Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

വടക്കേമണ്ണ പി. അബൂബക്കർ മൗലവി

ഇ. യാസിർ

കോഡൂർ പ്രദേശത്ത് ഇസ്്ലാമിക പ്രസ്ഥാനം  കെട്ടിപ്പടുക്കുന്നതിൽ  നേതൃപരമായ പങ്ക് വഹിച്ച  ആദ്യകാല ഇസ്‌ലാമിക പ്രവത്തകരിലെ അവസാന കണ്ണിയായിരുന്ന വടക്കേമണ്ണ അബൂബക്കർ മൗലവി (80). മുപ്പത് വർഷത്തോളം സ്കൂളിൽ അറബി അധ്യാപകനായിരുന്നു. പുരാതന സുന്നീ കുടുംബത്തിൽ ജനിച്ച മൗലവി സഹോദരീ ഭർത്താവ് മർഹൂം ഒതുക്കുങ്ങൽ അബ്ദുല്ല മൗലവിയിലൂടെയാണ് ഇസ്്ലാമിക പ്രസ്ഥാനവുമായി അടുക്കുന്നത്. പരേതരായ  സി.എച്ച് ഹംസ മാസ്റ്ററും വി.ടി മുഹമ്മദ് മാഷും കുഞ്ഞാലി മാഷും കെ.ടി ഫദൽ സാഹിബും ഒപ്പം  ചേർന്നു. അവരുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമായി  കോഡൂരിൽ ഇസ്്ലാമിക പ്രസ്ഥാനത്തിന് കെട്ടുറപ്പുള്ള ഘടകം നിലവിൽ വന്നു. ഇന്നത് ഒമ്പത് പുരുഷ ഘടകങ്ങളും ഏഴ് വനിതാ ഘടകങ്ങളും ധാരാളം ഖുർആൻ സ്റ്റഡി സെന്ററുകളും മറ്റുമായി വളർന്നു. 
കോഡൂർ ഹൽഖക്ക് കീഴിൽ 1968-ൽ നിലവിൽ വന്ന കോഡൂർ മുസ്്ലിം സാംസ്കാരിക സമിതി (KMSS) യുടെ രൂപവത്കരണത്തിലും വളർച്ചയിലും മൗലവിയുടെ പങ്ക് വലുതാണ്.  സംഘടിത സകാത്ത്, പലിശരഹിത സംവിധാനങ്ങൾ തുടങ്ങി പ്രദേശത്തെ എല്ലാ സാമൂഹിക സംരംഭങ്ങൾക്കും മൗലവി മുന്നിൽ നിന്നു. 
ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതി അംഗം, മങ്കട-കൊണ്ടോട്ടി-മലപ്പുറം ഏരിയകളുടെ  ഓർഗനൈസർ, ചെമ്മങ്കടവ് പ്രാദേശിക ഹൽഖാ അമീർ എന്നീ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിലൊക്കെ ധാരാളം പുതിയ ഹൽഖകൾ രൂപവത്കരിക്കുന്നതിന് മുൻകൈയെടുത്തു. മികച്ച സംഘാടകനായിരുന്നു മൗലവി. ഏത് കാര്യവും വൃത്തിയിലും ഭംഗിയിലും ആവണമെന്ന് മൗലവിക്ക് നിർബന്ധമായിരുന്നു. ഏരിയാ സമിതി അറിയിപ്പ് മുതൽ റിപ്പോർട്ട് തയാറാക്കി ഹൽഖാ കേന്ദ്രത്തിലേക്ക് അയക്കുന്നതിൽ വരെ അദ്ദേഹം വളരെയേറെ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തി. പൊതു ക്ലാസ്സുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുമ്പോൾ അതിനു വേണ്ട കൃത്യമായ ആസൂത്രണങ്ങൾ  നടത്തി.
കൃത്യതയും വ്യക്തതയും ഉള്ളതായിരുന്നു അദ്ദേഹത്തിന്റെ സംസാരം. കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ സാധിക്കാത്ത സംസാര ശൈലി കേൾക്കാൻ തന്നെ രസകരമായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാന പ്രവർത്തനങ്ങൾ താൻ നേതൃത്വം നൽകിയ പ്രദേശത്തെ മുഴുവൻ പ്രവർത്തകർക്കും നേതാക്കൾക്കും മനോഹരമായ ഓർമകളും വിലപ്പെട്ട അനുഭവങ്ങളുമാണ് സമ്മാനിച്ചത്. 
പ്രസ്ഥാനം അദ്ദേഹത്തിന് ഒരു വികാരമായിരുന്നു. പ്രസ്ഥാനത്തിന്റെ  എല്ലാ  ഊന്നലുകളും കൃത്യമായി മനസ്സിലാക്കി താൻ നേതൃത്വം നൽകുന്ന പ്രദേശങ്ങളിൽ അതിനനുസരിച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. 
പ്രസ്ഥാന പ്രവർത്തനത്തിൽ മതിവരാത്ത പ്രകൃതമായിരുന്നു മൗലവിയുടേത്. അല്ലാഹുവിന്റെ മാർഗത്തിൽ പ്രവർത്തിച്ചു തീരാൻ ഇനിയും ഒരുപാടുണ്ട് എന്ന കാരണത്താൽ ആയുസ്സ് നീട്ടിക്കിട്ടിയാൽ ചെയ്യേണ്ട കാര്യങ്ങളുടെ  ലിസ്റ്റ് തന്റെ തലയിണക്ക് അടിയിൽ വിട്ടേച്ചുകൊണ്ടാണ് കർമനിരതമായ ജീവിതത്തിൽനിന്ന് അദ്ദേഹം വിടവാങ്ങിയത്.
ആളുകളോട് ഏറെ നേരം സംവദിക്കാൻ ഇഷ്ടപ്പെട്ടിരുന്ന മൗലവിയുടെ വാക്കുകളിൽ ഇസ്്ലാമിക മൂല്യങ്ങളും പ്രസ്ഥാന വിഷയങ്ങളും നാടിന്റെ ചരിത്രവും, വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും നിറഞ്ഞുനിന്നു. ഓരോരുത്തരുടെയും കഴിവുകൾ കണ്ടെത്തി അവരെ വളർത്തിയെടുക്കുന്നതിൽ  പ്രത്യേകം ശ്രദ്ധ ചെലുത്തി. ഒരാളെ പരിചയപ്പെട്ടാൽ നാടും വീടും കുടുംബവും കൂട്ടക്കാരെയും ചോദിച്ചറിഞ്ഞ്, പിന്നീട് കാണുമ്പോൾ അതോർത്തെടുത്ത് പരിചയം പുതുക്കുമായിരുന്നു.  മലർവാടി ബാലസംഘം, ടീൻ ഇന്ത്യ മത്സര പരിപാടികൾ സംഘടിപ്പിക്കുമ്പോൾ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും സമ്മാനം നൽകാൻ സംഘാടകരെ  നിർബന്ധിക്കുമായിരുന്നു. 
ഈ ലോകത്തോട് വിടപറയുന്നതിന്റെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് അവസാനമായി മക്കളെ മുഴുവൻ ചുറ്റും ഇരുത്തി, ഖുർആൻ വിഭാവനം ചെയ്യുന്ന സ്വർഗം സ്വപ്നം കാണാനും ആ സ്വർഗത്തിൽ നമ്മൾ എല്ലാവരും ഉണ്ടാവാനുമായിരിക്കണം നമ്മുടെ പ്രവർത്തനം എന്നാണ് മൗലവി അവരെ  ഉപദേശിച്ചത്. രണ്ട് പേർ അംഗത്വ അപേക്ഷകരടക്കം ഭാര്യയും മക്കളും മരുമക്കളും എല്ലാവരും സജീവ ഇസ്‌ലാമിക പ്രവർത്തകരാണ്. 
 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്