Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

എ.പി അബ്ദുല്ല മാസ്റ്റർ

ഷെബീൻ മെഹബൂബ്

ജമാഅത്തെ ഇസ്്ലാമി അംഗവും പൂക്കോട്ടുംപാടം, വാണിയമ്പലം പ്രാദേശിക ഘടകങ്ങളുടെ നാസിമുമായിരുന്നു വാണിയമ്പലം കുയ്യംപൊയിൽ സ്വദേശി എ.പി അബ്ദുല്ല മാസ്റ്റർ.
അദ്ദേഹത്തിന്റെ വിയോഗത്തോടെ നാടിനും പ്രസ്ഥാനത്തിനും നഷ്ടമായത് സ്ഥിരോത്സാഹിയും ഊർജസ്വലനുമായ പ്രവർത്തകനെയാണ്. മത, ജാതി, രാഷ്ട്രീയ ഭേദമന്യെ സർവരാലും അംഗീകരിക്കപ്പെടുന്ന വ്യക്തിത്വമായിരുന്നു. അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ, പ്രബോധകൻ, സംഘാടകൻ തുടങ്ങിയ നിലകളിലെല്ലാം സ്തുത്യർഹമായ സേവനങ്ങൾ അർപ്പിച്ചു. പള്ളി ദർസിലൂടെ പഠനം തുടങ്ങിയ അദ്ദേഹം അതിനൊപ്പം സ്കൂൾ വിദ്യാഭ്യാസം നേടുകയും അറബി അധ്യാപക യോഗ്യത കരസ്ഥമാക്കുകയും ചെയ്തു. അബ്ദു മാഷ്, അബ്ദു മൗലവി, അബ്ദുല്ല മാസ്റ്റർ എന്നിങ്ങനെ, വ്യത്യസ്ത കർമമണ്ഡലങ്ങളിൽ വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ട അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കുയ്യംപൊയിൽ ഖിദ്മത്തുൽ ഇസ്്ലാം മദ്റസാ അധ്യാപകനായാണ് തുടങ്ങുന്നത്.
വെള്ളയൂർ എൽ.പി സ്കൂൾ, വണ്ടൂർ ബോർഡ് സ്കൂൾ, മൂത്തേടം ഗവ. ഹൈസ്കൂൾ, കുയ്യംപൊയിൽ ഗവ. എൽ.പി സ്കൂൾ, താനൂർ ഫിഷറീസ് സ്കൂൾ, കരുളായി വാരിക്കൽ എൽ.പി സ്കൂൾ, പറമ്പ ജി.യു.പി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

വാണിയമ്പലം സ്വദേശി യായിരുന്നെങ്കിലും അദ്ദേഹത്തിന്റെ മുഖ്യ കർമമണ്ഡലം പൂക്കോട്ടുംപാടം ആയിരുന്നു. വാണിയമ്പലം, പൂക്കോട്ടുംപാടം പ്രദേശങ്ങളിലെ സാമൂഹിക - സാംസ്കാരിക മണ്ഡലങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും മതപ്രബോധന രംഗത്തും പതിറ്റാണ്ടുകളായി അദ്ദേഹം സജീവമായിരുന്നു. ജമാഅത്തെ ഇസ്്ലാമിക്ക് പൂക്കോട്ടുംപാടം മേഖലയിൽ വേരോട്ടം ഉണ്ടാക്കുന്നതിനായി അഹോരാത്രം പ്രയത്നിച്ചു. പൂക്കോട്ടുംപാടം മസ്ജിദുസ്സലാം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു.  രോഗശയ്യയിലാവുന്നതു വരെ പള്ളി പ്രസിഡന്റുമായിരുന്നു. വാണിയമ്പലം തർബിയത്തുൽ മുസ് ലിമീൻ ട്രസ്റ്റ് സ്ഥാപക മെമ്പർ, ശാന്തിനഗർ ഇസ്‌ലാമിക് സ്റ്റഡി സർക്കിൾ പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തു.

ഭാര്യ: സുഹ്റ (റിട്ട. അധ്യാപിക, സി.എ.യു.പി.എസ് ചേലോട്). മക്കൾ: ഷഹ്്ന, ഷബ്്ന (അധ്യാപിക, ക്രസന്റ് യു.പി. സ്കൂൾ കാരപ്പുറം), അമീൻ ഇസ്്ലാഹി (ചീഫ് ടെക്നിക്കൽ ഓഫീസർ, ഇൻഫിനിറ്റ് ഓപൺ സോഴ്സ് സൊല്യൂഷൻസ്).

 

ബാവ സാഹിബ് പൊന്നാനി

പൊന്നാനിയിലെ ഇസ്്ലാമിക പ്രസ്ഥാനത്തിന്, പ്രത്യേകിച്ച് മരക്കടവ് പ്രാദേശിക ജമാഅത്തിന് തീരാ നഷ്ടമാണ് ബാവ ഹസൻ സാഹിബിന്റെ വേർപ്പാട്. പ്രസ്ഥാനം പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമ്പോഴെല്ലാം ധീരമായി നേരിടുന്നതിലും അതിനെ തരണം ചെയ്യുന്നതിലും ബാവ സാഹിബിന്റെ പങ്ക് വലുതായിരുന്നു. പൊന്നാനി ബസ് സ്റ്റാന്റിൽ എസ്.ഐ.ഒ പ്രവർത്തകർ തെരുവുനാടകം അവതരിപ്പിച്ച സന്ദർഭത്തിൽ സാമൂഹ്യ ദ്രോഹികൾ അവരെ ആക്രമിക്കുകയും ദേഹോപദ്രവമേൽപിക്കാൻ മുതിരുകയും ചെയ്തപ്പോൾ അപ്പോഴവിടെ ഓടിയെത്തിയ ബാവ ഹസൻ സാഹിബ് സധൈര്യം മുന്നോട്ട് ചെന്ന് അക്രമികളെ പിന്തിരിപ്പിക്കുകയായിരുന്നു. വിഭാഗീയതക്ക്  അതീതമായി  അദ്ദേഹം എല്ലാവരുമായും സ്നേഹ സൗഹാർദം നിലനിർത്തി. പ്രസ്ഥാന പ്രസിദ്ധീകരണങ്ങളുടെ കാമ്പയിൻ കാലത്ത് സഹോദര സംഘടനകളിലെ നേതാക്കന്മാരെയും പണ്ഡിതന്മാരെയും കണ്ട് വരി ചേർപ്പിക്കാൻ ഈ സൗഹൃദം അദ്ദേഹം ഉപയോഗപ്പെടുത്തി. സ്വയം സാമ്പത്തിക പരാധീനത അനുഭവിക്കുമ്പോഴും മറ്റുള്ളവരുടെ പ്രയാസങ്ങൾ അറിയാനും പരിഹരിക്കാനും അദ്ദേഹം മുന്നിട്ടിറങ്ങി. മലർവാടി ബാലോത്സവം തൊട്ട്  പ്രസ്ഥാന കാമ്പയിനുകൾ, സ്ക്വാഡ് വർക്കുകൾ, പൊതുപരിപാടികൾ എന്നിങ്ങനെ എല്ലാറ്റിലും അദ്ദേഹത്തിന്റെ പങ്ക്, മറ്റെല്ലാവരും ചേർന്നു നിർവഹിക്കുന്നതിനെക്കാൾ കൂടുതലായിരിക്കും. ദീർഘകാലം മരക്കടവ് കാർകുൻ ഹൽഖയുടെ സെക്രട്ടറിയായും ഹിറാ ചാരിറ്റബ്ൾ ട്രസ്റ്റിന്റെ സെക്രട്ടറിയും ചെയർമാനുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജുബൈരിയയാണ് സഹധർമിണി. ബിലാൽ, അശ്ബർ, ഹസനുൽ ബന്ന മക്കളാണ്.

മൊയ്തീൻ ബാവ

 

കടന്നമണ്ണ എ. സലാഹുദ്ദീൻ

കടന്നമണ്ണ എ. സലാഹുദ്ദീൻ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. വിനയംകൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ അങ്ങേയറ്റത്തെ സാത്വിക വ്യക്തിത്വം. സൗമ്യമായി പുഞ്ചിരിച്ചുകൊണ്ടല്ലാതെ അദ്ദേഹത്തെ കണ്ട ഓർമയില്ല. പ്രവാസ ജീവിതകാലത്ത് രിയാദിലായിരിക്കെ പല വേദികളിലും ഒന്നിച്ച് പ്രവർത്തിക്കാൻ അവസരമുണ്ടായിട്ടുണ്ട്. ഉംറ, സ്റ്റഡി ടൂർ തുടങ്ങി പല യാത്രകളും ഒന്നിച്ച് നടത്തിയിട്ടുണ്ട്. അപ്പോഴൊന്നും നല്ലതല്ലാതെ അദ്ദേഹത്തിൽനിന്ന് അനുഭവപ്പെട്ടിട്ടില്ല.
ജനനം 1959 മെയ് ഒന്നിന് മലപ്പുറം ജില്ലയിലെ കടന്നമണ്ണയിൽ. പിതാവ്: ആലങ്ങാടൻ മൊയ്തീൻ മൗലവി, മാതാവ്: ആഇശ. 1975-1983-ൽ ശാന്തപുരം ഇസ്്ലാമിയാ കോളേജിൽ പഠിച്ച് എഫ്.ഡി, ബി.എ. ബിരുദങ്ങൾ നേടി. മമ്പാട് റഹ്്മാനിയാ കോളേജ്, ഫറോക്ക് ഇർശാദിയാ കോളേജ്, ശാന്തപുരം ഇസ്്ലാമിയാ കോളേജ് (1985-1986) എന്നിവിടങ്ങളിൽ അധ്യാപകനായി. 1987-1991-ൽ സുഊദി അറേബ്യയിലെ കിംഗ് സുഊദ് യൂനിവേഴ്സിറ്റിയിൽ ഉപരിപഠനം. മടങ്ങിവന്ന് വീണ്ടും ശാന്തപുരത്ത് അധ്യാപകനായി. ശാന്തപുരം ഇസ്്ലാമിയാ കോളേജ് വിദ്യാർഥി ഹൽഖയുടെയും എസ്.ഐ.ഒ മലപ്പുറം ജില്ലാ സമിതിയുടെയും  സെക്രട്ടറിയായിരുന്നിട്ടുണ്ട്.

1993 മുതൽ കാൽനൂറ്റാണ്ട് കാലം സുഊദിയിൽ ജോലി ചെയ്തു. രിയാദിലെ അൽജുമൈഹ് & ഷെൽ ലൂബ്രിക്കേറ്റിംഗ് ഓയിൽ കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായാണ് വിരമിച്ചത്.
2021-ൽ നാട്ടിലെത്തിയ ശേഷം ശാന്തപുരം അൽ ജാമിഅയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

2012-ൽ ജമാഅത്തെ ഇസ്്ലാമി അംഗമായി. കെ.ഐ.ജി രിയാദ് പ്രസിഡന്റ്, സെക്രട്ടറി, കൂടിയാലോചനാ സമിതിയംഗം, ഇസ്്ലാമിക സമൂഹം കൺവീനർ, മദ്റസാ കോഡിനേറ്റർ, ഖുർആൻ സ്റ്റഡി സെന്റർ കോഡിനേറ്റർ, ശാന്തപുരം അലുംനി അസോസിയേഷൻ രിയാദ് ചാപ്റ്റർ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. രിയാദ് മേഖലാ ഖുർആൻ സ്റ്റഡി സെന്റർ കോഡിനേറ്റർ, ശാന്തപുരം അലുംനി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ, പ്രാദേശിക ജമാഅത്ത് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിരുന്നു.
രിയാദിൽ ഈസ്റ്റ് റിങ് റോഡിലെ എക്സിറ്റ് എട്ടിലെ ജോലിസ്ഥലത്തേക്ക് കാലത്ത് ആറരക്ക് പുറപ്പെടുന്ന ദിനചര്യ പലപ്പോഴും അവസാനിക്കുന്നത് അർധരാത്രിയായിരിക്കും. കുടുംബം നാട്ടിലായിരുന്ന അവസാന വർഷങ്ങളിൽ, ജോലി കഴിഞ്ഞാൽ പിന്നെ മലസിൽ വന്ന് ഭക്ഷണം, കിംഗ് അബ്ദുല്ല പാർക്കിന് ചുറ്റും നടന്നുള്ള വ്യായാമം, ശേഷം പ്രസ്ഥാന യോഗങ്ങൾ എല്ലാം കഴിഞ്ഞാണ് മടക്കം. രിയാദിലെ മദ്റസാ സംരംഭത്തിലെ ഒരു കണ്ണി മാത്രമല്ല, മദ്റസകളുടെ ചുമതലയും മേൽനോട്ടവും ദീർഘകാലം അദ്ദേഹത്തിനായിരുന്നു.

ഭാര്യ: ഹബീബ കളത്തിങ്ങൽ. മക്കൾ: അഹ്്മദ് നാദിർ, സന, സഫീർ, സാനിദ്.

അസ്ഹർ പുള്ളിയിൽ

 

തോട്ടിലാങ്ങര അബ്ദുൽ കരീം

കോഴിക്കോട് വെള്ളിപറമ്പ് ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നു കുറ്റിക്കാട്ടൂർ പൈങ്ങോട്ടു പുറം തോട്ടിലാങ്ങര അബ്ദുൽ കരീം സാഹിബ്. കെ.എസ്.ആർ.ടി.സി കണ്ടക്ടറായി ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം കുറ്റിക്കാട്ടൂർ, വെള്ളിപറമ്പ്  പ്രദേശങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന മണ്ഡലം.

പൈങ്ങോട്ടു പുറം ഭാഗങ്ങൾ കുന്ദമംഗലം നിയോജക മണ്ഡലത്തിലായതിനാൽ വെൽഫെയർ പാർട്ടിയുടെ പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു. തനിക്ക്
ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ ആരുടെ മുന്നിലും വെട്ടിത്തുറന്നു പറഞ്ഞു. ഖുർആൻ പഠനത്തിന് പ്രത്യേകം താൽപര്യമെടുത്തിരുന്നു.

ഭാര്യ: സഫിയ. മക്കൾ: ജസീന, സബീന, സാബിത്.

മരുമക്കൾ: സമീർ ഒതായ്, ഫസലുർറഹ്്മാൻ തിരുത്തിയാട് . നജ കൊടിയത്തൂർ.

സിദ്ദീഖ് കുറ്റിക്കാട്ടൂർ

 

തയ്യിൽ ആലിപ്പു 

അലനല്ലൂർ ഏരിയയിലെ എടത്തനാട്ടുകര ചുണ്ടോട്ടുകുന്ന് ഹൽഖാ പ്രവർത്തകനായിരുന്നു തയ്യിൽ ആലിപ്പു (83). 'ആലിപ്വാക്ക' എന്നാണ് നാട്ടുകാർ അദ്ദേഹത്തെ വിളിക്കാറുള്ളത്. അയൽവാസിയായതിനാൽ ചെറുപ്പം മുതൽ തന്നെ അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു.
ഞങ്ങൾ സുഹൃത്തുക്കൾ അസീസ് സാഹിബിന്റെ നേതൃത്വത്തിൽ ഇസ്്ലാം പഠനം നടത്തുന്ന കാലത്ത് അദ്ദേഹത്തിന്റെ  മകൻ അബ്ദുന്നാസറും കൂടെയുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹവും കുടുംബവും ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെടുന്നത്.

ചെറുപ്പം മുതൽക്കേ മിക്ക പെരുന്നാൾ ദിനങ്ങളിലും ഉച്ചഭക്ഷണം അദ്ദേഹത്തിന്റെ  വീട്ടിൽനിന്നായിരുന്നു എന്നത് മറക്കാനാവാത്ത ഓർമയാണ്. ജാതിയും മതവും നോക്കാതെ അയൽവാസികളായ എല്ലാവരെയും ഭക്ഷണത്തിന് വിളിക്കും. ഇസ്‌ലാമിന്റെ സവിശേഷമായ മാനവിക മൂല്യത്തെയാണ് അദ്ദേഹവും കുടുംബവും പ്രയോഗവൽക്കരിക്കുന്നത് എന്ന് മനസ്സിലാക്കിയത് പിന്നീടാണ്. പെരുന്നാൾ ദിനത്തിലെ ആ തേങ്ങാ ചോറിന്റെയും ബീഫിന്റെയും രുചിയോടൊപ്പം ഇസ്്ലാമിന്റെ 'രുചി'യും അനുഭവിച്ചറിയുന്നുണ്ടായിരുന്നു എന്നതാണ് സത്യം.
നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് അദ്ദേഹത്തിന്. അതിൽ രണ്ട് പെൺമക്കളെയും വിവാഹം കഴിച്ചു കൊടുത്തത് ഹിദായത്തിലായ സഹോദരങ്ങൾക്കാണ് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. 'മനുഷ്യനെ ചേർത്തുപിടിക്കുക' എന്ന ഇസ്‌ലാമിക മൂല്യത്തെ പ്രയോഗത്തിൽ വരുത്തിയതിന്റെ ഉദാഹരണങ്ങളാണിത്. ഇസ്‌ലാമിനെ സംബന്ധിച്ച് ആഴത്തിൽ പാണ്ഡിത്യമുണ്ടായതുകൊണ്ട് മാത്രം സാധ്യമാകുന്ന ഒന്നല്ല ഇത്.

ഇസ്‌ലാം സ്വീകരിച്ച ആദ്യ ഘട്ടത്തിൽ സ്വകാര്യമായി പലപ്പോഴും നമസ്കരിച്ചിരുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ നിന്നായിരുന്നു. അമ്മയും ജ്യേഷ്ഠന്റെ ഭാര്യയുമൊക്കെ ആദ്യഘട്ടത്തിൽ അങ്ങനെത്തന്നെയാണ് നമസ്കരിച്ചിരുന്നത്. മറ്റു പല കാര്യങ്ങൾക്കും തുണയായിരുന്നു അദ്ദേഹത്തിന്റെ കുടുംബം.

ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, അബ്ദുന്നാസർ, അബൂബക്കർ, മുജീബ്, സീനത്ത്, സക്കീന, സർഫുന്നീസ.
മരുമക്കൾ: സാജിദ്, സനൂജ്, റമീസ്.

ജി.കെ എടത്തനാട്ടുകര

 

ടി.പി മൊയ്തു മാസ്റ്റർ

വേളം ചെറുകുന്ന് ഹൽഖയിലെ സജീവ പ്രവർത്തകനായിരുന്നു ടി.പി മൊയ്തു മാസ്റ്റർ. തികഞ്ഞ ദീനി നിഷ്ഠ പാലിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പ്രസ്ഥാനത്തെ വികാരമായി ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന അദ്ദേഹം ഏത് അവസരത്തിലും കർമ സന്നദ്ധത അറിയിച്ചുകൊണ്ട് നിലകൊണ്ടു. പ്രസ്ഥാന സംരംഭങ്ങളെ തന്നാലാവും വിധം സഹായിച്ചു. കുടുംബത്തെ പ്രസ്ഥാന പാതയിൽ ചലിപ്പിക്കുന്നതിൽ എപ്പോഴും ശ്രദ്ധ ചെലുത്തി. ജനങ്ങളുമായി മനസ്സു തുറന്ന് ഇടപെട്ടു. നല്ല അധ്വാനശീലനായിരുന്നു. വയലിലും പറമ്പിലും കൃഷി ചെയ്ത് വിളവുകൾ അയൽവാസികൾക്കും മറ്റും നൽകുന്നതിൽ സന്തോഷം കണ്ടെത്തി. മറ്റുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നം പോലെ കാണുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്.

സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം പള്ളിദർസിലും പിന്നെ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിലുമായിരുന്നു പഠനം. പഠന കാലത്തു തന്നെ പ്രസ്ഥാനത്തെ അടുത്തറിയുകയും കൂടെ ചേരുകയും ചെയ്തു. ദീർഘകാലം അധ്യാപകനായി ജോലി ചെയ്തു. വിരമിച്ച ശേഷം നല്ല കർഷകനായി. ഭാര്യയും  മകളും രണ്ട് ആൺ മക്കളുമാണ്  അദ്ദേഹത്തിനുള്ളത്.

ടി. ജാഫർ

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്