അങ്കാറയിലെ ചാവേര്‍ സ്‌ഫോടനം
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് തുര്‍ക്കിയ തലസ്ഥാനമായ അങ്കാറയുടെ ഹൃദയഭാഗത്ത് ചാവേര്‍ ആക്രമണം ഉണ്ടായത്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് നഗരത്തില്‍ ഇത്തരമൊരു ആക്രമണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തുര്‍ക്കിയ ഭീകര സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) ഏറ്റെടുത്തിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന് തെരഞ്ഞെടുത്ത സമയം വളരെ പ്രധാനമാണ്. ലജിസ്ലേറ്റീവ് വര്‍ഷത്തിന്റെ രണ്ടാം പാതി ആരംഭിക്കുന്ന സമയമാണിത്. ഇതോടനുബന്ധിച്ച് പ്രസിഡന്റ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റിന്റെ തൊട്ടടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ കേന്ദ്രത്തിന്റെ സമീപമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. അതീവ സുരക്ഷാ മേഖലയിലേക്ക് ചാവേറിന് നുഴഞ്ഞു കയറാന്‍ കഴിഞ്ഞെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ചാവേറിന്റെ കൂടെയുണ്ടായിരുന്ന ആളെ പോലീസ് വെടിവെച്ചു കൊന്നു. രണ്ട് പോലീസുകാര്‍ക്ക് നിസ്സാര പരിക്കുകളേല്‍ക്കുക മാത്രമേ ചെയ്തുള്ളൂ. പ്രസിഡന്റ് ഉര്‍ദുഗാനാകട്ടെ, നിശ്ചിത സമയത്ത് തന്നെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. സ്വൈരജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന തെമ്മാടിക്കൂട്ടങ്ങളെ അമര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്‌ഫോടനം നടത്തിയ പി.കെ.കെയുടെ പ്രധാന താവളങ്ങള്‍ ഇറാഖിലും സിറിയയിലുമാണ്. അവ തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ് തുര്‍ക്കിയ അവിടങ്ങളില്‍ ഇടക്കിടെ സൈനിക ഓപ്പറേഷനുകള്‍ നടത്താറുമുണ്ട്. അതിനുള്ള തിരിച്ചടിയാവണം ഈ ചാവേര്‍ ആക്രമണം. വരും ദിനങ്ങളില്‍ പി.കെ.കെ കേന്ദ്രങ്ങളില്‍ തുര്‍ക്കിയയുടെ കൂടുതല്‍ റെയ്ഡുകള്‍ പ്രതീക്ഷിക്കാം.
ഹിജാബ് ധരിച്ച്
ഇല്ലിനോയി പോലീസ് സേനയില്‍
വാര്‍പ്പ് മാതൃകകളെ തകര്‍ക്കുക, പ്രതിബന്ധങ്ങളെ തട്ടിമാറ്റുക -പിതാവും മാതാവും, വില്ല പാര്‍ക്കിലെ ഇസ്്‌ലാമിക് ഫൗണ്ടേഷനിലെ ഇമാം ഹിശാം അല്‍ ഖൈസിയുമൊക്കെ അതാണ് മഹാ ആയിശിനോട് പറഞ്ഞുകൊണ്ടിരുന്നത്. മഹാ എന്ന മുപ്പത്തിയൊന്നുകാരി അത് അക്ഷരം പ്രതി അനുസരിച്ചു. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് ഹിജാബ് ധരിച്ച ആദ്യത്തെ മുസ്്‌ലിം വനിതാ പോലീസ് ഓഫീസറാണ് ഇന്ന് മഹാ ആയിശ്. മതവിശ്വാസമോ ഹിജാബ് ധരിക്കലോ തന്റെ ജോലിക്ക് തടസ്സമല്ലെന്ന് മഹാ തെളിയിച്ചു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും അവളെക്കുറിച്ച് നല്ല മതിപ്പാണ്.
കഠിനാധ്വാനത്തിലൂടെയാണ് മഹാ താന്‍ സ്വപ്‌നം കണ്ട ജോലി എത്തിപ്പിടിച്ചത്. മഹായുടെ മാതാപിതാക്കള്‍ ഫലസ്ത്വീനി വംശജരാണ്. തൊള്ളായിരത്തി എണ്‍പതുകളിലാണ് അവര്‍ അമേരിക്കയില്‍ എത്തുന്നത്. വില്ല പാര്‍ക്കിലെ ഇസ്്‌ലാമിക് ഫൗണ്ടേഷനിലാണ് മഹായുടെ സ്‌കൂള്‍ പഠനം. ഫോറന്‍സിക് സൈക്കോളജിയില്‍ അഡ്‌ലര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം. കുറച്ചു കാലം ഇറാഖി അഭയാര്‍ഥികള്‍ക്ക് വേണ്ടി പരിഭാഷകയായി ജോലി നോക്കിയിരുന്നു. 2020 ഒക്ടോബറിലാണ് ബാര്‍റ്റ്‌ലറ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പട്രോള്‍ വിഭാഗത്തില്‍ മഹക്ക് ജോലി ലഭിച്ചത്.
റമദാന്‍ ഖാദിറോവ് ജീവിച്ചിരിപ്പുണ്ടോ?
കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ആന്‍ഡ്രില്‍ യുസോവ് പത്രക്കാര്‍ക്ക് ഒരു രഹസ്യ വിവരം നല്‍കി- ചെച്‌നിയന്‍ ഗവര്‍ണര്‍ റമദാന്‍ ഖാദിറോവ് അബോധാവസ്ഥയിലാണ്. മരിച്ചെന്ന കിംവദന്തിയും പിന്നീട് പരന്നു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വലം കൈയാണ് ഈ ഖാദിറോവ്. മറ്റു റഷ്യന്‍ ഗവര്‍ണർമാരോടൊന്നുമില്ലാത്ത അടുപ്പം പുടിന്, ഖാദിറോവുമായി ഉണ്ട്. ചെച്‌നിയക്ക് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ ഫണ്ട് ലഭിക്കാനും ഈ ബന്ധം ഉപകരിച്ചു. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തില്‍ പുടിന് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന പ്രോപഗണ്ടാ യുദ്ധത്തിന്റെ മുഖ്യ കാര്‍മികരിലൊരാളുമാണ്.
പുടിനെ പോലെ തന്നെ എതിരാളികളെ പല രീതിയില്‍ വകവരുത്തുക എന്നതാണ് ഖാദിറോവിന്റെയും ശൈലി. സോവിയറ്റ് യൂനിയന്‍ ശിഥിലമായപ്പോള്‍ തൊണ്ണൂറുകളില്‍ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി റഷ്യയോട് സൈനികമായി പൊരുതിയ നാടാണ് ചെച്‌നിയയെങ്കിലും റഷ്യന്‍ വിരുദ്ധ പക്ഷത്തെ തല പൊക്കാനാവാത്ത വിധം അടിച്ചമര്‍ത്താന്‍ ഖാദിറോവിന് കഴിഞ്ഞു. അതുകൊണ്ട് ഖാദിറോവിന് ശേഷം അധികാര കൈമാറ്റത്തിന്് സങ്കീര്‍ണതകളൊന്നുമുണ്ടാവില്ല. ഖാദിറോവിന്റെ പിന്‍ഗാമിയായി മൂത്ത മകന്‍ അഖ്മത് വരുമെന്നാണ് കരുതപ്പെടുന്നത്. പുടിനും അക്കാര്യത്തില്‍ എതിര്‍പ്പില്ല. പക്ഷേ, ഗവര്‍ണറാകാനുള്ള പ്രായം ആയിട്ടില്ല അഖ്മതിന് എന്ന പ്രശ്‌നമുണ്ട്. ഏഴു വര്‍ഷം കൂടി കഴിയണം. ചെച്‌നിയ പാര്‍ലമെന്റ് സ്പീക്കര്‍ മഗോമദ് ദാവൂദോവ്, ഉപ പ്രധാനമന്ത്രി അബൂസൈദ് വിസ്മുറദോവ്, പ്രധാനമന്ത്രി മുസ് ലിം കൂച്ചേവ് തുടങ്ങിയവരിലാരെങ്കിലും ഇടക്കാല ഗവര്‍ണറായി വന്നുകൂടായ്കയില്ല. ആരു വന്നാലും നിലവിലുള്ള അവസ്ഥക്ക് ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.
വളരെ ക്രൂരമായാണ് എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒരു സംഘമാളുകള്‍ തലസ്ഥാന നഗരിയായ ഗ്രോസ്‌നിയില്‍ പ്രതിഷേധവുമായി ഇറങ്ങിയപ്പോള്‍ മുഴുവനാളുകളെയും പോലീസ് പൊക്കി. സംഘത്തിലെ സ്ത്രീകളെ ക്രൂരമായി തല്ലിച്ചതച്ചു. പുരുഷന്മാരെ റഷ്യ-യുക്രെയ്ൻ യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോയി. ഭരണകൂടത്തിന് ജനപിന്തുണ തീരെയില്ലെങ്കിലും പ്രതിപക്ഷ നേതാക്കളും കുറെയധികം അനുയായികളും ചെച്‌നിയ വിട്ടതുകൊണ്ട് കാര്യമായ എതിര്‍പ്പ് നേരിടേണ്ടിവരുന്നില്ല. ഈ പ്രതിപക്ഷ ശക്തികള്‍ ഇപ്പോള്‍ റഷ്യക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രെയ്‌നോടൊപ്പം പൊരുതിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കിയവ് പ്രതിരോധിക്കാനും ഇസ്്യൂം തിരിച്ചുപിടിക്കാനും ബഖ്മൂത്തിന് ചുറ്റും കനത്ത പോര്‍മുഖം തുറക്കാനും ഈ ചെച്‌നിയന്‍ പോരാളികളുടെ സേവനം യുക്രെയ്ൻ സേനക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്.
ഓക്‌സിജന്റെ കണക്ക്
78 വയസ്സുള്ള വയോധികന്‍. വല്ലാതെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹത്തെ രിയാദിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുവന്നു. 24 മണിക്കൂര്‍ കൃത്രിമ ശ്വാസം നല്‍കേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു. പ്രശ്‌നമൊന്നുമില്ലെന്നും വീട്ടില്‍ പോകാമെന്നും ഡോക്ടര്‍ പറഞ്ഞു. 600 രിയാലിന്റെ ബില്ലും നല്‍കി. അപ്പോള്‍ വയോധികന്‍ കരയാന്‍ തുടങ്ങി. ബില്ലിലെ തുകയോര്‍ത്ത് കരയേണ്ടതില്ലെന്നും പരിഹാരമുണ്ടാക്കാമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ വയോധികന്റെ പ്രതികരണം ഇങ്ങനെ: ''ബില്ലിലെ തുക കണ്ട് കരഞ്ഞതൊന്നുമല്ല ഞാന്‍. ഈ ബില്ലടക്കാനുള്ള കാശൊക്കെ എന്റെ കൈയിലുണ്ട്. ഞാന്‍ കരഞ്ഞത് എന്തിനാണെന്നോ? ഏതാനും മണിക്കൂറുകള്‍ എനിക്ക് ഓക്‌സിജന്‍ നല്‍കിയതിനാണ് 600 രിയാലിന്റെ ബില്ല്. നോക്കൂ, കഴിഞ്ഞ 78 വര്‍ഷമായി ഞാന്‍ പടച്ചതമ്പുരാന്‍ നല്‍കിക്കൊണ്ടിരിക്കുന്ന ശുദ്ധ ഓക്‌സിജന്‍ ശ്വസിച്ചുകൊണ്ടിരിക്കുന്നു. അതിനൊരു ബില്ലും ഞാന്‍ അടക്കുന്നില്ല. ഇത്രയും കാലം ശ്വസിച്ച ഓക്‌സിജന് ഞാന്‍ അവന് എത്ര തുക അടക്കേണ്ടിവരും!'' ഡോക്ടര്‍ തലതാഴ്ത്തി. അദ്ദേഹത്തിനും കരച്ചില്‍ വരുന്നുണ്ടായിരുന്നു (mshazer.magazine).
Comments