വലിച്ച് ചീന്തപ്പെടുന്നത് അമേരിക്കയുടെ മുഖംമൂടി
അമേരിക്കയുടെ സകല കാപട്യങ്ങളെയും ഇരട്ടത്താപ്പുകളെയും തുറന്നുകാണിച്ചിരിക്കുകയാണ് ഗസ്സയില്‍ സയണിസ്റ്റ് ഭീകര രാഷ്ട്രം തുടര്‍ന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതി. യഥാര്‍ഥത്തിൽ ഇത് അമേരിക്ക ഏറ്റെടുത്ത ഉന്മൂലന പദ്ധതിയാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് പോരാളികള്‍ ഇസ്രായേലിന്റെ സകല സുരക്ഷാ സംവിധാനങ്ങളുടെയും കണ്ണ് വെട്ടിച്ച് അധിനിവിഷ്ട പ്രദേശങ്ങളിലേക്ക് ഇരച്ചുകയറിയപ്പോള്‍ തന്നെ ഇസ്രായേലിന് പിടിച്ചുനില്‍ക്കാനാവില്ലെന്ന് അമേരിക്കക്ക് ബോധ്യമായിരുന്നു. ഉടന്‍ സൈനിക നീക്കത്തിന്റെ മുഴുവന്‍ നിയന്ത്രണവും അമേരിക്ക ഏറ്റെടുത്തു. കൂട്ട നശീകരണായുധങ്ങള്‍ വേണ്ടതിലധികം ഇസ്രായേലിലെത്തിച്ചു. അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധ വിമാന വാഹിനിക്കപ്പലുകള്‍ എന്തിനും തയാറായി മധ്യധരണ്യാഴിയില്‍ നിലയുറപ്പിച്ചു. ആവശ്യമെങ്കില്‍ നേരിട്ട് യുദ്ധത്തില്‍ ഇടപെടുന്നതിനു വേണ്ടി മാത്രമല്ല യുദ്ധക്കപ്പലുകളെ വിന്യസിച്ചത്; ഫലസ്ത്വീനികള്‍ക്ക് ഒരു തരത്തിലുള്ള സൈനിക സഹായവും എത്തുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടിയായിരുന്നു. ഇസ്രായേലിനെ മുന്നില്‍ നിര്‍ത്തി എളുപ്പം തീര്‍ത്തുകളയാം എന്നായിരുന്നു അമേരിക്കയുടെ ധാരണ. പോരാട്ടം 34 ദിവസം പിന്നിടുമ്പോള്‍ മുഴുവന്‍ കണക്കുകൂട്ടലുകളെയും ഫലസ്ത്വീനികള്‍ അട്ടിമറിച്ചു. ഫലസ്ത്വീനികളുടെ അസാധാരണമായ പോരാട്ട വീര്യം തന്നെയാണ് ഒന്നാമത്തെ കാരണം. സ്‌കൂളുകളിലും ആശുപത്രികളിലും ആംബുലൻസ് വാഹനങ്ങളില്‍ വെച്ച് പോലും ഏത് നിമിഷവും തങ്ങള്‍ ബോംബിംഗിനിരയാവുമെന്ന് ഉറപ്പുണ്ടായിട്ടും ഓരോ ഫലസ്ത്വീനിയുടെ ഹൃദയവും മനസ്സും മന്ത്രിക്കുന്നു: 'ഞങ്ങള്‍ രക്തം വാര്‍ന്ന് മരിക്കും; അഭിമാനം വാര്‍ന്ന് മരിക്കില്ല.' പോരാട്ട ഭൂമിയില്‍നിന്ന് പല വാര്‍ത്തകളും പുറത്ത് വരുന്നില്ലെങ്കിലും കരയുദ്ധത്തിനായി ഇസ്രായേല്‍ സൈന്യം ഏതാനും മീറ്ററുകള്‍ ഗസ്സാ അതിര്‍ത്തി കടന്നുചെന്നപ്പോഴേക്കും കനത്ത ഒളിപ്പോരാക്രമണം നേരിടേണ്ടിവന്നു എന്നാണ് ലഭിക്കുന്ന വിവരം.
കിലോമീറ്ററുകളോളം കടന്നാല്‍ പല ചതിക്കുഴികളിലും ചാടുമെന്ന് ഉറപ്പുള്ളതിനാല്‍ കരയുദ്ധത്തിനിറങ്ങാതെ നീട്ടിക്കൊണ്ട് പോവുകയാണ്. മാത്രമല്ല, നരമേധത്തിനെതിരെ ഓരോ ദിവസം പിന്നിടുമ്പോഴും മുഴുവന്‍ ലോക രാജ്യങ്ങളിലും പ്രതിഷേധം കനക്കുകയാണ്. ഇസ്രായേലില്‍ പോലും ഏറ്റവുമൊടുവിലത്തെ അഭിപ്രായ സര്‍വേ പ്രകാരം ബെഞ്ചമിന്‍ നെതന്യാഹുവിനെ 27 ശതമാനം ആളുകളേ പിന്തുണക്കുന്നുള്ളൂ. യുദ്ധവിരുദ്ധ വികാരം ഇസ്രായേലിനകത്തും ശക്തിപ്പെടുകയാണ്.
യുദ്ധത്തിന് മൂന്ന് ഘട്ടങ്ങള്‍ ഉണ്ടാവുമെന്നും ഓരോ ഘട്ടവും അനായാസം താണ്ടി ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നും വീമ്പടിച്ച ഇസ്രായേല്‍ സൈനികനേതൃത്വം ശരിക്കും ഇരുട്ടില്‍ തപ്പുകയാണ്. അതിലുള്ള കലിപ്പ് തീര്‍ക്കാന്‍ കൂടിയാണ് ഗസ്സയെ വീണ്ടും വീണ്ടും ചുട്ടു ചാമ്പലാക്കുന്നത്.
ഇസ്രായേലിന് വലിയ പരിക്കില്ലാതെ എങ്ങനെ തലയൂരാം എന്നു മാത്രമാണ് ഇപ്പോള്‍ അമേരിക്ക ആലോചിക്കുന്നത്. ശിങ്കിടി രാജ്യങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ തന്ത്രങ്ങളുമായി ഇറങ്ങിയിരിക്കുന്നത് അതിനു വേണ്ടിയാണ്. പക്ഷേ, അത്തരം രാജ്യങ്ങള്‍ വരെ ജനരോഷം ഭയന്ന് ഇസ്രായേലില്‍നിന്ന് തങ്ങളുടെ അംബാസഡര്‍മാരെ പിന്‍വലിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അമേരിക്കക്കാണെങ്കില്‍ ഒരേസമയം മൂന്ന് പോരാട്ട ഭൂമികളില്‍ ഇറങ്ങേണ്ട ഗതികേടും. ഒന്ന്, യുക്രെയ്്ൻ. രണ്ട്, ചൈന. മൂന്ന്, ഫലസ്ത്വീന്‍. ഗസ്സയിലെ യുദ്ധം സിറിയയിലേക്കും ലബനാനിലേക്കും പടര്‍ന്നാല്‍ മേഖലയിലെ അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കൊക്കെ അത് വലിയ ഭീഷണിയായിരിക്കും. യുദ്ധച്ചെലവുകള്‍ കണ്ടമാനം കൂടും. അത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്റെ വിജയ സാധ്യത അവതാളത്തിലാക്കും. ഇതൊക്കെ കണ്ടാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി തെക്ക് വടക്ക് ഓടുന്നത്; അല്ലാതെ സമാധാനം പുലര്‍ന്നുകാണാനുള്ള ആഗ്രഹം കൊണ്ടല്ല. l
Comments