്‍ ഫലസ്ത്വീനികള്‍ക്കെതിരെ കൊലവിളി മുഴക്കുകയായിരുന്നു ബെന്‍ ഗെവിര്‍. വെസ്റ്റ് ബാങ്കില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുന്നൂറിലേറെ ഫലസ്ത്വീനികള്‍ കൊല്ലപ്പെട്ടതിനു കാരണം പോലീസ് മന്ത്രിയെന്ന നിലയില്‍ ഇയാളുടെ നയങ്ങളായിരുന്നു. ജെനിന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ അര്‍ധ രാത്രി റെയ്ഡ് നടത്തിയാണ് സയണിസ്റ്റ് സൈന്യം നിരവധി യുവാക്കളെ പോയന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നത്. ഗസ്സക്കെതിരെ യുദ്ധം തുടങ്ങിയതോടെ ലക്ഷണമൊത്ത ഭീകരനെപ്പോലെയാണ് ഈ മന്ത്രി പെരുമാറുന്നത്. 

ഫലസ്ത്വീനികളെ നേരിടാന്‍ ജൂതന്മാര്‍ക്ക് സൗജന്യമായി റൈഫിളുകള്‍ നല്‍കുമെന്നായിരുന്നു ഇയാളുടെ ആദ്യ പ്രഖ്യാപനം. വെസ്റ്റ് ബാങ്കിലെയും അധിനിവേശ കിഴക്കന്‍ ജറൂസലമിലെയും ജൂതന്മാരും അറബികളും ഇടകലര്‍ന്ന് ജീവിക്കുന്ന ഇസ്രായേലി നഗരങ്ങളിലെയും സിവിലിയന്‍ സുരക്ഷാ സംഘങ്ങള്‍ക്ക് പതിനായിരം തോക്കുകള്‍ നല്‍കുമെന്ന് ഇയാള്‍ പ്രഖ്യാപിക്കുകയും വിതരണത്തിന്റെ ചിത്രങ്ങള്‍ ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വെസ്റ്റ് ബാങ്കില്‍ തീവ്ര ജൂത കുടിയേറ്റക്കാര്‍ തോക്കുകള്‍ ഉപയോഗിച്ച് ഫലസ്ത്വീനികളെ കൊല്ലാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞയാഴ്ച 34 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന 24,000 സെമി, ഓട്ടോമാറ്റിക്  റൈഫിളുകള്‍ക്കായി അമേരിക്കയിലെ തോക്കു നിര്‍മാണ കമ്പനികള്‍ക്ക് മറ്റൊരു കരാറും നല്‍കിയിരിക്കുകയാണ് മന്ത്രി. വിവാദ കരാര്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പരിശോധനയിലാണെന്നാണ് റിപ്പോര്‍ട്ട്. 

ഫലസ്ത്വീനികളുടെ കൂറ് തെളിയിക്കുന്ന ലോയല്‍റ്റി ടെസ്്റ്റ് നടത്തണമെന്നും പരാജയപ്പെടുന്നവരെ ജന്മനാട്ടില്‍നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രചാരണ പരിപാടികളുമായാണ് ഇയാള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. 1994 ഫെബ്രുവരിയിലെ റമദാനില്‍ ഹിബ്രോണിലെ ഇബ്റാഹീമീ മസ്ജിദില്‍ പ്രഭാത പ്രാര്‍ഥനയിലേര്‍പ്പെട്ട 29 ഫലസ്ത്വീനികളെ കൂട്ടക്കൊല ചെയ്ത ഇസ്രായേലി-അമേരിക്കന്‍ തീവ്രവാദി ബറൂച് ഗോള്‍ഡ്‌സ്‌റ്റെയിന്റെ പടം ലിവിംഗ് മുറിയില്‍ ഫ്രെയിം ചെയ്തുവെച്ചിട്ടുണ്ട് ബെന്‍ ഗെവിര്‍.

അല്‍ അഖ്‌സ്വാ പള്ളി താല്‍ക്കാലികമായി മാത്രം നിലനില്‍ക്കുന്നതാണെന്നും അധികം താമസിയാതെ തല്‍സ്ഥാനത്ത് ജൂത ആരാധനാലയം വരുമെന്നുമാണ് മന്ത്രിയായ ശേഷം ഇയാള്‍ ആദ്യമായി നടത്തിയ പരസ്യ പ്രസ്താവന. ജറൂസലമിലെ അല്‍ അഖ്‌സ്വായുടെ മുറ്റത്ത് നിരവധി തവണ കയറി പ്രകോപനമുണ്ടാക്കിയതും ഈ മന്ത്രി തന്നെ. 

തികുമ എന്നറിയപ്പെടുന്ന നാഷ്നല്‍ റിലീജ്യസ് പാര്‍ട്ടി (റിലീജ്യസ് സയണിസം)യുടെ നേതാവാണ് സ്‌മോട്രിച്ച്. നേരത്തെ റിലീജ്യസ് സയണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ തീവ്ര സംഘടന ജ്യൂയിഷ് ഹോം പാര്‍ട്ടിയുമായി ലയിച്ചാണ് പുതിയ പേര് സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുകള്‍ നേടിയതോടെ സമ്മർദ ശക്തിയായി നെതന്യാഹുവിന്റെ സര്‍ക്കാറില്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം ലഭിച്ചു. ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശങ്ങള്‍ ഫലസ്ത്വീനികള്‍ക്കും സിറിയക്കാര്‍ക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമേയില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. വെസ്റ്റ് ബാങ്ക് മുഴുവനായും ഇസ്രായേലിന്റെ അധിനിവേശത്തിലാക്കണമെന്ന് പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുന്നു. അറബ് വിരുദ്ധ വംശീയതയും ജൂത മേധാവിത്വവുമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് ജ്യൂയിഷ്-അമേരിക്കന്‍ കോളമിസ്റ്റ് ഡേവിഡ് റോസന്‍ബര്‍ഗ് ഫോറിന്‍ പോളിസിയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ജൂത കുടിയേറ്റ കേന്ദ്രത്തിലാണ് അഭിഭാഷകനായ സ്‌മോട്രിച്ച് താമസിക്കുന്നത്. 1967-ലെ യുദ്ധത്തില്‍ സിറിയയില്‍നിന്ന് ഇസ്രായേല്‍ പിടിച്ചെടുത്ത ഗോലാന്‍ കുന്നുകളിലെ ഹാസ്പിന്‍ എന്ന കുടിയേറ്റ കേന്ദ്രത്തില്‍ ജനിക്കുകയും ബെയ്ത് അല്‍ എന്ന വെസ്്റ്റ് ബാങ്കിലെ മറ്റൊരു അനധികൃത കുടിയേറ്റ കേന്ദ്രത്തില്‍ വളരുകയും ചെയ്ത സ്‌മോട്രിച്ച് യഹൂദ മത പാഠശാലയിലെ പഠനത്തിനുശേഷം ഫലസ്ത്വീന്‍ വിരുദ്ധ ആശയങ്ങളുടെ പ്രചാരകനായി. ഇദ്ദേഹത്തിന്റെ പിതാമഹന്‍ രണ്ടാം ലോക യുദ്ധത്തിനു മുമ്പ് യുക്രെയ്നില്‍നിന്ന് ഫലസ്ത്വീനിലേക്ക് കുടിയേറിയതാണ്. പൂര്‍വികര്‍ യുക്രെയ്നിലെ സ്‌മോട്രിച്ച് നഗരത്തില്‍നിന്ന് കുടിയേറിയതിനാലാണ് ബിസാലില്‍ ആ പേരില്‍ അറിയപ്പെടുന്നത്. 

അത്യന്തം ഭ്രാന്തമായ  വംശീയ നിലപാടുകളാണ് സ്‌മോട്രിച്ചിന്റേത്. 2021 ഒക്ടോബറില്‍ അറബ് പാര്‍ലമെന്റ് അംഗങ്ങളോട് സ്‌മോട്രിച്ച് പറഞ്ഞു: 'ബെന്‍ഗൂറിയന് സംഭവിച്ച അബദ്ധം കാരണമാണ്് നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത്. 1948-ല്‍ നിങ്ങളെ ഇല്ലാതാക്കുകയോ പുറത്താക്കുകയോ ചെയ്യാതിരുന്നത് അദ്ദേഹത്തിന് പറ്റിയ തെറ്റാണ്.'

'നിര്‍ണായക പദ്ധതി' എന്ന പേരില്‍ 2017-ല്‍ ഹീബ്രുവില്‍ ഇയാള്‍ ഒരു ബുക്‌ലെറ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെന്ന നിലയില്‍ സ്‌മോട്രിച്ച് തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് ഇസ്രായേലി മാധ്യമ പ്രവര്‍ത്തകന്‍ ബെന്‍ യിഷാലി ചൂണ്ടിക്കാട്ടുന്നു. വെസ്റ്റ് ബാങ്കിനെ കൃത്രിമ പ്രളയത്തില്‍ മുക്കി ഫലസ്ത്വീനികളെ അവിടെനിന്ന് പുറത്തുചാടിക്കണമെന്നതാണ് ഇയാളുടെ പദ്ധതി. ഇങ്ങനെ സംഭവിച്ചാല്‍ മൂന്ന് വഴികളേ ഫലസ്ത്വീനികളുടെ മുന്നിലുണ്ടാകൂ - ഇസ്രായേലി ഭരണത്തില്‍ അടിമകളെപ്പോലെ കഴിയുക, നാട്ടില്‍നിന്ന് പുറത്തുപോവുക, മരിക്കാന്‍ തയാറാവുക. മൂന്നായാലും നേട്ടം ഇസ്രായേലിനു തന്നെ. 

സൈന്യത്തെ കല്ലെറിയുന്ന ഫലസ്ത്വീനികളെ വെടിവെച്ചു കൊല്ലണമെന്നതാണ് ഇയാളുടെ മറ്റൊരു പ്രസ്താവന. ആശുപത്രികളിലെ പ്രസവ വാര്‍ഡുകളില്‍ അറബ് സ്ത്രീകളെ തനിച്ചു പാര്‍പ്പിക്കണമെന്നും അല്ലെങ്കില്‍ അറബ് സ്ത്രീക്ക് ജനിച്ച ശിശു അടുത്ത 20 കൊല്ലത്തിനകം ജൂത സ്ത്രീക്ക് ജനിച്ച കുഞ്ഞിനെ കൊല്ലുമെന്നുമുള്ള ഇയാളുടെ പരസ്യ പ്രസ്താവനയൊന്നും മന്ത്രിയാകുന്നതില്‍ ഒരു പ്രതിബന്ധവുമുണ്ടാക്കിയിട്ടില്ല. ധനമന്ത്രി മാത്രമല്ല, പ്രതിരോധ വകുപ്പിലും പ്രത്യേക അധികാരമുണ്ട് ബിസാലില്‍ സ്‌മോട്രിച്ചിന്.

അള്‍ട്രാ ജൂത യാഥാസ്ഥിതിക സയണിസ്റ്റ്, ഷാസ് പാര്‍ട്ടികളെ പ്രീണിപ്പിച്ചുകൊണ്ടായിരുന്നു രണ്ടു വര്‍ഷത്തേക്കുള്ള ബജറ്റ് മെയില്‍ ഗവണ്‍മെന്റ് പാസ്സാക്കിയത്. ബജറ്റ് പാസ്സാക്കാന്‍ ഇരു പാര്‍ട്ടികളും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഒന്നൊഴിയാതെ നെതന്യാഹു അംഗീകരിച്ചു. ഇല്ലെങ്കില്‍ സര്‍ക്കാര്‍ നിലംപതിക്കുമായിരുന്നു. ഫലസ്ത്വീനികളെ പുറത്താക്കണമെന്നും കൂടുതല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്ന ഈ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം 400 കോടി ഡോളര്‍ ബജറ്റില്‍ വകയിരുത്തിയത് ജനരോഷത്തിന് ഇടയാക്കിയിരുന്നു. യാഥാസ്ഥിതിക ജൂതന്മാര്‍ക്ക് നിര്‍ബന്ധിത സൈനിക സേവനത്തില്‍നിന്ന് നേരത്തെ നല്‍കിയ ഇളവുകള്‍ക്ക് പുറമെ മത പാഠശാലകളില്‍ ഇവരുടെ മുഴുനീള പഠനത്തിന് സ്റ്റൈപന്റും അനുവദിച്ചു. ഇവര്‍ നടത്തുന്ന സ്‌കൂളുകളില്‍ ഇംഗ്ലീഷോ കണക്കോ പഠിപ്പിക്കാറില്ലെങ്കിലും ഖജനാവില്‍നിന്ന് കൂടുതല്‍ ഫണ്ടുകള്‍ അനുവദിച്ചതും വിവാദമായി. ജൂത കുടിയേറ്റം ശക്തിപ്പെടുത്താന്‍ വാദിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മന്ത്രാലയങ്ങളുടെ പദ്ധതികള്‍ക്കും ധാരാളം പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി