Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

പുതിയ കാലവും പഴയ സാക്ഷരതയും

മെഹദ് മഖ്ബൂല്‍

എഴുതാനും വായിക്കാനും കഴിവുള്ളതു കൊണ്ടാണ് നമ്മള്‍ സാക്ഷരരാണെന്ന് പറയുന്നത്. ആ കഴിവില്ലെങ്കില്‍ ജീവിതം എത്രമാത്രം ദുസ്സഹമായിരിക്കും. എത്രയോ പിറകിലായിപ്പോകും നമ്മള്‍. ഈ കാലത്തിന് വേണ്ടാത്തവരാകും. നമ്മുടെ സാക്ഷരതയുടെ ചരിത്രം പരതിയാല്‍ ഒട്ടേറെ ടേണിംഗ് പോയിന്റുകള്‍ കാണാന്‍ കഴിയും. പതിനഞ്ചാം നൂറ്റാണ്ടിലാണ് പ്രിന്റിംഗ് പ്രസ്സ് കണ്ടുപിടിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍ വ്യാവസായിക വിപ്ലവം ഉണ്ടാകുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ സ്‌കൂള്‍ വിദ്യാഭ്യാസം വരുന്നു. പിന്നീട് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസത്തിന്റെ കാലം.
ഒട്ടേറെ നടന്നും ക്ഷീണിച്ചും നമ്മളിപ്പോള്‍ ലാന്‍ഡ് ചെയ്തിരിക്കുന്നത് ഡിജിറ്റല്‍ യുഗത്തിലാണ്. ഡിജിറ്റല്‍ നേറ്റീവ്സ്, ഡിജിറ്റല്‍ ഇമിഗ്രന്റ്സ് എന്നിങ്ങനെ  ലോകം തരം തിരിഞ്ഞിരിക്കുന്നു. 2000-ത്തിന് മുമ്പ് ജനിച്ചവരെയാണ് ഡിജിറ്റല്‍ ഇമിഗ്രന്റ്സ് എന്ന് വിളിക്കുന്നത്. 2000-ത്തിന് ശേഷം ജനിച്ചവര്‍ ഡിജിറ്റല്‍ നേറ്റീവ്സ് എന്നും. ഡിജിറ്റല്‍ യുഗത്തില്‍ ജനിച്ചവരും ഡിജിറ്റല്‍ യുഗത്തിലേക്ക് കുടിയേറിപ്പാര്‍ത്തവരും!
ഇരു കൂട്ടരും തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ച് അധികം പറയേണ്ടതില്ല. നമ്മുടെ ദൈനംദിന അനുഭവങ്ങള്‍ തന്നെ അതെക്കുറിച്ച് ഉച്ചത്തില്‍ സംസാരിക്കുന്നുണ്ട്. 
എല്ലാറ്റിനും വലിയ തോതിലുള്ള മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നമ്മുടെ സാക്ഷരതയെ കുറിച്ച ആലോചനകളും കനപ്പെടേണ്ടതുണ്ട്. പുതിയ കാലത്ത് വേണ്ടത് പഴയ സാക്ഷരതയല്ലെന്നും പഴയതുകൊണ്ട് അതിജീവനം സാധ്യമല്ലെന്നും  അന്നേരം നാം തീര്‍പ്പിലെത്തും. ഡിജിറ്റല്‍ യുഗത്തില്‍ നമുക്ക് വേണ്ടത് ഡിജിറ്റല്‍ സാക്ഷരതയാണ്. 21-ാം നൂറ്റാണ്ടില്‍ ഏതൊരാള്‍ക്കും നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട നൈപുണിയാണ് ഡിജിറ്റല്‍ ലിറ്ററസി. എഴുതാനും വായിക്കാനും നമ്മള്‍ പഠിച്ച പോലെ ഓരോരുത്തരും നിര്‍ബന്ധമായും ഈ കാലത്ത് നേടേണ്ട സാക്ഷരതയാണത്.
കാര്യക്ഷമമായും ധാർമികമായും ഡിജിറ്റല്‍ ടെക്നോളജിയെ ഉപയോഗിക്കാനുള്ള കഴിവിനെ ഡിജിറ്റല്‍ ലിറ്ററസി എന്ന് വിളിക്കാം. പലര്‍ക്കും പലതാണ് ഇന്ന് ഡിജിറ്റല്‍ രംഗത്തെ ലിറ്ററസി. പലപ്പോഴും കുട്ടികള്‍ക്കാണ് മുതിര്‍ന്നവരെക്കാള്‍ സാക്ഷരത. കുട്ടികളാണ് ഇക്കാര്യത്തില്‍ അവരുടെ മാതൃക.  മുതിര്‍ന്നവര്‍ക്ക് കുട്ടികളെ വേണ്ടവിധം മനസ്സിലാക്കാന്‍ പറ്റാത്തതിന്റെ വലിയൊരു കാരണവും ഈ അറിവില്ലായ്മയാണ്. ഡിജിറ്റലിൽ സാക്ഷരരായ കുട്ടികളെ എങ്ങനെയാണ് നിരക്ഷരരായ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കുക, പഠിപ്പിക്കുക, വഴി നയിക്കുക? കുട്ടികളാകട്ടെ ഈ സാക്ഷരതകൊണ്ട് എന്തു ചെയ്യണം എന്ന് കൃത്യമായ ധാരണയില്ലാത്തതിന്റെ പകപ്പിലുമാണ്.
സാക്ഷരതയുണ്ടായിട്ട് കാര്യമില്ലല്ലോ, അതെങ്ങനെ വിനിയോഗിക്കണം എന്നറിഞ്ഞാലല്ലേ അത് പ്രയോജനപ്പെടൂ.
ഡിജിറ്റല്‍ നേറ്റീവ്സിനെ എങ്ങനെ ഡിജിറ്റല്‍ ഇമിഗ്രന്റ്സ് പഠിപ്പിക്കും എന്നത് ഈ കാലത്തെ വിദ്യാഭ്യാസ രംഗം നേരിടുന്ന വലിയൊരു ചോദ്യമാണ്. വളരെ വേഗതയില്‍ തന്നെ മുതിര്‍ന്നവര്‍ ഡിജിറ്റല്‍ ലിറ്ററസി നേടണം എന്നതു തന്നെയാണ് മുന്നിലുള്ള മാര്‍ഗം. ഈ സ്തംഭനാവസ്ഥ മറികടക്കാന്‍ അവര്‍ക്ക് കഴിയണം. അങ്ങനെ വരുമ്പോള്‍ മാത്രമാണ് പുതിയ കാലത്തിന്റെ ടൂളുകളെ പക്വമായി ഉപയോഗിക്കാനുള്ള വഴി കുട്ടികള്‍ക്ക്  നിര്‍ദേശിക്കാന്‍ പറ്റൂ. l 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്