അവിസ്മരണീയ ഓർമകൾ സമ്മാനിച്ച് യു.കെയിലെ ‘രിബാത്ത്’ കുടുംബ സംഗമം
യു.കെ മലയാളികൾ തുടക്കം കുറിച്ച പ്രാസ്ഥാനിക കൂട്ടായ്മയായ സ്ട്രൈവ് യു.കെ പ്രതിവർഷം നടത്തിവരാറുള്ള കുടുംബ സംഗമമാണ് രിബാത്ത്. കഴിഞ്ഞ മാസം മൂന്നാമത്തെ വാരാന്ത്യത്തിലായിരുന്നു ഈ വർഷത്തെ ദ്വിദിന രിബാത്ത് ക്യാമ്പ്.
ഇസ്്ലാമിക ചട്ടക്കൂടിൽ സമകാലിക പ്രശ്നങ്ങളെ നോക്കിക്കാണാൻ ബൗദ്ധികമായി പ്രവർത്തകരെ വളർത്തിയെടുക്കുകയെന്നതാണ് രിബാത്തിന്റെ കാതൽ. പുതു തലമുറ കുട്ടികളും മുതിർന്നവരുമടക്കമുള്ളവർക്ക് പ്രത്യേകം പ്രത്യേകം സെഷനുകളും ഇതിനായി ക്രമീകരിക്കാറുണ്ട്. ഇസ്്ലാമിക പ്രവർത്തകരുടെ പരസ്പരബന്ധം ഊഷ്മളമാക്കുന്നതിന് പ്രാധാന്യം നൽകിയാണ് രിബാത്ത് നടത്തിവരാറുള്ളത്.
ഇസ്്ലാമിക് ഫൗണ്ടേഷൻ എന്ന ചുരുക്കപ്പേരിൽ വിളിക്കപ്പെടുന്ന, ബ്രിട്ടീഷ് മുസ്്ലിംകളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇസ്്ലാമിക പ്രവർത്തകരും സാധാരണ ഒത്തുചേരാറുള്ള ലസ്റ്ററിലെ മാർക് ഫീൽഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജുക്കേഷൻ സെന്ററാണ് പതിവ് പോലെ ഇത്തവണയും രിബാത്തിന് വേദിയായത്.
ഫൗണ്ടേഷനിൽ വെച്ച് ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ പൂർവകാല മുൻനിര നേതാക്കളിലൊരാളും ഗ്രന്ഥകാരനും പണ്ഡിത വര്യനുമായിരുന്ന ഖുർറം മുറാദ് അവിടുത്തെ വിദ്യാർഥികൾക്ക് വേണ്ടി നടത്തിയ ക്ലാസ്സുകളാണ് പിന്നീട് പുലർകാല യാമങ്ങൾ, ഖുർആനിലേക്കുള്ള പാത എന്നീ പേരുകളിൽ പുസ്തകമായത്.
പ്രഫ. ഖുർശിദ് അഹ്്മദ് ഇസ്‌ലാം മതം എന്ന മൗലാനാ മൗദൂദിയുടെ കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതും ഇവിടെവെച്ചായിരുന്നു. യു.കെയിലെ ശ്രദ്ധേയമായ ഇസ്്ലാമിക പ്രസിദ്ധീകരണാലയമായ ക്യൂബ് പബ്ലിക്കേഷൻസും ഇസ്്ലാമിക ഗവേഷണ കേന്ദ്രവും ഉന്നത ഇസ്്ലാമിക കലാലയവും കോൺഫറൻസ് സെന്ററുമൊക്കെ ഉൾക്കൊള്ളുന്ന പത്തേക്കറിൽ വ്യാപിച്ചു കിടക്കുന്ന വലിയ ഒരു സ്ഥാപന സമുച്ചയമാണ് ഇന്ന് ഇസ്്ലാമിക് ഫൗണ്ടേഷൻ.
പ്രമേയം കൊണ്ടും പ്രമുഖരുടെ സാന്നിധ്യം കൊണ്ടും രിബാത്ത് എല്ലായ്പോഴും ശ്രദ്ധേയമാകാറുണ്ട്. ഇത്തവണ ജമാഅത്തെ ഇസ്്ലാമി കേരള അമീർ മുജീബുർറഹ്്മാൻ സാഹിബിന്റെ സാന്നിധ്യമാണ് രിബാത്തിനെ ആകർഷകമാക്കിയ ഘടകങ്ങളിലൊന്ന്. ഇസ്്ലാമിക പ്രസ്ഥാനങ്ങളുടെ സമകാലിക പ്രസക്തിയെക്കുറിച്ചും, സാമൂഹിക പരിവർത്തനത്തിനായി പ്രവർത്തിക്കുന്നവർ എന്ന നിലയിൽ മറ്റു കൂട്ടായ്മകളിൽനിന്ന് പ്രസ്ഥാനത്തെ വ്യത്യസ്തമാക്കുന്ന ഇസ്്ലാമിക അധ്യാപനങ്ങളെക്കുറിച്ചും ഓർമപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ലഘുവും ഉൾക്കാഴ്ച പകരുന്നതുമായ സംസാരം.
ആഗോള മുസ്്ലിം സമൂഹം, ലോക ഇസ്്ലാമിക പ്രസ്ഥാനങ്ങൾ, ഇസ്്ലാമോഫോബിയ, സാമ്രാജ്യത്വം, ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂട ഭീകരത തുടങ്ങി വിവിധ വിഷയങ്ങളിലൂടെ ഒഴുകിപ്പരന്ന പ്രസംഗം ഇരുത്തിച്ചിന്തിപ്പിക്കുന്നതും അറിവും ആവേശവും നൽകുന്നതുമായി. സദസ്യരുടെ അന്വേഷണങ്ങൾക്കും അദ്ദേഹം മറുപടി നൽകി.
തജ്‌ദീദും ഇസ്്ലാമിക പ്രസ്ഥാനങ്ങളും എന്ന വിഷയത്തിലൂന്നിയുള്ള വർക് ഷോപ്പ് ആയിരുന്നു ക്യാമ്പിലെ മറ്റൊരു പഠന വിഷയം.തജ്‌ദീദീ പ്രസ്ഥാനങ്ങളുടെ ചരിത്രം, ആധുനിക തജ്ദീദീ പ്രസ്ഥാനങ്ങൾ, ഇന്ത്യയിലെ തജ്‌ദീദീ പ്രസ്ഥാനങ്ങൾ എന്നിവയുടെ ലഘു പരിചയം, കോളനിയാനന്തര കാലത്ത് നവോത്ഥാന നായകരായ ഇമാം അബുൽ അഅ്ലാ മൗദൂദിയും ഹസനുൽ ബന്നായും നടത്തിയ തജ്ദീദീ പ്രവർത്തനങ്ങൾ പൂർവകാല നവോത്ഥാന പ്രവർത്തനങ്ങളിൽനിന്ന് എങ്ങനെ വ്യത്യസ്തമായി, അപകോളനീകരണ കാലത്ത് തജ്ദീദിന്റെ മുൻഗണനാക്രമങ്ങൾ ഇങ്ങനെ വിഷയത്തിന്റെ പല തലങ്ങൾ സ്പർശിക്കുന്നതായിരുന്നു ഈ പഠന സെഷൻ.
‘May I have your attention please’ എന്ന തലക്കെട്ടിൽ സാമൂഹിക മാധ്യമങ്ങളെ ക്രിയാത്മകമായി എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്നതായിരുന്നു മറ്റൊരു സെഷൻ. വിവിധ യു.കെ കമ്പനികളിൽ കമ്യൂണിക്കേഷൻസ് വിദഗ്ധനായി ജോലി ചെയ്യുന്ന നഈം ബദീഉസ്സമാനാണ് സെഷൻ കൈകാര്യം ചെയ്തത്.
‘സത്യവും ദുഷ്്പ്രചാരണങ്ങളും ഫലസ്ത്വീൻപ്രശ്നം ചുരുളഴിക്കുന്നു’ എന്ന തലവാചകത്തിൽ ഫലസ്ത്വീന്റെയും സയണിസ്റ്റ് കുടിയേറ്റ അധിനിവേശത്തിന്റെയും ചരിത്രം പഠിപ്പിക്കുന്നതായിരുന്നു സ്ട്രൈവ് യു.കെ മുൻ പ്രസിഡന്റ് സഗീർ മുഹമ്മദ് ശംസുദ്ദീൻ നയിച്ച സെഷൻ. ഫലസ്ത്വീൻ പ്രശ്നത്തിന്റെ വിവിധ വശങ്ങൾ പ്രവർത്തകർക്ക് പുതിയ തിരിച്ചറിവുകൾ നൽകി.
രിബാത്ത് ക്യാമ്പുകളുടെ സിഗ്നേച്ചർ സെഷൻ എന്ന് വിശേഷിപ്പിക്കാവുന്നതാണ് കുട്ടികൾ നേതൃത്വം നൽകുന്ന സെഷൻ. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, ഇസ്്ലാമികമായി അവ എങ്ങനെ അഭിമുഖീകരിക്കാം, മുതിർന്നവർ നൽകേണ്ട പിന്തുണ എന്നിങ്ങനെ ഇരു തലമുറയിലുള്ളവർക്കും ഉൾക്കാഴ്ച പകർന്നു ഈ സെഷൻ. ടീൻസ് പ്രായത്തിലുള്ള വിദ്യാർഥികളെ ഗ്രൂപ്പുകളാക്കി തിരിച്ചായിരുന്നു സെഷന്റെ രൂപകൽപന. വംശീയത, ഇസ്്ലാമോഫോബിയ, ലിംഗ-ലൈംഗിക സംവാദങ്ങൾ, ലഹരി ഉപയോഗം എന്നിവ കേന്ദ്രീകരിച്ച് അവരനുഭവിക്കുന്ന തീക്ഷ്്ണവും കാലികവുമായ പ്രശ്നങ്ങളും അവയോട് സ്വീകരിക്കേണ്ട നിലപാടും സമീപനവും ചർച്ചയായി.
പഠന സദസ്സുകളോടൊപ്പം പ്രവർത്തകർക്കിടയിലെ സ്നേഹബന്ധം ഊഷ്മളമാക്കുന്ന സരസമായ കലാകായിക സെഷനുകളും രിബാത്തിനെ ശ്രദ്ധേയമാക്കി. കലാപരിപാടികളിൽ അധികയിനങ്ങളുടെയും പ്രമേയം ഗസ്സയും ഫലസ്ത്വീനുമായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും വെവ്വേറെ നടത്തിയ കായിക മത്സരങ്ങൾ വീറുറ്റതായി. സഹോദരി ഖൗലത്ത് മുഹമ്മദിന്റെ നേതൃത്വത്തിൽ പാചകം ചെയ്ത് കൊണ്ടുവന്ന വിഭവങ്ങളുൾക്കൊള്ളുന്ന ഷോപ്പ് ധനശേഖരണത്തോടൊപ്പം ഗൃഹാതുര സ്മരണ സമ്മാനിക്കുന്ന സമ്മേളനാനുഭവമായി.
സ്ട്രൈവ് യു.കെ - അൽപം പരിചയം
മലയാളികൾ തുടക്കം കുറിച്ചതാണെങ്കിലും സ്ട്രൈവ് യു.കെ ഇന്ന് മലയാളികളുടെ മാത്രം കൂട്ടായ്മയല്ല. ലോകത്തിന്റെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്ന യു.കെയിലെ വിവിധ ഇസ്്ലാമിക കൂട്ടായ്മകളെക്കൂടി ഉൾക്കൊള്ളാനാവുന്ന വിധം അത് വികസിച്ചു കഴിഞ്ഞിരിക്കുന്നു. വളരെ ചെറിയ കാലം കൊണ്ടുതന്നെ സ്ട്രൈവ് യു.കെ ബ്രിട്ടന്റെ സാമൂഹിക മണ്ഡലത്തിൽ സവിശേഷ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഐ.ടി രംഗത്തുണ്ടായ കുതിച്ചുചാട്ടത്തെ തുടർന്ന് ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് പറിച്ചുനടപ്പെട്ട മലയാളികളായ ഇസ്്ലാമിക പ്രവർത്തകരുടെ പ്രാസ്ഥാനികമായ അനാഥത്വത്തിന് പരിഹാരമായി ആദ്യം ഓൺലൈൻ ഹൽഖകൾ രൂപം കൊള്ളുകയായിരുന്നു. തുടക്കത്തിൽ ഒരു ഹൽഖ മാത്രമായിരുന്നു. പ്രവർത്തകരുടെ വർധനവും വിവിധ രാജ്യങ്ങൾ തമ്മിലുള്ള സമയവ്യത്യാസവും ഒക്കെ പരിഗണിച്ച് പിന്നീടത് മൂന്ന് ഹൽഖകളായി മാറി. അതിൽ യൂറോപ്പും ആഫ്രിക്കയുമൊക്കെ ഉൾക്കൊള്ളുന്ന സെൻട്രൽ ഹൽഖയിൽനിന്നാണ് പിന്നീട് യു.കെ ഹൽഖയുണ്ടാവുന്നത്. ഇതാണിപ്പോൾ സ്ട്രൈവ് യു.കെ എന്ന പേരിൽ സ്വതന്ത്ര സംഘടനയായി സ്ഥാപിതമായിരിക്കുന്നത്.
2017-ൽ അന്നത്തെ ജമാഅത്തെ ഇസ്്ലാമി അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ ടി. ആരിഫലി സാഹിബാണ് സ്ട്രൈവ് യു.കെയുടെ ഉദ്ഘാടനം നിർവഹിച്ചത്. അഞ്ഞൂറിലധികം അംഗങ്ങളുള്ള ബ്രിട്ടീഷ് മുസ്്ലിംകളുടെ പൊതു കൂട്ടായ്മയായ മുസ്്ലിം കൗൺസിൽ ഓഫ് ബ്രിട്ടനിൽ (എം.സി.ബി)അംഗത്വമുള്ള സംഘടനയാണ് സ്ട്രൈവ് യു.കെ. സംഘടനയുടെ പുതിയ പ്രസിഡന്റ് കൂടിയായ ശഹീൻ കെ. മൊയ്‌തുണ്ണി എം.സി.ബിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമാണ്.
പ്രവർത്തകരുടെ പരസ്പര ബന്ധവും ബൗദ്ധികമായ വളർച്ചയും ഉറപ്പുവരുത്തുന്നതിൽ രിബാത്ത് ചെറുതല്ലാത്ത പങ്കാണ് വഹിക്കുന്നത്. പരസ്പരം അറിയാനും പരിചയം പുതുക്കാനുമായി പ്രത്യേകം സെഷനും പരിപാടിയുടെ ഭാഗമായിരുന്നു. ദ്വിദിനങ്ങളിലായി നടന്ന ക്യാമ്പിൽ ഡോ. ഫയാസ്, ഹുസ്ന ശക്കീബ് എന്നിവരുടെ ഖുർആൻ അവതരണവും ഹദീസ് ക്ലാസും ആത്മവിചാരണക്ക് പ്രവർത്തകർക്ക് പ്രചോദനമായി. സ്ര്ടൈവ് യു.കെ പ്രസിഡന്റ് ഡോ. ശഹീൻ കെ. മൊയ്്തുണ്ണി അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡൻറ് ഡോ. സലീന അജണ്ട പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി പി.പി ജസീം റിപ്പോർട്ട് അവതരിപ്പിച്ചു.
സ്നേഹിച്ച് കൊതിതീരും മുെ വിട്ടുപിരിയുന്ന സുഹൃത്തിനെ പോലെയാണ് ഓരോ രിബാത്തും കടന്നുപോകാറുള്ളതെന്നാണ് പ്രവർത്തകരുടെ അനുഭവ സാക്ഷ്യം. നൂറുകണക്കിന് മൈലുകൾ താണ്ടിയെത്തിയ പ്രവർത്തകർക്ക് വലിയ ഊർജം പകർന്ന പരിപാടിക്ക് ഒക്ടോബർ 22-ന് പരിസമാപ്തി കുറിച്ചു. സ്ട്രൈവ് യു.കെ മുതിർന്ന അംഗം മൂസാൻ സാഹിബിന്റെ ഹൃദയസ്പർശിയായ ഉദ്ബോധനത്തോടെയായിരുന്നു പരിപാടിയുടെ സമാപനം. l
Comments