Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

ഇന്ത്യ പോയി ഭാരതം വരുമ്പോള്‍ കാവിവത്കരണ രാഷ്ട്രീയത്തിന്‍റെ നാള്‍വഴികള്‍

ഡോ. അജ്മല്‍ മുഈന്‍ കൊടിയത്തൂര്‍

പാഠപുസ്തകങ്ങളുടെ കാവിവൽക്കരണം നരേന്ദ്രമോദി സർക്കാർ തുടങ്ങിവെച്ച ഒരു പുതിയ പദ്ധതിയല്ല. 1946-ലാണ് ആർ.എസ്.എസ് സൈദ്ധാന്തികൻ എം.എസ് ഗോൾവാൾക്കർ ഹരിയാനയിലെ കുരുക്ഷേത്രയിൽ ഗീത സ്കൂൾ എന്ന പേരിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്നത്.

ഗാന്ധിവധത്തെ തുടർന്ന് ആർ.എസ്.എസിനു മേല്‍ ചുമത്തപ്പെട്ട നിരോധനം നീങ്ങിയ ഉടൻ, 1952-ൽ കൃഷ്ണചന്ദ്ര ഗാന്ധി, ബുരോദിയോസ്, നാനാജി ദേശ്മുഖ് എന്നീ ആർ.എസ്.എസുകാരുടെ നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഘോരഖ്പൂരിൽ ഒരു വാടക കെട്ടിടത്തിൽ ഇന്ത്യയിൽ ആദ്യത്തെ സരസ്വതി ശിശുമന്ദിർ എന്ന പേരിലുള്ള സ്കൂളിന് തുടക്കം കുറിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഉത്തർ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ സരസ്വതി ശിശുമന്ദിരത്തിന്റെ ശാഖകൾ തുടങ്ങുകയും അവയുടെ മേൽനോട്ടത്തിനായി ശിക്ഷാ പ്രബന്ധക് സമിതി രൂപവത്കരിക്കുകയും ചെയ്തു. 1977-ലാണ് ഇന്ത്യയിൽ ഉടനീളം ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളുടെ മേൽനോട്ടത്തിനായി വിദ്യാഭാരതി അഖിൽ ഭാരതീയ ശിക്ഷാസൻസ്ഥാൻ അഥവാ വിദ്യാഭാരതി എന്ന സംഘടന രൂപം കൊള്ളുന്നത്. ഈ സംഘം രൂപവത്കരിക്കപ്പെടുമ്പോൾ തന്നെ 500 സ്കൂളുകളിലായി 20,000-ത്തോളം വിദ്യാർഥികൾ ആർ.എസ്.എസ് നിയന്ത്രിത സ്കൂളുകളിൽ പഠനം നടത്തുന്നുണ്ടായിരുന്നു.

ആർ.എസ്.എസ് സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിലും അതിന്റെ നടത്തിപ്പ്, കരിക്കുലം, സിലബസ്, അധ്യാപക ട്രെയിനിങ് തുടങ്ങിയവയിലും എങ്ങനെയെല്ലാമാണ് ബന്ധപ്പെട്ടത് എന്നതിന്റെ ആദ്യകാല ചരിത്രം ആദിത്യ മുഖർജി, മൃദുല മുഖർജി, സുചേതമഹാജൻ എന്നീ പ്രമുഖ ചരിത്രകാരന്മാർ ചേർന്ന് എഴുതിയ 'RSS, School Texts and the Murder of Mahatma Gandhi - the Hindu Communal Project' എന്ന പുസ്തകം വിശദമായി വിവരിക്കുന്നുണ്ട്. 1990-കളില്‍ ഉത്തർ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് ഭരണം ലഭിച്ചതോടെ ആർ.എസ്.എസ് നിയന്ത്രിത വിദ്യാഭാരതി സ്കൂളുകൾക്ക് സ്വതന്ത്രമായി സിലബസുകൾ ഉണ്ടാക്കാനും പരീക്ഷ നടത്താനുമുള്ള അനുവാദം ബി. ജെ.പി സര്‍ക്കാരുകളില്‍നിന്ന് ഔദ്യോഗികമായി തന്നെ ലഭിക്കുകയുണ്ടായി. 1998-ൽ അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ സ്കൂൾ പാഠപുസ്തക കാവിവൽക്കരണത്തിന് അഖിലേന്ത്യാ സ്വഭാവം കൈവന്നു; എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് പുസ്തകങ്ങളിൽ കൂടി മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.

വിദ്യാഭാരതിയുടെ ഔദ്യോഗിക കണക്ക് പ്രകാരം നിലവിൽ ഇന്ത്യയിൽ ഉടനീളം വിദ്യാഭാരതിക്ക് കീഴിൽ മാത്രം 1265 ഫോർമൽ സ്കൂളുകളിലായി 318,658 വിദ്യാർഥികളും 7797 ഇൻഫോ‍ർമൽ സ്കൂളുകളിലായി 188,334 വിദ്യാർഥികളും പഠിക്കുന്നുണ്ട്. ഇന്ത്യയിലെ പതിനായിരത്തിലധികം വരുന്ന ഗ്രാമങ്ങളിൽ എകൽ ശിക്ഷാ കേന്ദ്രമെന്നും സന്‍സ്കാര്‍ കേന്ദ്രമെന്നും പേരിലായി ഒട്ടനേകം ഏകാധ്യാപക ഗുരുകുലങ്ങളും സജീവമായി പ്രവർത്തിക്കുന്നു.  രണ്ട് യൂനിവേഴ്സിറ്റികളും 53 കോളേജുകളും വിദ്യാഭാരതിക്ക് കീഴിൽ മാത്രമുണ്ട്. മേൽപ്പറഞ്ഞ ലക്ഷക്കണക്കിന് വിദ്യാർഥികൾ ആർ.എസ്.എസിന് കീഴിലുള്ള വിദ്യാഭാരതി സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണെങ്കിൽ അതിനും എത്രയോ ഇരട്ടി വിദ്യാർഥികൾ വിവിധ ചാരിറ്റബിൾ ട്രസ്റ്റുകളും വ്യക്തികളും സംഘങ്ങളും നടത്തുന്ന സ്കൂളുകളിലും കോളേജുകളിലും യൂനിവേഴ്സിറ്റികളിലുമായി ആർ.എസ്.എസ് ആശയ പരിസരത്ത് നിന്നുകൊണ്ട് പഠിച്ചു കൊണ്ടിരിക്കുന്നുണ്ട്.

വംശവെറിയുടെ പാഠശാലകള്‍

എന്തായിരിക്കും മേൽപ്പറഞ്ഞ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്നത് എന്നറിയാൻ നിരവധി പഠനങ്ങളും റിപ്പോർട്ടുകളും ലഭ്യമാണ്. മധുസുതൻ ചാറ്റർജി പശ്ചിമ ബംഗാളിലെ ബംഗൂറയിലെ ഒരു സരസ്വതി ശിശുമന്ദിരം സന്ദർശിച്ച് ന്യൂസ് ഓൺലൈൻ പോർട്ടലിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം, മൂന്നാം ക്ലാസിൽ പഠിക്കുന്ന പിഞ്ചുകുട്ടികളിൽ പോലും വംശീയതയും പരമത വിദ്വേഷവും വർഗീയതയും ആവോളം കുത്തിനിറക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങളിലെ പഠനപ്രക്രിയ എന്ന്  വിവരിക്കുന്നുണ്ട്. സരസ്വതി ശിശുമന്ദിരത്തിലെ 'ദാദാഭായ്' അഥവാ പ്രധാനാധ്യാപകൻ 1992-ലെ ബാബരി മസ്ജിദ് തകർക്കാൻ മുൻപന്തിയിൽ നിന്ന  കർസേവകനായിരുന്നുവെന്നും അതിൽ അഭിമാനം കൊള്ളുന്ന  വ്യക്തിയാണെന്നും തിരിച്ചറിഞ്ഞാൽ മതി, എന്തെല്ലാമായിരിക്കും ആ കുഞ്ഞു മനസ്സുകളിൽ ആ സ്ഥാപനങ്ങളിൽ വെച്ച് നിക്ഷേപിക്കപ്പെടുന്നത് എന്ന് ഊഹിക്കാൻ. 

ഇന്ത്യൻ വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസിന് എത്രമേൽ സ്വാധീനമുണ്ട് എന്ന് മനസ്സിലാക്കാനാണ് ഇത്രയും പറഞ്ഞത്. ആർ.എസ്.എസ് നേരിട്ടു നിയന്ത്രിക്കുന്ന വിദ്യാഭാരതി സ്ഥാപനങ്ങൾക്കും ആർ.എസ്.എസ്  അനുകൂല സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും അപ്പുറത്താണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളും NCERT ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത ആയിരക്കണക്കിന് സ്ഥാപനങ്ങളും ഉള്ളത്. ഈ പറയുന്നവ എല്ലാം സംഘ് പരിവാറിന്റെ നേരിട്ടുള്ള പരിധിക്കു പുറത്തായതിനാൽ തന്നെ തങ്ങൾക്ക് അധികാരം ലഭിക്കുമ്പോഴെല്ലാം ഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ മേൽ കൈവെക്കാൻ സംഘ് പരിവാർ പ്രത്യേകം ശ്രദ്ധ കൊടുക്കുന്നതായി കാണാൻ കഴിയും. 1998-ൽ ഉത്തർ പ്രദേശിൽ കല്യാൺ സിംഗിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളെയും ആർ.എസ്.എസുമായി ബന്ധിപ്പിക്കുകയും 'നൈദിക് ശിക്ഷക്' എന്ന പേരിൽ ആർ.എസ്.എസ് പ്രചാരകരെ പ്രത്യേകം നിയമിക്കുകയും തങ്ങളുടെ ഹിന്ദുത്വ തത്ത്വങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരസ്യമായി നടപ്പാക്കുകയും ചെയ്തു.

സ്കൂൾ വിദ്യാർഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന സയൻസ് ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും തങ്ങളുടേതായ താൽപര്യങ്ങളും ആശയങ്ങളും പ്രതിഫലിപ്പിക്കാൻ സംഘ് പരിവാർ ശ്രമിച്ചുകൊണ്ടേയിരിക്കും. എങ്കിലും ഏറ്റവും കൂടുതൽ ഇടപെടൽ നടത്തുക ചരിത്രത്തിനു മേൽ തന്നെയാണ്. കാരണം, ഫാഷിസം വളരുന്നത് വിദ്വേഷത്തിന്മേലാണ്. ഫാഷിസത്തിന് വളരാൻ എപ്പോഴും ഒരു 'Other', അഥവാ ഒരു അന്യൻ / ശത്രു  സൃഷ്ടിക്കപ്പെടേണ്ടത് ആവശ്യമാണ്. കുഞ്ഞു മനസ്സുകളിലേക്ക് കഥയായും കാര്യമായും വിദ്വേഷം വളർത്താൻ ഏറ്റവും മികച്ച ഉപകരണമാണ് ചരിത്രം.

എൻ.സി.ഇ.ആർ.ടി പാഠപുസ്തക വിവാദങ്ങള്‍

1961-ലാണ് കേന്ദ്ര ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ National Council of Educational Research and Training (NCERT) എന്ന സ്ഥാപനം രൂപവത്കരിക്കപ്പെടുന്നത്. 1960-ൽ നെഹ്റു മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.സി ചഗ്ള നിലവിലെ ചരിത്ര പാഠപുസ്തകങ്ങളിൽ കയറിക്കൂടിയ അബദ്ധങ്ങളും മിത്തുകളും ഒഴിവാക്കി രാജ്യത്തിന്റെ മതേതര ഭാവന കൃത്യപ്പെടുത്തുന്ന ചരിത്രം കുട്ടികൾ പഠിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി, ആ കാലത്തെ പ്രമുഖ ചരിത്രകാരന്മാരായിരുന്ന താരാചന്ദ്, നീലകണ്ഠ ശാസ്ത്രി, മുഹമ്മദ് ഹബീബ് (പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ പിതാവ്) തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപവത്കരിക്കുകയുണ്ടായി. പ്രസ്തുത കമ്മിറ്റിയുടെ നിർദേശപ്രകാരം പ്രമുഖ ചരിത്രകാരന്മാരായിരുന്ന റൊമില ഥാപ്പർ, ആർ.എസ് ശർമ, സതീഷ് ചന്ദ്ര, ബിബിൻ ചന്ദ്ര, അർജുൻ ദേവ് എന്നിവർ NCERT ക്കായി വിവിധ ചരിത്ര ടെക്സ്റ്റ് ബുക്കുകൾ തയാറാക്കുകയും ചെയ്തു. പതിറ്റാണ്ടുകൾക്ക് ശേഷവും ഇന്നും ഇന്ത്യാ ചരിത്രത്തെക്കുറിച്ച് പഠിക്കാവുന്ന, സിവിൽ സർവീസ് പരീക്ഷക്ക് പോലും പ്രാഥമിക വായനക്കായി ഉപയോഗിച്ചുവരുന്ന ക്ലാസിക് പുസ്തകങ്ങളാണ് മേൽപ്പറഞ്ഞ ചരിത്രകാരന്മാർ തയാറാക്കിയ NCERT ടെക്സ്റ്റ് ബുക്കുകൾ.

പുസ്തകം പുറത്തുവന്നത് മുതൽക്കുതന്നെ ഹിന്ദുത്വവാദികളിൽനിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നു. 1969-ല്‍ തയാറാക്കിയ പൗരാണിക ഇന്ത്യാ ചരിത്രപുസ്തകത്തിൽ ആര്യന്മാർ ഇന്ത്യക്കാരായിരുന്നു എന്ന് ചേർക്കണമെന്ന ശക്തമായ രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പാർലമെന്ററി കണ്‍സൽട്ടേറ്റീവ് കമ്മിറ്റി ആവശ്യപ്പെട്ടുവെങ്കിലും വസ്തുതകളെ രാഷ്ട്രീയസമ്മർദത്തിനുമേൽ മാറ്റിയെഴുതാൻ ചരിത്രകാരന്മാർ തയാറായില്ല. പൗരാണിക ഇന്ത്യക്കാർ ബീഫ് കഴിച്ചിരുന്നു എന്ന വേദ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങള്‍ കാണിച്ചുകൊണ്ടുള്ള പാഠപുസ്തകത്തിലെ ഭാഗം ഒഴിവാക്കാനായി ഹിന്ദു മഹാസഭ കുറെയേറെ സമ്മർദങ്ങൾ നടത്തിയെങ്കിലും, ചരിത്രകാരന്മാർ തങ്ങൾ കണ്ടെത്തിയ വസ്തുതകളെ അതിനെക്കാൾ മികച്ചതും വിശ്വാസ്യവുമായ സോഴ്സ് അവതരിപ്പിക്കാത്തിടത്തോളം കാലം രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങി മാറ്റി എഴുതേണ്ടതില്ല എന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു.

1977-ൽ ജനതാ പാർട്ടി അധികാരത്തിലേറി കേവലം മൂന്നു മാസമായപ്പോൾ റൊമില ഥാപ്പര്‍, ബിപിൻ ചന്ദ്ര എന്നിവർ തയാറാക്കിയ എൻ.സി.ഇ.ആർ.ടി ടെക്സ്റ്റ് ബുക്കുകൾ പുനഃപരിശോധിക്കണമെന്നും മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രമുഖ ആർ.എസ്.എസ് നേതാവായിരുന്ന നാനാജി ദേശ്മുഖ് പ്രധാനമന്ത്രി മൊറാർജി ദേശായിക്ക്  ഒരു മെമ്മോറാണ്ടം സമർപ്പിക്കുകയുണ്ടായി. പ്രധാനമന്ത്രി മൊറാർജി ദേശായി പ്രസ്തുത കത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രതാപ് ചന്ദ്രന് കൈമാറുകയും അത് പിന്നീട് നീണ്ട വിവാദ കോലാഹലങ്ങളിലേക്ക് നയിക്കുകയുമുണ്ടായി. ഇന്ത്യയിലെ മുസ് ലിം ഭരണകാലം മുതൽ സ്വാതന്ത്ര്യ സമരകാലം വരെയുള്ള നിരവധി വിഷയങ്ങൾ ആ കാലത്ത് വിശദമായി ചർച്ച ചെയ്യപ്പെടാൻ  ആ വിവാദം കാരണമായി.

സര്‍ക്കാര്‍ വിലാസം കാവിവല്‍ക്കരണ ശ്രമങ്ങള്‍

1998-ൽ അടൽ ബിഹാരി വാജ്പേയ് അധികാരത്തിലെത്തിയത് മുതൽ ചരിത്ര പാഠപുസ്തകങ്ങളുടെ കാവിവത്കരണം ഭരണകൂടത്തിന്റെ തണലിൽ ആർ.എസ്.എസിന്റെ നേതൃത്വത്തിൽ നടപ്പാക്കാനുള്ള ശ്രമങ്ങൾ സജീവമായി. 2002 -ൽ എൻ.ഡി.എ സർക്കാർ ദേശീയ വിദ്യാഭ്യാസ ചട്ടക്കൂട് പരിഷ്കരണത്തിന്റെ ഭാഗമായി മാനവ വിഭവ ശേഷി മന്ത്രി മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിൽ ചരിത്ര പാഠപുസ്തകങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തുകയുണ്ടായി. തുടർന്നുവന്ന യു.പി.എ ഗവൺമെൻറ് ബി.ജെ.പി സർക്കാർ നടപ്പാക്കിയ പാഠപുസ്തക പരിഷ്കരണത്തിലെ അപകടങ്ങൾ മനസ്സിലാക്കി 2004-ൽ  School Text Book De-Saffronisation Project-നു തുടക്കം കുറിക്കുകയും അതിനായി ആ വർഷം തന്നെ ജെ.എസ് അഗർവാളിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.
2014-ൽ നരേന്ദ്ര മോദി അധികാരത്തിലെത്തിയതോടു കൂടി കാവി വത്കരണം എല്ലാ മേഖലകളിലും വ്യവസ്ഥാപിതമായി, ക്രമബദ്ധമായി അതിവേഗം നടപ്പാക്കപ്പെടുന്നതിന് വഴി തെളിയുകയായിരുന്നു. ജനങ്ങളുടെ ഓർമകളെ തെരഞ്ഞെടുത്തു മായ്ചു കളയുക (Selective Deletion), പുതുതായി നിർമിച്ചെടുക്കുക (Selective Addition) എന്ന സംഘ് പരിവാർ അജണ്ട ഗവൺമെൻറ് മിഷനറിയുടെ സഹായത്തോടുകൂടി കൃത്യമായി നടപ്പാക്കുന്നതാണ് ഈ ഘട്ടത്തിൽ കാണുന്നത്. രാജ്യത്തെ ചരിത്ര ഗവേഷണ പഠന മേഖലയുടെ തലപ്പത്ത് നിൽക്കുന്ന ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (ICHR) ഭരണസമിതിയിൽ പൂർണമായും ആർ.എസ്.എസ് അനുകൂല പ്രത്യയശാസ്ത്രമുള്ളവരെ കുടിയിരുത്തിക്കൊണ്ട് ഇന്ത്യാ ചരിത്രത്തെ മുച്ചൂടും മാറ്റിയെഴുതാനുള്ള പദ്ധതികൾ ആവിഷ്കരിക്കപ്പെട്ടു. റോഡുകളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും ഉൾപ്പെടെ എല്ലാത്തരം സ്മരണകൾ നിലനിർത്തുന്ന പേരുകളും ഒന്നൊന്നായി മാറ്റി.

കേന്ദ്ര സർക്കാർ ഫണ്ടുകൾ, പദ്ധതികൾ തുടങ്ങിയവക്കെല്ലാം സംഘ് പരിവാർ ആശയധാരയെ പിന്തുണക്കുന്ന വ്യക്തികളുടെയോ മറ്റോ പേരുകള്‍ നല്‍കി പുനരവതരിപ്പിക്കുകയും അവസാനം രാജ്യത്തിന്റെ പേര് തന്നെ ഇന്ത്യ എന്നതിൽനിന്ന് ഭാരതം എന്നതിലേക്ക് മാറ്റുന്നിടത്തോളം കാര്യങ്ങൾ എത്തിയിരിക്കുകയുമാണ്. ഇതെല്ലാം തന്നെ കേവലം പേരുമാറ്റൽ, തങ്ങളുടെ രാഷ്ട്രീയ നേതാക്കളുടെയും താൽപര്യമുള്ളവരുടെയും പേരുകൾ ഉയർത്തിക്കൊണ്ടുവരൽ എന്നതിനപ്പുറം ഓർമകളെ മാറ്റിമറിച്ച് പുതിയ സാമൂഹിക ഓർമകളെ (Social Memory or Collective Memory) നിർമിച്ചെടുക്കുക എന്ന കൃത്യമായ ദീർഘ കാല രാഷ്ട്രീയ ലക്ഷ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. 

ബെനഡിക്ട് ആൻഡേഴ്സൺ തന്റെ 'Imagined Communities' എന്ന പുസ്തകത്തിൽ രാഷ്ട്രം എന്നാൽ കേവലം ഭൂമിശാസ്ത്ര അതിർവരമ്പുകൾക്കപ്പുറം ഒരു സമൂഹത്തിന്റെ പ്രത്യേക തരം ഭാവനകളുടെ അഥവാ ഓർമകളുടെ സ്വത്വ രൂപവത്കരണ ഭാവുകത്വം കൂടിയാണ് എന്ന് സ്ഥാപിക്കുന്നുണ്ട്. ദേശരാഷ്ട്രത്തിലെ ജനങ്ങളുടെ ഓർമകൾക്കും ചരിത്ര ബോധങ്ങള്‍ക്കും മേല്‍ കൃത്യമായ അധീശത്വം സ്ഥാപിക്കുക എന്നത് അവർക്കുമേൽ അധികാരം അരക്കിട്ടുറപ്പിക്കുന്നതിന്റെ പ്രധാന ഘട്ടമാണ്. വാജ്പേയി ഭരണകാലത്തിന്റെ യഥാർഥ ഫലം കാണണമെങ്കിൽ 10 വർഷം കഴിയണമെന്ന് ആ കാലത്ത് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ആ ഒരു ചെറിയ കാലയളവിൽ മാറ്റി എഴുതപ്പെട്ട പാഠപുസ്തകങ്ങൾ പഠിച്ചു പുറത്തിറങ്ങിയ വിദ്യാർഥികൾ വോട്ടർമാരായി മാറാനുള്ള കാലമാണ് അന്ന് പറഞ്ഞ ആ പിൽക്കാല പത്തു വർഷങ്ങൾ. ആർ.എസ്.എസ് നിയന്ത്രിക്കുന്ന പതിനായിരക്കണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പഠിപ്പിക്കപ്പെടുന്ന മിഥ്യാ ചരിത്ര കഥനങ്ങൾ സർക്കാർ സ്കൂളിൽ കൂടി പഠിപ്പിക്കപ്പെടുന്നതോടെ, എപ്പോഴും അപരവല്‍ക്കരണത്തിലൂടെ ഒരു ശത്രുവിനെ മുന്നിൽ കണ്ട് ജീവിക്കുന്ന ഭൂരിപക്ഷ സമൂഹത്തെ നമ്മുടെ നാട്ടിൽ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. l

(തുടരും)

(മുക്കം എം.എ.എം.ഒ കോളേജിൽ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ) 
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി