Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

ദാനത്തിന്റെ മാനദണ്ഡം

ഫാത്വിമ കോയക്കുട്ടി

‏عَنْ ‏ ‏أَبِي سَعِيدٍ الْخُدْرِيِّ ‏ ‏أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ: ‏لَأَنْ يَتَصَدَّقَ الْمَرْءُ فِي حَيَاتِهِ بِدِرْهَمٍ خَيْرٌ  لَهُ مِنْ أَنْ يَتَصَدَّقَ بِمِائَةِ دِرْهَمٍ عِنْدَ مَوْتِهِ (أخرجه أبو داود)

അബൂ സഈദിൽ ഖുദ്‌രി(റ)യിൽനിന്ന്. നബി (സ) പറഞ്ഞു: "ഒരാൾ തന്റെ മരണവേളയിൽ 
നൂറു ദിർഹം ദാനം ചെയ്യുന്നതിനെക്കാൾ ശ്രേഷ്ഠമാണ് അയാൾ തന്റെ ജീവിതകാലത്ത് 
ഒരു ദിർഹം ദാനം ചെയ്യുന്നത് " (അബൂ ദാവൂദ്).

 

അശരണരെ സഹായിക്കുന്നതിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും  നല്‍കുന്നുണ്ട് ഇസ് ലാം. ഈ വിഷയവുമായി ബന്ധപ്പെട്ട ധാരാളം ഖുര്‍ആന്‍ സൂക്തങ്ങളും നബിവചനങ്ങളും കാണാം.  ദാനത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം നോക്കൂ: ''അല്ലാഹുവിന്റെ മാർഗത്തില്‍ സമ്പത്ത് ചെലവഴിക്കുന്നവരുടെ ഉപമ ഒരു ധാന്യമണിയുടേതാണ്. ആ വിത്ത് ഏഴ് കതിരുകളെ ഉൽപാദിപ്പിച്ചു. ഓരോ കതിരിലും നൂറ് വീതം മണികള്‍. ഉദ്ദേശിക്കുന്നവര്‍ക്ക്  ഇരട്ടിയായി അല്ലാഹു നല്‍കും. അവന്‍ വിശാല ഹസ്തനും അഭിജ്ഞനുമാകുന്നു'' (അല്‍ബഖറ 261).

ദാനത്തിന് നിർബന്ധിതവും ഐഛികവുമായ തലങ്ങളുണ്ട്. അവ രണ്ടിന്റെയും ലക്ഷ്യം,  സമ്പന്നർ ദരിദ്രർക്ക് നൽകുക എന്നതിൽ മാത്രമായി ഒതുങ്ങുന്നില്ല.  അഭിലഷണീയമായ ഒരു സാമൂഹിക ധാർമിക ക്രമം സൃഷ്ടിക്കുക എന്നതാണ് അതുകൊണ്ട് സംഭവിക്കേണ്ടത്. ഒരാളുടെ സമ്പത്തും സമയവും മറ്റുള്ളവർക്ക് നൽകുക എന്നാൽ, ആളുകളുമായി തീർത്തും  വ്യത്യസ്തമായ ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുക എന്നാണർഥം. സ്വന്തം ആവശ്യങ്ങളുടെ ശരിയായ അളവ് തിരിച്ചറിയുന്നതിലൂടെയും അമിത വ്യയം ഒഴിവാക്കുന്നതിലൂടെയും മാത്രമേ നമ്മുടെ നിലനിൽപ്പ് പാരസ്പര്യത്തിലൂടെയാണ് എന്ന്  നാം തിരിച്ചറിയുകയുള്ളൂ.

ഇസ് ലാം അനുശാസിക്കുന്ന ദാനത്തിന്റെ മഹത്വവും പൂർണതയും ദാനം ചെയ്യപ്പെടുന്ന വസ്തുവിന്റെ ഗുണത്തിലോ അളവിലോ അല്ല കുടികൊള്ളുന്നത്; ആ വസ്തുവും ദാതാവും തമ്മിലുള്ള ബന്ധത്തിൽ അല്ലെങ്കിൽ ദാതാവിന് അതിനോടുള്ള മനോഭാവത്തിൽ ആണ്. ഇക്കാര്യം വ്യക്തമാക്കിത്തരുന്ന  നബിവചനമാണ് മുകളിലുദ്ധരിച്ചത്.

മനുഷ്യർ വിവിധ സ്വഭാവക്കാരും പ്രകൃതക്കാരുമാണ്. ചില ആളുകൾക്ക്  കൈ നിറയെ പണമുണ്ടെങ്കിലും നല്ല കാലത്ത് ദാനധർമങ്ങളിൽ ഒരു താൽപര്യവും ഉണ്ടായിരിക്കില്ല. കൂടുതൽ സമ്പാദ്യം ഉണ്ടാക്കുന്നതിലും സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ചെലവഴിക്കുന്നതിലും ആയിരിക്കും അത്തരക്കാരുടെ ശ്രദ്ധയും താൽപര്യവും. യുവത്വത്തിന്റെ ചോരത്തിളപ്പിൽ, ദീർഘായുസ്സിനെ കുറിച്ച ശുഭ പ്രതീക്ഷയിൽ ഒരുപാടൊരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും മനുഷ്യനുണ്ടായിരിക്കുക സ്വാഭാവികമാണ്. ഭൗതിക താൽപര്യങ്ങളുടെ പൂർത്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദൈവപ്രീതിയും സൽക്കർമവുമൊക്കെ പിന്നോട്ട് തള്ളിമാറ്റുമ്പോൾ, ആയുസ്സും ആരോഗ്യവുമുള്ള ഘട്ടത്തിൽ ദാനധർമങ്ങളിൽ വിമുഖത വന്നുഭവിക്കും. എന്നാൽ, ദൈവപ്രീതിയും പരലോക മോക്ഷവും ആഗ്രഹിക്കുന്ന സൽക്കർമികൾ ആ ഘട്ടത്തിലും ധർമിഷ്ഠരും ഉദാരമതികളും തന്നെയായിരിക്കും.

ജീവിതത്തിന്റെ സുവർണകാലത്ത് അഥവാ യുവത്വവും ആരോഗ്യവും നിറഞ്ഞു തുളുമ്പുന്ന കാലത്ത് ദാനധർമങ്ങളിൽ വിമുഖത കാട്ടിയിരുന്നവരിൽ പലരും യൗവനം മറഞ്ഞ് വാർധക്യത്തിന്റെ വിവശത പേറുന്ന ഘട്ടത്തിൽ ഏറെ ഉദാരരും ധർമിഷ്ഠരുമായി മാറുന്നതു കാണാം. തന്റെ ആയുസ്സ്  തീരാറായി എന്ന തോന്നൽ അവർക്കുണ്ടാകുന്നതാണ് കാരണം.

താൻ സമ്പാദിച്ചു കൂട്ടിയിരിക്കുന്നതൊന്നും ഇനി തനിക്ക്  കാര്യമായ ഗുണം ചെയ്യില്ല എന്ന തോന്നലുണ്ടാകുന്നു.  ഭക്ഷണത്തിലും വസ്ത്രത്തിലും മോഡി പിടിപ്പിച്ച ജീവിതത്തിലും പഴയതുപോലെ താൽപര്യമില്ല. മക്കളാണെങ്കിൽ സ്വന്തവും സ്വതന്ത്രവുമായ ജീവിത വഴിയിൽ. പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാനോ കൊണ്ടുനടക്കാനോ കഴിയാതായിരിക്കുന്നു.എന്നാൽ പിന്നെ പരലോകത്തെങ്കിലും തനിക്ക് ഉപകാരപ്പെടട്ടെ. അതുകൊണ്ട് ഇനി ദാനധർമങ്ങളിൽ മുഴുകാം - ഇതാണ് അത്തരക്കാരുടെ ചിന്ത.

സ്വന്തത്തിന് അത്യാവശ്യമില്ലാതെ വരുന്ന സന്ദർഭത്തിൽ ചെയ്യുന്ന ദാനധർമവും തന്റെ സമ്പത്തിനെ എണ്ണമറ്റ സ്വപ്നങ്ങളുടെ അസ്തിവാരമാക്കുന്ന സന്ദർഭത്തിൽ ചെയ്യുന്ന ദാനധർമവും തമ്മിൽ ഒന്നും നൂറും തമ്മിലുള്ള അന്തരമുണ്ടെന്നാണ് നബി (സ) പഠിപ്പിക്കുന്നത്. എന്നുവെച്ച് ജീവിതത്തിന്റെ അന്ത്യഘട്ടം ആസന്നമായിരിക്കുന്നു എന്നു തോന്നിത്തുടങ്ങുമ്പോഴുള്ള ദാനത്തിന് പുണ്യമോ പ്രതിഫലമോ ഇല്ല എന്ന് ഒരിക്കലും ഈ നബിവചനം അർഥമാക്കുന്നില്ല. ദാനം ചെയ്യുന്നത് എപ്പോഴും പുണ്യകരവും പ്രതിഫലാർഹവും തന്നെയാണ്. തന്റെ ഭൗതികമായ  ആഗ്രഹാഭിലാഷങ്ങൾ ബലികഴിച്ചുകൊണ്ടുള്ള ദാനം, സമ്പത്തിൽ ആശയും ആസക്തിയും കുറഞ്ഞ ശേഷമുള്ള ദാനത്തെക്കാൾ ശ്രേഷ്ഠമാകുന്നു എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി