Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

നാല് "ജാഹിലിയ്യത്തുകൾ'

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുർആനിൽ നാലു തരം ജാഹിലിയ്യത്തുകൾ പ്രതിപാദിച്ചിട്ടുണ്ട്.

1. ളന്നുൽ ജാഹിലിയ്യത്ത് (ظنّ الجاهليّة)

''ഈ മനോവ്യഥക്കുശേഷം നിങ്ങളിലൊരു വിഭാഗത്തിന് നാം നിദ്രാദായകമായ ശാന്തി പ്രദാനംചെയ്തു. മറ്റൊരു വിഭാഗത്തിന്റെ കാര്യമോ, അവര്‍ക്ക് തങ്ങള്‍തന്നെയായിരുന്നു സര്‍വ പ്രധാനം. അവര്‍ അല്ലാഹുവിനെക്കുറിച്ച് സത്യവിരുദ്ധമായ പലതരം മൂഢധാരണകള്‍ വെച്ചുപുലര്‍ത്തി. ഇപ്പോള്‍ അവര്‍ ചോദിക്കുന്നു: 'ഈ സംരംഭം തീരുമാനിക്കുന്നതില്‍ ഞങ്ങള്‍ക്ക് വല്ല പങ്കുമുണ്ടോ?' അവരോടു പറയുക: 'ആര്‍ക്കും ഒരു പങ്കുമില്ല. അതിന്റെ സര്‍വാധികാരങ്ങളും അല്ലാഹുവിന്റെ ഹസ്തത്തിലാകുന്നു.' വാസ്തവത്തില്‍ അവര്‍ ഹൃദയങ്ങളിലൊളിച്ചുവയ്ക്കുന്നത് നിന്നോട് വെളിവാക്കുന്നില്ല. 'നേതൃത്വത്തിന്റെ അധികാരങ്ങളില്‍ ഞങ്ങള്‍ക്ക് പങ്കുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഇവിടെ വധിക്കപ്പെടുമായിരുന്നില്ല എന്നാണവരുടെ മനോഗതം.' അവരോട് പറയുക: 'നിങ്ങള്‍ സ്വവസതികളില്‍ത്തന്നെയായിരുന്നാലും മരണം വിധിക്കപ്പെട്ടവര്‍ അവരുടെ വധസ്ഥലങ്ങളിലേക്ക് സ്വയം പുറപ്പെട്ടുവരുന്നതാകുന്നു. ഇപ്പോള്‍ സംഭവിച്ച കാര്യങ്ങളത്രയും, നിങ്ങളുടെ മാറിടങ്ങളില്‍ മറഞ്ഞിരിക്കുന്നതിനെ അല്ലാഹു പരീക്ഷിക്കാനും ഹൃദയങ്ങളിലുള്ളതിനെ കറകളഞ്ഞെടുക്കാനും വേണ്ടിയാകുന്നു. അല്ലാഹു മാനസിക അവസ്ഥകള്‍ നന്നായി അറിയുന്നവനല്ലോ'' (ആലു ഇംറാൻ 154).
ഇത് വിശ്വാസപരമായ എല്ലാ ജാഹിലിയ്യത്തുകളെയും ഉൾക്കൊള്ളുന്നു. ബഹുദൈവത്വം, ത്രികേയത്വം, നിരീശ്വരത്വം, യുക്തിവാദം, അന്ത്യപ്രവാചകത്വ നിഷേധം, ഇസ്തിഗാസ, ഖബ്ർപൂജ, വ്യക്തിപൂജ തുടങ്ങിയ എല്ലാ ശിർക്കുപരമായ വിശ്വാസങ്ങളും ഈ ജാഹിലിയ്യത്തിന്റെ പരിധിയിൽ വരുന്നു.

2. ഹുക്്മുൽ ജാഹിലിയ്യത്ത് (حكم الجاهليّة)

''അല്ലാഹുവിന്റെ നിയമത്തിൽനിന്ന് പിന്തിരിയുകയാണെങ്കില്‍ പിന്നെ- ജാഹിലിയ്യത്തിന്റെ വിധിയാണോ അവര്‍ ആഗ്രഹിക്കുന്നത്? എന്നാല്‍, അല്ലാഹുവില്‍ ദൃഢവിശ്വാസമുള്ള ജനത്തെ സംബന്ധിച്ചേടത്തോളം അല്ലാഹുവിനെക്കാള്‍ വിശിഷ്ടമായി തീരുമാനം കല്‍പിക്കുന്നവനാരാണുള്ളത്'' (അൽ മാഇദ 50).

ഇത് ഭരണവും അധികാരവുമായി ബന്ധപ്പെട്ട ജാഹിലിയ്യത്താണ്. ഏകാധിപത്യം, രാജാധിപത്യം,  മുതലാളിത്തം, കുടുംബവാഴ്ച തുടങ്ങി ഇസ്്ലാംവിരുദ്ധമായ എല്ലാവിധ ഭരണക്രമങ്ങളും രീതികളും ഈ ജാഹിലിയ്യത്തിൽ പെടും.

3. തബർറുജുൽ ജാഹിലിയ്യത്ത് (تبرّج الجاهليّة)

''സ്വവസതികളിലൊതുങ്ങിക്കഴിയുക. പഴയ ജാഹിലിയ്യാ കാലത്തെപ്പോലെ ചന്തംകാട്ടി വിലസി നടക്കാതിരിക്കുക. നമസ്‌കാരം നിലനിര്‍ത്തുക. സകാത്ത് നല്‍കുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. പ്രവാചക കുടുംബമായ നിങ്ങളെ വൃത്തികേടുകളില്‍നിന്ന് മോചിപ്പിക്കാനും സമ്പൂര്‍ണമായി ശുദ്ധീകരിക്കാനുമത്രെ അല്ലാഹു ഉദ്ദേശിക്കുന്നത്'' (അൽ അഹ്സാബ്  33).

വ്യഭിചാരം, സ്വവർഗഭോഗം, പോൺവീഡിയോ നിർമാണം, അശ്ലീലതയും നിർലജ്ജതയുമായി ബന്ധപ്പെട്ട രചനകൾ, കലാരൂപങ്ങൾ  തുടങ്ങി മനുഷ്യമഹത്വത്തെയും മനുഷ്യത്വത്തെയും അവന്റെ അന്തസ്സിനെയും ഹനിക്കുന്ന, കുടുംബ സാമൂഹിക വ്യവസ്ഥകളെ തകർക്കുന്ന എല്ലാവിധ ലൈംഗിക അത്യാചാരങ്ങളും  ആഭാസങ്ങളും ഈ ജാഹിലിയ്യത്തിന്റെ പരിധിയിൽ വരുന്നു.

4. ഹമിയ്യത്തുൽ ജാഹിലിയ്യത്ത് (حميّة الجاهليّة)

''ആ നിഷേധികള്‍ അവരുടെ ഹൃദയങ്ങളില്‍ ജാഹിലിയ്യാ ദുരഭിമാനം ജ്വലിപ്പിച്ചപ്പോള്‍ അല്ലാഹു അവന്റെ ദൂതന്നും വിശ്വാസികള്‍ക്കും സമാധാനമരുളുകയും അവരെ ഭക്തിയുടെ വചനത്തിന്മേല്‍ ബന്ധിച്ചുനിര്‍ത്തുകയും ചെയ്തു. അതിന് ഏറ്റവും അര്‍ഹരും അവകാശികളും അവര്‍ തന്നെയാണല്ലോ. അല്ലാഹു സകല സംഗതികളും അറിവുള്ളവനാകുന്നു'' (അൽ ഫത്ഹ്  26).
ഫാഷിസം, ജാതിവ്യവസ്ഥ, വംശീയത, വർഗീയത, ദേശീയവും രാഷ്ട്രീയവും മതപരവുമായ പക്ഷപാതിത്വം, മിഥ്യാഭിമാനവും പൊങ്ങച്ചം നടിക്കലും, മദ്ഹബ്പരവും സംഘടനാപരവുമായ മേൽക്കോയ്മാവാദവും വിദ്വേഷവും അസൂയയും തുടങ്ങി മനുഷ്യനെ ഭിന്നിപ്പിക്കുന്നതും അകറ്റുന്നതും, അങ്ങനെ അനീതിക്കും അക്രമത്തിനും അവനെ പ്രേരിപ്പിക്കുന്നതുമായ ജാഹിലിയ്യാ മനോഭാവമാണ് ഹമിയ്യത്തുൽ ജാഹിലിയ്യത്ത്.

ജാഹിലിയ്യ എന്ന പ്രയോഗം ജഹില -جهل- എന്ന ക്രിയയുടെ മസ്വ്്ദറായ 'ജഹ്ൽ' എന്നതിൽനിന്ന് എടുക്കപ്പെട്ടതല്ല. മറിച്ച്, അതിന്റെ കർതൃരൂപമായ-فاعل- ജാഹിലിൽനിന്ന് - جاهل- എടുക്കപ്പെട്ടതാണ്.
ഈ നാലു ജാഹിലിയ്യത്തുകളാണ് എന്നും ഇന്നും എവിടെയും ലോകത്തെ അടക്കിവാഴുന്നതും അതിന്റെ നിയന്ത്രണം കൈയേറ്റിയിരിക്കുന്നതും. ലോകത്ത് ഏതെല്ലാം ജാഹിലിയ്യത്തുകളുണ്ടോ അതെല്ലാം ഈ നാല് ജാഹിലിയ്യത്തുകളിൽ ഏതെങ്കിലും ഒന്നിന്റെ പരിധിയിൽ വരുന്നതാണ്. മുഹമ്മദ് നബി (സ) വരെയുള്ള എല്ലാ നബിമാരും ലോകത്ത് ആഗതരായത് ഈ നാലു ജാഹിലിയ്യത്തുകളിൽനിന്നും മനുഷ്യരെ പൂർണമായും മോചിപ്പിച്ച് 'ഇസ്്ലാമിയ്യത്തി'ലേക്ക് ആനയിക്കാനായിരുന്നു. അല്ലാതെ 'ളന്നുൽ ജാഹിലിയ്യത്തി'ൽ നിന്നുമാത്രം മോചിപ്പിക്കാനായിരുന്നില്ല. ഇത് ഖുർആനിൽനിന്നും സുന്നത്തിൽനിന്നും വ്യക്തമാണ്.

അറബി ഭാഷയിൽ  ജാഹിലിയ്യത്ത് എന്നത് ഖുർആന്റെ മാത്രം  സാങ്കേതിക പ്രയോഗമാണ്. ഖുർആനു മുമ്പുള്ള അറബികവിതകളിലോ ഗദ്യസാഹിത്യത്തിലോ 'ജാഹിലിയ്യത്ത്' എന്ന പദം വന്നിട്ടില്ല. ജഹ്ൽ, ജാഹിൽ, ജഹാലത്ത്, ജഹൂൽ എന്നീ പദങ്ങൾ വന്നിട്ടുണ്ടാകാം; ജാഹിലിയ്യത്ത് എന്ന പ്രയോഗം മാത്രം വന്നിട്ടില്ല.  ഈ നാലു ജാഹിലിയ്യത്തുകളെയും  പ്രതിപാദിച്ചിട്ടുള്ള നാലു സൂറകളും - ആലു ഇംറാൻ, അൽ മാഇദ, അൽ അഹ്സാബ്, അൽ ഫത്ഹ് - മദനീ സൂറത്തുകളാണ്. കാരണം, ഈ നാലു ജാഹിലിയ്യത്തുകളും മക്കാകാലഘട്ടത്തിൽ 'ഇസ്്ലാമിയ്യത്തി'ൽ നിന്ന് 'പൂർണമായും' വേർതിരിഞ്ഞിരുന്നില്ല.

ഖുർആൻ പ്രയോഗിച്ച ഈ നാലു ജാഹിലിയ്യത്തുകൾക്കും പകരമായി അവിടെത്തന്നെ തത്സംബന്ധമായ 'ഇസ്്ലാമിയ്യത്തും' ഈമാനിയ്യത്തും പറഞ്ഞിട്ടുമുണ്ട്.

ഈ നാലു ജാഹിലിയ്യത്തുകളും മനുഷ്യസമൂഹത്തിൽ അതുണ്ടാക്കിത്തീർത്ത എണ്ണിയാലൊടുങ്ങാത്ത ദുരന്തവും ഖുർആന്റെ അടിസ്ഥാനത്തിൽ നാം പഠിച്ചിരിക്കണം. എന്നാൽ, മാത്രമേ ഏതു മേഖലയിലെയും ജാഹിലിയ്യത്തിനെ സൂക്ഷിച്ചു ഇസ്്ലാമിക ജീവിതം നയിക്കാൻ സാധിക്കുകയുള്ളൂ. അപ്പോൾ മാത്രമാണ് ലോകത്തെയും ലോകസംഭവങ്ങളെയും ഇസ്്ലാമിക കാഴ്ചപ്പാടിലൂടെ നോക്കിക്കാണാൻ കഴിയുക. പണ്ഡിതൻമാരും നേതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. നാലാമതു പറഞ്ഞ 'ഹമിയ്യത്തുൽ ജാഹിലിയ്യത്ത്' അഥവാ സംഘടനാധിഷ്ഠിതവും അല്ലാത്തതുമായ കൊടിയ പക്ഷപാതിത്വം അവർ പൂർണമായും ഉപേക്ഷിക്കാത്ത കാലത്തോളം അവരുടെ കീഴിലമർന്ന ഈ ഉമ്മത്ത് നേരെയാവുകയില്ല; രക്ഷപ്പെടുകയുമില്ല. ജാഹിലിയ്യത്തിനെ തിരിച്ചറിയാത്തവർ ഈ ഉമ്മത്തിൽ വളർന്നുവന്നാൽ ഇസ്്ലാമിന്റെ പിരികൾ- ഇഴകൾ- ഓരോന്നായി അഴിഞ്ഞു പോയ്ക്കൊണ്ടിരിക്കും എന്ന, ക്രാന്തദർശിയായ ഉമറി(റ)ന്റെ മുന്നറിയിപ്പും ഓർക്കുക. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്