Prabodhanm Weekly

Pages

Search

2023 നവംബർ 17

3327

1445 ജമാദുൽ അവ്വൽ 03

രക്തരക്ഷസ്സിന്റെ രാഷ്ട്രരൂപം

ഫസ് ലുർറഹ്്മാൻ കൊടുവള്ളി

''മുസ് ലിംകളെ സംബന്ധിച്ചേടത്തോളം  കൊളോണിയലിസത്തിന്റെ നികൃഷ്ട കരങ്ങളാൽ തങ്ങൾക്കേറ്റ അപമാനത്തിന്റെയും മനുഷ്യത്വരഹിതമായ ദുരിതങ്ങളുടെയും ഏറ്റവും ഒടുവിലത്തെ ജീവിക്കുന്ന അടയാളമാണ് ഇസ്രായേൽ രാഷ്ട്രം. പടിഞ്ഞാറൻ സാമ്രാജ്യത്വ ശക്തികളുടെ കൈക്രിയകളുടെയും ചൂഷണത്തിന്റെയും നിരന്തരമായ ഓർമപ്പെടുത്തലാണത്... ഇസ്രായേൽ രാഷ്ട്രം ഇസ് ലാമിനു നേരെ ജൂത- ക്രിസ്തീയ യൂറോപ്പ് വെച്ചുപുലർത്തുന്ന നിന്ദയുടെ പരമമായ ഉദാഹരണമാണ്.. "

ഡോ. ജെഫ്രി ലാംഗ് (പോരാട്ടവും കീഴടങ്ങലും)

ഇസ്രായേൽ എന്ന  രാക്ഷസ രാഷ്ട്രം ഫലസ്ത്വീൻ  ജനതയുടെ തലക്കുമീതെ ഘോര ഘോരം ചൊരിയുന്ന തീമഴ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നേതൃത്വങ്ങളും ഭരണകൂടങ്ങളും നോക്കുകുത്തിയാണ്. മറ്റു പലരും ഉറക്കം നടിക്കുന്നു. താൽപര്യങ്ങളുടെ തുടലുകൾ അറുത്തെറിഞ്ഞ്, നിവർന്നു നിന്ന് നിലപാട് പറയാൻ അറയ്ക്കുന്ന നിസ്സഹായതയിൽ അറബ് - മുസ് ലിം നേതൃത്വങ്ങൾ അകപ്പെട്ടിരിക്കുന്നു.  ഇസ്രായേലിന്റെ ഫലസ്ത്വീൻ വംശഹത്യക്കെതിരിൽ മനുഷ്യസ്നേഹികളുടെ  ധർമരോഷം ലോകത്ത് ജനാധിപത്യ സമൂഹങ്ങളിൽ അലയടിക്കുന്നുവെന്നത് നേര് തന്നെ. പക്ഷേ, ഓക്ടോബർ 7-ലെ ഹമാസ് തിരിച്ചടിയിലേക്ക് വിരൽ ചൂണ്ടി, ഇരകൾക്ക് ഭീകര പട്ടം ചാർത്തി നൽകി യഥാർഥ വേട്ടക്കാരായ ഇസ്രായേലിന്റെ ചട്ടമ്പിത്തരത്തെ വെള്ളപൂശുന്ന, രാഷ്ട്രീയ-അരാഷ്ട്രീയ സമൂഹങ്ങളിലെ കപട ധാർമികരുടെ ആഘോഷം മറുവശത്ത് പൊടിപൊടിക്കുകയാണ്.
ഇസ്രായേൽ എന്ന പടിഞ്ഞാറൻ ജാരസന്തതിയുടെ ദുഷ്ടതയും രാക്ഷസീയതയും ലോകത്തിനു മുന്നിൽ ഇനിയും കൂടുതൽ  വ്യാപ്തിയിൽ ഉറക്കെപ്പറയേണ്ടത് എത്രയും അനിവാര്യമായ സന്ദർഭമാണിത്. കെ.ടി ഹുസൈൻ രചിച്ച 'ഇസ്റാഈൽ - സാമ്രാജ്യത്വ ഗൂഢാലോചനയിൽ വിരിഞ്ഞ വംശീയ ഭീകര രാഷ്ട്രം' എന്ന ഐ.പി.ച്ച്  കൃതിയുടെ പ്രസക്തി വർധിക്കുന്നത് ഇവിടെയാണ്.

വംശീയതയെ ആദർശമായി വരിച്ച് , വംശഹത്യയിലൂടെ നിലവിൽ വന്ന് രക്തപ്പുഴയിലൂടെ നിലനിന്നുപോരുന്ന രാഷ്ട്രം. ഫലസ്ത്വീൻ തങ്ങളുടെ വാഗ്ദത്ത ഭൂമിയും പ്രപിതാക്കളുടെ നാടുമാണെന്ന മിത്തുകളിൽ പടുത്തുയർത്തിയ രാജ്യം. "ഇരു കൂട്ടർക്കും ഈ രാജ്യത്ത് ഒന്നിച്ചിടമില്ല. ഒരേയൊരു പരിഹാരം അറബികളില്ലാത്ത ഫലസ്ത്വീനാണെന്നും", "യഹൂദന്മാർക്ക് രാഷ്ട്രം സ്ഥാപിക്കാൻ ഉഗാണ്ടയിലോ മെഡഗാസ്കറിലോ മറ്റോ സ്ഥലം കരസ്ഥമാക്കുക എളുപ്പമായിരുന്നു. പക്ഷേ, ഫലസ്ത്വീനല്ലാതെ മറ്റൊരു നാടും അവർക്ക് ആവശ്യമില്ല തന്നെ " എന്നും  സയണിസ്റ്റ് ആചാര്യന്മാർ അന്തിമ ലക്ഷ്യം കുറിച്ച രാജ്യം.

മതപരമോ ചരിത്രപരമോ ആയ യാതൊരു കാരണത്താലുമല്ല, ഫലസ്ത്വീന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിന്റെ പ്രത്യേകതകളും എണ്ണ സമ്പത്തിലെ കണ്ണും മധ്യപൗരസ്ത്യ ദേശത്ത് സ്വാധീനം ഉറപ്പിക്കുക വഴി, കൊളോണിയൽ താൽപര്യങ്ങൾ സംരക്ഷിക്കാൻ കഴിയുമെന്ന പടിഞ്ഞാറിന്റെയും സിയോണിസത്തിന്റെയും കണക്കുകൂട്ടലുമാണ്, ഫലസ്ത്വീൻ മണ്ണിൽ ജൂതരാഷ്ട്രത്തെ കുടിയിരുത്തിയതിന്റെ പിന്നിലെന്ന് ഗ്രന്ഥകാരൻ അടിവരയിടുന്നു.

യൂറോപ്പിൽ പീഡിപ്പിക്കപ്പെട്ട യഹൂദരോടുള്ള സഹതാപമെന്ന ഭാവേനയും എന്നാൽ ആ 'ബാധ്യത' സ്വയം വഹിക്കാൻ മെനക്കെടാതെയും ഇതിലൊന്നും കക്ഷിയല്ലാത്ത അറബികളുടെ ഭൂമിയിൽ, അതിന്റെ ഉടമകളെ കൊന്നും ആട്ടിപ്പായിച്ചും ജൂതരാഷ്ട്രം ഉണ്ടാക്കിയതിന്റെ വൈരുധ്യവും പൈശാചികതയും കൃതി ചൂണ്ടിക്കാട്ടുന്നു.

ഹമാസിന്റെ ചെറുത്തുനിൽപ് ഇല്ലായിരുന്നുവെങ്കിൽ ഫലസ്ത്വീൻ പ്രശ്നം എന്നോ മണ്ണിട്ട് മൂടപ്പെടുമായിരുന്നുവെന്നും ലോകത്തിന് മുമ്പിൽ ഇസ്രായേൽ ചട്ടമ്പി രാഷ്ട്രം കൂടുതൽ മാന്യത നേടുമായിരുന്നുവെന്നുമുള്ള പുസ്തകത്തിലെ നിരീക്ഷണം കൃത്യമാണ്. നൈൽ  മുതൽ യൂഫ്രട്ടീസ് വരെയുള്ള അറേബ്യൻ  മേഖലകൾ ഒന്നടങ്കം ഉൾക്കൊള്ളുന്ന വിശാല ഇസ്രായേൽ പദ്ധതി പ്രയോഗവൽക്കരിക്കാൻ ജൂതരാഷ്ട്രത്തിന് കഴിയാത്തതും ഹമാസിന്റെ ഉശിരുള്ള പ്രതിരോധത്തിന്റെ ഫലമാണെന്നതും തർക്കമറ്റ കാര്യമാണ്.

ഇസ്രായേൽ രൂപവത്കരണത്തിന്റെ ചരിത്രവഴികളും അതിനു പിറകിലെ  സയണിസ്റ്റ് - സാമ്രാജ്യത്വ താൽപര്യങ്ങളും, ഫലസ്ത്വീൻ അധിനിവേശത്തിന്റെ ന്യായീകരണമായി സയണിസം നിർമിച്ചെടുത്ത ചരിത്രപരവും മതപരവുമായ മിത്തുകളുടെ പൊള്ളത്തരങ്ങളും തുറന്നുകാട്ടുന്ന 56 പുറങ്ങളിലുള്ള ലഘു കൃതിയാണിത്.   ഇസ്രായേൽ - ഫലസ്ത്വീൻ സംഘർഷമെന്ന ബൃഹത്തായ വിഷയത്തിന്റെ കാതലായ ഭാഗങ്ങൾ ചേർത്തുവെച്ച്  സംക്ഷേപിച്ചെഴുതിയ ഈ കൃതി, സാധാരണക്കാർക്കും വിദ്യാർഥികൾക്കും ഏറെ ഉപകാരപ്പെടും. 20 കൊച്ചു കൊച്ചു അധ്യായങ്ങളിലായി ഇസ്രായേൽ രാജ്യത്തിന്റെ ഭരണ- ഭൂപ്രകൃതി സ്ഥിതിഗതികളും ചരിത്ര പശ്ചാത്തലങ്ങളും, ഇസ്രായേലിനെ സാധ്യമാക്കിയ സാമ്രാജ്യത്വ അജണ്ടകളും ബാസൽ സമ്മേളനവും ബാൽഫർ പ്രഖ്യാപനവും, ജൂത ഭീകര സംഘങ്ങളുടെ പ്രവർത്തനങ്ങളും കൂട്ടക്കൊലകളും അറബ് സൈനിക നീക്കങ്ങളും, സമാധാന ചർച്ചകളുടെയും കരാറുകളുടെയും പരിണതികളും ഇൻതിഫാദയും, ഇന്ത്യ - ഇസ്രായേൽ നിലപാടുകളും മുതൽ നിലവിലെ ത്വൂഫാനുൽ അഖ്സ്വാ വരെയുള്ള സംഭവങ്ങൾ ഹ്രസ്വമായി കൃതി വിവരിക്കുന്നു.
 l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 34-35
ടി.കെ ഉബൈദ്

ഹദീസ്‌

ദാനത്തിന്റെ മാനദണ്ഡം
ഫാത്വിമ കോയക്കുട്ടി