Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

സ്ത്രീ സംവരണത്തിനകത്തും ഉപസംവരണങ്ങൾ ഉണ്ടാകണം

ഫൗസിയ ഷംസ്

പാര്‍ലമെന്റിന്റെ ഇരു സഭകളും കടന്ന വനിതാ സംവരണ ബില്ല് സ്ത്രീ സമൂഹത്തെ സംബന്ധിച്ചേടത്തോളം അഭിമാനകരവും പ്രതീക്ഷയുള്ളതുമാണ്. 'നാരീശക്തി വന്ദന്‍ ബില്‍'  എന്ന പുതിയ പേരിട്ട് അവതരിപ്പിച്ച് അതിന്റെ പിതൃത്വം ഏറ്റെടുക്കാനും സ്ത്രീ അവകാശങ്ങളുടെയും ശാക്തീകരണത്തിന്റെയും പോരാളികളായി സ്വയം അവതരിക്കാനുമാണ് ബി.െജ.പി മുന്നണിയുടെ നീക്കം. അടുത്ത വർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അത് ഗുണം ചെയ്യുമെന്നും അവർ കണക്ക് കൂട്ടുന്നു.

യഥാർഥത്തിൽ ഈ ബില്ലിന് വലിയൊരു ചരിത്ര പശ്ചാത്തലമുണ്ട്. യു.പി.എ ഭരണകാലത്ത് രാജ്യസഭ കടന്ന, ലോക് സഭയുടെ അംഗീകാരം കിട്ടാതെ പോയ ബില്ലാണ്  ഇരു സഭകളും കടന്ന് ചരിത്ര നിയമമായി ആഘോഷിക്കപ്പെടുന്നത്. 15-ാം ലോക് സഭയിലാണ് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ബില്‍  അവതരിപ്പിച്ചത്. 2009-ല്‍ യു.പി.എ ഗവണ്‍മെന്റ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയ ബില്ല്  2010- മാര്‍ച്ചില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത് വനിതാ ദിന സമ്മാനമായിട്ടായിരുന്നു.

1996-ല്‍ 12-ാം ലോക് സഭയില്‍ പ്രധാനമന്ത്രി ദേവഗൗഡയാണ് 108-ാം ഭരണഘടനാ ഭേദഗതിയോടെ ബില്‍ സഭയുടെ പരിഗണനക്ക് വെച്ചത്. സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആവശ്യമായ ഭേദഗതിക്കായി ഗീതാ മുഖര്‍ജി ചെയര്‍മാനായി കമ്മിറ്റി രൂപവത്കരിച്ചു. 1996 ഡിസംബര്‍ 20-ന് പാര്‍ലമെന്റ് പിരിയുന്നതിനു മുമ്പ് അജണ്ടയില്‍ ഉള്‍പ്പെടുത്തി പാസാക്കണമെന്ന കമ്മിറ്റി നിര്‍ദേശം, പക്ഷേ ഭരണ-പ്രതിപക്ഷ  എതിര്‍പ്പിനെ തുടര്‍ന്ന് നടന്നില്ല. 2004-ല്‍ യു.പി. എ സര്‍ക്കാറിന്റെ പൊതുമിനിമം പരിപാടിയുടെ ഭാഗമായി ബില്‍ വീണ്ടും അവതരിപ്പിച്ചുവെങ്കിലും സമാജ് വാദി, ആർ.ജെ.ഡി, ബി.എസ്.പി എന്നീ കക്ഷികള്‍ സംവരണത്തിനുള്ളില്‍ പിന്നാക്ക ന്യൂനപക്ഷ സ്ത്രീകള്‍ക്ക് സംവരണം വേണമെന്ന് വാദിച്ച് എതിര്‍ത്തതിനെ തുടര്‍ന്ന് വീണ്ടും മാറ്റിവെച്ചു. 2008-ല്‍ രാജ്യസഭ ചുമതലപ്പെടുത്തിയ സുദര്‍ശന നാച്ചിയപ്പന്‍ ചെയര്‍മാനായുള്ള സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടു. ഇതേ തുടര്‍ന്നായിരുന്നു രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കപ്പെട്ടത്. 

നിശ്ചിത എണ്ണം നിയമസഭകളും ലോക് സഭയും കൂടി കടന്നാല്‍ ബില്‍ നിയമമാകും എന്നു പ്രതീക്ഷിച്ചെങ്കിലും ബില്‍ അവതരിപ്പിക്കപ്പെടാതെയാണ് പതിനഞ്ചാം ലോക് സഭ കാലാവധി തീര്‍ന്നത്. രാജ്യസഭയില്‍ പാസായാലും ലോക് സഭ കാലാവധിക്കു മുമ്പ് ബില്ലുകള്‍ പാസാക്കാനായിട്ടില്ലെങ്കില്‍ ലോക്സഭയുടെ കാലാവധി തീരുന്ന മുറക്ക്  ആ ബില്ലുകള്‍  ലാപ്സാകുമെന്ന ചട്ടമനുസരിച്ചാണ് അന്ന് 18 വര്‍ഷം പൂര്‍ത്തിയായ സ്ത്രീസംവരണ ബില്ല് ലാപ്സായത്.

സംവരണത്തിനുള്ളിലെ സംവരണം

പക്ഷേ, രാജ്യത്തിന്റെ ബഹുമുഖ വളര്‍ച്ചക്ക് കാവല്‍ നിന്ന മതേതര ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും നോക്കുകുത്തിയാക്കി, പ്രതിപക്ഷത്തോട്  യാതൊരു വിധ ചര്‍ച്ചയും നടത്താതെ ധൃതിപിടിച്ച് പല ബില്ലുകളും പാസാക്കിയെടുത്ത എന്‍.ഡി.എ ഗവണ്‍മെന്റ് വനിതാ സംവരണമെന്ന  എക്കാലത്തെയും ആവശ്യം പ്രായോഗിക തലത്തിലേക്ക് എത്തുന്നതിന് ചില നിബന്ധനകള്‍ വെച്ചത് എന്തിനാണ്? പേരിന് നിയമമായെങ്കിലും അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ പോലും പ്രാബല്യത്തിലാകാത്ത വിധം മരവിപ്പിച്ചു നിര്‍ത്തുന്ന രീതിയിലാണ് ബില്‍ അവതരിപ്പിച്ചത്. 128-ാം ഭരണഘടനാ ഭേദഗതി ബില്ല് 334 എ 1 എന്ന അനുച്ഛേദം ചേര്‍ത്താണ് ഇപ്പോള്‍ പാസായത്. ലോക് സഭയില്‍ 330A1, 330A2, 330A3  എന്ന അനുച്ഛേദവും നിയമസഭയില്‍ 332 A പ്രകാരവുമാണ് ബില്‍ നിയമമാവുക. അതായത്, ഇരു സഭകളും അമ്പതു ശതമാനം സംസ്ഥാനങ്ങളും പാസാക്കിയാലും പ്രാബല്യത്തില്‍ വരണമെങ്കില്‍ പുതിയ സെന്‍സസും മണ്ഡല പുനര്‍നിര്‍ണയവും നടക്കണം എന്നാണ് 334 A1 അനുഛേദം അനുശാസിക്കുന്നത്. 2011-ന് ശേഷം സെന്‍സസ് നടന്നിട്ടില്ല. മൊത്തം സെന്‍സസിനും ജാതി സെന്‍സസിനും ആവശ്യം ഉയരുന്നുണ്ടെങ്കിലും അതിനുള്ള നടപടികളൊന്നും ആയിട്ടുമില്ല. യു.പി.എ ഭരണ കാലത്ത് ഉപസംവരണം ആവശ്യപ്പെട്ട് കോലാഹലമുണ്ടാവുകയും പ്രതിഷേധക്കാരെ പാര്‍ലമെന്റിൽനിന്ന് ബലം പ്രയോഗിച്ച് പുറത്താക്കുകയുമൊക്കെ ഉണ്ടായെങ്കിലും ഇപ്പോള്‍ യാതൊരു കോലാഹലവുമില്ലാതെ എല്ലാവരും ഐക്യത്തോടെ പാസാക്കിയിട്ടും അത് അടുത്തൊന്നും  അനുഭവിക്കാന്‍ യോഗമില്ലാതെ പോകുന്നത് മഹാ കഷ്ടമാണ്. അതുകൊണ്ടാണ്, സ്ത്രീസംവരണ നിയമം കൊണ്ടുവന്നെങ്കിലും അത് ആത്മാർഥമായും നടപ്പാക്കാൻ വേണ്ടി തന്നെയാണോ എന്ന സംശയമുയരുന്നത്. തെരഞ്ഞെടുപ്പിൽ പയറ്റാനുള്ള  രാഷ്ട്രീയായുധം മാത്രമാണോ അത്? മനുവാദ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ക്ക് പെട്ടെന്നങ്ങോട്ട് ഇങ്ങനെയൊരു ബോധോദയമുണ്ടാകുന്നത്, ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുടെ കാര്യശേഷിയില്ലായ്മ കൊണ്ടു മാത്രം വെറും 38 ശതമാനം ജനകീയ പിന്തുണയാല്‍ അധികാരത്തിലെത്തിയവര്‍ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടേണ്ടിവരിക  'ഇന്‍ഡ്യ' എന്ന വിശാല മുന്നണിയോടാണ്. അടുത്ത ലോക് സഭാ ഇലക്്ഷന്‍ 2024-ൽ നടക്കുമെന്നിരിക്കെ 2026-ൽ മാത്രമേ ബില്ല് പ്രായോഗിക തലത്തില്‍ നടപ്പാക്കാനാവൂ എന്നത്, ആര്‍.ജെ.ഡി  നേതാവ് റാബ്്റി ദേവി പറഞ്ഞതു പോലെ വെറും രാഷ്ട്രീയ തട്ടിപ്പും സഭാ നടപടികളിലെ ഒച്ചപ്പാടും മാത്രമാണ്.

എഴുപത്തിയഞ്ച്  വര്‍ഷം പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തിന് പിന്നാക്ക വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല എന്ന വസ്തുത വര്‍ത്തമാന കാല ഇന്ത്യനവസ്ഥകളെ മുന്‍നിര്‍ത്തി ഉള്‍ക്കൊണ്ടേ മതിയാകൂ. 2019-ൽ രാജ്യസഭ പാസാക്കിയ ബില്ല് 13 വര്‍ഷങ്ങള്‍ക്ക് ശേഷം 2-ന് എതിരെ 454 വോട്ടിന്റെ ഭൂരിപക്ഷത്തിന്  പാസായപ്പോള്‍ ബില്ലിനെതിരെ വോട്ട് ചെയ്ത മജ്ലിസ് ഇത്തിഹാദുല്‍ മുസ് ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ചൂണ്ടിക്കാട്ടിയ ഒരു യാഥാർഥ്യമുണ്ട്. രാജ്യത്തെ ഇതുവരെ നടന്ന 17 ലോക് സഭാ തെരഞ്ഞെടുപ്പുകളിൽ, 8992 എം.പിമാര്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ മുസ് ലിംകളുടെ എണ്ണം 520 മാത്രമാണ്. മുസ് ലിം ജനസംഖ്യ വെച്ചുനോക്കുമ്പോൾ 50 ശതമാനം കുറവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വനിതാ സംവരണ ബില്ലിനെ നിയമജ്ഞരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും പൊതുസമൂഹവും കാണേണ്ടത് ഈ വസ്തുതകള്‍ മുന്നില്‍ വെച്ചാണ്. ഇന്ത്യയിലെ സാമൂഹികാവസ്ഥകളെ വേണ്ടവിധം പുനരവലോകനം ചെയ്യാനും സങ്കുചിത രാഷ്ട്രീയ നിലപാടുകള്‍ക്കപ്പുറം പോവാനും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സാധിക്കേണ്ടതുണ്ട്.

മുസ് ലിം, ദലിത്, ആദിവാസി, പിന്നാക്ക സ്ത്രീ ജനങ്ങള്‍ക്ക് കൂടി നിയമനിര്‍മാണ സഭകള്‍ പ്രാപ്യമാകും രീതിയില്‍ നിയമം നടപ്പാകുമ്പോഴേ യഥാര്‍ഥ നീതി പുലര്‍ന്നുവെന്ന് പറയാനാകൂ. പാര്‍ലമെന്റിനകത്ത് പറയാതെ പുറത്തിരുന്ന്  ഉപസംവരണത്തെക്കുറിച്ച് പറയുന്ന കോണ്‍ഗ്രസ്, സി.പി.എം അടക്കമുള്ള പാർട്ടികള്‍ ഇക്കാര്യത്തില്‍ ആർജവം കാണിക്കണം. ബി.എസ്.പി, ആര്‍.ജെ.ഡി കക്ഷികള്‍ മുമ്പേ ഉന്നയിച്ച ഈയാവശ്യത്തെ കോണ്‍ഗ്രസ്, സി.പി.എം കക്ഷികള്‍ മുമ്പ് അവഗണിച്ചതായിരുന്നു. ഏതൊരു സമൂഹത്തിലും  സാമൂഹിക നീതി പുലരുന്നത് സ്ത്രീകൾ കൂടി ശാക്തീകരിക്കപ്പെടുകയും ജനപ്രതിനിധി സഭകളിൽ അവർക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുമ്പോഴാണ്. കാലത്തോടൊപ്പം സഞ്ചരിച്ച് സാമൂഹിക ഉണർവുകള്‍ നേടിയെടുക്കാൻ മുസ്്ലിംകളടക്കമുള്ള ന്യൂനപക്ഷ പിന്നാക്ക സ്ത്രീകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അര്‍ഹതപ്പെട്ട പല അവകാശങ്ങളും ഭരണകൂടങ്ങൾ തന്നെ നിരാകരിക്കുന്നതാണ് നിലവിലെ അവസ്ഥ.

വനിതാ സംവരണ ബില്ല് നിലവിലുള്ള രൂപത്തില്‍ തന്നെയാണ് അവതരിപ്പിക്കുന്നതെങ്കില്‍ അത് വരേണ്യവര്‍ഗത്തിലെ ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന ജീവിത നിലവാരവുമുള്ളവര്‍ക്കു മാത്രമേ ഉപകാരപ്പെടൂ. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾ പുറന്തള്ളപ്പെടും. സമത്വവും സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശങ്ങളും എപ്പോഴും  സന്തുലിതമായിരിക്കണം. എങ്കില്‍ മാത്രമേ യഥാര്‍ഥ പുരോഗതിയിലൂടെ രാജ്യം കുതിക്കുകയുള്ളൂ. ഇതൊക്കെയായിരുന്നു ബില്ലിനെ എതിര്‍ത്തവര്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്. ഇക്കാര്യത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയല്ലാതെ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് നിയോഗിച്ച സച്ചാര്‍ കമ്മിറ്റി, പട്ടിക വര്‍ഗത്തെക്കാള്‍ പിന്നിലാണ് മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയെന്ന് റിപ്പോര്‍ട്ട് ചെയ്തെങ്കിലും അക്കാര്യത്തിൽ ഒന്നും ചെയ്യാൻ ഒരു ഭരണകൂടത്തിനും ആയിട്ടില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അടുത്തിടെ വന്ന മുസ്്ലിം വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെ കുറിച്ച റിപ്പോര്‍ട്ട്. വിശ്വാസത്തോടൊപ്പം സഞ്ചരിച്ച് വിദ്യാഭ്യാസ-തൊഴില്‍ മേഖലകൾ എത്തിപ്പിടിക്കാനുള്ള ശ്രമത്തെ സ്റ്റേറ്റ് തന്നെ തടഞ്ഞതിന്റെ കാഴ്ചകളാണ് കര്‍ണാടകയില്‍ സ്‌കൂളിലെ മഫ്ത നിരോധനത്തിൽ കണ്ടത്. ഇന്ത്യയിലങ്ങോളമുള്ള ജയിലറകളിലല്ലാതെ രാഷ്ട്രത്തിന്റെ മുഖ്യധാരയിലെവിടെയും മുസ്്ലിംകൾക്കും പിന്നാക്ക ജാതിക്കാർക്കും ഇടം കിട്ടിയിട്ടില്ല.  പാര്‍ലമെന്റിൽ അവതരിപ്പിക്കപ്പെട്ട ചില നിയമങ്ങളെങ്കിലും മുസ്്ലിം, പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ- സാമൂഹിക ഉന്മൂലനം ലക്ഷ്യം വെച്ചുള്ളതുമാണ്. അവര്‍ക്കായി ഉണ്ടാക്കിയത് ടാഡയും പോട്ടയും യു.എ.പി.എയും പോലെ ജയില്‍ നിറക്കാനുള്ള നിയമങ്ങൾ. മതേതര പാര്‍ട്ടികളാണെന്നവകാശപ്പെട്ടവര്‍ പോലും ഇതിലൊക്കെ പങ്കാളികളാണ്. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച്  ഇന്‍ഡ്യാ മുന്നണിക്കുവേണ്ടി ശ്രമിക്കുന്ന  പാര്‍ട്ടികള്‍ ചിന്തിക്കണം.  അര്‍ഹതപ്പെട്ട ഭരണഘടനാ അവകാശത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ തീവ്രവാദിയും നക്സലൈറ്റും രാജ്യദ്രോഹിയുമായി മാറുന്ന സാഹചര്യമാണ് വര്‍ത്തമാനകാല ഇന്ത്യയിലുള്ളത്. അവകാശങ്ങളെ കുറിച്ച് ചിന്തിക്കുന്നത്  പാപമായിക്കാണുന്ന സാമൂഹികാവസ്ഥകളും അതിനു നേതൃത്വം നല്‍കുന്ന പ്രത്യയശാസ്ത്രങ്ങളും കരുത്താർജിക്കുകയാണ്. സംശയത്തിന്റെ മുനയില്‍ നിര്‍ത്തി വേട്ടയാടുകയും അടിച്ചുകൊല്ലുകയും ചെയ്ത്, സ്വയം നവീകരണത്തിന് സാധ്യമല്ലാത്തവിധം ഒരു സമുദായം ദുർബലമാക്കപ്പെടുന്ന വര്‍ത്തമാനകാലത്ത്, ആ സമുദായത്തിലെ സ്ത്രീകള്‍ മാത്രം രാഷ്ട്രീയ - സാമൂഹിക സംവരണമേതുമില്ലാതെ പൊതു ഇടങ്ങളില്‍ കരുത്താർജിക്കുക എന്നത് സാധ്യമായ കാര്യമേയല്ല.

സംവരണമെന്നത് അവസര സമത്വത്തിനു വേണ്ടിയുള്ള നടപടികളാണ്. രാജ്യത്തിന്റെ നയ രൂപവത്കരണത്തിൽ സ്ത്രീകൾ കൂടി മതിയായ ഭാഗഭാഗിത്വം വഹിക്കുമ്പോൾ മാത്രമേ  യഥാര്‍ഥ ശാക്തീകരണം നടക്കുകയുള്ളൂ. 33 ശതമാനം സംവരണം കിട്ടിയാൽ തന്നെ എല്ലാമായി എന്ന മട്ടിലുള്ള സ്ത്രീവാദ  പ്രസ്ഥാനങ്ങളുടെ നിലപാടുകളും മാറേണ്ടതുണ്ട്. സ്ത്രീസമൂഹത്തിന്റെ ബഹുമുഖമായ വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍ സംവരണത്തിനുള്ളിലെ ‍സംവരണത്തിനായും മുറവിളി ഉയര്‍ത്തേണ്ടതുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്