പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ കാതല്‍
''നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുജനങ്ങളും നിങ്ങള്‍ സമ്പാദിച്ചുവെച്ച മുതലുകളും, മുടങ്ങിപ്പോകുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന വ്യാപാരങ്ങളും ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ് അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലുള്ള സമരത്തെക്കാളും നിങ്ങള്‍ക്ക് ഏറെ പ്രിയങ്കരമെങ്കില്‍ കാത്തിരുന്നുകൊള്ളുക. അല്ലാഹു അവന്റെ കല്‍പന നടപ്പാക്കാന്‍ പോകുന്നു. കുറ്റവാളികളായ ജനത്തിന് അല്ലാഹു മാര്‍ഗദര്‍ശനമരുളുന്നില്ല" (അത്തൗബ 24).
തിരുദൂതരെ സ്‌നേഹിക്കേണ്ടത് നിര്‍ബന്ധമാണെന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. സ്‌നേഹത്തിന്റെ അളവുകോലും ഈ ദൈവിക വചനത്തില്‍ നല്‍കിയിരിക്കുന്നു. സ്വന്തം പിതാവിനെയോ പുത്രനെയോ പത്‌നിയെയോ സ്‌നേഹിക്കുന്നത് പോലെ പോരാ, പ്രത്യുത സര്‍വ സ്‌നേഹത്തെക്കാള്‍ പ്രവാചക സ്‌നേഹത്തിന്റെ തട്ട് താഴ്ന്നു കിടക്കണമെന്ന് അല്ലാഹുവിന് നിര്‍ബന്ധമുണ്ട്. കാരണം, പ്രവാചകനാണ് അപഭ്രംശത്തില്‍നിന്നും അന്ധകാരത്തില്‍നിന്നും മോചിപ്പിച്ച് വെളിച്ചത്തിലേക്ക് നയിച്ചത്; അറിവിന്റെയും ജീവിത സൗഭാഗ്യങ്ങളുടെയും സോപാനത്തിലേക്ക് ഉയര്‍ത്തിയത്.
പ്രവാചകന്‍ മൂലം സിദ്ധമായ വിശ്വാസത്തിന്റെ അനുഗ്രഹമാണ് ഏറ്റവും മികച്ചതും അമൂല്യവും. ഈ അനുഗ്രഹത്തിന്റെ മഹിമ അറിയുന്നവര്‍ക്ക്, അനുഗ്രഹ ഹേതുവായി വര്‍ത്തിച്ച പ്രവാചകനെ ഇഷ്ടപ്പെടാതെയും സ്‌നേഹിക്കാതെയും നിര്‍വാഹമില്ല. ഈ വസ്തുത തിരിച്ചറിഞ്ഞവരായിരുന്നു നബിയുടെ അനുചരന്മാര്‍. അതാണ് അവരെ പ്രവാചകനുമായി ശക്തമായി ബന്ധിപ്പിച്ച കണ്ണി. അനുപമമായ സ്‌നേഹമായിരുന്നു അവര്‍ക്ക് നബിയോട്. ജീവനും കുടുംബവും സമ്പത്തുമെല്ലാം പകരം നല്‍കി അവര്‍ പ്രവാചകനെ സ്‌നേഹിച്ചു. സ്വഫ് വാനുബ്‌നു ഉസാലുല്‍ മുറാദി ഓര്‍ക്കുന്നു: ഞങ്ങള്‍ തിരുനബിയോടൊപ്പം ഒരു യാത്രയിലാണ്. ഞങ്ങള്‍ നബിയോടൊപ്പമിരിക്കുമ്പോള്‍ ഉച്ചത്തില്‍ ഒരു വിളി കേട്ടു: ഒരു അഅ്‌റാബിയാണ്. 'മുഹമ്മദേ.' ആ വിളി അന്തരീക്ഷത്തില്‍ മുഴങ്ങിക്കേട്ടു. അതേ ശബ്ദത്തില്‍ തന്നെ നബിയും വിളി കേട്ടു: ''ഇതാ ഞാനിവിടെയുണ്ട്.''
ഞങ്ങള്‍ പറയുന്നുണ്ടായിരുന്നു: ''നിനക്ക് സര്‍വ നാശം. പതുക്കെ പറയൂ ചങ്ങാതീ. നീ നബിയുടെ അരികത്താണെന്നോര്‍ക്കണം. ഇതുപോലെ ഉച്ചത്തില്‍ മര്യാദകെട്ട് വിളിക്കാന്‍ പാടില്ല.''
അയാള്‍: ''എനിക്ക് പതുക്കെ സംസാരിക്കാന്‍ പറ്റില്ല.'' അയാള്‍ തുടര്‍ന്നു: "ഒരാള്‍ ഒരു കൂട്ടരെ സ്‌നേഹിക്കുന്നു; പക്ഷേ, അവരോടൊപ്പം ചേർന്നു നില്‍ക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിട്ടില്ല.'' നബി പ്രതിവചിച്ചു: "ഖിയാമത്ത് നാളില്‍ ഏതൊരു വ്യക്തിയും താന്‍ സ്‌നേഹിക്കുന്നവര്‍ക്കൊപ്പമായിരിക്കും'' (മുസ് ലിം, തിര്‍മിദി).
പ്രവാചകനോടും സദ്്വൃത്തരായ ഉത്തമ വിശ്വാസികളോടുമുള്ള സ്‌നേഹം അതിശ്രേഷ്ഠമാണെന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. നീ സ്‌നേഹിക്കുന്നവര്‍ക്കൊപ്പമായിരിക്കും നീ എന്ന നബിയുടെ സാക്ഷ്യവചനം ഞങ്ങളെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിച്ചതെന്ന് അനസ് (റ) അന്നേരം പറഞ്ഞു'' (മുസ് ലിം).
ഖുർത്വുബി രേഖപ്പെടുത്തുന്നു: "സര്‍വ സല്‍ക്കര്‍മങ്ങളും നല്‍കുന്ന സായൂജ്യത്തെക്കാള്‍ മഹത്തരമായിരുന്നു ഇതു കേട്ടപ്പോള്‍ സ്വഹാബിമാര്‍ക്ക്. അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുകയെന്ന നിര്‍വൃതി ദായകമായ വികാരത്തിന് പകരം നില്‍ക്കാന്‍ മറ്റൊന്നില്ല തന്നെ. നബിയുടെ ഈ വചനത്തിന്റെ അപാരത തിരിച്ചറിഞ്ഞായിരിക്കണം അനസ് (റ) പിന്നീട് പറഞ്ഞത്: ''ഞാന്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും സ്‌നേഹിക്കുന്നു. അബൂബക്‌റിനെയും ഉമറിനെയും സ്‌നേഹിക്കുന്നു. അവരെപ്പോലെ പ്രവര്‍ത്തിക്കാനായില്ലെങ്കിലും അവര്‍ക്കൊപ്പമാകാന്‍ ഞാന്‍ കൊതിക്കുന്നു.''
പ്രവാചക സ്‌നേഹത്തിന്റെ അതിരുകള്‍ നബി നിര്‍ണയിച്ചു നല്‍കുന്നു. ഉമറുബ്‌നുല്‍ ഖത്ത്വാബ് (റ) ഒരിക്കല്‍: "അല്ലാഹുവിന്റെ ദൂതരേ, എന്നെ കഴിച്ചാല്‍ പിന്നെ എനിക്ക് ഏറെ പ്രിയപ്പെട്ടവന്‍ അങ്ങാകുന്നു.'' റസൂല്‍ ഉമറിനെ തിരുത്തി: "അല്ല ഉമറേ, അല്ലാഹുവാണ് സത്യം. നിങ്ങളെക്കാള്‍ ഞാന്‍ നിങ്ങള്‍ക്ക് പ്രിയങ്കരനാവണം.''
ഉമര്‍: "അല്ലാഹുവാണ് സത്യം. എന്റെ ജീവനെക്കാള്‍ എനിക്ക് പ്രിയപ്പെട്ടവന്‍ അങ്ങാണ് റസൂലേ.''
നബി: "ഇപ്പോഴാണ് ഉമറേ, ശരിയായത്.''
പ്രവാചക സ്‌നേഹത്തിന്റെ അടയാളം പ്രവാചകനെ പിന്‍പറ്റുകയാണ്. വാക്ക് കൊണ്ടോ കര്‍മം കൊണ്ടോ പ്രവാചകനെ ധിക്കരിക്കാന്‍ പാടില്ല. ഒരാളുടെയും അഭിപ്രായം നബിയുടെ വചനത്തെക്കാള്‍, നിയമത്തെക്കാള്‍ അയാള്‍ക്ക് പ്രിയങ്കരമായിത്തീരരുത്. പ്രവാചകനെ പിന്തുണക്കുകയും പ്രവാചകന്‍ കൊണ്ടുവന്ന ശരീഅത്തിനെ പിന്‍പറ്റുകയും ചെയ്യുകയാണ് പ്രവാചക സ്‌നേഹത്തിന്റെ പാരമ്യം. തന്റെ ജീവനെക്കാള്‍, കുടുംബത്തെക്കാള്‍, താല്‍പര്യങ്ങളെക്കാള്‍, അഭീഷ്ടങ്ങളെക്കാള്‍, പദവികളെക്കാള്‍ പ്രിയങ്കരം പ്രവാചകനായിരിക്കണം. അതാണല്ലോ നബി ഉണര്‍ത്തിയത്: "തന്റെ മക്കളെക്കാളും മാതാപിതാക്കളെക്കാളും സര്‍വ ജനത്തെക്കാളും ഞാന്‍ ഒരാള്‍ക്ക് ഏറെ പ്രിയങ്കരന്‍ ആകുവോളം അയാള്‍ വിശ്വാസിയാവില്ല'' (ബുഖാരി, മുസ് ലിം).
''ഒരാളില്‍ മൂന്ന് ഘടകങ്ങള്‍ സമ്മേളിച്ചാല്‍ വിശ്വാസത്തിന്റെ മാധുര്യം അയാള്‍ക്ക് അനുഭവിക്കാം. അല്ലാഹുവും അവന്റെ ദൂതനും അയാള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടവരാവണം, ഒരാളെ സ്‌നേഹിക്കുന്നത് അല്ലാഹുവിന് വേണ്ടിയാവണം, അവിശ്വാസത്തിലേക്ക് തിരിച്ചുപോവുകയെന്നത് അയാള്‍ക്ക് നരകത്തിലേക്ക് എറിയപ്പെടുന്നതു പോലെ അരോചകമാവണം'' (ബുഖാരി).
ബൈദാവി വിശദീകരിക്കുന്നു: തന്റെ ഇച്ഛകള്‍ക്കും ഇഷ്ടാനിഷ്ടങ്ങള്‍ക്കും വിരുദ്ധമാണെങ്കിലും ബുദ്ധിപരവും ചിന്താപരവുമായ ഇഷ്ടവും സ്‌നേഹവുമാണ് ഇവിടെ വിവക്ഷ. മരുന്നിനെ വെറുക്കുന്ന രോഗി, തന്റെ രോഗശമനത്തിന് മരുന്ന് അത്യന്താപേക്ഷിതമാണെന്ന് കരുതി മരുന്ന് കഴിക്കുമല്ലോ. അതുപോലെ, തന്റെ ഇഹപര ക്ഷേമത്തിന് നിദാനമായ കാര്യങ്ങളാണ് പ്രവാചകന്റെ ആജ്ഞകളിലും നിരോധങ്ങളിലും ഉള്ളടങ്ങിയിട്ടുള്ളതെന്ന് വിശ്വാസിക്ക് ഉറച്ച ബോധ്യമുണ്ടാവണം.
ആ ആജ്ഞകളും നിരോധങ്ങളും ശിരസാ വഹിക്കുന്നതില്‍ നിര്‍വൃതി കണ്ടെത്തണം വിശ്വാസി. ഈ അനുഭൂതിയും നിര്‍വൃതിയുമാണ് വിശ്വാസത്തിന്റെ കാതല്‍. തന്റെ ആയുസ്സ് മുഴുവന്‍ ദൗത്യം നിറവേറ്റാനാണ് പ്രവാചകന്‍ ചെലവിട്ടത് എന്ന ബോധ്യമാണ് പ്രവാചക സ്‌നേഹത്തിന് പ്രചോദനം. മനുഷ്യരുടെ ക്ഷേമവും നന്മയും മാത്രമായിരുന്നുവല്ലോ ദൂതന്റെ മനസ്സ് നിറയെ. പ്രവാചക നിയോഗം ദൈവികാനുഗ്രഹത്തിന്റെ അടയാളമാണെന്ന് അല്ലാഹു എടുത്തുപറയുന്നുണ്ട്: "തങ്ങളില്‍നിന്ന് തന്നെ അവര്‍ക്ക് ഒരു പ്രവാചകനെ നിയോഗിച്ച് അയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ ഔദാര്യം ചെയ്തിരിക്കുന്നു. അദ്ദേഹം അവര്‍ക്ക് അവന്റെ സൂക്തം ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതം സംസ്‌കരിക്കുന്നു, അവരെ വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു. ഇതിന് മുമ്പാകട്ടെ ഇതേ ജനം സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരുന്നു'' (ആലു ഇംറാന്‍ 164).
സ്‌നേഹത്തിന്റെ അപാരത
മുആവിയ നിവേദനം ചെയ്യുന്നു: നബി (സ) തന്റെ അനുചരന്മാരുടെ സദസ്സിലേക്ക് ഒരിക്കല്‍ കടന്നുവന്നു ചോദിച്ചു: "എന്താണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്?''
അവര്‍: "ഈ ഇസ് ലാമിലേക്ക് ഞങ്ങളെ നയിച്ച് അനുഗ്രഹിച്ച അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ച് പറയുകയും അവനെ വാഴ്ത്തുകയും ചെയ്യുകയാണ് ഞങ്ങള്‍. അങ്ങ് കാരണമാണല്ലോ ഞങ്ങള്‍ക്ക് ഈ അനുഗ്രഹങ്ങളെല്ലാം ലഭിച്ചതെന്ന് പറയുകയായിരുന്നു.'' അപ്പോള്‍ നബി (സ): "ഇപ്പോള്‍ ജിബ് രീല്‍ വന്ന് എന്നോട് പറഞ്ഞിട്ടുണ്ട്; അല്ലാഹു നിങ്ങളെച്ചൊല്ലി മലക്കുകളോട് ഊറ്റം കൊള്ളുന്നു എന്ന്'' (മുസ് ലിം).
ഈ ചിന്തയും വികാരവുമാണ് അനുയായികളുടെ ഹൃദയത്തില്‍ പ്രവാചക സ്‌നേഹത്തിന്റെ വിത്തിട്ടത്. തങ്ങളുടെ ജീവനും സ്വത്തും കുടുംബവും ത്യജിച്ച് പ്രവാചകനോടൊപ്പം നിലകൊള്ളാന്‍ അനുയായികളെ പ്രേരിപ്പിച്ചതും ഉദാത്തമായ ഈ വിശ്വാസവും ബോധവും തന്നെ.
ഉഹുദ് യുദ്ധത്തിൽ നബി വധിക്കപ്പെട്ടു എന്ന കിംവദന്തി പരന്നപ്പോള്‍ പരിഭ്രമ ചിത്തരും ഇതികര്‍ത്തവ്യതാ മൂഢരുമായിക്കഴിഞ്ഞ സ്വഹാബികളുടെ നേരെ വിരല്‍ ചൂണ്ടി അനസുബ്‌നു നദ്ർ പറഞ്ഞില്ലേ: "ഉഹുദ് മലയുടെ ഭാഗത്തുനിന്ന് വരുന്ന സ്വര്‍ഗ സൗരഭ്യം നുകരുന്നു ഞാന്‍.'' അദ്ദേഹം പടവെട്ടി രക്തസാക്ഷിയായി. കുന്തത്തിന്റെ കുത്തും വാളിന്റെ വെട്ടുമായി എണ്‍പതില്‍പരം മുറിവുകളുണ്ടായിരുന്നു ആ ശരീരത്തില്‍. മകള്‍ റബീആണ്, സഹോദരന്‍ അനസാണ് വീരമൃത്യു വരിച്ചു കിടക്കുന്നതെന്ന് ആ വിരല്‍ നോക്കി തിരിച്ചറിഞ്ഞു പറഞ്ഞത്. സത്യസന്ധരും നിസ്വാര്‍ഥരുമായ അത്തരം മുജാഹിദുകളെക്കുറിച്ചാണ് അല്ലാഹുവിന്റെ വചനസാക്ഷ്യം: "വിശ്വാസികളായവരില്‍ അല്ലാഹുവിനോടുള്ള പ്രതിജ്ഞ യാഥാര്‍ഥ്യമാക്കി കാണിച്ച ചിലരുണ്ട്. ചിലര്‍ അവരുടെ നേര്‍ച്ച പൂര്‍ത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റു ചിലര്‍ അവസരം കാത്തിരിക്കുകയാകുന്നു. സ്വന്തം നിലപാടില്‍ അവര്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല'' (അല്‍ അഹ്‌സാബ് 23).
യുദ്ധാനന്തരം അനസുബ്‌നു നദ്‌റിനെ തിരയാനായി നബി സൈദുബ്‌നു സാബിതിനെ നിയോഗിച്ചു. ഗുരുതരമായി പരിക്കേറ്റ് മരണാസന്നരായവരുടെ കൂട്ടത്തില്‍ അദ്ദേഹം അനസിനെ കണ്ടു. ഒരു നേരിയ ശ്വാസത്തിന്റെ നൂലിഴയിലാണ് ആ പ്രാണന്‍. ആ സന്ദിഗ്ധ ഘട്ടത്തിലും അദ്ദേഹം മൊഴിഞ്ഞു: "ഞാന്‍ റസൂലിന്റെ സലാം മടക്കിയതായി അറിയിച്ചേക്കൂ. സ്വര്‍ഗത്തിന്റെ പരിമളവും വഹിച്ചതാ ഉഹുദിന്റെ ഭാഗത്തുനിന്ന് ഒരു കാറ്റ് വരുന്നുണ്ട്. അൻസ്വാരികളിലെ എന്റെ കൂട്ടരോട് പറയണം, നിങ്ങളില്‍ തുടിക്കുന്ന കണ്‍പോളയുടെ അത്രയെങ്കിലും ജീവന്‍ അവശേഷിക്കുന്നുവെങ്കില്‍ റസൂലിന് എന്തെങ്കിലും സംഭവിച്ചാല്‍ അല്ലാഹു പൊറുക്കില്ല കെട്ടോ.''
അബൂ ത്വല്‍ഹ (റ) റസൂലിന് രക്ഷാകവചം തീര്‍ത്ത് പറഞ്ഞ വാചകം അറിയുമോ? ''റസൂലേ, ഒരു അമ്പും അങ്ങയുെട ശരീരത്തിലേക്ക് എത്തില്ല. അതെല്ലാം ഈ അബൂ ത്വല്‍ഹയുടെ ശരീരം ഏറ്റുവാങ്ങും'' (ബുഖാരി).
ഇത്രയേറെ സ്‌നേഹേതിഹാസങ്ങള്‍ രചിച്ചിട്ടും ജീവന് തുല്യം സ്‌നേഹിച്ചിട്ടും പ്രിയപ്പെട്ടതെല്ലാം ത്യജിച്ചിട്ടും മുസ് ലിം സമുദായത്തിന്റെ വിശ്വാസത്തിന് ഒരു ഇളക്കവും സംഭവിച്ചില്ല. അവര്‍ക്ക് മുഹമ്മദ് അല്ലാഹുവിന്റെ പ്രവാചകന്‍ മാത്രമായിരുന്നു. ദിവ്യത്വത്തിന്റെ ഗുണങ്ങളൊന്നും അവര്‍ പ്രവാചകനില്‍ ആരോപിച്ചില്ല. അവര്‍ ആ പ്രവാചകനെ ആരാധിച്ചതുമില്ല. നബിയുടെ ശബ്ദം അവരുടെ കാതുകളില്‍ വന്നലച്ചു: "മക്കയിലെ അങ്ങാടിയില്‍ പലഹാരം തിന്നു നടന്ന ആമിന എന്ന ഒരു സ്ത്രീയുടെ മകനാണ് ഞാന്‍'' (ഇബ്‌നു മാജ).
''നബിയേ പറയുക: ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാകുന്നു. എനിക്ക് ദിവ്യബോധനം ലഭിക്കുന്നു. അത്രമാത്രം'' (അൽ കഹ്ഫ് 110).
''മുഹമ്മദ് ഒരു ദൈവദൂതന്‍ അല്ലാതൊന്നുമല്ല. അദ്ദേഹത്തിന് മുമ്പും പല പ്രവാചകന്മാര്‍ കടന്നുപോയിട്ടുണ്ട്. അദ്ദേഹം മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താല്‍ നിങ്ങള്‍ പിറകോട്ട് തിരിഞ്ഞുപോവുകയോ? എന്നാല്‍ ഓര്‍ത്തുകൊള്ളുക: ആരെങ്കിലും പിന്തിരിഞ്ഞു പോകുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിന് ഒരു ദ്രോഹവും ചെയ്യുന്നില്ല. എങ്കിലും അല്ലാഹുവിനോട് നന്ദിയുള്ളവരാകുന്ന ദാസന്മാര്‍ക്ക് അവന്‍ പ്രതിഫലം നല്‍കുന്നു'' (ആലു ഇംറാന്‍ 144). l
വിവ: പി.കെ.ജെ
(ഇറാഖി ചിന്തകനും
ചരിത്രകാരനുമാണ്
അക്‌റം ദിയാഉല്‍ ഉമരി).
Comments