Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യവും ഹമാസ് "ഭീകരത'യും

എ.ആർ

ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഓര്‍ക്കാപ്പുറത്ത് ഇസ്രായേലിനു നേരെ നടത്തിയ ആക്രമണത്തില്‍ കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ആ രാജ്യവും അമേരിക്കയും ചേര്‍ന്നു ഗസ്സയുടെ മേല്‍ ആരംഭിച്ച അതിമാരക ബോംബ്്വര്‍ഷം ഒരു മാസം പിന്നിടുമ്പോള്‍ 4800 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ പതിനായിരത്തിലധികം സിവിലിയന്മാര്‍ക്ക് ജീവഹാനി നേരിട്ടു എന്നാണ് കണക്ക്. ഇസ്രായേല്‍ പക്ഷത്ത് സംഭവിച്ച ജീവാപായത്തിന്റെ ആറ് ഇരട്ടിയാണീ സംഖ്യ എന്നു വ്യക്തം. ആള്‍നാശത്തിലെ ഭീമമായ ഈ അന്തരം ചൂണ്ടിക്കാട്ടിയാണ് ചിലര്‍ താല്‍ക്കാലിക വെടിനിര്‍ത്തലിനാവശ്യപ്പെടുന്നതെങ്കില്‍ മറ്റു ചില രാജ്യങ്ങള്‍ ആശുപത്രികള്‍, വിദ്യാലയങ്ങള്‍, യു.എന്‍ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി എല്ലാ ജീവിതോപാധികളെയും കരിച്ചുകൊണ്ട് നിഷ്ഠുരം തുടരുന്ന ആക്രമണത്തിന് ഇനിയെങ്കിലും വിരാമമിടണമെന്നാണ് അഭ്യര്‍ഥിക്കുന്നത്. യു.എസ്, ബ്രിട്ടൻ, ജർമനി, ഇറ്റലി തുടങ്ങി ഇസ്രായേൽ പക്ഷത്തുള്ള രാജ്യങ്ങളിലടക്കം പതിനായിരങ്ങൾ പങ്കെടുക്കുന്ന വംശഹത്യാ പ്രതിഷേധ റാലികളാണ് നടക്കുന്നത്. ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടുകൊണ്ട് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തിന് 120 രാജ്യങ്ങളുടെ പിന്തുണ ലഭിച്ചത്, ന്യായവും ന്യായീകരണവുമെന്തായാലും ചരിത്രത്തില്‍ അത്യപൂര്‍വ മാതൃക മാത്രമുള്ളതോ തീരെ ഇല്ലാത്തതോ ആയ ഈ നരമേധം ഇനിയും തുടര്‍ന്നുകൂടെന്ന വികാരത്തിന്റെ പുറത്താണ്. ഇസ്രായേലും അമേരിക്കയും ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ വിട്ടുനിന്ന 45 രാജ്യങ്ങളിലൊന്ന് ഇന്ത്യ എന്ന ഭാരതമാണ്. ഒക്ടോബര്‍ ഏഴിലെ ഹമാസാക്രമണത്തിന് മണിക്കൂറുകള്‍ കഴിയും മുമ്പെ ഇസ്രായേലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാജ്യമാണല്ലോ നരേന്ദ്ര മോദിയുടെ ഭാരതം. സ്വാതന്ത്ര്യ ലബ്ധി മുതല്‍ക്കേ ഫലസ്ത്വീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും പി.എല്‍.ഒവിന് നയതന്ത്ര പദവി അനുവദിക്കുകയും ചെയ്ത ഇന്ത്യയില്‍ മോദി സര്‍ക്കാറിന്റെ ഏകപക്ഷീയമായ ഇസ്രായേല്‍ ഐക്യദാര്‍ഢ്യ പ്രഖ്യാപനം വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തി എന്നു പറയേണ്ടതില്ല.

അതുകൊണ്ട് കൂടിയാവാം പിന്നീട് 38 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യന്‍ ചരക്കുവിമാനം ഗസ്സ അതിര്‍ത്തിയിലേക്ക് പറന്നത്. ഫലസ്ത്വീന്‍ ജനതക്കുള്ള ഇന്ത്യയുടെ പിന്തുണക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്ന ഔദ്യോഗിക വിശദീകരണവുമുണ്ടായി. എന്നാല്‍, കേരളത്തിലൊഴിച്ച് ഇന്ത്യയിലൊരിടത്തും ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ റാലികളോ മറ്റു ജനകീയ കൂട്ടായ്മകളോ അനുവദിച്ചിട്ടില്ല. ഇന്നത്തെ സാഹചര്യത്തില്‍ അത്തരം റാലികളും കൂട്ടായ്മകളും ന്യായമാണെങ്കിലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിമരുന്നിടുക സ്വാഭാവിക സാധ്യതയാണ് താനും. സംഘികളുടെ പ്രകോപനം അതിന്റെ മാക്‌സിമത്തിലാണ് എത്തിനില്‍ക്കുന്നത്.

കേരളം പക്ഷേ, ഇക്കാര്യത്തിലും വേറിട്ടു തന്നെ നില്‍ക്കുന്നു. മതേതര കക്ഷികളുടെ നിലപാടുകളും മതന്യൂനപക്ഷ സംഘടനകളുടെ നിശ്ചയദാര്‍ഢ്യവും ജനസാമാന്യത്തിന്റെ സാമ്പ്രദായിക പ്രബുദ്ധതയുമാണ് പ്രധാന ഹേതു എന്ന് സാമാന്യമായി പറയാം. അത്രതന്നെ പ്രധാനമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് അകലെയല്ല എന്ന രാഷ്ട്രീയാവബോധം. പിച്ചിച്ചീന്തപ്പെടുന്ന ഫലസ്ത്വീന്‍ ജനതയുടെ മനുഷ്യാവകാശങ്ങളോടുള്ള സഹാനുഭൂതിയെക്കാളേറെ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഐക്യദാര്‍ഢ്യ റാലികളെ നയിക്കുന്നത് രാഷ്ട്രീയ ലാഭത്തെക്കുറിച്ച കണക്ക് കൂട്ടലുകളാണെന്ന് കരുതേണ്ടി വരുന്നു. മുസ് ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് ഷോര്‍ട്ട് നോട്ടീസ്സില്‍ സംഘടിപ്പിച്ച മഹാ റാലി ഒരേയവസരം ഫലസ്ത്വീന്‍ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതും പാര്‍ട്ടിയുടെ ശക്തി ചോരുന്നതിനെക്കുറിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാൻ ഉദ്ദേശിച്ചുള്ളതുമായിരുന്നു. ഇനി നവംബർ 11-ന് സി.പി.എം വിവിധ മുസ് ലിം സമുദായ സംഘടനകളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ബഹുജന റാലി സംശയലേശമന്യെ ലോക്‌സഭാ ഇലക്്ഷനെ മുമ്പില്‍ കണ്ടുകൊണ്ടുള്ള ശക്തിപ്രകടനവും ന്യൂനപക്ഷ വോട്ടില്‍ കണ്ണുനട്ടുള്ളതുമാണെന്ന് വിലയിരുത്താവുന്നതേയുള്ളൂ. ദേശീയ തലത്തില്‍ ഇസ്രായേല്‍-ഫലസ്ത്വീന്‍ പ്രശ്‌നത്തില്‍ സുദൃഢവും അസന്ദിഗ്ധവുമായ നിലപാടെടുക്കാന്‍ ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സിനുള്ള ചാഞ്ചല്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ ഫലസ്ത്വീന്‍ പിന്തുണ സാമാന്യ ധാരണ തിരുത്താന്‍ മാത്രം ശക്തവുമല്ല.

ഇതിനിടയിലാണ് ഗ്രൂപ്പ് വഴക്ക് പൊട്ടിത്തെറിയിലെത്തിയ മലപ്പുറത്ത് കോണ്‍ഗ്രസ് എ വിഭാഗം നേതാവ് ആര്യാടന്‍ ശൗകത്ത് സംഘടിപ്പിച്ച ഫലസ്ത്വീന്‍ ഐക്യദാര്‍ഢ്യ റാലി. സുന്നി, മുജാഹിദ് നേതാക്കളെ കൂടി പങ്കെടുപ്പിച്ച റാലി ബാനര്‍ കൊണ്ട് മാത്രം വിഭാഗീയമല്ലാതാകുന്നില്ലെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ നടപടിയിലൂടെ തെളിയുന്നത്. ചുരുക്കത്തില്‍, 'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം' ക്ലീഷെയുടെ പാരഡിയായി 'ഫലസ്ത്വീന്‍ യുദ്ധം അതിഘോരം നമുക്കും കിട്ടണം വോട്ട്' എന്ന പതനത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്. മറുവശത്ത് സംഘ് പരിവാറും കൃസംഘികളും അവരുടെ സഹയാത്രികരും, ഹമാസിന്റെ ഭീകരതക്കെതിരെ പീഡിത യഹൂദര്‍ നടത്തുന്ന പ്രതിരോധ ചെറുത്തുനില്‍പ്പായി മാത്രം സംഭവത്തെ ചിത്രീകരിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ട്. അവര്‍ക്ക് വേണ്ടത് വര്‍ഗീയ ധ്രുവീകരണം പരമാവധിയിലെത്തിച്ചു തീവ്ര ഹിന്ദുത്വ വലതുപക്ഷത്തിന് അതിജീവന ശേഷി നേടിക്കൊടുക്കലാണ്. 1967-ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തില്‍ പിടിച്ചെടുത്ത അറബ് ഭൂമി കൈയൊഴിയണമെന്ന യു.എന്‍ പ്രമേയങ്ങളോ, അത്യന്തം പരിമിത പ്രദേശമെങ്കിലും ഫലസ്ത്വീനികള്‍ക്ക് വിട്ടുകൊടുത്ത് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ തങ്ങള്‍കൂടി ഒപ്പ്്വെച്ച ഓസ് ലോ കരാറോ, ദ്വിരാഷ്ട്ര നിർമിതിയാണ് പ്രതിസന്ധിയുടെ പ്രതിവിധി എന്ന അമേരിക്ക പോലും അംഗീകരിച്ച നിര്‍ദേശമോ ഒന്നും സയണിസ്റ്റ് രാഷ്ട്രം ഇന്നുവരെ മാനിച്ചിട്ടില്ല. മിതവാദികളെന്നും സമാധാന പ്രിയരെന്നും സകലരും സമ്മതിക്കുന്ന പി.എല്‍.ഒവിനെയോ വെസ്റ്റ് ബാങ്കിലെ നഗരാധിപന്‍ മഹ് മൂദ് അബ്ബാസിനെയോ പോലും ജൂതരാഷ്ട്രത്തിന് സ്വീകാര്യമല്ല.

ഫലസ്ത്വീനികളെ ഒന്നൊഴിയാതെ അവരുടെ ജന്മഗേഹത്തില്‍നിന്ന് പുറത്താക്കണം, അല്ലെങ്കില്‍ കൊന്നുതീര്‍ക്കണം എന്ന് പരസ്യമായി വാദിക്കുന്ന അതിതീവ്ര വലതുപക്ഷ പാര്‍ട്ടിയെ ചേര്‍ത്തുപിടിച്ചാണ് നെതന്യാഹുവിന്റെ ഭരണം. സുപ്രീം കോടതിയുടെ അധികാരപരിധി പോലും ഒടുവില്‍ വെട്ടിച്ചുരുക്കിയ നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ജനം രംഗത്തിറങ്ങിയ നേരത്താണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതെന്നോര്‍ക്കണം. അത് നല്‍കുന്ന ആയുസ്സിന്മേല്‍ തൂങ്ങിയാണ് അയാളിപ്പോള്‍ പ്രധാനമന്ത്രി പദത്തില്‍ കടിച്ചുതൂങ്ങുന്നത്. എപ്പോള്‍ യുദ്ധവിരാമം നിലവില്‍ വരുന്നുവോ അപ്പോള്‍ നെതന്യാഹു താഴെ പതിക്കുമെന്നുറപ്പ്. രാജ്യത്തെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്നും കയറ്റുമതി കടുത്ത പ്രതിസന്ധിയെ നേരിടുന്നുവെന്നും ബന്ദികളുടെ മോചനം വൈകുന്നത് തികഞ്ഞ വൈകാരിക ക്ഷോഭത്തിന് വഴിവെക്കുന്നുവെന്നും രാജ്യത്തെ വിദഗ്ധരും നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

രണ്ടര ലക്ഷത്തോളം ഇസ്രായേല്യർ ഹമാസിന്റെ റോക്കറ്റ് വര്‍ഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ തെക്കന്‍ മേഖലയില്‍നിന്ന് ഇതിനകം പലായനം ചെയ്തുകഴിഞ്ഞു. യുദ്ധ വിരാമം നിലവില്‍ വന്നാല്‍പോലും ഇസ്രായേലികള്‍ക്ക് സുരക്ഷാബോധം വീണ്ടുകിട്ടുക ക്ഷിപ്രസാധ്യമല്ല. ഈ സാഹചര്യത്തിലും വസ്തുതകളെ സത്യസന്ധമായി വിലയിരുത്തി യാഥാർഥ്യബോധത്തോടെയുള്ള സമീപനം സ്വീകരിക്കാന്‍ നമ്മുടെ നാട്ടിലെ ഇസ്രായേല്‍ പക്ഷപാതികള്‍ക്കാവുന്നില്ല. അവരുടെ ദൃഷ്ടിയില്‍ എല്ലാറ്റിനും ഉത്തരവാദി ഹമാസിന്റെ ഭീകരതയാണ്, ഭീകരത ഇന്ത്യക്കും ലോകത്തിനും ഭീഷണിയാണ് എന്ന മട്ടിലാണ് പ്രോപഗണ്ട. സത്യമെന്താണ്?

ഒന്ന്: ഫലസ്ത്വീനിലെ ചെറുത്ത് നില്‍പ്പ് തുടക്കം മുതല്‍ യാസിര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പി.എല്‍.ഒവിന്റെ നിയന്ത്രണത്തിലായിരുന്നു. സായുധ പ്രതിരോധത്തിലൂടെയല്ലാതെ ഫലസ്ത്വീന്‍ വീണ്ടെടുക്കാനാവില്ല എന്നായിരുന്നുതാനും ഫലസ്ത്വീന്‍ വിമോചന സംഘടനയുടെ പ്രഖ്യാപിത നിലപാട്. സമ്മര്‍ദങ്ങള്‍ക്കും തിരിച്ചടികള്‍ക്കും ശേഷമാണ് അറഫാത്ത് ഇസ്രായേലുമായി കരാറുകള്‍ ഒപ്പിട്ടത്. പക്ഷേ, 1973-ലെ ഈജിപ്ത്-ഇസ്രായേല്‍ ക്യാമ്പ് ഡേവിഡ് കരാര്‍ ജൂതരാഷ്ട്രം മാനിച്ചില്ല. 1967-ല്‍ കീഴടക്കിയ അറബ് പ്രദേശങ്ങള്‍ യു.എന്‍ ആവശ്യപ്പെട്ടിട്ടും വിട്ടുകൊടുത്തതുമില്ല. ഒരു സമാധാന കരാറും ഇസ്രായേലിന് ബാധകമല്ലെന്ന് വ്യക്തമായപ്പോഴാണ് സായുധ പ്രതിരോധത്തിന് ചില ഫലസ്ത്വീന്‍ സംഘടനകള്‍ തയാറായത്. അക്കൂട്ടത്തില്‍ ഒന്നാമതായി രംഗത്തുവന്നത് ഡോ. ജോര്‍ജ് ഹബശിന്റെ പോപ്പുലർ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്ത്വീന്‍ എന്ന മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനമാണ്.

രണ്ട്: 1987-ല്‍ ഹമാസ് സ്ഥാപിച്ച ശൈഖ് അഹ്്മദ് യാസീന്‍ അന്നുതന്നെ വ്യക്തമാക്കിയതിങ്ങനെ:
'ജൂതന്മാരായതു കൊണ്ടല്ല നാം അവരോട് പോരാടുന്നത്. ഞങ്ങളെ ആക്രമിക്കുകയും വധിക്കുകയും ഭൂമി പിടിച്ചെടുക്കുകയും വീടുകളില്‍നിന്ന് പുറത്താക്കുകയും ചെയ്തവരോടാണ് പോരാട്ടം. അവര്‍ ഞങ്ങളുടെ കുട്ടികളെയും സ്ത്രീകളെയും വെറുതെ വിട്ടില്ല. അവകാശങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ചോദിക്കുന്നത്. അതില്‍ കൂടുതലൊന്നും ആവശ്യമില്ല.'

മൂന്ന്: ഹമാസ് തങ്ങളുടെ പ്രതിരോധം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയോ ത്വാലിബാനെ പിന്തുണക്കുകയോ ചെയ്തില്ല. ത്വാലിബാന്റെ സ്ത്രീകളോടുള്ള സമീപനമടക്കം എല്ലാ പിന്തിരിപ്പന്‍ നിലപാടുകളെയും ഹമാസ് തള്ളിപ്പറഞ്ഞു.

നാല്: ഗസ്സയിലാണ് ഹമാസിന്റെ പിറവി. ഈജിപ്തിന്റെ ഭാഗമായിരുന്നു ഗസ്സ. 2006 ജനുവരി 25-ന് ഫലസ്ത്വീനില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് പുറത്തിറക്കിയ മാനിഫെസ്റ്റോയില്‍ ജറൂസലം തലസ്ഥാനമായുള്ള സ്വതന്ത്ര ഫലസ്ത്വീന്‍ സംസ്ഥാപനമാണ് ലക്ഷ്യമായി പറഞ്ഞത്. ബാക്കി സ്ഥലങ്ങളില്‍നിന്ന് ഇസ്രായേല്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇലക്്ഷനില്‍ 132 സീറ്റുകളില്‍ 74-ഉം നേടി ഹമാസ് വിജയിച്ചു. മഹ് മൂദ് അബ്ബാസിന്റെ ഫതഹ് പരാജയപ്പെട്ടു. 57 ശതമാനമായിരുന്നു ഹമാസിന്റെ വോട്ട് വിഹിതം. അപ്രകാരമാണ് ഹമാസ് അധികാരത്തില്‍ വന്നത്. ഹമാസിനെയോ ഭരണകൂടത്തെയോ യു.എൻ തള്ളിപ്പറഞ്ഞിട്ടില്ല. ഭീകര സംഘടനയായി മുദ്രകുത്തിയിട്ടുമില്ല. ഇന്ത്യയുടെ നിലപാടും ഇതേവരെ അങ്ങനെത്തന്നെ.

അഞ്ച്: ഉഭയകക്ഷി കരാറുകള്‍ക്ക് വിലകല്‍പ്പിക്കുകയോ ഫലസ്ത്വീന്‍ പ്രശ്‌നത്തെ ഒരു പ്രശ്‌നമായി പോലും അംഗീകരിക്കുകയോ ചെയ്യാത്ത, അമേരിക്കയുടെയും ബ്രിട്ടന്റെയും പൂര്‍ണ സംരക്ഷണത്തില്‍ മാത്രം നിലനില്‍ക്കുന്ന ഇസ്രായേല്‍ ഇടവേളകളില്‍ കണ്ണില്‍ ചോരയില്ലാതെ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ബോംബിംഗും നശീകരണവും വഴി പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊന്ന് തീര്‍ക്കുന്നു. ഈ സയണിസ്റ്റ് ഭീകരതയെ ഹമാസിന്റെ സൈനിക വിംഗായ ഖസ്സാം ബ്രിഗേഡ് സായുധമായി നേരിട്ടതാണ് ഒക്ടോബര്‍ ഏഴിലെ സംഭവം. അത് അപ്രമാദിത്വം അവകാശപ്പെടുന്ന മൊസാദിനോ ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സിനോ കാലേക്കൂട്ടി അറിയാന്‍ കഴിഞ്ഞില്ലെന്നത് ഹമാസിന്റെ കുറ്റമല്ല.

എന്നിരിക്കെ ഹമാസ് ചെയ്തത് മാത്രം ഭീകരതയും സയണിസ്റ്റ് ചെയ്തികള്‍ 'സമാധാനപരവും' ആവുന്നത് കാഴ്ചപ്പാടിന്റെ വൈകല്യമാണ്, അത് ചികിത്സിച്ചു മാറ്റുകയാണ് വേണ്ടത്. കളമശ്ശേരിയില്‍ നടന്ന യഹോവ സാക്ഷികളുടെ സംഗമം അവരിലൊരാള്‍ സ്‌ഫോടക വസ്തു എറിഞ്ഞു തകര്‍ക്കാന്‍ ശ്രമിച്ച സംഭവം നടന്നപാടേ അതിന്റെ ഉത്തരവാദിത്വം ഹമാസ് അനുകൂലികളായ 'മുസ് ലിം തീവ്രവാദികളി'ല്‍ കെട്ടിവെക്കാന്‍ തത്രപ്പെട്ടവര്‍ ഏറ്റുവാങ്ങേണ്ടി വന്ന ജാള്യത മേലിലെങ്കിലും പാഠമായിരിക്കണം.

അതിനാല്‍, ജനീവാ കണ്‍വെന്‍ഷന്റെ വിലക്കുകളെ കാറ്റില്‍ പറത്തി മനുഷ്യത്വത്തിന് പുല്ലുവില കല്‍പിക്കാതെ തുടരുന്ന ഗസ്സയിലെ നരനായാട്ട് ഉടനെ അവസാനിപ്പിച്ച് ചര്‍ച്ചകളുടെ മേശക്കരികിലേക്ക് വരാന്‍ ഇസ്രായേലിനെ നിര്‍ബന്ധിക്കുകയാണ് വന്‍ശക്തികളും ഇന്ത്യയും മറ്റു സമാധാന പ്രിയരായ രാജ്യങ്ങളും വേണ്ടത്. ഈയാവശ്യത്തിനു പിന്തുണ പ്രഖ്യാപിക്കുകയാണ് എല്ലാ ബഹുജന, രാഷ്ട്രീയ, സാംസ്‌കാരിക കൂട്ടായ്മകളുടെയും ചുമതല. നിരപരാധികളുടെ ജീവന്‍ വെച്ചു രാഷ്ട്രീയം കളിക്കരുത്, വര്‍ഗീയ ധ്രുവീകരണത്തിന് അവസരം ഉപയോഗിക്കരുത്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി