Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

ആ നാമം സ്മരിക്കപ്പെടാത്ത നിമിഷങ്ങളില്ല

നസീര്‍ പള്ളിക്കല്‍

റബീഉല്‍ അവ്വല്‍ പ്രവാചകൻ ജനിച്ച മാസമെന്ന നിലയിൽ ഏറെ ശ്രദ്ധിക്കപ്പെടുക സ്വാഭാവികം. ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മാറ്റിനിര്‍ത്തിയാല്‍ റബീഉല്‍ അവ്വലിലെ പ്രവാചക സ്നേഹപ്രകടനങ്ങള്‍ പ്രശംസനീയമാണ്.
റബീഉല്‍ അവ്വലിന്റെ പ്രധാന പ്രയോജനം അതിന്റെ ഊര്‍ജമാണ്. ഈ ഊര്‍ജത്തില്‍ പ്രവാചകന്‍ വെളിച്ചമായും തെളിച്ചമായും ഉദിച്ചു നില്‍ക്കുന്നു; ഒപ്പം സാക്ഷിയായും സന്തോഷ വാർത്ത നല്‍കുന്നവനായും താക്കീതുകാരനായും മുന്നറിയിപ്പ് നല്‍കുന്നവനായും.
ഐതിഹ്യ പുരാണങ്ങളും കേവലമായ മിത്തുകളും ഒന്നുമല്ലാത്ത പ്രവാചകനും പ്രവാചക ജീവിതവും ഇന്ന് ലോകത്തിന്  ഒരു തുറന്ന പുസ്തകം തന്നെയാണ്. അതിനാല്‍ തന്നെ ലോകം അത്ഭുതം കൂറുന്നു, ആ ജീവിതം അടുത്തറിയുമ്പോള്‍.
ഈ ജീവിതത്തിലേക്കുള്ള  എത്തിനോട്ടമായി റബീഉല്‍ അവ്വലിനെ കാണുന്നവരുണ്ടെങ്കില്‍ അതേറെ ധന്യമായി.
പ്രവാചകന്‍ ചര്‍ച്ച ചെയ്യപ്പെടാത്ത കാലങ്ങളില്ല. ഓര്‍ക്കപ്പെടാത്ത മാസങ്ങളും ദിവസങ്ങളുമില്ല. സ്മരിക്കപ്പെടാത്ത നിമിഷങ്ങളുമില്ല. ലോകത്തിന്റെ ജനവാസ കേന്ദ്രങ്ങളിലും വ്യത്യസ്ത തലങ്ങളിലും  ആ നാമം വാഴ്ത്തപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും ആ നാമവും വ്യക്തിത്വവും വ്യക്തിപൂജയിലേക്ക് നീങ്ങുന്നില്ല.
കാലിഗ്രഫികള്‍ കൊണ്ട് 'സിറാജും മുനീറു'മായ മുഹമ്മദ് നബി വിശേഷാല്‍ പ്രബോധനം എന്തുകൊണ്ടും ഈ ആഴ്ചയിലെ  അലങ്കാരവും കുളിര്‍മയുമായി.

 

ഒരു നിരൂപകന്റെ നിയോഗ പൂർത്തി

ലക്കം 3314-ൽ ഇബ്രാഹീം ബേവിഞ്ചയെക്കുറിച്ച് ശൈഖ് മുഹമ്മദ് കാരകുന്നും പി.ടി കുഞ്ഞാലിയും  എഴുതിയത് ആ നിരൂപക പ്രതിഭയ്ക്കുള്ള സമുചിതമായ ശ്രദ്ധാഞ്ജലിയായി.

ഇസ് ലാമിക ആദർശത്തിന്റെ നിലപാടുതറയിൽനിന്ന് ഉരുവം കൊണ്ട സൗന്ദര്യശാസ്ത്രത്തിന്റെ തെളിമയിലൂടെ കലാസൃഷ്ടികളെ മൂല്യവിചാരം ചെയ്തുകൊണ്ട്, മലയാള നിരൂപണ സാഹിത്യ രംഗത്ത് സ്ഥിരപ്രതിഷ്ഠ നേടി എന്നതാണ് ഇബ്രാഹീം ബേവിഞ്ച എന്ന  സാഹിത്യ നിരൂപകന്റെ സവിശേഷത. മലയാളനാട്, കലാകൗമുദി, സമകാലിക മലയാളം എന്നീ മൂന്ന് പ്രസിദ്ധീകരണങ്ങളിലായി  മൂന്ന് പതിറ്റാണ്ട് തുടർന്ന എം. കൃഷ്ണൻ നായരുടെ സാഹിത്യ വാരഫലമാണെന്നു തോന്നുന്നു മലയാള ഭാഷയിലെ ലിറ്റററി ജേർണലിസത്തിൽ ഏറ്റവും ദീർഘിച്ചു നിലനിന്ന നിരൂപണ പംക്തി. ചന്ദ്രിക വാരാന്തപ്പതിപ്പ്, വാരാദ്യ മാധ്യമം, ആരാമം എന്നിവയിലായി ഇബ്രാഹീം ബേവിഞ്ച എഴുതിവന്ന സാഹിത്യ നിരൂപണ പംക്തികൾക്കും മലയാള നിരൂപണ സാഹിത്യ ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമുണ്ട്. എം. കൃഷ്ണൻ നായരുടെ സാഹിത്യവാര ഫലം പോലെത്തന്നെ വായനക്കാരെ ആകർഷിച്ച പംക്തികളായിരുന്നു ഇബ്രാഹീം ബേവിഞ്ചയുടേതും എന്ന് പറയുമ്പോൾ, വ്യത്യസ്ത സാഹിത്യ സിദ്ധാന്ത പഥങ്ങളിലൂടെ സഞ്ചരിച്ച രണ്ട്  നിരൂപക പ്രതിഭകളെയും സമീകരിക്കുകയാണ് എന്ന് അർഥമാക്കരുത്.
പ്രകൃതിയും സമൂഹവുമായുള്ള സർഗാത്മകമായ സംവേദനത്തിലൂടെ ജാഗ്രത്തായ മനുഷ്യമനസ്സിന്റെ അനുഭവതലങ്ങളിൽ  രൂപപ്പെടുന്ന വിചാര-വികാര തരംഗങ്ങളാണ് ഏതൊരു കലാ സൃഷ്ടിയുടെയും അടിസ്ഥാന മൂലകങ്ങളും ജൈവ തന്തുക്കളും എന്നിരിക്കെ, കലയെ മതാതീതം, മതാത്മകം, ആത്മീയം, ഭൗതികം എന്നൊക്കെ വേർതിരിക്കുന്നത് സൂക്ഷ്മാർഥത്തിൽ അപക്വമാണ്.  മനുഷ്യാത്മാവിന്റെ ഭാവാത്മകമായ വിടർച്ചയുടെ ധന്യാനുഭൂതികളെ തൊട്ടുകാണിക്കുന്ന മാനവികമായ കലാ ലാവണ്യ വിചാരം തന്നെയാണ് ഇസ് ലാമിക സൗന്ദര്യശാസ്ത്രത്തിന്റെ നിദാനവും എന്നു പറയുന്നതിൽ തെറ്റില്ല.  ഇസ് ലാമിന്റെ തനിമ പ്രസരണം ചെയ്യുന്ന വിശ്വമാനവികതയുടെ പ്രവിശാലമായ  ധൈഷണിക നഭസ്സിൽ നിന്നാണ് കലയുടെ മൗലിക ധർമങ്ങളെക്കുറിച്ചും ലാവണ്യ ദർശനങ്ങളെക്കുറിച്ചും   ബെഗോവിച്ചിനെപ്പോലൊരു മഹാ മനീഷി സൂക്ഷ്മമായി സംവദിച്ചത്.

മാനവ സ്വത്വത്തിന്റെ പ്രകാശനമായ കലാവിഷ്കാരങ്ങളിൽ ഊറുന്ന സൗന്ദര്യാനുഭൂതികളെ, ഇസ് ലാമികമായ- വിശാലാർഥത്തിൽ മാനവികമായ - ലാവണ്യമൂല്യ വിചാരത്തിന്റെ സ്കാനറിലൂടെ തന്മയത്വത്തോടെ, അനർഗളമായ ശൈലിയിൽ ഇബ്രാഹീം ബേവിഞ്ച ഡീകോഡ് ചെയ്തു കാണിച്ചപ്പോൾ അനുവാചകർക്കത് രസാനുഭൂതി നിറഞ്ഞ വായനാനുഭവം പകർന്നു.

മലയാള സാഹിത്യ വിമർശന ചരിത്രത്തിൽ അതിനു മുമ്പ്  ഏതെങ്കിലുമൊരു നിരൂപക കേസരി ഈ വിധം ധീരനൂതനമായൊരു വിമർശന സരണിയിലൂടെ തലയെടുപ്പോടെ സഞ്ചരിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.   തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഈയുള്ളവന്റെ കവിതകൾക്ക് അദ്ദേഹം സവിസ്തരമായ പഠനമെഴുതിയത്.  ഐ.പി.എച്ച് പുറത്തിറക്കിയ ആദ്യ കവിതാ  സമാഹാരമായ കോകില ഗാനം എന്ന കൃതിക്ക് 'സംസ്കാര സംസമിൽ വിരിഞ്ഞ കവിതകൾ' എന്ന തലക്കെട്ടിൽ എഴുതിയ ഹൃദയഹാരിയായ  ആ അവതാരിക 1993 ആഗസ്റ്റ് 28-ന് ബോധനം പുനഃപ്രസിദ്ധീകരിച്ചു. 
ഈ അവതാരിക എഴുതുന്നതിനു മുമ്പോ, അതിനു ശേഷമോ ഒരിക്കൽ പോലും ഇബ്രാഹീം ബേവിഞ്ചയെ ഈയുള്ളവൻ നേരിൽ കണ്ടിട്ടില്ല. എന്റെ അന്തർമുഖത്വവും രണ്ട് പതിറ്റാണ്ടോളം നീണ്ട പ്രവാസവും അതിന് കാരണമായിട്ടുണ്ടാവാമെങ്കിലും, അത്തരം കാഴ്ചപ്പെടലുകളും കോക്കസുകളും കുഴലൂത്തുകാരുടെ അകമ്പടി സേവകളുമൊന്നും കാംക്ഷിച്ചുകൊണ്ടായിരുന്നില്ല ആ പ്രതിഭാധനന്റെ സാത്വികമായ എഴുത്തുജീവിതം.

എം.ടിയുടെയും ബഷീറിന്റെയും വള്ളത്തോളിന്റെയും ഉബൈദിന്റെയും  കൃതികളെക്കുറിച്ചൊക്കെ എഴുതിയ അതേ ഗൗരവത്തിൽ  ഈയുള്ളവന്റെ കവിതകളെയും നിരൂപണം ചെയ്യാനാകുന്ന വിധം ബുദ്ധിപരമായ സത്യസന്ധത ഇബ്രാഹീം ബേവിഞ്ചക്കുണ്ടായിരുന്നു.
ഇബ്രാഹീം ബേവിഞ്ച എഴുതിയതിലെല്ലാം മനുഷ്യസ്നേഹത്തിന്റെ ഇനിമ പുരണ്ടു. മഴ പെയ്തുലർന്ന മണ്ണടരുകളിൽനിന്ന് മലർ കൂണുകൾ വിടരുന്നതു പോലെ, അത്രമേൽ സ്വാഭാവികവും കലർപ്പറ്റതുമായ ആ നിരൂപണ ബുദ്ധിയുടെ അക്ഷര വിന്യാസം, വായനക്കാരെ വലിച്ചടുപ്പിക്കുന്ന കാന്തിക തരംഗങ്ങൾ പ്രസരിപ്പിച്ചു.

കേരളീയ സമൂഹത്തിന് മഹത്തായ ഒട്ടേറെ സംഭാവനകൾ ഇനിയും നൽകാൻ സാധിക്കുമായിരുന്ന ഒരു ജീവിതം രോഗപീഡയാൽ ശയ്യാവലംബിയായിപ്പോയതിലെ വ്യഥ പങ്കുവെക്കുന്നുണ്ട് ശൈഖ് മുഹമ്മദ് കാരകുന്ന്.  അങ്ങനെ കർമകാണ്ഡത്തിൽ നിന്ന് വിരമിക്കുന്നതിന് മുമ്പ് തന്നെ, തന്റെ നിയോഗ ദൗത്യം ഈ നിരൂപക പ്രതിഭ പൂർത്തീകരിച്ചു കഴിഞ്ഞിരുന്നു എന്ന് സമാശ്വസിക്കുകയുമാവാം.
മുഖ്യധാരയിലേക്ക് ചേർത്തു വെക്കാനും അനുധാവനം ചെയ്യാനുമാകുന്ന വിധം പ്രശംസനീയമായ നിലവാരത്തോടെ, മലയാള സാഹിത്യ-സാംസ്കാരിക നിരൂപണ ചരിത്രത്തിൽ ചിരസ്മരണീയമായ പുതുവഴി വെട്ടിത്തുറന്നു തന്നു എന്നതാണ്‌ ആ  നിയോഗ പൂർത്തി എന്ന് ചുരുക്കിപ്പറയാം.

മുഹമ്മദ്കുട്ടി എളമ്പിലാക്കോട്

 

മികച്ച ലക്കം

പ്രബോധനം വാരിക 3320 ലക്കം നല്ല  വായനാനുഭവമായിരുന്നു. എല്ലാ ലേഖനങ്ങളും അത്യന്തം പഠനാർഹം. ബശീർ ഉളിയിൽ എഴുതിയ 'കലിയുഗത്തിലും ആവർത്തിക്കപ്പെടുന്ന സനാതന ധർമം' എന്ന ലേഖനത്തിലെ അവസാന ഭാഗത്ത് വന്ന ഭഗവത് ഗീതയിലെ ശ്ലോകത്തിന് ഒരു പോരായ്മയുള്ളതായി സംസ്കൃതം അറിയാത്ത എനിക്ക് അനുഭവപ്പെട്ടു.. അങ്ങനെ ഞാനതൊരു സംസ്കൃത പണ്ഡിതന് അയച്ചുകൊടുത്തു. അദ്ദേഹം ശ്ലോകത്തിന്റെ പൂർണരൂപം അയച്ചുതന്നതിങ്ങനെയാണ്:

"ആസുരീം യോനിമാപന്നാ മൂഢാ ജന്മനീ ജന്മനീ !
മാമപ്രാപ്യവ കൗന്തേയ തതോ യാന്ത്യധമാം ഗതിം"
ഇത്തരം ഉദ്ധരണികൾ കുറ്റമറ്റതാക്കാൻ ലേഖകരും പ്രബോധനവും ശ്രദ്ധിക്കണമെന്ന് ഉണർത്തുന്നു.
നാഷാദ്‌ ചേനപ്പാടിയുടെ ഹദീസ് പഠനം ഇസ്‌ലാമിക പ്രവർത്തകരുടെ സത്വര ശ്രദ്ധ അർഹിക്കുന്നതാണ്. നമ്മുടെ ബലഹീനതകൾ തുറന്നു കാട്ടുകയും പരിഹാര മാർഗങ്ങൾ ചൂണ്ടിക്കാണിച്ചുതരികയും ചെയ്യുന്നു അത്. 

വി.ടി സൂപ്പി നിടുവാൽ, കുറ്റ്യാടി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്