Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 13

3322

1445 റബീഉൽ അവ്വൽ 28

മുസ്്ലിം ഉമ്മത്ത് പ്രതിസന്ധിയും പ്രതിനിധാനവും

ആമിർ സുഹൈൽ (അൽ ജാമിഅ ശാന്തപുരം)

ഖിലാഫത്തിന്റെ പതനത്തിന് ശേഷം മുസ് ലിം ഉമ്മത്തിനെ രാഷ്ട്രീയമായും സാമൂഹികമായും ഒന്നിപ്പിക്കുന്ന ഘടകം നഷ്ടപ്പെട്ടതായി സൽമാൻ സയ്യിദ് എഴുതുന്നുണ്ട്. തുർക്കിയയിൽ ഉൽഭവിച്ച കമാലിസ്റ്റ് രാഷ്ട്രീയവും അറബ് ദേശീയതയും ആധുനിക ദേശരാഷ്ട്ര സംവിധാനങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന സങ്കുചിത ദേശീയ വികാരങ്ങളും മുസ് ലിം ഉമ്മത്ത് എന്ന വിശാല ആശയത്തിന് മങ്ങലേൽപിച്ചു.

കൊളോണിയൽ ആധുനികതയുടെ ഫലമെന്നോണം ഇസ് ലാമെന്ന ആശയത്തെ തന്നെ വിവിധ തരത്തിൽ മുസ് ലിം സമൂഹം മനസ്സിലാക്കുന്നതായി കാണാം. റാഡിക്കൽ ഇസ് ലാം, സലഫി ഇസ് ലാം, സെക്യുലർ ഇസ് ലാം, സൂഫി ഇസ് ലാം, പൊളിറ്റിക്കൽ ഇസ് ലാം, പാരമ്പര്യ ഇസ് ലാം എന്നിങ്ങനെ ഇസ് ലാമിനെ പലവിധത്തിൽ നിർവചിക്കുന്ന, പരസ്പരം തമ്മിലടിക്കുന്ന മുസ് ലിം സമുദായം മുസ് ലിം ഉമ്മത്ത് എന്ന ആശയത്തെ തന്നെ ദുർബലപ്പെടുത്തുകയാണ്. ആധുനിക ദേശരാഷ്ട്ര രൂപവത്കരണത്തോടെ സെക്യുലർ ആശയങ്ങളുടെ സ്വാധീനഫലമായി ഇസ് ലാമിന്റെ വൈജ്ഞാനികവും രാഷ്ട്രീയവും സാമൂഹികവുമായ  സമഗ്രത  മനസ്സിലാക്കുന്നതിൽ മുസ് ലിം ഉമ്മത്തിന് പോരായ്മകൾ സംഭവിച്ചിട്ടുണ്ട്.

ആധുനിക ദേശരാഷ്ട്രങ്ങളുടെ അടിസ്ഥാന വ്യവസ്ഥകൾ തന്നെ മുസ് ലിം ഉമ്മത്തിന്റെ ദേശാതീതമായ ഏകോപനത്തിന് തടസ്സം നിൽക്കുന്നതായിരുന്നു. ദേശരാഷ്ട്രങ്ങൾ പൗരസങ്കൽപത്തിൽ പരിമിതവും, പൗരത്വമെന്ന ആശയത്തിലൂടെ സ്വദേശത്തോട് നിരന്തരം കൂറ് പുലർത്തുന്നതുമാണ്.  അപര സ്വത്വങ്ങളെ സാഹചര്യങ്ങൾക്കൊത്ത് രാഷ്ട്ര താൽപര്യത്തിനുതകും വിധം അത് നിർവചിക്കുകയും പുനർ നിർവചിക്കുകയും ചെയ്യുന്നു.

ഇവിടെ ഒരു മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം തന്റെ വിശ്വാസത്തിൽ അന്തർലീനമാവേണ്ട മുസ് ലിമെന്ന സ്വത്വം ദേശീയ സ്വത്വത്തിന്റെ സ്വാധീനത്തിൽ ഇല്ലാതാവുകയാണ്.
എന്നാൽ, മുസ് ലിം ജനതയ്ക്ക് ഉമ്മത്തീ ബോധം വരുന്നതിലൂടെ അത് ആധുനിക ദേശരാഷ്ട്ര വ്യവഹാരങ്ങളെ അപനിർമിക്കാനുതകുന്ന ഒരു രാഷ്ട്രീയ പദ്ധതിയായി മനസ്സിലാക്കാൻ കഴിയും. സമകാലിക ലോകത്ത് വിവിധ ദേശരാഷ്ട്രങ്ങളിൽ മുസ് ലിംകൾ അനുഭവിക്കുന്ന അസ്തിത്വ പ്രതിസന്ധികൾക്ക് പ്രതികരണമെന്നോണം മുസ് ലിം സമുദായത്തിനകത്തുനിന്ന് കൂട്ടായ പ്രതിഷേധങ്ങൾ ഉയർന്നുവരുന്നത് ദേശാന്തരീയമായ ഉമ്മത്തീ വികാരം ശക്തിപ്പെടുന്നതിന്റെ ഉദാഹരണമായി മുസ് ലിം ചിന്തകർ വിലയിരുത്തുന്നുണ്ട്.

എന്നാൽ, എങ്ങനെയാണ് ആധുനിക ദേശരാഷ്ട്ര സംവിധാനത്തിൽ ഉമ്മത്തീ അവബോധം രൂപപ്പെടുത്താൻ സാധിക്കുക എന്ന ചോദ്യം വളരെ പ്രസക്തമാണ്. ദേശരാഷ്ട്രങ്ങൾ നിർമിച്ച നിർണയ സമീപനങ്ങളെ മറികടക്കാനുതകുന്ന രാഷ്ട്രീയ അവബോധം ഉമ്മത്തിന് ലഭിക്കണം. ഖിലാഫത്തിന്റെ പതനത്തിന് ശേഷം മുസ് ലിംകൾക്ക് മുഖ്യമായും എന്ത്  നഷ്ടപ്പെട്ടു എന്ന ചോദ്യത്തിനുത്തരം രാഷ്ട്രീയ അവബോധമാണ് എന്നു പറയാൻ സാധിക്കുന്നവരാകണം പ്രാഥമികമായി മുസ് ലിം സമൂഹം. ഖിലാഫത്തിന്റെ യഥാർഥ അവകാശികൾ/കൈകാര്യകർത്താക്കൾ മുസ് ലിം ഉമ്മത്താണെന്ന് ബോധ്യമുണ്ടാവണം.

ലോകത്ത് നിലവിലുള്ള ദേശരാഷ്ട്രങ്ങളുടെയും പാർട്ടികളുടെയും അവരുടെ നയങ്ങളുടെയും പശ്ചാത്തലം ദേശരാഷ്ട്രം എന്ന പ്രതലത്തിനപ്പുറം, ഇസ് ലാമിക ചിന്തയിലെ വികാസങ്ങളെയോ അതിനായുള്ള പ്രക്രിയകളെയോ മനസ്സിലാക്കുന്നതിൽനിന്ന് തടയുന്നതായി സൽമാൻ സയ്യിദ് നിരീക്ഷിക്കുന്നുണ്ട്.

ഒരു ആഗോള മുസ് ലിം സ്വത്വമെന്നത് തീർച്ചയായും നിലവിലെ ലോകക്രമത്തെ വെല്ലുവിളിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ലോകത്ത് മുസ് ലിംകൾ ഇന്നനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കൃത്യമായ സൈദ്ധാന്തിക ചട്ടക്കൂട് ആവശ്യമാണെന്ന് നിരീക്ഷിക്കുന്ന സയ്യിദ്, ഖിലാഫത്തിനെ അത്തരമൊരു സൈദ്ധാന്തിക ചട്ടക്കൂട് നൽകാനുതകുന്ന ആശയമായി അവതരിപ്പിക്കുകയും ചെയ്യുന്നു.

സമകാലിക ലോകത്ത് മുസ് ലിംകളെ കുറിച്ചുള്ള മുൻധാരണകളെ മറികടക്കാനും മുസ് ലിം എന്ന ആഗോള സാധ്യതയെ പുനരുജ്ജീവിപ്പിക്കാനും അതിലൂടെ സാധിക്കും. ഖിലാഫത്തിന്റെ യഥാർഥ വക്താക്കളായ മുസ് ലിം ഉമ്മത്ത് നിരന്തരമായി യൂറോ കേന്ദ്രീകരണത്തെ ചോദ്യം ചെയ്യുകയും, പുതിയ ജ്ഞാനോൽപാദനം സാധ്യമാക്കുന്ന മുസ് ലിം വിമർശന പഠനങ്ങൾ ഉയർത്തിക്കൊണ്ടുവരികയുമാണിവിടെ ഉമ്മത്തെന്ന നിലയിൽ ഉണ്ടാവേണ്ടത് എന്ന് സയ്യിദ് കൂട്ടിച്ചേർക്കുന്നു.

മുസ് ലിമിന് മുസ് ലിമായി ചിന്തിക്കുക സാധ്യമാണോ എന്നതാണ് ഉമ്മത്തീ ബോധത്തെ കുറിച്ച് ആലോചിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം. അതായത്, ഉമ്മത്തിന്റെ ചരിത്രത്തെ കുറിച്ചും ചരിത്രപരതയെ കുറിച്ചും കൃത്യമായ ബോധ്യമുണ്ടാവണം. ആധുനിക കൊളോണിയൽ ചരിത്രരചനകൾ ദേശരാഷ്ട്രമെന്ന കേന്ദ്രത്തിന് അപ്രമാദിത്വം നൽകുന്ന ദേശീയവും സാമുദായികവും അപര വിദ്വേഷത്താലുമുള്ള ചരിത്ര രചനകളാൽ സമ്പന്നമാണ്. ഇങ്ങനെ ദേശീയതയിലൂന്നിയ ചരിത്രനിർമാണം സ്വന്തം ചരിത്രത്തെ കുറിച്ച് ചിന്തിക്കുന്നതിൽനിന്ന് മുസ് ലിം ഉമ്മത്തിനെ തടഞ്ഞുനിർത്തുന്നു. മുസ് ലിംകൾ സ്വന്തം ചരിത്രത്തെ കുറിച്ച് ചിന്തിക്കുകയും അതിനനുസൃതമായി ലോകത്തെ പുനർ നിർമിക്കാൻ പ്രയത്നിക്കുകയും ചെയ്യുമ്പോഴാണ് അവർ മുസ് ലിംകളായിത്തീരുന്നത്.

ഒരു ഇസ് ലാമിക ആശയത്തെ ആധുനിക ലോകത്ത് എങ്ങനെ മനസ്സിലാക്കണം എന്ന കാര്യത്തിൽ മുസ് ലിം ഉമ്മത്ത് പ്രതിസന്ധിയനുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന്, ദേശരാഷ്ട്ര വ്യവസ്ഥയിൽ  ശരീഅത്ത് കേവലം നിയമ ചട്ടക്കൂടായാണ് സാമാന്യ മുസ് ലിം സമൂഹം മനസ്സിലാക്കുന്നത്.
യഥാർഥത്തിൽ ഉമ്മത്തിന്റെ ധാർമികവും സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മേഖലകൾ ഉൾക്കൊള്ളുന്ന മുസ് ലിം ജീവിതത്തിന്റെ സാധ്യതയെ കാലാനുസൃതമായി അവതരിപ്പിക്കുന്ന ഒരു ജീവിത പദ്ധതിയാണ് ഇസ് ലാമിൽ ശരീഅത്ത്. എന്നാൽ, ഇസ് ലാമിക ശരീഅത്തിന്റെ ഈ സമഗ്രതയെ ആധുനിക ദേശരാഷ്ട്ര ഭരണ നിർമിതികൾ മാറ്റിപ്പണിതു. മുസ് ലിം സമൂഹം വിവിധ ദേശരാഷ്ട്രങ്ങളിലായി വിഭജിക്കപ്പെട്ടപ്പോൾ, ആ ദേശരാഷ്ട്രങ്ങളുടെ പൊതു സ്വഭാവം ഇസ് ലാമിക ശരീഅത്ത് വിഭാവനം ചെയ്യുന്ന ജീവിതവ്യവസ്ഥയ്ക്ക് പകരം പാശ്ചാത്യ ആധുനിക സെക്യുലർ യുക്തിയെ താങ്ങിനിർത്തുന്ന ഒന്നായി മാറുകയാണുണ്ടായത്. അപ്രകാരം ആധുനിക ദേശരാഷ്ട്ര വ്യവസ്ഥകളിൽ ശരീഅത്ത് വിലക്കുകളുടെയും അനുവാദങ്ങളുടെയും സ്വഭാവമുള്ള കേവല നിയമരേഖയായി അവതരിപ്പിക്കുകയുമുണ്ടായി. മുസ് ലിം സമുദായത്തിന് ഉമ്മത്തീ ബോധം ഉണ്ടാവാനും സ്വയം ആവിഷ്കരിക്കാനും കർതൃത്വത്തെ പ്രകാശിപ്പിക്കാനും അതുവഴി സാധിക്കാതെ വന്നു.

   9/11-ന് ശേഷം മുസ് ലിം വിദ്വേഷമെന്നത് ഒരു സ്വാഭാവിക പ്രതിഭാസമായി മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ അതിനെ എങ്ങനെ   അഭിമുഖീകരിക്കണം എന്ന കാര്യത്തിൽ കൃത്യമായ ബോധ്യം ഉമ്മത്തിനുണ്ടാവണം. കേവലം  ഇസ് ലാമോഫോബിയയെ വിമർശനവിധേയമാക്കുന്നതിലുപരി ഇസ് ലാമോഫോബിയ എന്ന പ്രതിഭാസം രൂപവത്കൃതമായ സവിശേഷമായ സാമ്രാജ്യത്വ ജ്ഞാനാധികാരത്തെ തിരിച്ചറിഞ്ഞുള്ള തുടർ പ്രവർത്തനങ്ങളാണ് ഉമ്മത്തിനുണ്ടാവേണ്ടത്. ദേശാന്തരീയമായി വ്യാപിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ ദേശീയവും പ്രാദേശികവുമായ മാനങ്ങളെ ഇഴകീറി വിശകലനം ചെയ്യാൻ സാധിക്കണം.

9/11-ന് ശേഷം ഇസ് ലാമിനെ മതകീയമാക്കാനുള്ള പ്രക്രിയക്ക് ദേശരാഷ്ട്രങ്ങൾ തന്നെ മുൻകൈ യെടുക്കുന്ന പ്രവണതകൾ കാണാൻ സാധിക്കും. ഇസ് ലാമിനെ മതകീയമാക്കുന്ന പ്രക്രിയ മതേതര പ്രത്യയശാസ്ത്രത്തിന്റെ ഭാഗവും, സ്വയം പരമാധികാരിയായ ദേശരാഷ്ട്ര വ്യവസ്ഥയുടെ അനിവാര്യ താൽപര്യവുമാണ്. അമേരിക്കൻ ഭരണകൂടം തന്നെ മുൻകൈയെടുത്ത്  നടപ്പിൽ വരുത്തുന്ന 'അമേരിക്കൻ മുസ് ലിം' നിർമാണ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുന്നു. യഥാർഥത്തിൽ മതേതരത്വം മതത്തെയും അതിന്റെ പാരമ്പര്യ മൂല്യങ്ങളെയും ആധുനിക വ്യവഹാരങ്ങളിൽനിന്ന് പുറന്തള്ളുകയല്ല ചെയ്യുന്നത്. മറിച്ച്, പടിഞ്ഞാറൻ മതേതര രാഷ്ട്രീയ വ്യവസ്ഥക്ക് യോജിക്കും വിധം മതത്തെയും മതപാരമ്പര്യങ്ങളെയും പരിവർത്തിപ്പിക്കുകയാണ് ചെയ്യുന്നത്.

ചില ഏകാധിപത്യ രാഷ്ട്രങ്ങളിൽ ഇസ് ലാമിക പ്രമാണങ്ങളുടെ പിൻബലത്തിൽ ഭരണം കൈയാളാൻ സാധുത നൽകുന്ന പാരമ്പര്യ ഇസ് ലാമിന്റെ നിർമാണം നടന്നുവരുന്നുണ്ട്. വിധേയത്വത്തിന്റെ ദൈവശാസ്ത്രമെന്ന് വാലാ കുസായി വിശേഷിപ്പിക്കുന്ന ഈ പ്രവണത അസർബൈജാനിൽ  കാണാൻ സാധിക്കും. അമേരിക്കൻ പണ്ഡിതനായ ഹംസ യൂസുഫ് പറയുന്നത്  ഭരണകൂട വ്യവസ്ഥകൾക്കെതിരെയോ, ഭരണകർത്താക്കൾക്കെതിരെയോ സംഘടിക്കാൻ ഒരു നിലക്കും ഇസ് ലാമിക ദൈവശാസ്ത്രം അനുവദിക്കുന്നില്ല എന്നാണ്. ഈ നിലപാട് മുസ് ലിമിന്റെ അരാഷ്ട്രീയവൽക്കരണത്തിനാണ് വഴിയൊരുക്കുക. 

ഭരണകൂടങ്ങളോടുള്ള വിധേയത്വവുമായി ബന്ധപ്പെട്ട് ഇസ് ലാമിക രാഷ്ട്രീയ ചരിത്രത്തിൽ വിപുലമായ പഠനങ്ങൾ നടന്നിട്ടുണ്ട്.  ഡോ. മുഹമ്മദ് മുഖ്താർ ശൻഖീത്വി വിശദീകരിക്കുന്നത്, രാഷ്ട്രീയ പ്രതിസന്ധിയുടെ കാരണം മധ്യകാല ഇസ് ലാമിക രാഷ്ട്രീയ സിദ്ധാന്തത്തെ പിൽക്കാല സമൂഹം അതേപടി അനുകരിച്ചതുകൊണ്ട് ഉണ്ടായിത്തീർന്നതാണ് എന്നാണ്.

ഇമാം ഗസാലി അദ്ദേഹം ജീവിച്ച കാലത്തെ രാജാധിപത്യ വ്യവസ്ഥയെ ഉൾക്കൊള്ളുകയും അതിന് സൈദ്ധാന്തിക ചട്ടക്കൂട് നൽകുകയും ചെയ്തു. യഥാർഥ ഇസ് ലാമിക രാഷ്ട്രീയ വ്യവസ്ഥ ഇപ്രകാരമല്ലെങ്കിലും സാഹചര്യം പരിഗണിച്ച് നിലവിലുള്ള ഭരണക്രമത്തിന് സൈദ്ധാന്തിക അടിത്തറ നൽകുകയാണ് ഇമാം ഗസാലി ചെയ്തത്. ഏതൊരു കാര്യത്തിനും നിർബന്ധ സാഹചര്യത്തിൽ ഇസ് ലാം നൽകുന്ന ഇളവ് (رخصة) ആയി പരിഗണിച്ചാണ് അന്നുള്ള രാജാധിപത്യത്തിന് സാധുത നൽകിയത്. എന്നാൽ, ഇമാം ഗസാലിക്ക് ശേഷം വന്ന പണ്ഡിതന്മാർ അദ്ദേഹത്തിന്റെ രാഷ്ട്രീയ സിദ്ധാന്തത്തെ 'റുഖ്സ്വ' യായി മനസ്സിലാക്കുന്നതിന് പകരം അതിനെ സ്വാഭാവിക പ്രവൃത്തിയെന്ന നിലയിൽ മനസ്സിലാക്കുകയും, ഇസ് ലാമിക രാഷ്ട്രീയത്തിന്റെ അടിസ്ഥാന സിദ്ധാന്തമായി തെറ്റിദ്ധരിക്കുകയും  അത്  വിശ്വാസത്തിന്റെ ഭാഗമായി ഗണിക്കുകയും ചെയ്തു.  വിധേയത്വത്തിന്റെ രാഷ്ട്രീയം ഇസ് ലാമിക രാഷ്ട്രീയപ്രവർത്തനത്തിന്റെ പൊതു സവിശേഷതയായി മനസ്സിലാക്കുന്ന രീതി തുടർന്നു പോന്നു. ഹംസ യൂസുഫിന്റെ പ്രസ്താവനയിലുള്ള വിധേയത്വത്തിന്റെ ദൈവശാസ്ത്രം ഈ രീതിയിലൂടെ ഉണ്ടായതാണെന്ന് മനസ്സിലാക്കാം.

സുന്നി ഇസ് ലാമിലെ അശ്അരീ -സലഫീ ധാരകൾ തമ്മിലുള്ള സംഘർഷവും പക്ഷാപാതിത്വവും വിശാലമായ ഉമ്മത്തീ ബോധത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വ്യത്യസ്ത ദൈവശാസ്ത്ര സമീപനങ്ങളെ കേന്ദ്രീകരിച്ച് ദൈവശാസ്ത്ര വ്യവഹാരങ്ങളും രാഷ്ട്രീയ-സാമൂഹിക ഭാവനകളും  യഥാർഥ ഇസ് ലാമിക പാരമ്പര്യത്തിന്റെ പ്രതിനിധാനം അവകാശപ്പെടുകയാണ്. സിറിയയിലെ ബശ്ശാറുൽ അസദിന്റെ ഭരണകൂടത്തിനെതിരെ സംഘടിക്കുന്നത് അഹ് ലുസ്സുന്നയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, അത്തരം നീക്കങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഇസ് ലാമിസ്റ്റ് പ്രസ്ഥാനങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട് സിറിയൻ പണ്ഡിതനായിരുന്ന സഈദ് റമദാൻ ബൂത്വി. ഇസ് ലാമിന്റെ പാരമ്പര്യത്തെ സംരക്ഷിച്ചുനിർത്തുന്നതാണ് ഈ പ്രവർത്തനമെന്ന് ഇതിനെ പിന്തുണക്കുന്ന അശ്അരീ സുന്നികൾ അവകാശപ്പെടുന്നു.

ഭരണകൂടത്തിന്റെ  അനീതികൾക്കും വിവേചനങ്ങൾക്കുമെതിരിൽ സംഘടിക്കുക എന്നതാണ് ഇസ് ലാമെന്ന ആശയത്തെ മറ്റു മതങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്നതെന്നും, മുസ് ലിമിനെ അരാഷ്ട്രീയവൽക്കരിക്കുന്നതിന് ദൈവശാസ്ത്ര പിൻബലം നൽകുന്നത് യഥാർഥ പാരമ്പര്യത്തിന്റെ പ്രതിനിധാനമല്ലെന്നും ഇസ് ലാമിസ്റ്റുകളും വാദിക്കുന്നു.

മുസ് ലിം വ്യാവഹാരിക പാരമ്പര്യത്തിനകത്തെ പരസ്പര വിരുദ്ധമായ യുക്തികളെ കൃത്യമായി അടയാളപ്പെടുത്തുന്ന, ഏകോപിപ്പിക്കുന്ന ഒരു ചിന്താ പ്രയോഗത്തിന്റെ ആവശ്യകതയെയാണ് ഇത്തരം പ്രവണതകൾ മനസ്സിലാക്കിത്തരുന്നത്. പരിശുദ്ധ ഖുർആനികാധ്യാപനങ്ങളും പ്രവാചക വചനങ്ങളും മുസ് ലിം സമുദായത്തെ അഭിസംബോധന ചെയ്യുന്നത് ആദർശവാക്യത്തെ ഉൾക്കൊണ്ട ഉമ്മത്ത് എന്ന് പരിചയപ്പെടുത്തിയാണ്. ഉമ്മത്തെന്ന ആശയത്തിലേക്ക് മുസ് ലിം സമൂഹം എത്തിച്ചേരുമ്പോഴേ ആധുനിക കൊളോണിയൽ ദേശരാഷ്ട്ര നിർമിതികളെ അപനിർമിക്കാനും സ്വയം നിർവചിക്കാനും സാധിക്കുകയുള്ളൂ. ഇതിന് ഇസ് ലാമിക നിയമ പണ്ഡിതന്മാരുടെയും ചിന്തകരുടെയും കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണ്. മുസ് ലിം സമുദായത്തിലെ ഒരോ വ്യക്തിക്കും ഈ അവബോധം പകർന്നുനൽകുന്ന സംവിധാനങ്ങൾ, കൂട്ടായ്മകൾ രൂപവത്കരിക്കപ്പെടണം. വൈജ്ഞാനിക തലത്തിൽ ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇത്തരം ആശയങ്ങൾ ഉൾക്കൊള്ളുന്ന പദ്ധതികൾ നിലവിലുണ്ട്. അമേരിക്കൻ ചിന്തകനായ ഡോ. ഒവാമിർ അൻജും Ummatics എന്ന നാമത്തിൽ ഒരു സംവിധാനം ഇത്തരം ആശയങ്ങൾ മുന്നിൽവെച്ച് ആരംഭിച്ചിട്ടുണ്ട്. മുസ് ലിം ഉമ്മത്ത് രാഷ്ട്രീയത്തിൽ നിന്ന് ഒരു സന്ദർഭത്തിലും മാറ്റപ്പെടുന്നില്ല; ദേശരാഷ്ട്രങ്ങൾക്ക് രാഷ്ട്രീയം പ്രധാനമാകുന്നതുപോലെ ഉമ്മത്തിന് രാഷ്ട്രീയം അനിവാര്യമാണ് - ഈ ആശയമാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ പ്രമേയം. ഉമ്മത്തിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, വൈജ്ഞാനിക മേഖലകളിലെ ഉന്നമനം ലക്ഷ്യം വെച്ചുള്ള ഇത്തരം കൂട്ടായ്മകൾ ശുഭ സൂചനകളാണ്.

അവലംബം:

1. Recalling the Caliphate- Salman sayyid
2. Irredeemable Failure: The Modern Nation-State as a Nullifier of Ummatic Unity.
https://ummatics.org/papers/irredeemable-failure-the-modern-nation-state-as-a-nullifier-of-ummatic-unity/
3 .الأزمة الدستورية في الحضارة الإسلامية -محمد المختار الشنقيطي
4. Islamic Liberation Theology- Hamid Dabashi,
5. പോസ്റ്റ് സെക്യുലറിസം- ഡോ. കെ. അഷ്റഫ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 20
ടി.കെ ഉബൈദ്

ഹദീസ്‌

മരണപ്പെട്ടവരെ വാഴ്ത്തലും ഇകഴ്ത്തലും
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്