മരിച്ചു കഴിഞ്ഞാലുള്ള ചടങ്ങുകൾ
ഞാൻ മരിച്ചു കഴിഞ്ഞെന്ന് ഉറപ്പായാൽ,
എല്ലാവരുമെന്നെ സ്നേഹവായ്പ് കൊണ്ട്
പൊതിഞ്ഞ് മൂടും.
എന്നെ പുതപ്പിക്കാൻ വാങ്ങിച്ച വസ്ത്രത്തിന്റെ
പരുപരുപ്പിനെക്കുറിച്ച് അവർ ആവലാതിപ്പെടും,
അപ്പോൾ, നിറം മങ്ങിയ കോളറത്തലപ്പുകളുള്ള,
പിന്നിപ്പോയ, എന്റെ നീളൻ കുപ്പായം
വാതിലിന്റെ പിന്നിൽ നിന്നും എത്തി നോക്കും.
എന്റെ കരുവാളിച്ച മുഖമൊന്ന് കാണാൻ
എല്ലാവരും ഓടിക്കിതച്ചെത്തും,
ഇത്ര പെട്ടെന്നങ്ങ് പോവുമെന്ന്
കരുതിയില്ലെന്നവർ ഇടക്കിടെ പരിഭവിക്കും.
വരുന്ന വെക്കേഷൻ സമയത്ത്;
മക്കൾക്ക് സ്റ്റഡി ക്ലാസാണ്,
അടുത്ത തവണ വരുമെന്ന് പറഞ്ഞവൻ,
ടൂ വേ ഫാമിലി ടിക്കറ്റുമെടുത്ത്
ചാടിപ്പുറപ്പെടും.
ഒരു മണവാളനെ ഒരുക്കുന്നതു പോലെ
അവരെന്നെ കുളിപ്പിച്ചൊരുക്കും.
വറ്റിവരണ്ടു പോയ കവിളുകളിൽ,
സ്നേഹചുംബനങ്ങൾ കൊണ്ട് നിറക്കും.
സങ്കടപ്പെടേണ്ട..,
മൂപ്പരെ പോലൊരാളെ,
കിട്ടിയ നീ ഭാഗ്യവതിയല്ലേയെന്ന്,
അവരാദ്യമായ് എന്റെ ഭാര്യയുടെ
ചെവിയിൽ മന്ത്രിക്കും.
വിളിച്ച് ചേർത്ത 'ഓർമസദസ്സിൽ',
ഓരോരുത്തരായി
എന്റെ നന്മകൾ,
ഓർത്തോർത്തെടുത്ത്,
സദസ്സ് പ്രൗഢമാക്കും.
പോരായ്മകൾ മറന്നുപോവും..
അങ്ങനെയൊക്കെയിരിക്കെ,
ഞാനാ കിടപ്പിൽ നിന്നുണർന്ന് വരണം,
എല്ലാം കണ്ട് വെളുക്കെ ചിരിച്ചു,
ഒന്നു കൂടെ മരിച്ചുവീഴണം. l
Comments