Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

ആത്മഹത്യയെ പ്രതിരോധിക്കാന്‍

റഹ്്മാന്‍ മധുരക്കുഴി

സെപ്റ്റംബര്‍ 10 ആഗോള ആത്മഹത്യാ പ്രതിരോധ ദിനമായിരുന്നു. പ്രസ്തുത ദിനത്തിന്റെ ഭാഗമായി പുറത്തു വന്ന ചില കണക്കുകള്‍ നമ്മെ ആശങ്കപ്പെടുത്തുന്നതാണ്. ആത്മഹത്യയില്‍ ഇന്ത്യ 38-ാം സ്ഥാനത്താണെന്നാണ് പഠന റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് (എന്‍.സി.ആര്‍.ബി) കണക്ക് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം പേര്‍ ആത്മഹത്യ ചെയ്യുന്നുണ്ട്. എന്‍.സി.ആര്‍.ബി രേഖകള്‍ പ്രകാരം 2021-ല്‍ 1,64,033 പേര്‍ ആത്മഹത്യ ചെയ്തു. 2020 വര്‍ഷത്തെ അപേക്ഷിച്ച് 7.2 ശതമാനം വര്‍ധനവാണിത്.

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പറയുന്നു. കേരളത്തിലെ ആത്മഹത്യാ കണക്ക് ദേശീയ ശരാരശരിയെക്കാളും മുകളിലാണ്. 2020-നെ അപേക്ഷിച്ച് ആത്മഹത്യയില്‍ 2.9 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയില്‍ 2021-ല്‍ ആകെ നടന്ന 1,64,033 ആത്മഹത്യകളുടെ 5-8 ശതമാനം കേരളത്തിലാണ്.

ആത്മഹത്യയില്‍ കേരളം 5-ാം സ്ഥാനത്താണ്. ശരാശരിയുടെയും ഇരട്ടിയാണ് പ്രബുദ്ധ കേരളത്തിലെ ആത്മഹത്യാ നിരക്ക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കൊല്ലം ജില്ലയില്‍. ഏറ്റവും കുറവ് മലപ്പുറത്തും. മാനസികാരോഗ്യത്തിന്റെ അഭാവമാണ് കേരളത്തില്‍ ആത്മഹത്യകള്‍ ഉയരാന്‍ കാരണമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു. മനോരോഗം മൂലമുള്ള ആത്മഹത്യകള്‍ ദേശീയ തലത്തില്‍ 5 ശതമാനം മാത്രമാണെങ്കില്‍, കേരളത്തിലിത് 14.3 ശതമാനമാണത്രെ. ജാതീയ വിവേചനം സൃഷ്ടിക്കുന്ന മനഃപ്രയാസങ്ങളും അവനെ/അവളെ ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നുണ്ട്. ജാതിഭ്രാന്ത് കൊടികുത്തി വാഴുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം ആത്മഹത്യകള്‍ നടക്കുന്നത്. ഏതാനും മാസങ്ങള്‍ക്കപ്പുറം ഐ.ഐ.ടികളില്‍ ആത്മഹത്യ ചെയ്ത രണ്ട് ദലിത് വിദ്യാര്‍ഥികള്‍ ഈ വിവേചനത്തിന്റെ ഇരകളായിരുന്നു.

സംസ്ഥാനത്ത് 2021-ല്‍ നടന്ന ആകെ ആത്മഹത്യകളില്‍ 47.7 ശതമാനവും കുടുംബ പ്രശ്‌നങ്ങള്‍ മൂലമായിരുന്നു. മയക്കു മരുന്നുകളുടെ ഉപയോഗവും മദ്യാസക്തിയും ആത്മഹത്യക്ക് പിന്നിലെ മുഖ്യ കാരണങ്ങളാണ്. രാജ്യത്ത് ആത്മഹത്യ ചെയ്തവരില്‍ 64.2 ശതമാനത്തിന്റെയും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. ആത്മഹത്യ ചെയ്ത സ്ത്രീകളില്‍ വീട്ടമ്മമാരായിരുന്നു കൂടുതല്‍. ആത്മഹത്യാ വര്‍ധനനിരക്കില്‍ വിദ്യാര്‍ഥികളാണ് മുന്നില്‍. 2011-നും 2021-നും ഇടയില്‍, വിദ്യാര്‍ഥി ആത്മഹത്യാ നിരക്ക് 70 ശതമാനം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. 2011-ല്‍ 7696 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021-ല്‍ അത് 13,089 ആയി ഉയര്‍ന്നു. വിദ്യാര്‍ഥി ആത്മഹത്യക്ക് മുഖ്യ പ്രേരകം മാനസിക സംഘര്‍ഷമാണ്. പഠന ഭാരവും അടിച്ചേല്‍പിക്കപ്പെടുന്ന ഉത്തരവാദിത്വ ഭാരവുമാണ് മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിലെ മുഖ്യ വില്ലന്‍. വിദ്യാര്‍ഥി, അവന്‍/അവള്‍ ഇഷ്ടപ്പെട്ടതോ, അഭിരുചിക്കിണങ്ങിയതോ ആയ വിഷയങ്ങള്‍ പഠിക്കുന്നതിന് പകരം, കുടുംബത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പഠിച്ചുകൊള്ളണമെന്ന് വരുമ്പോള്‍ അവന്‍/അവള്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതമാവുകയാണ്.

ആത്മഹത്യയിലെ മുഖ്യ വില്ലന്‍ മദ്യവും മയക്കുമരുന്നുമാണ്. 10-നും 15-നും ഇടയില്‍ പ്രായമുള്ളവരില്‍ പോലും 10 ശതമാനം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇടുക്കിയില്‍ ഉയര്‍ന്ന ആത്മഹത്യാനിരക്ക് രേഖപ്പെടുത്താന്‍ കാരണം മദ്യപാനവും പലിശ സംഘങ്ങളുടെ നീരാളിപ്പിടിത്തവുമാണെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
കെട്ടുറപ്പില്ലാത്ത സമൂഹത്തിലാണ് ആത്മഹത്യാ നിരക്കുകള്‍ കൂടുതല്‍ കാണുന്നത്. സുദൃഢവും ആരോഗ്യകരവുമായ മാനുഷിക ബന്ധങ്ങളാണ് ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നത്. കുടുംബ ബന്ധങ്ങള്‍ ഇവിടെ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തമ കുടുംബ ജീവിത വ്യവസ്ഥിതി ഉള്ളിടത്ത് ആത്മഹത്യാ പ്രവര്‍ണതകള്‍ കുറവാണെന്ന് കാണാം. വ്യക്തികളെ സമൂഹവുമായി ബന്ധിച്ചുനിര്‍ത്തിയിരിക്കുന്ന ചരടുകള്‍ അയഞ്ഞു തുടങ്ങുമ്പോള്‍ വ്യക്തിത്വ ശിഥിലീകരണം സംഭവിക്കുന്നു; അവർക്ക് ആശ്വാസവും പ്രതീക്ഷയും ലഭിക്കാതെ വരുന്നു. അതിന്റെ മൂര്‍ധന്യത്തില്‍ അയാള്‍ക്ക് ആത്മഹത്യയാണ് പോം വഴിയെന്ന് തോന്നുന്നു.

മതപരമായ ചിട്ടവട്ടങ്ങള്‍ ആത്മഹത്യകള്‍ക്ക് കടിഞ്ഞാണിടുന്നതായി മനഃശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്. മുസ് ലിം സമുദായത്തില്‍ ആത്മഹത്യാ നിരക്ക് കുറവായി കാണുന്നത് മതപരമായ വിലക്കു കൊണ്ടാണെന്നും, ഭൗതിക പ്രശ്‌നങ്ങളുടെ പേരില്‍ ജീവനൊടുക്കിയാല്‍ ശാശ്വത വാസകേന്ദ്രമായ പരലോകവും നഷ്ടപ്പെടുമെന്ന മതവിശ്വാസം ആത്മഹത്യക്ക് തടയിടുന്നുവെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ സൈക്യാട്രി വിഭാഗം തലവന്‍ പറയുന്നു. 
മതങ്ങള്‍ മാനവ സമൂഹത്തിന് നല്‍കിയ മാനുഷിക മൂല്യങ്ങളുടെ തിരസ്‌കാരമാണ് ഒട്ടനവധി സാമൂഹിക പ്രശ്‌നങ്ങളുടെയും തായ്്വേര്. 'കൂട്ട ആത്മഹത്യകള്‍, ഒരു സാമൂഹ്യ പ്രശ്‌നം' എന്ന ശീര്‍ഷകത്തില്‍ ദേശാഭിമാനി പത്രം എഴുതിയ മുഖപ്രസംഗം, മനുഷ്യന്‍ അഭിമുഖീകരിക്കുന്ന മൂല്യനിരാസത്തെ ചൂണ്ടിക്കാണിക്കുകയും ആത്മഹത്യയെ പ്രതിരോധിക്കാന്‍ നഷ്ടപ്പെട്ട മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ ആഹ്വാനം ചെയ്യുകയുമുണ്ടായി.

മനുഷ്യ മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ഫലപ്രദമായ നടപടികളാണ് കണ്ടെത്തേണ്ടത്. നഷ്ടമൂല്യങ്ങളുടെ വീണ്ടെടുപ്പിലൂടെ ധാര്‍മിക പുനഃസംവിധാനത്തിനുള്ള വഴികള്‍ ആരായേണ്ടിയിരിക്കുന്നു. ജീവിതത്തിന് ലക്ഷ്യബോധമുണ്ടാവണം. നിസ്സാരങ്ങളായ ജീവിത പ്രയാസങ്ങളോട് വൈകാരികമായി സമീപിക്കുകയും ലാഘവ ബുദ്ധിയോടെ ജീവനൊടുക്കുകയും ചെയ്യുന്ന പ്രവണത വിവേകത്തിന്റെയും വിജയത്തിന്റെയും മാര്‍ഗമല്ലെന്ന് തിരിച്ചറിയപ്പെടണം. ജീവിതം ഒരു പൂമെത്തയല്ലെന്നും പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും സമചിത്തതയോടെ അതിജീവിച്ച് മുന്നേറുമ്പോള്‍ മാത്രമേ ജീവിതം സാര്‍ഥകമാവൂ എന്നുമുള്ള ഉത്തമ ബോധം കൈവരിക്കാനാവണം.l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്