Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

മനുഷ്യന്റെ വസ്തുവല്‍ക്കരണത്തെ ചെറുക്കുന്ന നബിചരിത്ര പാഠങ്ങള്‍

മുഹമ്മദ് ഖൈര്‍ മൂസാ

സമയ-കാല-തലമുറ ഭേദമന്യെ നബിചരിത്രം മുസ് ലിംകള്‍ക്ക് ഒഴിവാക്കാനാവില്ല. അത് വായിക്കണം, പഠിക്കണം, അതിനൊപ്പം ജീവിക്കണം, അത് ജീവിതത്തിന് ഊര്‍ജമാവണം. നബിചരിത്ര ജലാശയത്തില്‍നിന്ന് പാനം ചെയ്യുന്ന ദാഹാര്‍ത്തന്റെ ആത്മാവിലും ബുദ്ധിയിലും ഒരുപോലെ അതിന്റെ ശീതളിമ അനുഭവപ്പെടണം. കാലം എത്ര മുന്നോട്ടുപോയാലും അതതു കാലത്തെ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് വികസിക്കാനുള്ള ശേഷി നബിചരിത്രത്തിനുണ്ട്. ഏതു കാലവും സമ്മാനിക്കുന്ന രോഗങ്ങളെ ചികിത്സിക്കാനും മാലിന്യങ്ങളെ നീക്കം ചെയ്യാനും അതിന് അപാര ശേഷിയുണ്ട്.
ഇന്ന് പൊതുവെ മനുഷ്യര്‍ ആധുനികാനന്തര ജീവിതമാണ് നയിച്ചുകൊണ്ടിരിക്കുന്നത്. മുസ് ലിംകള്‍ അതിന്റെ തിരമാലകളില്‍ പെട്ട് വശം കെടുകയാണ്. ചിലരുടെ ജീവിതമാകുന്ന കപ്പല്‍ തിരമാലകളുടെ അടികളേറ്റ് ശിഥിലമായി. അവര്‍ സന്മാര്‍ഗത്തിന്റെ ലൈറ്റ് ഹൗസ് കാണാനുണ്ടോ എന്ന് തിരഞ്ഞുകൊണ്ടിരിക്കുന്നു. മറ്റു ചിലര്‍ കപ്പലില്‍നിന്നു വീണശേഷം ജാക്കറ്റ് അന്വേഷിക്കുന്നു; തിരമാലകളോട് പൊരുതുന്നു. രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക-വൈജ്ഞാനിക- കലാ-സാഹിത്യ-വ്യക്തി-സമൂഹ തലങ്ങളിലാസകലം ആധുനികതയുടെ തിരമാലകള്‍ അടിച്ചുകയറി എല്ലാം കശക്കിയെറിഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ നബിയുടെ ജീവിതം നമ്മുടെ മുമ്പാകെ ലൈഫ് ജാക്കറ്റെന്നോണം പ്രത്യക്ഷപ്പെടുന്നു.

ആധുനികതയെ നേരിടുക

ആധുനികാനന്തര കാലത്തിന്റെ ഏറ്റവും വലിയ സവിശേഷത അപ്രതിഹതമായ പ്രവാഹമാണ്. മാനവത ഇപ്പോള്‍ നേര്‍ സാക്ഷികളായ വിവര വിനിമയ രംഗത്തെ സ്‌ഫോടനമാണ് ഈ പ്രവാഹത്തിന് അടിത്തറയിട്ടത്. ഇതു വഴി മഹാഭൂരിപക്ഷം മനുഷ്യരും സംഭവലോകത്തുനിന്ന് അഥവാ യാഥാര്‍ഥ്യങ്ങളുടെ ലോകത്തുനിന്ന് ഭാവനാലോകത്തേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു. ഈ അവസ്ഥയെക്കുറിച്ച് പോളണ്ടിലെ സാമൂഹിക ശാസ്ത്രജ്ഞന്‍ സിഗ്മണ്ട് ബൗമാന്റെ (Zygmunt Bauman) വിലയിരുത്തല്‍ ഏറെ ശ്രദ്ധേയമാണ്: 'അടിയുറച്ച എല്ലാ ദൃഢ യാഥാര്‍ഥ്യങ്ങളും ശിഥിലമാവുകയും എല്ലാ സത്യങ്ങളില്‍നിന്നും വിശുദ്ധ ധാരണകളില്‍നിന്നും മനുഷ്യര്‍ സ്വതന്ത്രരാവുകയും ചെയ്ത കാലമാണ് ആധുനികാനന്തരകാലം.'

അതുകൊണ്ടുതന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രവാഹപ്രഹരമാണ്. വിശ്വാസങ്ങളുടെയും ധാരണകളുടെയും പ്രവാഹം, ചിന്തകളുടെ പ്രവാഹം, തത്ത്വങ്ങളുടെ പ്രവാഹം, മൂല്യങ്ങളുടെ പ്രവാഹം, എന്തിനധികം പറയണം മനുഷ്യ പ്രവാഹം അഥവാ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനാവാതെ മനുഷ്യര്‍ തന്നെ പൊങ്ങുതടികളായി ഒഴുകുന്ന കാലം. എൽ.ജി.ബി.ടി.ക്യു കാലത്ത് 'മനുഷ്യന്‍' എന്ന ആശയം തന്നെ വെല്ലുവിളി നേരിടുകയാണ്. ജീവിതം, സ്‌നേഹം, സ്വഭാവ മൂല്യങ്ങള്‍, കാലം, ഭയം, മേല്‍നോട്ടം, തിന്മ മുതലായ എല്ലാറ്റിനെയും അഭിനവ പ്രവാഹം കീഴ്്മേല്‍ മറിച്ചതായി ബൗമാൻ എടുത്തുപറയുന്നു. മനുഷ്യ ജീവിതത്തിന്റെ മൂലാധാരങ്ങളായി നിലനിന്നുപോന്ന സകലതിനെയും അടിയോടെ തകര്‍ക്കുക എന്നതാണ് ഇപ്പോഴത്തെ ഈ പ്രവാഹത്തിന്റെ ലക്ഷ്യം.

മൂല്യനിരാസത്തെ പ്രതിരോധിക്കുന്ന വിധം

നബി(സ)യുടെ ജീവിതത്തില്‍ നാം കാണുന്നത് ഈ വര്‍ത്തമാനകാല അവസ്ഥകളില്‍നിന്ന് ഭിന്നമായ മറ്റൊന്നാണ്. മാനവതയെ വലയം ചെയ്യുന്ന എല്ലാ പ്രവാഹപ്പെരുക്കങ്ങളെയും ശാന്തമായും പ്രായോഗികമായും അത് പ്രതിരോധിക്കുന്നുണ്ട്. ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ചിന്തകളുടെയും ദൈവിക കല്‍പനകളുടെയും പ്രായോഗിക വിശദീകരണം അവിടുത്തെ ജീവിതത്തില്‍നിന്ന് നമുക്ക് കിട്ടുന്നുണ്ട്. വ്യക്തത, ദാര്‍ഢ്യം, സൈദ്ധാന്തിക തലത്തില്‍നിന്ന് അവയുടെ പ്രായോഗിക ജീവിതത്തിലേക്കുള്ള പരിവര്‍ത്തനം എന്നിവ തുറന്ന പുസ്തകമായി നബിയുടെ ജീവിതത്തില്‍ കാണാം.
'നബി(സ)യുടെ സ്വഭാവം ഖുര്‍ആനായിരുന്നു' എന്ന നബിപത്‌നി ആഇശ(റ)യുടെ പ്രസ്താവന മേല്‍ ആശയത്തിന്റെ വാചാലമായ വിശദീകരണമാണ്.

ആദര്‍ശത്തിന് പ്രഥമ പരിഗണന

നബിചരിത്രത്തോടൊപ്പമുള്ള ജീവിതം ചിന്താപരവും താത്ത്വികവും മൂല്യപരവും സദാചാരപരവും ലക്ഷ്യപരവുമായ എല്ലാത്തരം ദാര്‍ഢ്യങ്ങളുടെയും പ്രായോഗികമായ മാതൃകയെയാണ് പ്രതിനിധാനം ചെയ്യുന്നത്. സര്‍വോപരി ആധികാരികവും പ്രമാണപരവുമായ ജീവിതത്തിന്റെ പ്രാതിനിധ്യം. പ്രതിസന്ധികള്‍ നിറഞ്ഞ ദൈനംദിന ജീവിതത്തില്‍ ചലനാത്മകവും സജീവവുമായ മാതൃകയായാണ് നബി (സ) നമ്മുടെ മുമ്പാകെ അവതരിക്കുന്നത്. തിരുജീവിതത്തിന്റെ സമസ്ത വിശദാംശങ്ങളും വഹ് യ് അഥവാ ദിവ്യബോധനം എന്ന പ്രമാണത്തിനും ആധികാരികതക്കും വിധേയമായാണ് കറങ്ങിക്കൊണ്ടിരിക്കുന്നത്. ആകാശ ബോധനവുമായിട്ടാണ് അതിന്റെ സ്ഥിരബന്ധം. ഭൗമ ജീവിതത്തിലെ എല്ലാ സംഭവങ്ങളിലും അതിന്റെ പ്രയോഗവല്‍ക്കരണത്തിനായി വഹ് യ് കാത്തുനില്‍ക്കുന്നു. നബി(സ)യുടെ ദൈനംദിന സാമൂഹിക- സൈനിക-സാമ്പത്തിക- രാഷ്ട്രീയ ഇടപെടലുകളിലെല്ലാം വഹ് യിന്റെ സാന്നിധ്യം പ്രകടമാണ്. സമൂഹത്തിലെ മുസ് ലിംകൾ, മുസ് ലിംകളല്ലാത്തവർ, കുടുംബാംഗങ്ങള്‍, ഭരണാധികാരികള്‍, ഭരണീയര്‍ എന്നിവര്‍ തമ്മിലെ ബന്ധങ്ങളിലും ഇതു കാണാം. ഏത് സമൂഹത്തിലും ആധിപത്യം വാഴുന്ന ശക്തമായ പ്രവാഹത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ ബലിഷ്ഠവും ഭദ്രവുമായ, പ്രമാണപരവും പ്രായോഗികവുമായ ക്ഷമത വഹ് യിനുണ്ട്. വ്യക്തിപരമായ നന്മയെക്കാള്‍ അത് മുന്‍തൂക്കം നല്‍കുന്നത് സാമൂഹിക ദൗത്യത്തിനാണ്. ശാരീരിക കാമനകളെക്കാള്‍ ചിന്തകള്‍ ഉയര്‍ന്നുനില്‍ക്കണമെന്നും ദൗത്യത്തിനുവേണ്ടി ആത്മാര്‍പ്പണത്തിനു തയാറാകണമെന്നും അത് പഠിപ്പിക്കുന്നു. ആധുനികാനന്തര കാലത്തെ ഭൗതികതയുടെ പ്രചണ്ഡമായ പ്രവാഹത്തില്‍ ഒലിച്ചുപോകുന്നത് ദൃഢബദ്ധമാകേണ്ട ആദര്‍ശ ബോധ്യങ്ങളാണല്ലോ.

ഉപഭോഗ ത്വരയെയും വസ്തുവല്‍ക്കരണത്തെയും ചെറുക്കുക

ഇരുപതാം നൂറ്റാണ്ടിലെ അള്‍ജീരിയന്‍ നവോത്ഥാന ചിന്തകനായ മാലിക് ബിന്നബി മൂന്നു ലോകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ചിന്തകളുടെ ലോകം, വ്യക്തികളുടെ ലോകം, വസ്തുക്കളുടെ ലോകം. ആധുനികാനന്തര കാലത്ത് മനുഷ്യര്‍ ചിന്തകള്‍ക്കും ആദര്‍ശങ്ങള്‍ക്കും ചുറ്റും കറങ്ങുന്നതിനു പകരം വസ്തുക്കള്‍ക്ക് ചുറ്റും കറങ്ങുന്ന അവസ്ഥ സംജാതമായിരിക്കുന്നു. തദ്ഫലമായി ഭൗതിക വസ്തുക്കള്‍ ആധുനിക മനുഷ്യന്റെ കേന്ദ്ര ആകര്‍ഷണമായിരിക്കുന്നു. ആദര്‍ശങ്ങളും ചിന്തകളും വസ്തുക്കള്‍ക്ക് ചുറ്റും കറങ്ങുക മാത്രമല്ല, അവയ്ക്ക് വിധേയവും അവയെ സേവിക്കുന്ന വിധത്തിലുമായിരിക്കുന്നു. ഭൗതികതയും പ്രയോജനാത്മകതയുമാണ് ആധുനികതയുടെ മുഖമുദ്ര.

കാര്യങ്ങള്‍ ഇവിടെയും നില്‍ക്കാതെ മുന്നോട്ട് പോവുകയാണ്. മനുഷ്യര്‍ വസ്തുക്കള്‍ക്ക് ചുറ്റും കറങ്ങുകയല്ല, മനുഷ്യര്‍ തന്നെ വസ്തുക്കളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുവേണം പറയാന്‍. ഇതെക്കുറിച്ച് ഡോ. അബ്ദുല്‍ വഹാബ് മസീരി എഴുതുന്നു: ''മനുഷ്യന്‍ വസ്തുവായി മാറുന്നതിനെയാണ് മനുഷ്യന്റെ വസ്തുവല്‍ക്കരണം എന്നു പറയുന്നത്. മനുഷ്യരും വസ്തുക്കളും ചരക്കുകളും സമമാകുമ്പോള്‍ മനുഷ്യന്‍ എന്ന ഭാവം നഷ്ടപ്പെടുന്നു. പകരം ഭൗതികതയും വിപണിയും ആത്യന്തിക ലക്ഷ്യങ്ങളായി മാറുന്നു. അതോടെ മനുഷ്യനിലെ മനുഷ്യത്വം നശിക്കുന്നു, അവന്‍ വെറും വസ്തുവായി മാറുന്നു.''

മനുഷ്യന്‍ ചരക്കുകളെപ്പോലെ ഒരു ചരക്കായി മാറുമ്പോള്‍ ശരീരം വസ്തുക്കളെ സേവിക്കാനുള്ള മാധ്യമം മാത്രമായി മാറുന്നു; ചരക്കുകള്‍ വിറ്റഴിക്കാനുള്ള കമ്പോളമായി മാറുന്നു. ഉപഭോഗത്തിനായുള്ള സംഘര്‍ഷത്തില്‍ ലാഭസൂചകമായ അക്കം മാത്രമായി ചുരുങ്ങുന്നു. ഇവിടെ കടന്നുവരുന്ന നബിചരിത്രം കാര്യങ്ങളെ അവയുടെ നിര്‍ണിത സ്ഥലങ്ങളിലായി പുനർ വിന്യസിക്കുന്നു. മനുഷ്യന്റെ കേന്ദ്രസ്ഥാനം പുനഃസ്ഥാപിക്കുന്നു. നബി(സ)യുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതഘട്ടങ്ങളിലെല്ലാം വസ്തുക്കളുടെ മേല്‍ മനുഷ്യന്റെ ജയമാണ് ആഘോഷിക്കപ്പെടുന്നത്.

അബൂലഹബിന്റെ അടിമസ്ത്രീയായിരുന്ന സുവൈബ തിരുപ്പിറവിയോടനുബന്ധിച്ച് വിമോചിപ്പിക്കപ്പെട്ടത് ഇതിന്റെ ഉദാഹരണമായാണ് നാം കാണേണ്ടത്. അടിമ എന്ന ചരക്കിനെക്കാള്‍ അടിമത്തമോചനം എന്ന മൂല്യം ഉയര്‍ത്തിക്കാണിക്കപ്പെട്ടു.

ഭൗതികതയുടെയും അടിമത്തത്തിന്റെയും അക്രമത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും അധീശത്വത്തില്‍നിന്ന് മനുഷ്യരെ മോചിപ്പിക്കാനുള്ള ധാരാളം സാമഗ്രികള്‍ നബിചരിത്രത്തില്‍ കാണാം. ദുര്‍ബലരും പീഡിതരും ഇസ് ലാമാശ്ലേഷിക്കാന്‍ വെമ്പല്‍കൊണ്ടു. ഇതുവരെയും വാങ്ങപ്പെടുകയും വില്‍ക്കപ്പെടുകയും ചെയ്തിരുന്ന തങ്ങളിലെ മനുഷ്യനെന്ന അസ്തിത്വം അംഗീകരിക്കപ്പെട്ടതായി അവര്‍ മനസ്സിലാക്കി.

ജാഹിലി ഗോത്രാധിഷ്ഠിത നേതൃത്വങ്ങള്‍ക്ക് വിധേയരായി ജീവിച്ചിരുന്ന മനുഷ്യരെ മോചിപ്പിച്ച് ദിവ്യബോധനമെന്ന ചിന്താമണ്ഡലത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതാണ് നബിചരിത്രത്തില്‍ നാം കാണുന്ന മറ്റൊരു സവിശേഷത. ഇതിലൂടെ വിഗ്രഹവത്കരിക്കപ്പെട്ട വ്യക്തികളിലൂന്നിയുള്ള ഘടനയെ തച്ചുടച്ച് ആശയപരമായ തലത്തിലേക്ക് മനുഷ്യരെ ഉയര്‍ത്താന്‍ കഴിഞ്ഞു. ചിന്തകളും ആശയങ്ങളുമായി എത്രകണ്ട് അടുത്തുനില്‍ക്കുന്നുവോ, അതിനു ചുറ്റും കറങ്ങുംവിധം ജീവിതം ക്രമീകരിക്കുന്നുവോ അതിനനുസൃതമായാണ് ഏതൊരു മനുഷ്യന്റെയും മൂല്യം ഉയരുക എന്ന് നബിചരിത്രം പഠിപ്പിച്ചു. ഉഹുദ് യുദ്ധവേളയില്‍ ഇബ്‌നു ഖമിഅ നബി(സ)യെ വധിച്ചു എന്ന കിംവദന്തി പരന്നപ്പോള്‍ പ്രവാചകന്‍ എന്ന വ്യക്തിയല്ല, ആദര്‍ശമാണ് വലുതെന്ന പാഠം ഖുര്‍ആന്‍ പകര്‍ന്നുനല്‍കിയത് എത്ര ദൃഢതയാര്‍ന്ന ഭാഷയിലാണെന്ന് കാണുക: ''മുഹമ്മദ് അല്ലാഹുവിന്റെ ഒരു ദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പും ദൂതന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്‌തെങ്കില്‍ നിങ്ങള്‍ പിറകോട്ട് തിരിച്ചുപോവുകയോ? ആരെങ്കിലും പിറകോട്ട് തിരിച്ചുപോകുന്ന പക്ഷം അല്ലാഹുവിന് ഒരു ദ്രോഹവും അത് വരുത്തുകയില്ല. നന്ദി കാണിക്കുന്നവര്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കുന്നതാണ്' (ആലു ഇംറാന്‍ 144). ഇതിലൂടെ മുഹമ്മദ് നബി എന്ന വ്യക്തിക്കു പകരം ഖുര്‍ആനെയും സുന്നത്തിനെയും കേന്ദ്ര സ്ഥാനത്തേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു.

ശാസുബ്്നു ഖൈസ് എന്ന യഹൂദി മദീനയിലെ ഔസ്- ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ ജാഹിലിയ്യ വൈരം കുത്തിപ്പൊക്കാനും, ബനുല്‍ മുസ്വ്്ത്വലഖ് യുദ്ധത്തില്‍ ചിലര്‍ മുഹാജിറുകളെയും അന്‍സ്വാറുകളെയും തമ്മിലടിപ്പിക്കാനും ശ്രമിച്ചപ്പോള്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട നബി (സ) അവരെ വ്യക്തികളെ കേന്ദ്രീകരിച്ചുള്ള നിലപാടുകള്‍ക്കു പകരം ആദര്‍ശപരമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പറഞ്ഞത്, 'നിങ്ങള്‍ ജാഹിലിയ്യത്ത് വെടിയുക, കാരണം അത് ദുര്‍ഗന്ധ പൂരിതമാണ്, അത് ചീത്തയാണ്' എന്നത്രെ.

നബിചരിത്രം എല്ലാ വിശദാംശങ്ങളോടും കൂടി വായിക്കുമ്പോള്‍, വസ്തുക്കള്‍ക്ക് ചുറ്റും മാത്രം കറങ്ങിയിരുന്ന മനുഷ്യരെ ആത്മീയവും ഭൗതികവുമായ രണ്ടു മാനങ്ങളിലൂടെ പുനഃസൃഷ്ടിച്ചതാണ് നാം കാണുന്നത്. ശരീരത്തിനു വേണ്ടി എന്ന പോലെ ആത്മാവിനും ബുദ്ധിക്കും വേണ്ടി കൂടിയാവണം മനുഷ്യ ജീവിതം എന്ന വലിയ പാഠം അതില്‍നിന്ന് നമുക്ക് ലഭിക്കുന്നുണ്ട്.
നബി(സ)യുടെ വിയോഗ വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതിരുന്നവരെ, 'മുഹമ്മദിനെ ആരെങ്കിലും ആരാധിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം മരിച്ചിരിക്കുന്നു. ആരെങ്കിലും അല്ലാഹുവിനെയാണ് ആരാധിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ജീവിച്ചിരിക്കുന്നു, അവന്‍ മരിച്ചിട്ടില്ല' എന്ന അബൂബക്‌റിന്റെ പ്രതികരണം ഈ ഉത്തമ ശിക്ഷണത്തിന്റെ നിദര്‍ശനമായിരുന്നു.

നബിചരിത്രം ഹൃദയവും ബുദ്ധിയും ഉപയോഗിച്ച് പഠിക്കുന്നവര്‍ക്ക് അത് ദിവ്യബോധനത്തിന്റെ അഥവാ ചിന്തയുടെയും, മനുഷ്യനെ ചരക്കായി കാണുന്നതിനു പകരം അവനെ നാഗരിക മനുഷ്യനായി കാണേണ്ടതിന്റെയും പ്രാധാന്യം എടുത്തുകാണിക്കുന്നതായി ബോധ്യപ്പെടും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മനുഷ്യന്റെ കേന്ദ്രസ്ഥാനം നബിചരിത്രം നിര്‍ണയിച്ചു തരികയാണ്. ആധുനികാനന്തര കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ മനുഷ്യരെ പ്രാപ്തരാക്കണമെങ്കില്‍ ഈ കേന്ദ്രസ്ഥാനത്തേക്ക് അവരെ പുനര്‍വിന്യസിക്കുക മാത്രമേ പരിഹാരമുള്ളൂ.

ചുരുക്കത്തില്‍ പ്രാമാണികതയുടെ ദാര്‍ഢ്യം, ചിന്തകളുടെ ദാര്‍ഢ്യം, മൂല്യങ്ങളുടെ ദാര്‍ഢ്യം, തത്ത്വങ്ങളുടെ ദാര്‍ഢ്യം, ധാരണകളുടെ ദാര്‍ഢ്യം മുതലായവക്ക് നമുക്ക് നല്‍കാവുന്ന ഒറ്റപ്പേരാണ് നബിചരിത്രം. മനുഷ്യരെ മനുഷ്യര്‍ക്കും വസ്തുക്കള്‍ക്കുമുള്ള അടിമത്തത്തില്‍നിന്നും, ഭൗതികതയുടെയും ഉപഭോഗത്തിന്റെയും മേധാവിത്വത്തില്‍നിന്നും മോചിപ്പിക്കാന്‍ അവരെ ഈ കേന്ദ്രസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരിക മാത്രമാണ് ഏക പരിഹാരം. 

(ഫലസ്ത്വീനീ പണ്ഡിതനും എഴുത്തുകാരനും 
ഗവേഷകനുമാണ് ലേഖകന്‍)

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്