"ന്യൂസ് ക്ലിക്കി'ന് ഐക്യദാര്‍ഢ്യം
ചൈനാ അനുകൂല പ്രചാരണത്തിന് വിദേശ സഹായം കൈപ്പറ്റി എന്നാരോപിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടലായ 'ന്യൂസ് ക്ലിക്കി'ലെ മാധ്യമ പ്രവര്‍ത്തകരുടെയും കോളമെഴുത്തുകാരുടെയും വീട്ടില്‍ ദല്‍ഹി പോലീസ് റെയ്ഡ് നടത്തിയത് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി മുദ്രവെച്ചു. അതിന്റെ ചീഫ് എഡിറ്ററും സ്ഥാപകനുമായ പ്രബിര്‍ പുരകായസ്ത, എച്ച്. ആര്‍.ഡി തലവന്‍ അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്തു. യു.എ.പി. എ എന്ന കരിനിയമം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, കസ്റ്റഡിയിലെടുത്ത പത്രപ്രവര്‍ത്തകരോട് ചൈനാ ഫണ്ടിനെക്കുറിച്ച് മാത്രമല്ല ദല്‍ഹി കലാപം, കര്‍ഷക സമരം, ശഹീന്‍ ബാഗ് പ്രക്ഷോഭം, കോവിഡ്കാല ദുരന്തങ്ങള്‍ തുടങ്ങി കേന്ദ്ര ഭരണകൂടത്തെ പ്രതിക്കൂട്ടിലാക്കുന്ന പല വിഷയങ്ങളെക്കുറിച്ചും പോലീസ് ചോദിച്ചതായാണ് അറിയുന്നത്.
മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ് ഈ റെയ്ഡ് എന്നര്‍ഥം. കേന്ദ്ര ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകരാണ് റെയ്ഡിന് വിധേയരായ മാധ്യമ പ്രവര്‍ത്തകരെല്ലാം. ചൈനയില്‍നിന്ന് ഫണ്ട് കൈപ്പറ്റി എന്ന ആരോപണം റെയ്ഡിനുള്ള നിമിത്തം മാത്രം.
നമ്മുടെ നാട്ടിലെ മീഡിയാ പ്രവർത്തനം അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഏതാണ്ട് മുഴുവനായി ഭരണകൂടത്തിന്റെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞു. പ്രലോഭനങ്ങളില്‍ വീഴാത്തവര്‍ക്ക് ഏതു നിമിഷവും ഇ.ഡി റെയ്ഡ് പ്രതീക്ഷിക്കാം. എന്‍.ഡി.ടി.വി എന്ന ചാനല്‍ വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ അതിന്റെ ഉമടസ്ഥത തന്നെ കൈക്കലാക്കി പല്ലും നഖവും ഊരിക്കളഞ്ഞു. മുഖ്യധാരയിലെ ഏത് ചാനല്‍ പരിപാടികള്‍ പരിശോധിച്ചാലും ഭരണകക്ഷിയായിരിക്കും അതിന്റെ ഗുണഭോക്താക്കള്‍. ഭരിക്കുന്നവര്‍ക്ക് അനുകൂലമായ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സാഹചര്യം മനപ്പൂര്‍വം സൃഷ്ടിച്ചുകൊടുക്കുകയാണ്. അതിനു വേണ്ടി കള്ളങ്ങള്‍ കെട്ടിച്ചമക്കാനോ പച്ചയായി വര്‍ഗീയത പറയാനോ ആങ്കര്‍മാര്‍ക്കോ മറ്റു അവതാരകര്‍ക്കോ യാതൊരു മടിയുമില്ല. ന്യൂസ് ചാനലുകളിലെ അത്തരം 14 ആങ്കര്‍മാരെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് 'ഇന്‍ഡ്യാ' മുന്നണി അവരെ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ ധീരമായ നടപടി സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴഞ്ഞ് യജമാനദാസ്യം പ്രകടിപ്പിക്കുന്നവര്‍ മാധ്യമ പ്രവര്‍ത്തനത്തിന് തീരാ കളങ്കമാണ്. ചരിത്രം അവരെ വിചാരണക്ക് വെക്കാതിരിക്കില്ല. അപ്പോഴും ചെറുത്തുനില്‍പിന്റെ ഒറ്റപ്പെട്ട തുരുത്തുകള്‍ ബാക്കിയുണ്ടെന്നത്് ആശ്വാസകരമാണ്. ന്യൂസ് ക്ലിക്കിനെതിരെയുള്ള നീക്കം പോലെ, പല വിധത്തില്‍ അവയെ ശ്വാസം മുട്ടിക്കാന്‍ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മീഡിയാ വണ്ണിനെതിരായ നീക്കം കോടതി ഇടപെട്ട് തടഞ്ഞത് സത്യത്തിനും നീതിക്കും വേണ്ടി നിലയുറപ്പിക്കുന്നവര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. മഹാരാഷ്ട്രയിലെ മറാഠി ന്യൂസ് ചാനലായ 'ലോക് ശാഹി'ക്ക് ഭരണകൂടം മൂന്ന് ദിവസത്തെ സംപ്രേഷണാനുമതി നിഷേധിച്ചപ്പോള്‍ സമയം തീരുന്നതിന് മുമ്പ് തന്നെ കോടതി ഇടപെട്ട് വിലക്ക് നീക്കിയത് പോരാട്ട ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. ഭരണകൂട ഭീകരതക്കിരയാവുന്ന ന്യൂസ് ക്ലിക്കിനൊപ്പം ജനാധിപത്യ സമൂഹം നിലയുറപ്പിക്കേണ്ട സന്ദര്‍ഭമാണിത്.
Comments