അൽ ഇഹ്തിബാക്: വിശുദ്ധ ഖുർആനിന്റെ മാസ്മരിക ശൈലി
അല്ലാഹു, മുഹമ്മദ് നബി(സ)യോട് പറഞ്ഞു:
ۗ إِنَّمَآ أَنتَ مُنذِرٌۭ ۖ وَلِكُلِّ قَوْمٍ هَادٍ
(താങ്കൾ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടി- 13:7).
ഇവിടെ ആശയം പൂർണമാവണമെങ്കിൽ ചില പദങ്ങൾ കൂടി സങ്കൽപ്പിക്കേണ്ടതുണ്ട്. ആദ്യഭാഗത്ത് وَ هَادٍ എന്നും അവസാന ഭാഗത്ത് وَ مُنذِرٌۭ എന്നും. പൂർണവാക്യം ഇപ്രകാരമാണ്:
(إِنَّمَآ أَنتَ مُنذِرٌۭ (وَ هَاد) وَلِكُلِّ قَوْمٍ هَادٍ (وَ مُنذِرٌۭ
(നീ ഒരു മുന്നറിയിപ്പുകാരനും വഴികാട്ടിയും മാത്രമാണ്. എല്ലാ ജനതക്കുമുണ്ട് ഒരു വഴികാട്ടിയും മുന്നറിയിപ്പുകാരനും).
ആദ്യഭാഗത്ത് مُنذِرٌۭ ഉള്ളതിനാൽ രണ്ടാം ഭാഗത്തുനിന്ന് അതിനെ ഒഴിവാക്കി. അവസാന ഭാഗത്ത് هَادٍ ഉള്ളതിനാൽ ആദ്യഭാഗത്തുനിന്ന് അതിനെ ഒഴിവാക്കി. ആ പദങ്ങളെ പരസ്പരം പൂരിപ്പിക്കാൻ വായനക്കാർക്ക് തന്നെ സാധിക്കുന്നതുകൊണ്ടാണിത്.
ഇനി മറ്റൊരു വാക്യം നോക്കുക. തൗഹീദിന്റെ വചനത്തെ ഉപമിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:
كَشَجَرَةٍۢ طَيِّبَةٍ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ
(അത് ഒരു നൻമ മരം പോലെയാണ്. അതിന്റെ വേരുകള്‍ ആണ്ടിറങ്ങിയിരിക്കുന്നു. അതിന്റെ ശാഖകള്‍ ആകാശത്തിലാണ് - 14: 24).
ഇവിടെ أَصْلُهَا ثَابِتٌۭ وَفَرْعُهَا فِى ٱلسَّمَآءِ എന്നതിലെ ആശയം പൂർത്തിയാവണമെങ്കിൽ ചില പദങ്ങൾ കൂടി ചേർക്കേണ്ടതുണ്ട്. പൂർണ വാക്യം ഇപ്രകാരമാണ്:
أَصْلُهَا ثَابِتٌۭ (فِي الْأَرْضِ) وَفَرْعُهَا(عَالٍ) فِى ٱلسَّمَآءِ
(അതിന്റെ വേരുകള്‍ (ഭൂമിയിൽ) ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകള്‍ ആകാശത്ത് [ഉയർന്നു പന്തലിച്ചു]നില്‍ക്കുന്നു).
തുടക്കത്തിൽ ثَابِتٌۭ (ആണ്ടിറങ്ങിയിരിക്കുന്നു) എന്നുള്ളതിനാൽ രണ്ടാമത്തേതിൽനിന്ന് عَالٍ (ഉയര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു) എന്ന വിശേഷണത്തെ ഒഴിവാക്കി.
അവസാനം فِى ٱلسَّمَآءِ (ആകാശത്ത്) വന്നതിനാൽ തുടക്കത്തിലെ فِي الْأَرْضِ (ഭൂമിയിൽ) എന്ന പദത്തെയും ഒഴിവാക്കി; വിട്ട ഭാഗങ്ങളെ പൂരിപ്പിക്കാൻ പഠിതാക്കൾക്ക് സ്വയം സാധ്യമാവും എന്നതിനാൽ.
ഒരു വചനത്തിലെ മുഖാമുഖമുള്ള പദങ്ങളിൽനിന്ന് ചിലതിനെ ഒഴിവാക്കി അവയുടെ ആശയങ്ങളെ വരികൾക്കിടയിൽനിന്ന് വായിച്ചെടുക്കുന്ന രീതിയാണിത്. ഭാഷാ സൗന്ദര്യ ശാസ്ത്രത്തിൽ ഇതിന് അൽ ഇഹ്തിബാക് (ُالْإحْتِبَاك) എന്നാണ് പേര്.
തുണി നന്നായി നെയ്യുന്നതിനാണ് إِحْتَبَك എന്ന് പറയുക.
ഭിന്ന രൂപങ്ങളുള്ള മേഘങ്ങളാൽ സുന്ദരമായ ആകാശത്തെ വിശുദ്ധ ഖുർആൻ ذَاتُ الْحُبُك എന്ന് വിശേഷിപ്പിക്കുന്നുണ്ട് (51:7).
കോർത്തിണക്കുക എന്നാണ് الْإحْتِبَاك എന്ന നാമത്തിന്റെ പദാർഥം. വാചകങ്ങളെയും വചനങ്ങളെയും പരസ്പരം കോർത്തിണക്കി, അനിവാര്യമല്ലാത്തവയെ ഒഴിവാക്കുന്ന ശൈലിയാണ് الْإحْتِبَاك. നിലനിർത്തിയ പദങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കലും ഇതിനുള്ള പ്രചോദനമാവാം. വാചകങ്ങളെ ഭംഗിയായി ഘടിപ്പിക്കുന്നതുകൊണ്ടാണ് ഈ പേര് വന്നത്.
പ്രഗൽഭ ഖുർആൻ പണ്ഡിതൻ ബുർഹാനുദ്ദീൻ അൽ ബിഖാഇ (ഹി. 809-885) ഇഹ്തിബാകിനെ ഇപ്രകാരം നിർവചിക്കുന്നു: "മുഖാമുഖമുള്ള രണ്ട് വാചകങ്ങളിലെ ഓരോ ഭാഗത്തുനിന്നും ചില പദങ്ങൾ ഒഴിവാക്കുക. പറയപ്പെട്ട പദത്തിൽനിന്ന് കളയപ്പെട്ടതിനെ കണ്ടെത്താനാവും".
ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി (ഹി. 849-911) പറഞ്ഞു: "അവസാനത്തിൽ സാമ്യതയുള്ള പദമുള്ളതിനാൽ ആദ്യത്തിലുള്ളതിനെ കളയുക. ആദ്യത്തിൽ സാമ്യതയുള്ള പദമുള്ളതിനാൽ അവസാനമുള്ളതിനെ കളയുക."
വിശുദ്ധ ഖുർആനിൽ നൂറോളം സ്ഥലങ്ങളിൽ 'ഇഹ്തിബാക്' പ്രയോഗിച്ചതായി കാണാം.
ചില ഉദാഹരണങ്ങൾ കൂടി നൽകാം:
ബദ്ർ യുദ്ധത്തിലെ വിശ്വാസികളുടെയും അവിശ്വാസികളുടെയും സംഘത്തെ പരിചയപ്പെടുത്തി അല്ലാഹു പറഞ്ഞു:
فِئَةٌۭ تُقَـٰتِلُ فِى سَبِيلِ اللهِ وَأُخْرَىٰ كَافِرَةٌۭ
(ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുകയായിരുന്നു; മറു വിഭാഗം സത്യനിഷേധികളും - 3:13).
ഇതിന്റെ പൂർണ രൂപം ഇപ്രകാരം സങ്കൽപ്പിക്കാം:
فِئَةٌۭ (مُؤْمِنَةٌ) تُقَـٰتِلُ فِى سَبِيلِ ٱللَّهِ وَأُخْرَىٰ كَافِرَةٌۭ ( تُقَـٰتِلُ فِي سَبِيلِ الطَّاغُوت)ز
ആദ്യ സംഘത്തിന്റെ 'സത്യവിശ്വാസികളുടെ' (مُؤْمِنَةٌ) എന്ന വിശേഷണമാണ് ഒഴിവാക്കിയത്. തുടർന്നുള്ള വാചകത്തിൽ സത്യനിഷേധികൾ ( كَافِرَةٌۭ ) എന്ന് പറഞ്ഞതുകൊണ്ടാണിത്.
അതുപോലെ രണ്ടാം പാതിയിൽ നിന്നും ത്വാഗൂത്തിന്റെ വഴിയിൽ പടവെട്ടുന്ന ( ِتُقَـٰتِلُ فِي سَبِيلِ الطَّاغُوت) എന്നതൊഴിവാക്കി.
ഒന്നാം പാതിയിൽ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പടവെട്ടുന്നവർ (تُقَـٰتِلُ فِى سَبِيلِ ٱللَّهِ) എന്ന് വന്നതുകൊണ്ടാണിത്.
ഇരു വിഭാഗത്തിന്റെയും ഏറെ പ്രാധാന്യമുള്ള പ്രത്യേകതകൾ എടുത്തുകാണിക്കുക എന്നും ഇവിടെ ഉദ്ദേശിക്കപ്പെടുന്നുണ്ട്.
ആദ്യ വിഭാഗത്തിന്റെ 'ദൈവമാര്‍ഗത്തില്‍ പടവെട്ടുക' എന്നതും, രണ്ടാം വിഭാഗത്തിന്റെ 'സത്യനിഷേധികളായവർ' എന്നതുമാണ് ഇവിടെ ഏറെ ഊന്നിപ്പറയേണ്ട കാര്യങ്ങൾ.
പ്രവാചകൻമാരിൽനിന്ന് വാങ്ങിയ പ്രതിജ്ഞയെക്കുറിച്ച് വിവരിച്ച ശേഷം അല്ലാഹു പറഞ്ഞു:
لِّيَسْـَٔلَ ٱلصَّـٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَـٰفِرِينَ عَذَابًا أَلِيمًۭا
(സത്യവാദികളോട് അവരുടെ സത്യതയെ സംബന്ധിച്ച് ചോദിക്കാനാണിത്. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് - 33:8). ഇവിടെ ആദ്യ ഭാഗത്ത് സത്യവാദികൾക്കുള്ള പ്രതിഫലവും രണ്ടാം ഭാഗത്ത് സത്യനിഷേധികളോടുള്ള ചോദ്യവും വിട്ടുകളഞ്ഞിരിക്കുന്നു.
لِّيَسْـَٔلَ ٱلصَّـٰدِقِينَ عَن صِدْقِهِمْ ۚ(وَ اَعَدَّ لَهُمْ ثَوَابًا عَظِيمًا وَ لِيَسْأَلَ الْكَاذِبِينَ عَنْ كَذِبِهِمْ) وَأَعَدَّ لِلْكَـٰفِرِينَ عَذَابًا أَلِيمًۭا
"സത്യവാദികളോട് അവരുടെ സത്യതയെ സംബന്ധിച്ച് ചോദിക്കാൻ. അവർക്ക് നാം മഹത്തായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്. സത്യനിഷേധികളോട് അവരുടെ നിഷേധത്തെക്കുറിച്ച് ചോദിക്കാൻ. അവർക്ക് നാം നോവേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്" എന്നാണ് വാക്യത്തിന്റെ സാങ്കൽപ്പിക രൂപം.
മൂസാ നബി(അ)ക്ക് നൽകിയ അമാനുഷികതയെക്കുറിച്ച് അല്ലാഹു പറഞ്ഞു:
وَأَدْخِلْ يَدَكَ فِى جَيْبِكَ تَخْرُجْ بَيْضَآءَ مِنْ غَيْرِ سُوٓءٍۢ
(നീ നിന്റെ കൈ കുപ്പായത്തിന്റെ മാറിനുള്ളില്‍ തിരുകിവെക്കുക. എന്നാല്‍, ന്യൂനതയൊട്ടുമില്ലാത്തവിധം തിളക്കമുള്ളതായി അതു പുറത്തുവരും- 27:12).
ഈ വാക്യത്തിന്റെ പൂർണ രൂപം ഇപ്രകാരമാണ് :
وَأَدْخِلْ يَدَكَ فِي جَيْبِكَ ( تَدْخُلْ غَيْرَ بَيْضَاءَ، وأَخْرِجْهَا ) تَخْرُجْ بَيْضَاءَ مِنْ غَيْرِ سُوءٍ
"നിന്റെ കൈ കുപ്പായത്തിന്റെ മാറിനുള്ളില്‍ തിരുകിവെക്കുക. അപ്പോളതിന് തിളക്കമുണ്ടാവുകയില്ല.അതിനെ മാറിനുള്ളില്‍നിന്ന് പുറത്തെടുക്കുക. ന്യൂനതയൊട്ടുമില്ലാത്തവിധം തിളക്കമുള്ളതായി അതു പുറത്തുവരും."
ഇവിടെ ആദ്യ വചനത്തിൽനിന്ന് "അപ്പോഴതിന് തിളക്കമുണ്ടാവുകയില്ല'' എന്നും, രണ്ടാമത്തേതിൽനിന്ന് "അതിനെ മാറിനുള്ളില്‍നിന്ന് പുറത്തെടുക്കുക" എന്നും ഒഴിവാക്കി.
സാഹിത്യത്തിൽ നല്ല പ്രാവീണ്യമുള്ളവർക്ക് മാത്രം വഴങ്ങുന്ന ശൈലിയാണിത്. പ്രഗൽഭരായ അറബിക്കവികൾ ഈ ശൈലി പ്രയോഗിച്ചതായിക്കാണാം. അഅ്ശാ അൽ ഖൈസി(സി.ഇ 570- 629)ന്റെ വരികൾ:
وَكَأسٍ شَرِبتُ عَلى لَذَّةٍ وَأُخرى تَداوَيتُ مِنها بِها
"എത്രയെത്ര ചഷകങ്ങളാണ് ഞാൻ ആസ്വദിച്ച് പാനം ചെയ്തത്.
മറ്റൊരു ചഷകത്താൽ ഞാൻ അതിനെ ചികിത്സിക്കുകയും ചെയ്തു."
ഇവിടെ ആദ്യ ഭാഗത്തുനിന്ന് فَأَمْرَضَتْنِي (അതെന്നെ രോഗിയാക്കി) എന്നും രണ്ടാം ഭാഗത്തിൽ شَرِبتُها (ഞാനത് കുടിച്ചു ) എന്നതിനെയും കളഞ്ഞു.
പൂർണ ആശയം ഇപ്രകാരമാണ് :
وَكَأسٍ شَرِبتُ عَلى لَذَّةٍ (فَأَمْرَضَتْنِي )م
وَأُخرى (شَرِبتُهَا) فتَداوَيتُ مِنْهَا بِها
"എത്രയെത്ര ചഷകങ്ങളാണ് ഞാൻ ആസ്വദിച്ച് പാനം ചെയ്തത്. അങ്ങനെ അതെന്നെ രോഗിയാക്കി.
മറ്റൊരു ചഷകം കൂടി ഞാൻ കുടിച്ചു. അതു കൊണ്ട് ഞാനതിനെ ചികിത്സിക്കുകയും ചെയ്തു."
ഇമാം സർക്കശി (ഹി. 745 -794) الْحَذْفُ الْمُقَابِلِي (അഭിമുഖമായുള്ളതിനെ കളയൽ) എന്ന പേരിലാണ് ബുർഹാനിൽ ഈ രീതിയെ പരിചയപ്പെടുത്തുന്നത്.
അലി അൽ ജുർജാനി(ഹി: 400 - 471)യാണ് ആദ്യമായി ഈ സാഹിത്യ ശൈലിക്ക് 'അൽ ഇഹ്തിബാക്' എന്ന് നാമകരണം ചെയ്തത്. ഇമാം ബുർഹാനുദ്ദീൻ അൽ ബിഖാഇ(ഹി: 809 - 855)യാണ് ഈ വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്തിയ പണ്ഡിതൻ. ' ِالإدْرَاكُ فِي فَنِّ الإحْتِبَاك' എന്ന പേരിൽ അദ്ദേഹം ഒരു ഗ്രന്ഥം രചിച്ചിരുന്നു. അതിൽ മുന്നൂറിലധികം ഖുർആൻ വാക്യങ്ങളിലെ 'ഇഹ്തിബാക്' ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ, ഈ ഗ്രന്ഥം പിന്നീട് നഷ്ടപ്പെട്ടു.
വളരെ ശ്രദ്ധയോടെ വിശുദ്ധ ഖുർആന്റെ പഠനവും പാരായണവും നിർവഹിക്കുന്നവർക്ക് മാത്രമേ ഇത്തരം പ്രയോഗങ്ങളിലെ സാഹിത്യഭംഗി ആസ്വദിക്കാനാവൂ.
കൂടുതലറിയാൻ താഴെ നൽകിയിട്ടുള്ള സൈറ്റുകൾ സന്ദർശിക്കുക;
https://al-maktaba.org/book/31874/32118
https://www.alfaseeh.com/vb/showthread.php?t=17589
https://www.startimes.com/f.aspx?t=33271373
l
Comments