ഖലീഫാ അബ്ദുൽ മലിക് കത്തിന്റെ കാണാപുറം വായിച്ചപ്പോൾ
ഖലീഫാ അബ്ദുൽ മലികിന്റെ ഭരണകാലത്ത് ജീവിച്ചിരുന്ന താബിഉകളുടെ തലമുറയിൽ പെട്ട മഹാനായ പണ്ഡിതനും കർമശാസ്ത്ര വിശാരദനുമാണ് ഇമാം ശഅബി. ആമിറുബ്നു ശുറഹ്ബീൽ എന്നാണ് യഥാർഥ പേർ. പ്രത്യുൽപന്നമതിയും കൂർമബുദ്ധിയുമായ ഇമാം ശഅബിയോട് പല കാര്യങ്ങളിലും ഖലീഫ കൂടിയാലോചന നടത്താറുണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് നയതന്ത്ര ദൗത്യവുമായി അദ്ദേഹത്തെ നിശ്ചയിക്കാറുമുണ്ടായിരുന്നു.
ഒരിക്കൽ ഖലീഫാ അബ്ദുൽ മലിക്, അത്തരം ഒരു സന്ദേശം കൈമാറാനായി ഇമാം ശഅബിയെ റോമാ ചക്രവർത്തിയുടെ അടുത്തേക്കയച്ചു. ചക്രവർത്തി ശഅബിയോട് പലവിധ ചോദ്യങ്ങൾ ചോദിച്ചു. കൃത്യമായ മറുപടികൾ കേട്ട് ചക്രവർത്തി ഇമാമിന്റെ ബുദ്ധിവൈഭവത്തിലും സാമർഥ്യത്തിലും ആശ്ചര്യഭരിതനായി.
"താങ്കൾ രാജകുടുംബാംഗമാണോ?" ചക്രവർത്തി അന്വേഷിച്ചു.
ഇമാം: "അല്ല, ഞാൻ ഒരു സാധാരണക്കാരനാണ്. "
ചക്രവർത്തി എന്തോ സ്വയം മന്ത്രിച്ച് ഒരു കുറിപ്പെഴുതി ഇമാമിന് കൈമാറിക്കൊണ്ട് പറഞ്ഞു: "നമുക്കിടയിൽ നടന്ന സംഭാഷണം കേൾപ്പിച്ച ശേഷം ഈ കുറിപ്പ് ഖലീഫക്ക് കൈമാറണം."
ഇമാം ശഅബി ചക്രവർത്തിയോട് വിട ചൊല്ലി. നേരെ ഖലീഫയുടെ ദർബാറിലെത്തി വിവരങ്ങളെല്ലാം പറഞ്ഞു. ആ കുറിപ്പ് അദ്ദേഹത്തെ ഏൽപിക്കുകയും ചെയ്തു.
ഖലീഫ കുറിപ്പിലൂടെ കണ്ണോടിച്ച ശേഷം ഇമാമിനോട് ചോദിച്ചു: "ഈ വരികൾ കുറിക്കുന്നതിനു മുമ്പായി ചക്രവർത്തി താങ്കളോട് വല്ലതും ചോദിച്ചിരുന്നോ?"
"അതെ, രാജകുടുംബവുമായി ബന്ധമുേണ്ടാ എന്ന് അന്വേഷിച്ചിരുന്നു. ഞാൻ, ഇല്ല എന്ന മറുപടിയും നൽകി." ഇത്രയും പറഞ്ഞു ഇമാം ഖലീഫയുടെ
കൊട്ടാരത്തിൽനിന്ന് പുറത്തിറങ്ങി.
ഖലീഫ പിറ്റേ ദിവസം ഇമാമിനെ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി, താങ്കൾ ആ കത്ത് വായിച്ചിരുന്നോ എന്നാരാഞ്ഞു. ഞാൻ വായിച്ചിട്ടില്ലെന്ന് ഇമാം മറുപടി നൽകി.
ഖലീഫ: "ഇതാ ഒന്നു വായിച്ചാലും."
'ഇതുപോലെ കഴിവും വിവേകവുമുള്ള ഒരു വ്യക്തിയുണ്ടായിരുന്നിട്ടും മറ്റൊരാളെയാണിവർ രാജാവായി വാഴിച്ചിരിക്കുന്നത്' എന്നാണതിൽ കുറിച്ചിരുന്നത്.
ഇമാം: "ഇതാണ് ആ കത്തിന്റെ വിഷയമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനത് സ്വീകരിക്കുമായിരുന്നില്ല."
ഖലീഫ: "റോമാ ചക്രവർത്തി അതുകൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായോ?"
ഇമാം: "ഇല്ല."
ഖലീഫ: "എന്നെ താങ്കൾക്കെതിരെ തിരിച്ചുവിടാനും അങ്ങനെ താങ്കളെ വകവരുത്താനുമുള്ള ചക്രവർത്തിയുടെ ഗൂഢാലോചനയാണിത്."
തന്റെ കത്തിനെക്കുറിച്ചുള്ള ഖലീഫയുടെ നിഗമനം റോമാ ചക്രവർത്തി അറിയാനിടയായി. ഖലീഫയുടെ തീക്ഷ്ണബുദ്ധിയിൽ വലിയ മതിപ്പ് പ്രകടിപ്പിച്ചു അദ്ദേഹം. അതു തന്നെയായിരുന്നു തന്റെ ലക്ഷ്യമെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്.
മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)
Comments