ഇസ്്ലാം ആദർശത്തിന്റെ കരുത്തും സമൂഹത്തിന്റെ ശാക്തീകരണവും
ഏതൊരു സംഘത്തിന്റെയും ശാക്തീകരണവും പുരോഗതിയും ഉറപ്പ് വരുത്തുന്നതില്‍ ആ സംഘത്തിന്റെ പ്രത്യയശാസ്ത്രപരമായ കരുത്ത് (Ideological Power) വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഇസ് ലാമിന്റെ വക്താക്കളെ സംബന്ധിച്ചേടത്തോളം ഇത് കേവലം കരുത്തല്ല, അവരുടെ സര്‍വശക്തിയുടെയും കാതല്‍ (Core Strength) തന്നെയാണ്. മറ്റെല്ലാ കഴിവുകളും ശക്തികളും അവര്‍ക്ക് കൈവരുന്നത് ഈ ഉറവിടത്തില്‍നിന്നാണ്. മുന്‍കാലങ്ങളില്‍ മുസ് ലിം സമൂഹത്തിന് ഉയര്‍ച്ച ഉണ്ടായിട്ടുള്ളത് ഈ പ്രത്യയശാസ്ത്ര കരുത്തുകൊണ്ടാണ്; ഭാവിയില്‍ അവര്‍ക്ക് ശക്തി കൈവരുന്നതും ഈ പ്രത്യയശാസ്ത്ര പിന്‍ബലംകൊണ്ടായിരിക്കും.1 നിര്‍ഭാഗ്യവശാല്‍ നമ്മുടെ ശാക്തീകരണ-പുരോയാന ചര്‍ച്ചകളില്‍ ഈ വശം അവഗണിക്കപ്പെടാറാണ് പതിവ്. എന്താണ് പ്രത്യയശാസ്ത്ര കരുത്ത് എന്നാണ് നാം ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് അതിനെ എങ്ങനെ പ്രയോജനപ്പെടുത്താനാവുമെന്നും ആലോചിക്കുന്നു.
എന്താണ് പ്രത്യയശാസ്ത്ര കരുത്ത്?
ആശയാദര്‍ശങ്ങളുടെ അന്വേഷണം എന്നത് ഏതൊരു സമൂഹത്തിലും വളരെ അനിവാര്യമായും നടക്കേണ്ട ഒന്നാണ്. ഇത്തരമൊരു അന്വേഷണത്തിന് സമുദായത്തെ സഹായിക്കുക എന്നതാണ് പ്രത്യയശാസ്ത്ര പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന്റെ കടമ. ജനങ്ങളുടെ വിശ്വാസങ്ങള്‍, ചിന്തകള്‍, ലോകവീക്ഷണം, മൂല്യങ്ങള്‍, കീഴ്വഴക്കങ്ങള്‍ (Norms), മാതൃകാ ജീവിതം തുടങ്ങിയ കാര്യങ്ങളിലൊക്കെ അവരുടെ വീക്ഷണങ്ങളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കാന്‍ കഴിയുമ്പോഴാണ് ആ സംഘത്തിന് പ്രത്യയശാസ്ത്രപരമായ കരുത്തുണ്ട് എന്ന് പറയാന്‍ പറ്റൂ. പ്രത്യയശാസ്ത്ര പിന്‍ബലമുള്ള ഏത് സംഘവും പല തലങ്ങളില്‍ സമൂഹത്തെ സ്വാധീനിച്ചുകൊണ്ടിരിക്കും. ചിന്തയും ചിന്താപദ്ധതിയുമുള്ള ആളുകള്‍ വീക്ഷണങ്ങള്‍ രൂപപ്പെടുത്തിയെടുക്കുക തങ്ങളുടെ പ്രത്യയശാസ്ത്ര ഉറവിടത്തില്‍നിന്നായിരിക്കും. അവര്‍ക്ക് ജനങ്ങളുടെ വിശ്വാസാചാരങ്ങളെ മാത്രമല്ല, ഭരണകൂടങ്ങളുടെ നയനിലപാടുകളെ വരെ സ്വാധീനിക്കാനാവും. മറ്റേതൊരു ശക്തിയും പ്രത്യയശാസ്ത്ര ശക്തിയുടെ പിന്നിലേ വരൂ. അതിന് ആഗോള സ്വഭാവമുണ്ടാവും. അതിന്റെ സ്വാധീനമാണ് ശാശ്വതമായി നിലനില്‍ക്കുക. രാഷ്ട്രീയ, സാമ്പത്തിക, സൈനിക ശക്തികളെ എടുത്തു പരിശോധിച്ചാല്‍ അവയിലൊക്കെ ഒരുതരം നിര്‍ബന്ധം ചെലുത്തല്‍ കാണാന്‍ സാധിക്കും. അതായത്, പലതും ചെയ്യാന്‍ ജനങ്ങളില്‍ ബലപ്രയോഗം നടത്തുകയാണ്. ഈ ബലപ്രയോഗത്തെ ചെറുക്കുന്ന ശക്തികള്‍ ഏതൊരു സമൂഹത്തിലും സജീവമായിരിക്കും. ബലപ്രയോഗം നടത്തുന്നവര്‍ ദുര്‍ബലപ്പെടുമ്പോള്‍ സാധാരണക്കാര്‍ വരെ അതിനെ ചോദ്യം ചെയ്യുകയും അടിച്ചേൽപിക്കപ്പെട്ടതില്‍ നിന്നെല്ലാം പുറത്തുകടക്കുകയും ചെയ്യുന്നു. അതിനാല്‍, അടിച്ചേല്‍പിക്കപ്പെടുന്ന ഏതൊരു ശക്തിയുടെയും സ്വാധീനം അസ്ഥിരവും താല്‍ക്കാലികവുമായിരിക്കും. പ്രത്യയശാസ്ത്ര ശക്തിയാകട്ടെ ധൈഷണികമായും യുക്തിപരമായും വൈകാരികമായുമാണ് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. അതിന്റെ വക്താക്കളുടെ വാക്കുകള്‍ക്ക് ജനം സ്വമേധയാ ചെവികൊടുക്കുന്നു. അതിനാല്‍, അതിന്റെ സ്വാധീനം വളരെ വ്യാപകവും ആഴത്തിലുള്ളതും കൂടുതല്‍ കാലം നിലനില്‍ക്കുന്നതുമായിരിക്കും.
സാമൂഹിക ചിന്തകരുടെ വീക്ഷണത്തില്‍
സമകാലിക സാമൂഹിക ശാസ്ത്ര ചിന്തകളില്‍ പൊതുവെ അംഗീകരിക്കപ്പെട്ട കാര്യമാണ്, ഒരു സംഘത്തിന്റെ പ്രധാന ശക്തി അതിന്റെ ദാര്‍ശനികവും പ്രത്യയശാസ്ത്രപരവുമായ ശക്തിയാണ് എന്നത്. ആ ശക്തി നേടിയെടുത്ത സംഘത്തിനായിരിക്കും കരുത്തും സ്വാധീനവും ഉണ്ടാവുക. നമ്മുടെ ചര്‍ച്ചകളില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടാറുള്ളതാണ് സാമൂഹിക ശാസ്ത്രത്തിന്റെ തന്നെ പിതാവ് എന്നറിയപ്പെടുന്ന അല്ലാമാ ഇബ്‌നു ഖല്‍ദൂന്‍. അദ്ദേഹമാണ് അസ്വബിയ്യ എന്ന പരികല്‍പന അവതരിപ്പിക്കുന്നത്. ഏതൊരു വിഭാഗത്തിന്റെയും ഉയര്‍ച്ചയുടെയും വളര്‍ച്ചയുടെയും പ്രധാന സ്രോതസ്സ് അസ്വബിയ്യ ആയിരിക്കുമെന്ന് അദ്ദേഹം പറയുന്നു.2 സാമൂഹിക ഐക്യദാര്‍ഢ്യം (Social Solidarity) എന്നാണ് പുതിയ കാല സാമൂഹികശാസ്ത്ര ചിന്താ പരിസരത്ത് ആ വാക്കിന് നല്‍കാന്‍ കഴിയുന്ന മികച്ച പരിഭാഷയെന്ന് നാം നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്.3 അതായത്, പൊതുവായി ഒരു ജീവിത വീക്ഷണവും തത്ത്വശാസ്ത്രവും ഉത്തരവാദിത്വ ബോധവും പങ്ക് വെക്കുന്ന ഒരു ജനസമൂഹത്തിനിടയില്‍ ഉണ്ടായിവരുന്ന ആഴത്തിലുള്ള സൗഹൃദവും ഇഴയടുപ്പവും. പ്രത്യയശാസ്ത്ര ശക്തികളുടെ ഏറ്റവും പ്രഥമവും പ്രധാനവുമായ ഭാഗം ഇതാണ്. മുസ് ലിംകളുടെ ശക്തിയും പുരോഗതിയും പൂര്‍ണമായി ആശ്രയിച്ചുനില്‍ക്കുന്നത് ഇസ് ലാമിനോടും അതിന്റെ ആദര്‍ശങ്ങളോടും അവര്‍ക്കുള്ള പ്രതിബദ്ധതയിലാണെന്ന് ഇബ്‌നു ഖല്‍ദൂന്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുണ്ട്. 'മുഖദ്ദിമ'യിലെ ഒരു അധ്യാത്തിന് (പുസ്തകം 1, ഭാഗം രണ്ട്, അധ്യായം 27) അദ്ദേഹം പേരിട്ടത് പോലും ഇങ്ങനെയാണ്: 'മതകീയ വര്‍ണം സ്വീകരിക്കുമ്പോഴല്ലാതെ അറബികള്‍ക്ക് അധികാരവും അധീശത്വവും സാധ്യമല്ല; അത് നുബുവ്വത്തിലൂടെയോ വിലായത്തിലൂടെയോ മതപ്രസ്ഥാനങ്ങളുടെ സ്വാധീനഫലമായോ ആവാം.'4 മൂന്നാം ഭാഗം നാലാം അധ്യായത്തിലും5 ('വിപുലവും വിശാലാര്‍ഥത്തിലുമുള്ള ഭരണകൂടത്തിന് തുടക്കമിടുന്നത് മതത്തിലൂടെ; പ്രവാചകത്വത്തിലൂടെയോ ദീനീപ്രബോധനത്തിലൂടെയോ') അഞ്ചാം അധ്യായത്തിലും6 ('മതപ്രബോധനം അസ്വബിയ്യയെ വളരെയേറെ ശക്തിപ്പെടുത്തുന്നു') സമാനമായ തലക്കെട്ടുകള്‍ കാണാം. മതബോധം സൃഷ്ടിക്കുന്ന സംഘശക്തിയെക്കാള്‍ കരുത്തുള്ളതായി മറ്റൊന്നില്ല എന്നാണ് അവിടങ്ങളിലൊക്കെ അദ്ദേഹം സൂചിപ്പിക്കുന്നത്.
പ്രഫ. ടോയന്‍ബിയുടെ വീക്ഷണത്തില്‍, നാഗരികതകള്‍ ഉത്ഭവിക്കുന്നത് ആശയങ്ങളില്‍ നിന്നാണ്. ഒരു സര്‍ഗാത്മക ന്യൂനപക്ഷം (അതായത് ചെറിയൊരു ഐഡിയോളജിക്കല്‍ ഗ്രൂപ്പ്) മറ്റെങ്ങുമില്ലാത്ത അന്യാദൃശമായ ആശയങ്ങൾ കൊണ്ടുവരുന്നു, പ്രശ്‌നങ്ങള്‍ക്ക് അന്യാദൃശമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു- ഇങ്ങനെയാണ് ഏതൊരു നാഗരികതയും ആവിര്‍ഭവിക്കാന്‍ തുടങ്ങുക എന്ന് ടോയന്‍ബി പറയുന്നു. ഈ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ നിലവിലുള്ള ആശയങ്ങളെ ചോദ്യം ചെയ്യുകയും പുതിയ ആശയങ്ങളും അവയുടെ പ്രയോഗമാതൃകകളും സമര്‍പ്പിക്കുകയും ചെയ്യുന്നു.7 നമ്മുടെ കാലത്തെ സാമൂഹിക പ്രസ്ഥാനങ്ങളെക്കുറിച്ചും ഭരണരൂപങ്ങളെക്കുറിച്ചും സവിശേഷ പഠനം നടത്തിയിട്ടുള്ള ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞന്‍ മൈക്കിൾ മാന്‍ (Michael Mann 1942- ) എഴുതിയ 'സാമൂഹിക ശക്തിയുടെ സ്രോതസ്സുകള്‍' (The Sources of Social Power) എന്ന നാല് വാള്യങ്ങളിലുള്ള പുസ്തകം, ഈ വിഷയത്തില്‍ വന്നിട്ടുള്ള ഏറ്റവും ശ്രദ്ധേയമായ പുതിയ പഠനങ്ങളിലൊന്നാണ്. ചരിത്രത്തിലുടനീളം ഏത് മനുഷ്യ കൂട്ടായ്മയും ശക്തി സംഭരിച്ചത് നാല് സ്രോതസ്സുകളില്‍നിന്നാണെന്ന് അദ്ദേഹം പറയുന്നു. IMEP മോഡല്‍ എന്നാണ് അദ്ദേഹമതിനെ പേര് വിളിക്കുന്നത്. 'I' എന്നാല്‍ പ്രത്യയശാസ്ത്രശക്തി (Ideological Power), M= സൈനിക ശക്തി (Military Power), E= സാമ്പത്തിക ശക്തി (Economic Power), P= രാഷ്ട്രീയ ശക്തി (Political Power).9 ഓരോന്നിന്റെയും കരുത്ത് ഈ ക്രമത്തില്‍ തന്നെയാണ്. അതായത്, ഏറ്റവും കരുത്തുള്ളത് പ്രത്യയശാസ്ത്ര ശക്തിക്ക് തന്നെയാണ്. സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തികള്‍ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ വരുന്നു. എന്തുകൊണ്ടാണ് മറ്റു ശക്തികളെക്കാള്‍ പ്രത്യയശാസ്ത്ര ശക്തി ഒന്നാം സ്ഥാനത്ത് വരുന്നത്? ഗ്രന്ഥകാരന്റെ വിശദീകരണം ഇങ്ങനെ:
''സകല ഭൂമിശാസ്ത്ര പരിമിതികളും മറികടന്ന് ലോകം മുഴുക്കെ പരക്കാനും ആഴത്തില്‍ ഇറങ്ങിച്ചെല്ലാനുമുള്ള അസാധാരണ കഴിവുണ്ട് പ്രത്യയശാസ്ത്ര/ആദര്‍ശ ശക്തിക്ക്. അത് സൈനിക, സാമ്പത്തിക, രാഷ്ട്രീയ ശക്തികള്‍ പോലെ പരിമിത വൃത്തത്തില്‍ ഒതുങ്ങുന്നതുമല്ല. മനുഷ്യരുള്ളിടത്തൊക്കെ ആശയവും പ്രത്യയശാസ്ത്രവും പ്രചരിച്ചുകൊണ്ടിരിക്കും. അങ്ങനെ മോക്ഷത്തെക്കുറിച്ചും വിമോചനത്തെക്കുറിച്ചുമുള്ള ചിന്തകള്‍ അവരില്‍ മുളപൊട്ടുന്നു.
അതത് പ്രദേശങ്ങളിലെ അധികാര ഘടനകളില്‍നിന്ന് കുതറിമാറാനുള്ള അസാധാരണമായ വിമോചന ത്വര (ഈ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട) ജനങ്ങളില്‍ കാണാനാവും.''10
പ്രത്യയശാസ്ത്ര ശക്തിയെക്കുറിച്ച് പഠനം നടത്തിയ മറ്റൊരു പ്രമുഖ ബ്രിട്ടീഷ് സാമൂഹിക ശാസ്ത്രജ്ഞനാണ് സ്റ്റീവന്‍ മൈക്കിള്‍ ലൂക്ക്‌സ് (Steven Michael Lukes 1941- ). അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, സമൂഹത്തിലെ ബാക്കി വിഭാഗങ്ങളുടെ ചിന്തകളെയും അഭിലാഷങ്ങളെയും സ്വാധീനിക്കാനുള്ള കഴിവാണ് യഥാര്‍ഥത്തില്‍ 'ശക്തി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എത്രത്തോളമെന്നാല്‍, നിങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതുതന്നെ ആഗ്രഹിക്കുന്നവരായി അവരും മാറും.11 ശക്തിക്ക് മൂന്ന് മാനങ്ങള്‍ (Dimensions) ഉണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഒന്നാമത്തേത്, നമുക്ക് നേരിട്ട് കാണാനും അനുഭവിക്കാനും പറ്റുന്ന തലമാണ്. തീരുമാനങ്ങളെയും റിസല്‍ട്ടുകളെയും വളരെ പ്രത്യക്ഷത്തില്‍ തന്നെ സ്വാധീനിക്കാനാവുക. 'അജണ്ട-സെറ്റിംഗ്' ശക്തിയാണ് രണ്ടാമത്തെ മാനം. ഇത് നിഗൂഢവും പിടികൊടുക്കാത്തതും (Subtle) ആയിരിക്കും. ചില വിഷയങ്ങള്‍ (പ്രത്യേകിച്ചും, അധികാരത്തിലിരിക്കുന്നവര്‍ വെറുക്കുന്നവ) പൊതു ചര്‍ച്ചയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്നതോ അരികുവല്‍ക്കരിക്കപ്പെടുന്നതോ നാം കാണാറുണ്ടല്ലോ. ജനകീയ വിഷയങ്ങളില്‍ അധികാരത്തിലിരിക്കുന്നവരുടെ താല്‍പര്യങ്ങളാണ് അവിടെ സംരക്ഷിക്കപ്പെടുന്നത്. പൊതു ചര്‍ച്ച എങ്ങനെയാവണമെന്ന് അവര്‍ തീരുമാനിക്കും.
ശക്തിയുടെ മൂന്നാമത്തെ മാനം കുറെക്കൂടി സൂക്ഷ്മവും സങ്കീര്‍ണവുമാണ്. പ്രത്യക്ഷത്തില്‍ ഒന്നും കാണാനുണ്ടാവുകയില്ല. പക്ഷേ, ജനങ്ങളുടെ പൊതുസമ്മതി നേടിയെടുക്കാന്‍ ചില ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടാകും. ആ ഗ്രൂപ്പുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനും അവരെ അഭിപ്രായ സമന്വയത്തിലേക്ക് കൊണ്ടെത്തിക്കാനും സാധിക്കുന്നു. ജനം ആ ഗ്രൂപ്പുകളുടെ ആശയ വലയത്തില്‍ സ്വാഭീഷ്ടപ്രകാരം വന്നുനില്‍ക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാവുകയും ചെയ്യുന്നു. ഇതാണ് പ്രത്യയശാസ്ത്രത്തിന്റെ ശക്തി.12
കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കത്തില്‍ അമേരിക്കന്‍ നയതന്ത്രജ്ഞനും യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രത്യേക ഉപദേഷ്ടാവുമായിരുന്ന ജോസഫ് നൈ (Joseph Nye 1937- ), മൃദുശക്തി (Soft Power) എന്നൊരു സംജ്ഞ രൂപകൽപന ചെയ്യുകയുണ്ടായി. അന്താരാഷ്ട്ര നയതന്ത്രത്തില്‍ ഇന്നതൊരു അറിയപ്പെടുന്ന പരികൽപനയാണ്. ജോസഫ് മൃദുശക്തി എന്ന് വിളിക്കുന്നത് എന്തിനെയാണോ ഏതാണ്ട് അതേ അര്‍ഥത്തിലാണ് നാം പ്രത്യയശാസ്ത്ര/ സാംസ്‌കാരിക ശക്തി എന്ന് പ്രയോഗിക്കുന്നതും. ജോസഫ് എഴുതുന്നു:
''നിങ്ങള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതേ ആഗ്രഹം നിങ്ങള്‍ മറ്റുള്ളവരിലും ഉണ്ടാക്കുക. അതിന് സാധ്യമാക്കുന്ന പ്രയോഗത്തെയാണ് നാം മൃദുശക്തി എന്ന് വിളിക്കുന്നത്. നിങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ഇഷ്ടവും ആദരവും ഉണ്ടായിത്തുടങ്ങുന്നു. നിങ്ങളുടെ മാതൃക പിന്‍പറ്റുന്നതില്‍ അവര്‍ക്ക് സംതൃപ്തിയും സമാധാനവും അനുഭവപ്പെടുന്നു. നിങ്ങളുടെ മൃദുശക്തി പ്രയോഗങ്ങള്‍ അവരില്‍ അതിനോട് ആകര്‍ഷണം വളര്‍ത്തുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന വശീകരണം (Seduction) ആണ് ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തെക്കാള്‍ എപ്പോഴും കൂടുതല്‍ ഫലപ്രദവും സ്വാധീനം ചെലുത്തുന്നതും ആവുക.''13
ഇസ് ലാമും പ്രത്യയശാസ്ത്ര ശക്തിയും
ഇസ് ലാമില്‍ വിശ്വാസത്തിനും ഐഡിയോളജിക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് ഒരാള്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. വിശ്വാസികളുടെ ശക്തി അവരുടെ ആദര്‍ശമാണെന്ന് ഖുര്‍ആനും നബിചര്യയും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ''നിങ്ങളില്‍നിന്ന് വിശ്വസിക്കുകയും സല്‍ക്കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; എന്തെന്നാല്‍ അവന്‍ അവരെ ഭൂമിയില്‍ തന്റെ പ്രതിനിധികളാക്കുന്നതാകുന്നു'' (അന്നൂര്‍ 55). ''അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരോ, അവര്‍ അറിഞ്ഞിരിക്കട്ടെ, അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയിക്കുന്നവര്‍ എന്ന്'' (അല്‍ മാഇദ 56). ''ആര്‍ ദൈവേതര ശക്തികളെ നിഷേധിച്ച് അല്ലാഹുവില്‍ വിശ്വസിക്കുന്നുവോ, അവന്‍ ബലിഷ്ഠമായ അവലംബ പാശത്തില്‍ പിടിച്ചിരിക്കുന്നു. അത് ഒരിക്കലും അറ്റുപോകുന്നതല്ല'' (അല്‍ ബഖറ 256). ''എന്റെ ജനമേ, നിങ്ങളുടെ റബ്ബിനോട് മാപ്പ് തേടുവിന്‍; ശേഷം അവങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങുവിന്‍. അവന്‍ നിങ്ങള്‍ക്ക് മീതെ ആകാശത്തിന്റെ കവാടങ്ങള്‍ തുറന്നിടും. ശക്തിക്ക് മേല്‍ ശക്തി ചേർത്ത് തരികയും ചെയ്യും'' (ഹൂദ് 52). ഇങ്ങനെ, ഇസ് ലാമിക ആദര്‍ശമാണ് മുസ് ലിം സമൂഹത്തിന്റെ വിജയനിദാനം എന്ന് വ്യക്തമാക്കുന്ന ധാരാളം ഖുര്‍ആനിക സൂക്തങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയും. 'ദൈവവിധികള്‍ക്കൊത്ത് ചലിക്കുന്ന ഒരു വിഭാഗം എല്ലാ കാലത്തും എന്റെ സമൂഹത്തില്‍ ഉണ്ടായിരിക്കും. തങ്ങളെ ആരെങ്കിലും താഴ്ത്തിക്കെട്ടാന്‍ നോക്കുന്നതോ എതിരിടുന്നതോ അവരെ ഒരു നിലക്കും ബാധിക്കുകയില്ല. അന്ത്യനാള്‍ വരേക്കും അവര്‍ ആ നിലപാടില്‍ തുടരും' എന്ന് തിരുദൂതരും പറഞ്ഞിട്ടുണ്ട്.14
ഇസ് ലാമിക ചിന്തയുടെയും ദര്‍ശനത്തിന്റെയും മൗലിക സ്രോ തസ്സ് ഖുര്‍ആനാണ്. ഖുര്‍ആനുമായി ചേര്‍ന്നുനില്‍ക്കുമ്പോഴാണ് വിശ്വാസികള്‍ കരുത്തരാകുന്നത്. ഖുര്‍ആന്‍ ശക്തിമത്തായ ഗ്രന്ഥം (കിതാബുൻ അസീസ്) ആകുന്നത് അതുകൊണ്ടാണ് (ഫുസ്സ്വിലത്ത് 41). അതില്‍ രോഗശമനവും കാരുണ്യവും ഉണ്ടെന്ന് മറ്റൊരിടത്ത് പറഞ്ഞിരിക്കുന്നു (അല്‍ ഇസ്‌റാഅ് 82).
'ഈ ഖുര്‍ആനെ നിന്നില്‍ ചുമതലപ്പെടുത്തിയവന്‍ നിന്നെ മഹത്തായ പരിണതിയില്‍ എത്തിക്കും' എന്നും പ്രവാചകന് സന്തോഷ വാര്‍ത്ത നല്‍കിയിട്ടുണ്ട് (അൽ ഖസ്വസ്വ് 85). തിന്മക്കെതിരെയുള്ള പോരാട്ടത്തില്‍ വിശ്വാസികളുടെ മുഖ്യ ആയുധവും ഖുര്‍ആന്‍ തന്നെ (അൽ ഫുര്‍ഖാന്‍ 52). നാശത്തില്‍നിന്നുള്ള സംരക്ഷണം ഖുര്‍ആന്‍ വഴിയെന്നും ഒരു നബിവചനം പഠിപ്പിക്കുന്നു. അതിങ്ങനെ: ''ഈ ഖുര്‍ആന്‍ ഒരു പാശമാണ്. അതിന്റെ ഒരറ്റം അല്ലാഹുവിന്റെ കൈയിലും മറ്റേയറ്റം ജനങ്ങളുടെ കൈയിലുമാണ്. അത് പിടിവിടാത്ത പക്ഷം നിങ്ങള്‍ വഴിതെറ്റുകയില്ല; ഒരു കാരണവശാലും നിങ്ങള്‍ നശിക്കാനിടവരികയുമില്ല.''16
ഈ പ്രത്യയശാസ്ത്ര ശക്തി പ്രവര്‍ത്തന ക്ഷമമാവുക, അതിനു വേണ്ടി കാര്യഗൗരവത്തോടെ ത്യാഗപരിശ്രമങ്ങള്‍ ഉണ്ടാകുമ്പോഴാണ്. ഈ ഐഡിയോളജി വിജയിക്കുന്നതും അതിന് ദൈവിക സഹായം വന്നെത്തുന്നതും ആ ആദര്‍ശത്തെ പ്രബോധനം ചെയ്യാന്‍ വിശ്വാസി സമൂഹം മുന്നിട്ടിറങ്ങുമ്പോഴാണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട് (അല്‍ മാഇദ 67, മുഹമ്മദ് 7). ''എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം, നിങ്ങള്‍ നന്മ കല്‍പിച്ചുകൊണ്ടിരിക്കണം, തിന്മ തടഞ്ഞുകൊണ്ടിരിക്കണം. പിന്നെ (അതില്‍നിന്ന് നിങ്ങള്‍ പിന്തിരിയുന്ന പക്ഷം) ശിക്ഷ ഇറങ്ങാറായെന്ന് മനസ്സിലാക്കുക. അപ്പോള്‍ നിങ്ങള്‍ പ്രാര്‍ഥിക്കും; പക്ഷേ, ഉത്തരം നല്‍കപ്പെടുകയില്ല'17 എന്ന് നബി(സ)യും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(തുടരും)
കുറിപ്പുകള്‍
1. ഈ വിഷയത്തില്‍ മൗലാനാ അബുൽ ഹസന്‍ അലി നദ്്വിയുടെ ശ്രദ്ധേയമായ ഒരു പുസ്തകമുണ്ട്; ഇന്‍സാനി ദുന്‍യാ പര്‍ മുസല്‍മാനോം കെ ഉറൂജ് വ സവാല്‍ കാ അസര്‍ (ലഖ്‌നൗ) എന്ന പേരില്‍.
2. ഇബ്‌നു ഖല്‍ദൂന്‍: മുഖദ്ദിമ (2006), സംശോധന: അബ്ദുല്ല മുഹമ്മദ് ദര്‍വേശ്, ഒന്നാം ഭാഗം (ദമസ്‌കസ്), പേ: 261.
3. എസ്.എസ് ഹുസൈനി: മഖ്‌സ്വദ് കാ ഇശ്തിറാക് ഔര്‍ ഉമ്മത്ത് കി തര്‍ഖി, സിന്ദഗി മാസിക (ന്യൂ ദല്‍ഹി), ഫെബ്രുവരി 2023.
4. മുഖദ്ദിമ, പേ: 289.
അതിലെ അറബി വാക്യം ഇങ്ങനെയാണ്:
أن العرب لا يحصل لهم الملك إلا بصبغة دينية من نبوة أو ولاية أو أثر عظيم من الدين على الجملة
5. മുഖദ്ദിമ: 313. അറബി വാക്യം ഇങ്ങനെ:
أن الدولة العامة الاستيلاء العظيمة 'الملك' أصلها الدين اما من نبوة أو دعوة حق
6. മുഖദ്ദിമ:, പേജ്: 314.
അറബി വാക്യം:
أن الدعوة الدينية تزيد الدولة في أصلها قوة على قوة العصبية التي كانت لها من عددها
7. ആര്‍നോള്‍ഡ് ടോയന്‍ബി: A Study of History (ഓക്‌സ്്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ് - 1948). വാ: 2. പേ: 299-477.
8. മൈക്കിള്‍ മാന്‍ (2012): The Sources of Social Power, Vol. 1-4 (കാംബ്രിഡ്ജ്).
9. Ibid, Vol: 1. Page XXV (Preface).
10. Ibid, Vol: 3, പേ: 8.
11. സ്റ്റീവന്‍ ലൂക്ക്‌സ് (1974): Power: A Radical View, (മാക്മില്ലന്‍ പ്രസ്സ്, ലണ്ടന്‍), പേ: 24.
12. Ibid (ശക്തിയുടെ മൂന്ന് മാനങ്ങളറിയാന്‍ പുസ്തകം മുഴുവനായി വായിക്കുക).
13. ജോസഫ് നൈ (2009): Soft Power: The Means to Success In World Politics; Public Affairs; NewYork P: 5.
14. സ്വഹീഹ് മുസ് ലിം, കിതാബുസ്വലാത്തില്‍ മുസാഫിരീന്‍. ഉമറുബ്‌നുല്‍ ഖത്ത്വാബ് ഉദ്ധരിച്ചത്.
15. ത്വബ്‌റാനി 'അല്‍കബീറി'ല്‍; അല്‍ ബൈഹഖി 'ശുഅബുല്‍ ഈമാനി'ല്‍. അല്‍ബാനി സ്വഹീഹാക്കിയത്.
16. സ്വഹീഹ് മുസ് ലിം, കിതാബു സ്വലാത്തില്‍ മുസാഫിരീന്‍. ഉമറുബ്‌നുല്‍ ഖത്ത്വാബ് ഉദ്ധരിച്ചത്.
Comments