Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

حَدَّثَنَا عَبْدُ العَزِيزِ  بْنُ صُهَيْبِِ قَالَ: سَمِعْتُ أَنَسَ بْن مَالِكٍ رَضِيَ اللهُ عَنْهُ يَقُولُ : مَرُّوا بجَنَازَةٍ، فأثْنَوْا عَلَيْهَا خَيْرًا، فَقَالَ النبيُّ صَلَّى اللهُ عليه وسلَّمَ: “وَجَبَتْ.” ثُمَّ مَرُّوا بِأُخْرَى فَأثْنَوْا عَلَيْهَا شَرًّا، فَقَالَ: “وَجَبَتْ.” فَقَالَ عُمَرُ  بنُ الخَطَّابِ رَضِيَ اللَّهُ عنْه: مَا وجَبَتْ؟ قَالَ: “هٰذا أثْنَيْتُمْ عَلَيْهِ خَيْرًا، فَوَجَبَتْ لَهُ الْجَنَّةُ، وَهٰذَا أثْنَيْتُمْ عَلَيْهِ شَرًّا، فَوَجَبَتْ لَهُ النَّارُ، أَنْتُمْ شُهَدَاءُ اللَّهِ فِي الأَرْضِ” (البخاري).

അബ്്ദുൽ അസീസിബ്്നു സ്വുഹൈബ് (റ) പറയുന്നു: "അനസുബ്നു മാലിക് (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: അവർ ഒരു ജനാസക്കരികിലൂടെ നടന്നപ്പോൾ ആളുകളെല്ലാവരും ജനാസയുടെ നന്മ പറഞ്ഞു വാഴ്ത്തി. അപ്പോൾ നബി (സ) പറഞ്ഞു: "നിർബന്ധമായിരിക്കുന്നു." പിന്നെ മറ്റൊരു ജനാസക്കരികിലൂടെ അവർ നടന്നു. അപ്പോൾ അവരെല്ലാം ജനാസയുടെ തിന്മ പറഞ്ഞ് ഇകഴ്ത്തി. അപ്പോഴും പ്രവാചകൻ പറഞ്ഞു:  "നിർബന്ധമായിരിക്കുന്നു." അപ്പോൾ ഉമറുബ്നുൽ ഖത്ത്വാബ് (റ) ചോദിച്ചു: "എന്താണ് നിർബന്ധമായത് ?" "നിങ്ങൾ നല്ലത് പറഞ്ഞ് വാഴ്ത്തിയ ആൾക്ക് സ്വർഗം നിർബന്ധമായിരിക്കുന്നു. നിങ്ങൾ തിന്മ പറഞ്ഞ് ഇകഴ്ത്തിയ ആൾക്ക് നരകവും നിർബന്ധമായിരിക്കുന്നു. നിങ്ങളാണ് ഭൂമിയിലെ അല്ലാഹുവിന്റെ സാക്ഷികൾ" (ബുഖാരി).

ഒരാൾ മരണപ്പെട്ടാൽ അയാളുടെ കൂട്ടുകാരും നാട്ടുകാരും അയാളെക്കുറിച്ച് പറയുന്ന വർത്തമാനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് ഹദീസിന്റെ പൊരുൾ. വാഴ്ത്തുന്നവരും ഇകഴ്ത്തുന്നവരും സ്വഹാബാക്കളെപ്പോലെ ഗുണകാംക്ഷികളും സൽസ്വഭാവികളുമാവണം. അഭിപ്രായ പ്രകടനങ്ങളിൽ സ്വാർഥതയും പക്ഷപാതിത്വവും ഉണ്ടാവരുത്.

നിഷ്കളങ്ക മനസ്സിൽനിന്നു വരുന്ന ഉദാത്ത വാക്കുകളാവണമത്. അപ്പോൾ അവർ വാഴ്ത്തിയവർ സ്വർഗത്തിലും അവർ ഇകഴ്ത്തിയവർ നരകത്തിലുമായിരിക്കും.

കാരണം, യഥാർഥ സത്യവിശ്വാസികൾ ഭൂമിയിൽ അല്ലാഹുവിന്റെ സാക്ഷികളാണ്.
മറ്റൊരിക്കൽ നബി (സ) പറഞ്ഞു: "ഏതൊരു മുസ്്ലിമിന് വേണ്ടിയാണോ നാലാളുകൾ അനുകൂലമായി സാക്ഷി നിൽക്കുന്നത് അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കും."

ഞങ്ങൾ ചോദിച്ചു: "മൂന്നാളുകൾ?"
റസൂൽ പറഞ്ഞു: "അതെ, മൂന്നാളുകളും."
ഞങ്ങൾ ചോദിച്ചു: "രണ്ടാളുകൾ?"
റസൂൽ പറഞ്ഞു: "അതെ, രണ്ടാളുകളും."
പിന്നെ ഞങ്ങൾ ഒരാളാണെങ്കിലോ എന്ന് ചോദിച്ചില്ല" (ബുഖാരി).
'നിങ്ങൾ മരിച്ചവരെ ചീത്ത പറയരുത്; അവർ അവരുടെ കർമങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു' എന്ന ഹദീസുമായി ഇത് വിയോജിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇബ്നു ബാസ് (റ) നൽകിയ മറുപടി ഇപ്രകാരമായിരുന്നു:

"ഇത് അധിക്ഷേപമല്ല. ആളുകൾക്കിടയിൽ പ്രചുരപ്രചാരമായ ഒരു കാര്യത്തെ അവർ മനസ്സിലാക്കിയതു പോലെ പറഞ്ഞു എന്നേയുള്ളൂ.. അതുകൊണ്ടാണ് റസൂൽ (സ) അവരെ തടയാതിരുന്നത്."
ഏതെങ്കിലും ഒരു വ്യക്തിയെക്കുറിച്ച് അയാൾ സ്വർഗാവകാശിയാണെന്ന് ഉറപ്പിച്ച് പറയാമോ  എന്ന് ചോദിച്ചപ്പോൾ ഇബ്നു ബാസ് പറഞ്ഞു:

"ഖുർആൻ-ഹദീസുകളുടെ പിൻബലമില്ലാതെ ഒരു വ്യക്തിയെ കുറിച്ചും അയാൾ  സ്വർഗത്തിലാണെന്ന് പറയാനാവില്ല. എന്നാൽ ഇമാം ശാഫിഈ, ഇമാം അഹ്്മദ്, ഇമാം മാലിക്, ഇമാം ഖാദി ഇയാദ് തുടങ്ങിയവർ, സത്യസന്ധരായ ആളുകൾ സാക്ഷ്യപ്പെടുത്തിയ നല്ല മനുഷ്യരെക്കുറിച്ച് സ്വർഗാവകാശികൾ എന്ന് പറയാമെന്ന് അഭിപ്രായപ്പെടുന്നുണ്ട്. മുകളിലെ ഹദീസാണ് അവർക്ക് തെളിവ്" (https://binbaz.org.).

ദുർനടപ്പ് പരസ്യമാക്കുന്നവരെക്കുറിച്ച് അനിവാര്യമാണെങ്കിൽ പരദൂഷണം പറയുന്നതിൽ തെറ്റില്ല എന്നും ഈ ഹദീസിൽനിന്ന് മനസ്സിലാക്കാം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്