ഇസ് ലാംദ്വേഷത്തിന്റെ കാരണമായി ഖുര്‍ആന്‍ പറഞ്ഞത്
ഇസ് ലാമിനും മുസ്്ലിംകള്‍ക്കുമെതിരെയുള്ള അക്രമോത്സുക വിദ്വേഷത്തിന്റെ മൗലിക കാരണങ്ങള്‍ മനസ്സിലാക്കേണ്ടത് ഖുര്‍ആനിലൂടെയാണ്. ആ കാരണങ്ങളുടെ പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും മാത്രമേ ചരിത്രത്തില്‍ നാം കാണുകയുള്ളൂ; അവയുടെ വേരുകള്‍ ഖുര്‍ആനിലും സുന്നത്തിലും തന്നെ അന്വേഷിക്കണം. ഇസ് ലാമിനും മുസ് ലിംകള്‍ക്കുമെതിരെയുള്ള ശത്രുതയെയും വിദ്വേഷത്തെയും അക്രമത്തെയും കുറിക്കാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദം 'നഖമ' എന്നാണ്. 'വിദ്വേഷ പ്രേരിതമായി ആക്രമിച്ചു' എന്നര്‍ഥം.
ഇസ് ലാം സമര്‍പ്പിക്കുന്ന ആശയാദര്‍ശങ്ങള്‍ വ്യക്തികളുടെയും സമൂഹങ്ങളുടെയും രാഷ്ട്ര വ്യവസ്ഥിതികളുടെയും ഘടനകളെത്തന്നെ മൗലികമായി മാറ്റിപ്പണിയുകയും അതുവഴി സ്വാര്‍ഥംഭരികളായ 'മനുഷ്യ ദൈവങ്ങള്‍'ക്ക് എല്ലാം നഷ്ടപ്പെടുകയും ചെയ്യും എന്നതിനാലാണ് അക്രമോത്സുക വിദ്വേഷ പ്രചാരണത്തിന് അവര്‍ ഇറങ്ങിത്തിരിക്കുന്നത്. പ്രതാപശാലിയും സ്തുത്യര്‍ഹനും ആകാശങ്ങളുടെയും ഭൂമിയുടെയും മേല്‍ ആധിപത്യം ഉള്ളവനുമായ അല്ലാഹുവില്‍ അവര്‍ വിശ്വസിക്കുന്നു എന്നത് മാത്രമായിരുന്നു അവരുടെ മേല്‍ -സത്യവിശ്വാസികളുടെ മേല്‍- അവര്‍ (മര്‍ദകര്‍) ചുമത്തിയ കുറ്റം' (അല്‍ബുറൂജ് 8,9) എന്ന സൂക്തം, എല്ലാ അധികാരങ്ങളും അല്ലാഹുവില്‍ നിക്ഷിപ്തമാണ് എന്ന തുറന്ന പ്രഖ്യാപനമാണ്. അതിന്റെ പേരില്‍ മനുഷ്യദൈവങ്ങള്‍ക്കുണ്ടാകുന്ന അലോസരമാണ് സത്യവിശ്വാസികള്‍ക്ക് പീഡനമായി മാറുന്നത്.
മായാജാലക്കാര്‍ മൂസാ നബിയില്‍ വിശ്വസിച്ചപ്പോള്‍ ഫറോവ അവരെ ഭീഷണിപ്പെടുത്തി. അവര്‍ ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചു. എന്നാല്‍, തങ്ങളോടുള്ള ആദര്‍ശപരമായ ശത്രുതയാണ് ഫറോവയുടെ ഹിംസാത്മക നിലപാടിന് കാരണമെന്ന് മായാജാലക്കാര്‍ തുറന്നടിച്ചത് ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട് (അൽ അഅ്റാഫ് 123-126).
''നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്കിഷ്ടം. വിദ്വേഷം അവരുടെ വായില്‍നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിപ്പിച്ചുവെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു....'' (ആലു ഇംറാന്‍ 118).
ബഹുദൈവ വിശ്വാസികളുടെ അതേ ഗണത്തില്‍ തന്നെ സ്ഥാനമുറപ്പിച്ച് വേദവിശ്വാസികളായ യഹൂദരും ക്രൈസ്തവരും ആദര്‍ശപരമായിത്തന്നെ മുസ് ലിംകളോട് ദ്വേഷിച്ചിട്ടുണ്ട്.
ആദര്‍ശപരമായ ശത്രുതക്കൊപ്പം പ്രതിയോഗികള്‍ അധര്‍മകാരികളാണെന്നു കൂടി -ഫാസിഖ്- ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്. മതമൂല്യങ്ങളുടെയോ നാട്ടുനടപ്പ് മര്യാദകളുടെയോ പൊതു മാനുഷിക പരിഗണനകളുടെയോ പരിധികളില്‍നിന്നുകൊണ്ടുള്ള ഉത്തരവാദിത്വ പൂര്‍ണമായ സമീപനത്തിനു പകരം അരാജകപരമായ നിലപാടുകളാണ് അവരില്‍നിന്നുണ്ടാവുക എന്നതുകൊണ്ടു കൂടിയാണ് സത്യവിശ്വാസികള്‍ പീഡിപ്പിക്കപ്പെടുന്നത്.
വിദ്വേഷ പ്രചോദിതമായ പരാക്രമത്തിന് സത്യനിഷേധികളെ പ്രേരിപ്പിക്കുന്ന പ്രധാന ആന്തരിക ദുര്‍ഗുണങ്ങളായി ഖുര്‍ആന്‍ എടുത്തുപറയുന്നത് അവരിലെ അക്രമ പ്രവണത (ബഗ് യ്), അസൂയ (ഹസദ്), വിദ്വേഷം (ബഗ്ദാഅ്) എന്നിവയാണ്.
മനുഷ്യ സഹജമായ സദ്വികാരങ്ങളോ മൂല്യബോധമോ ഇല്ലാത്ത വിദ്വേഷ പ്രചാരകർ സത്യവിശ്വാസികള്‍ക്കെതിരെ മനോരോഗികളെ പോലെയാണ് എന്നും പെരുമാറിപ്പോന്നിട്ടുള്ളത്. അത് അങ്ങനെത്തന്നെ ലോകാവസാനം വരെ തുടരും. ആദര്‍ശബദ്ധവും മൊത്തം മനുഷ്യരെ മുന്നില്‍ കണ്ടുകൊണ്ടുള്ളതുമായ നിലപാടുകളിലൂടെ മാത്രമേ അവയെ മറികടക്കാന്‍ കഴിയുകയുള്ളൂ. ഇതുവരെ പുറത്തുവന്ന പെരുങ്കള്ളങ്ങളെക്കാള്‍ വലിയ കള്ളങ്ങള്‍ ഇനിയും വന്നുകൊണ്ടിരിക്കും. ചരടറ്റ മാലയിലെ മണികള്‍ ഒന്ന് ഒന്നിനു പിന്നാലെ വരുന്നതുപോലെ ഫിത്‌നകള്‍ വന്നുകൊണ്ടിരിക്കും എന്ന് നബി (സ) പറഞ്ഞത് ഇത്തരം വ്യാജപ്രചാരണങ്ങളെയും വിദ്വേഷ നിലപാടുകളെയും മുന്‍കൂട്ടി കണ്ടുകൊണ്ട് കൂടിയാണ്. l
Comments