നബിദിനാഘോഷങ്ങൾ പരിധി വിട്ടാല്‍
വിശുദ്ധ ഖുര്‍ആനിലെ 6236 സൂക്തങ്ങളില്‍ നാലിടത്ത് ലോകാനുഗ്രഹിയായ അന്ത്യപ്രവാചകന്റെ ശ്രേഷ്ഠ നാമം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഒരു സൂക്തത്തിൽ പോലും തിരുമേനിയുടെ പിറവി ദിനമോ വര്‍ഷമോ സംബന്ധിച്ച സൂചന പോലുമില്ല. ലോകാന്ത്യം വരെ പൂര്‍ണമായി സുരക്ഷിതമായി അവശേഷിക്കുന്ന ഗ്രന്ഥമെന്ന് മുസ് ലിംകള്‍ ന്യായമായി വിശ്വസിക്കുന്ന വേദഗ്രന്ഥത്തില്‍ അതവതരിപ്പിക്കപ്പെട്ട പുണ്യ പ്രവാചകന്റെ പിറവിയെക്കുറിച്ച് പരാമര്‍ശമേ ഇല്ലാതെ പോയത് എന്തുകൊണ്ടാവും? അത് ആഘോഷിക്കപ്പെടേണ്ട സുദിനമായിരുന്നെങ്കില്‍ ഒരു സംശയവുമില്ല, ദൈവിക വചനങ്ങളില്‍ അത് പരോക്ഷമായെങ്കിലും സൂചിപ്പിക്കപ്പെടുമായിരുന്നു. ഇനി, പതിനായിരക്കണക്കില്‍ വരുന്ന ഹദീസുകളിലോ? അതിലുമില്ല നബിദിനാഘോഷത്തെക്കുറിച്ച പ്രതിപാദനമേതും. തന്റെ ജന്മദിനം ആചരിക്കാനോ ആഘോഷിക്കാനോ പ്രവാചകവര്യന്‍ ശിഷ്യന്മാരോടോ അനുചരന്മാരോടോ നിര്‍ദേശിക്കുകയോ കല്‍പിക്കുകയോ ചെയ്തിരുന്നില്ലെന്ന് വ്യക്തം. അദ്ദേഹത്തിന്റെ വാക്കോ പ്രവൃത്തിയോ സമ്മതമോ പോലും അതിസൂക്ഷ്മമായി രേഖപ്പെടുത്തിയ ശിഷ്യന്മാര്‍ക്കും മീലാദുന്നബി ഒരു വിഷയമേ ആകാതിരുന്നതെന്തുകൊണ്ട്? രണ്ടാം ഖലീഫ ഉമറുല്‍ ഫാറൂഖിന്റെ മുമ്പില്‍ ഇസ് ലാമിക വര്‍ഷ ഗണനയെക്കുറിച്ച ചര്‍ച്ച വന്നപ്പോള്‍ നബിയുടെ പിറവി ദിനമോ വിയോഗ ദിനമോ പരിഗണിക്കപ്പെടാതെ ഹിജ്റ മാത്രം അംഗീകാരം നേടിയത് എന്തുകൊണ്ട്? ഉത്തരം ഒട്ടുമേ ദുരൂഹമല്ല. 'താങ്കള്‍ പറയൂ. ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു' (18:110). 'പറയൂ: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു' (41:6). 'പറയൂ: എന്റെ നാഥന്‍ എത്ര പരിശുദ്ധന്‍. മനുഷ്യനായ ഒരു പ്രവാചകനല്ലാതെ മറ്റാരെങ്കിലുമാണോ ഞാന്‍?' (17:93), 'സന്മാര്‍ഗം വന്നുകിട്ടിയപ്പോള്‍ അതില്‍ വിശ്വസിക്കുന്നതില്‍ ജനങ്ങളെ തടഞ്ഞത് അല്ലാഹു ഒരു മനുഷ്യനായ പ്രവാചകനെയാണോ നിയോഗിച്ചത് എന്ന അവരുടെ ചോദ്യമല്ലാതെ മറ്റൊന്നുമല്ല' (17:94). വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്്തങ്ങളും തദര്‍ഥത്തിലുള്ള മറ്റു സൂക്തങ്ങളും ഒരു സത്യം സംശയാതീതമായി വ്യക്തമാക്കുന്നു. മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിന് മനുഷ്യരില്‍നിന്നുള്ള വ്യക്തിത്വങ്ങളെ തന്നെയാണ് അല്ലാഹു നിയോഗിച്ചത്. അവരുടെ ജനനവും പ്രകൃതിയും മരണവുമെല്ലാം മറ്റു മനുഷ്യരില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ആദ്യ പിതാവ് ആദമിന്റെയും പില്‍ക്കാലത്ത് ആഗതനായ ഈസായുടെയും ജനനം മാത്രമേ ഇതിനപവാദമായുള്ളൂ. അതെന്തുകൊണ്ട് എന്നും ഖുര്‍ആന്‍ വ്യക്തമാക്കാതിരുന്നിട്ടുമില്ല. മനുഷ്യ പ്രകൃതിയോടെ ജനിച്ച വ്യക്തികള്‍ക്ക് മാത്രമേ മനുഷ്യര്‍ക്ക് മാതൃകയാവാന്‍ കഴിയൂ. എന്തുകൊണ്ട് മാലാഖമാരെ അല്ലാഹു പ്രവാചകരായി നിയോഗിച്ചയച്ചില്ല എന്ന അവിശ്വാസികളുടെ ചോദ്യത്തിന് അല്ലാഹു നല്‍കുന്ന മറുപടി ഖുര്‍ആനിലുണ്ട്. ശാന്തരായി ഭൂമിയില്‍ കഴിയുന്ന മലക്കുകളായിരുന്നു ഭൂമിയില്‍ ജീവിക്കുന്നതെങ്കില്‍ നിശ്ചയമായും മലക്കുകളെത്തന്നെ മാർഗ ദർശികളായി അല്ലാഹു നിയോഗിക്കുമായിരുന്നു എന്നാണാ മറുപടി. മനുഷ്യരിലൊരാളായി മുഹമ്മദ് നബിയും ജനിച്ചു. അവരെപ്പോലെ തിന്നുകയും കുടിക്കുകയും ഉടുക്കുകയും പണിയെടുക്കുകയും കൂലി വാങ്ങുകയും വിവാഹബന്ധത്തിലേര്‍പ്പെടുകയും മക്കളുടെ പിതാവാകുകയും പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും പ്രയാസങ്ങളെ അതിജീവിക്കുകയും ചെയ്തുകൊണ്ട് തന്നെ ലോകത്തേറ്റവും പരിശുദ്ധവും മാതൃകാപരവും പാപമുക്തവുമായ ജീവിതം നയിച്ചു കാണിച്ചു കൊടുത്തതാണ് പ്രവാചകന്റെ മഹത്വം. അല്ലാതെ തിരുമേനിയുടെ പിറവിക്കോ വിയോഗത്തിനോ രണ്ടും സംഭവിച്ച ദിവസങ്ങൾക്കോ ഒരു സവിശേഷതയും ഇല്ല. അതുകൊണ്ട് തന്നെ തന്റെ ജന്മദിനമോ ചരമദിനമോ കൊണ്ടാടാന്‍ പ്രവാചക ശ്രേഷ്ഠന്‍ കല്‍പിച്ചില്ല, അനുചരന്മാര്‍ കൊണ്ടാടിയതുമില്ല. നബിതിരുമേനിയുടെ ജന്മദിനം റബീഉല്‍ അവ്വല്‍ എട്ടിനാണെന്നും ഒമ്പതിനാണെന്നും പന്ത്രണ്ടിനാണെന്നും അതൊന്നുമല്ല, റമദാനിലാണെന്നുമൊക്കെ ഭിന്നാഭിപ്രായങ്ങള്‍ നബിചരിത്ര ഗ്രന്ഥങ്ങളിലുണ്ട് എന്നും ഓര്‍ക്കുക. ഏറ്റവും ശ്രേഷ്ഠതരമെന്ന് പ്രവാചകന്‍ വിശേഷിപ്പിച്ച ആദ്യ മൂന്ന് ഹിജ്‌റ നൂറ്റാണ്ടുകളില്‍ ജീവിച്ച പ്രവാചക ശിഷ്യന്മാരോ അവരുടെ പിന്‍ഗാമികളോ, മദ്ഹബുകളുടെ ആചാര്യന്മാരോ ഹദീസ് ക്രോഡീകരിച്ച ഇമാമുകളോ ഒന്നും നബിദിനം ആഘോഷിച്ചില്ല, അത് നല്ല കാര്യമാണെന്ന് എവിടെയും രേഖപ്പെടുത്തിയുമില്ല. പിന്നെ മൗലിദുന്നബവി അഥവാ നബിദിനം ആഘോഷമായി മുസ് ലിംകളില്‍ വന്നതെപ്പോള്‍?
ഈജിപ്ത് ഭരിച്ച ശീഈ വംശജരായ ഫാത്വിമി രാജാക്കന്മാരാണ് നബിദിനമാഘോഷിക്കാന്‍ തുടങ്ങിയതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഇന്ത്യയിലാവട്ടെ, 15-ാം നൂറ്റാണ്ടില്‍ ദല്‍ഹി ഭരിച്ച ലോധി വംശത്തിലെ സിക്കന്ദര്‍ ലോധിയുടെ കാലത്താണ് പ്രവാചകപ്പിറവി ആഘോഷമാക്കാന്‍ തുടങ്ങിയതെന്നും ചരിത്രത്തിലുണ്ട്. ഈ രണ്ട് വിഭാഗക്കാരും ഇസ് ലാമിന്റെ മാതൃകകളല്ല. ആണെന്ന് വാദിച്ചാല്‍ അവരുടെ ഭരണ കാലത്തെ അത്യാചാരങ്ങളെയും ന്യായീകരിക്കേണ്ടി വരും. വിശുദ്ധ ഖുര്‍ആനിലോ പ്രവാചക മാതൃകയിലോ ഇല്ലാത്ത ഏത് 'പുണ്യകര്‍മവും' മതത്തിലെ ബിദ്അത്ത് അഥവാ നവനിര്‍മിതിയാണ്. അവയത്രയും നിരാകരിക്കപ്പെടേണ്ടതും നരകത്തിലേക്കുള്ള വഴിയുമാണെന്ന് ഓരോ ജുമുഅയിലും ഖത്വീബ് നിര്‍ബന്ധമായും ഉദ്ബോധിപ്പിക്കുന്ന സംഗതിയുമാണ്. അറബി-മുസ് ലിം നാടുകളില്‍ പലതിലും നബിദിനത്തിന് അവധിയോ ആഘോഷമോ ഇല്ല. യേശു ക്രിസ്തുവിന്റെ ജന്മദിനമെന്ന് സങ്കല്‍പിക്കപ്പെടുന്ന ദിവസം ക്രിസ്ത്യാനികള്‍ ആഘോഷിക്കുന്നതിനെ അനുകരിച്ചാണ് മുസ് ലിംകളില്‍ ഒരു വിഭാഗം നബിദിനം ആഘോഷിക്കാന്‍ തുടങ്ങിയതെന്ന് പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (പ്രസിഡന്‍സി ഓഫ് ശരീഅത്ത് കോര്‍ട്ട് ഖത്തറിന്റെ ചീഫ് ജസ്റ്റിസും പ്രശസ്ത പണ്ഡിതനുമായിരുന്ന ശൈഖ് അബ്ദുല്ലാ ബിന്‍ സൈദ് ആല്‍ മഹ്്മൂദിന്റെ മജ്മൂഅഃ റസാഇല്‍ ഒന്നാം ഭാഗം നോക്കുക). തങ്ങള്‍ ആരംഭിച്ചതും ആഘോഷിച്ചുവരുന്നതുമായ ഒരു ചടങ്ങിന്റെ ന്യായീകരണത്തിന് പല തെളിവുകളും പണ്ഡിത-പുരോഹിത വിഭാഗത്തില്‍ ചിലര്‍ പടച്ചുണ്ടാക്കുകയും എഴുതുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇന്നും ഓരോ റബീഉല്‍ അവ്വലിലും അതൊക്കെ വള്ളിപുള്ളി വ്യത്യാസമില്ലാതെ ആവര്‍ത്തിക്കുന്നുമുണ്ട്. അല്ലാഹു മനുഷ്യപിതാവ് ആദമിനെയും കൂട്ടി സ്വര്‍ഗത്തിലൂടെ നടക്കുമ്പോള്‍ ഒരു ബാനര്‍ ശ്രദ്ധയില്‍ പെട്ടു. 'ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ്' എന്നായിരുന്നു അതിലെഴുതി വെച്ചിരുന്നത്. അതു കണ്ടപ്പോള്‍ ആദം സ്രഷ്ടാവിനോട് ചോദിച്ചുവത്രെ: 'നീയല്ലാതെ ആരാധ്യനില്ല എന്നത് എനിക്ക് മനസ്സിലായി. എന്നാല്‍, മുഹമ്മദ് നിന്റെ ദൂതനാണ് എന്ന് എഴുതിയതിന്റെ അര്‍ഥമെന്താണ്?' 'അതോ; നിന്റെ സന്താനപരമ്പരയില്‍ മുഹമ്മദ് എന്ന് പേരായ ഒരാള്‍ പിറക്കാന്‍ പോവുന്നു. അവനു വേണ്ടിയാണ് ഈ പ്രപഞ്ചത്തെ ഞാന്‍ സൃഷ്ടിച്ചത്.' 'ലൗലാക ലമാ ഖലഖ്തുല്‍ അഫ്‌ലാക്' എന്ന വ്യാജ നിര്‍മിതിയുടെ ഉറവിടമാണിപ്പറഞ്ഞത്. നബിദിനാഘോഷങ്ങളിലെ പ്രഭാഷണങ്ങളില്‍ സ്ഥിരമായി ആവര്‍ത്തിക്കാറുണ്ട് ഈ കെട്ടുകഥ. പ്രമാണ യോഗ്യമായ ഒരു രേഖയിലും ഈ വാറോല കാണാനാവില്ല. 'മതത്തില്‍ അതിര് കവിയരുത്' എന്ന് ഇസ്രാഈല്യരോട് അല്ലാഹു ശാസിച്ചതായി ഖുര്‍ആനിലുണ്ട്. അത് മുഹമ്മദ് നബിയുടെ അനുയായികള്‍ക്കും ബാധകമാണ്. സൂഫിസത്തിന്റെയോ ഭക്തിയുടെയോ പ്രവാചക സ്‌നേഹത്തിന്റെയോ പരിവേഷം നല്‍കി ന്യായീകരിക്കാവുന്നതല്ല മതത്തിലെ വ്യാജനിര്‍മിതി.
ഇതൊക്കെയാണ് സത്യമെങ്കിലും ലോകത്തിലെ മറ്റു ചില ഭാഗങ്ങളിലെന്നപോലെ കേരളത്തിലും ആണ്ട് തോറും നബിദിനം കൊണ്ടാടപ്പെടാറുണ്ട്. വര്‍ണശബളമായ ഘോഷയാത്രകളും പ്രവാചക സ്തുതി ഗീതങ്ങളും അന്നദാനവും മൗലിദ് പാരായണവുമൊക്കെയാണ് സ്ഥിരം അജണ്ട. സമീപകാലത്തായി റബീഉല്‍ അവ്വല്‍ പന്ത്രണ്ട് വരെ പള്ളിയുടെ വൈദ്യുതാലങ്കാരവും മത്സരബുദ്ധിയോടെ വ്യാപിച്ചുകാണുന്നു. യാഥാസ്ഥിതിക മതസംഘടനകളുടെ 'ഹുബ്ബുര്‍റസൂല്‍' പ്രകടനങ്ങളായി വേണം ഈ നടപടികളെ കാണാന്‍. ഇതില്‍നിന്ന് ഭിന്നമായി മുഹമ്മദ് നബി(സ)യുടെ ജീവിതവും സന്ദേശവും പ്രമേയമാക്കിയുള്ള പ്രഭാഷണങ്ങളും സംവാദങ്ങളും മറ്റു ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുന്ന പതിവും കുറച്ചു നേരത്തെയുണ്ട്. പ്രത്യേക മതാചാരമായി തെറ്റിദ്ധരിക്കപ്പെടാനിടയില്ലെങ്കില്‍, ഇസ് ലാമും പ്രവാചകനും വിശുദ്ധ ഖുര്‍ആനും കടന്നാക്രമിക്കപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ ഇത്തരം പരിപാടികള്‍ക്ക് പ്രസക്തിയുണ്ട്. അതേസമയം ഇസ് ലാമും മുസ് ലിംകളും സംഘടിതാക്രമണങ്ങള്‍ക്ക് ശരവ്യമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് മൗലിദ് ആഘോഷം പോലുള്ള വിഷയങ്ങളില്‍ അനാരോഗ്യകരമായ വിവാദങ്ങളിലേര്‍പ്പെടാതെ സംയമനം പാലിക്കുകയാണ് സന്ദര്‍ഭത്തിന്റെ താല്‍പര്യം എന്ന് വിവേകമതികള്‍ മനസ്സിലാക്കുകയും ചെയ്യുന്നു.
ഇതിനിടെയാണ് മലപ്പുറം ജില്ലയിലെ കുണ്ടൂരില്‍ ഒരു വിഭാഗത്തിന്റെ ആചാര്യനും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി എന്ന സ്വയാര്‍ജിത പദവിയുടെ ഉടമയുമായ പണ്ഡിതന്‍ ചെയ്ത ഒരു പ്രസംഗം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദ വിധേയമാവുകയും ചെയ്ത പുതിയ സംഭവം. നബി(സ)യെക്കുറിച്ച് മോശമായ കാര്യങ്ങള്‍ എഴുതിവെച്ചതിനാല്‍ മുജാഹിദുകളും ജമാഅത്തെ ഇസ് ലാമിയും മുസ് ലിംകളാണെന്ന് എങ്ങനെ പറയും എന്നാണദ്ദേഹം ചോദിച്ചത്. ഇന്ത്യയില്‍ മുസ് ലിംകള്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഇന്നത്തെ കാലഘട്ടത്തില്‍, പഴയപോലെ ഇസ് ലാമില്‍നിന്ന് പുറത്താക്കുന്ന പരിപാടിയുടെ ഔചിത്യവും പ്രസക്തിയുമാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഒടുവില്‍ ഒരു വിശദീകരണവുമായി അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. അതിപ്രകാരമാണ്:
'കോഴിക്കോട്: മുഹമ്മദ് നബി(സ)യോടുള്ള സ്‌നേഹവും ബഹുമാനവുമാണ് വിശ്വാസത്തിന്റെ അടിത്തറയെന്നും തിരുനബി (സ) കൊണ്ടുവന്ന മുഴുവന്‍ വിഷയങ്ങളും പൂര്‍ണമായി സ്വീകരിക്കുമ്പോഴാണ് വിശ്വാസം പൂര്‍ണമാകുന്നതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ പറഞ്ഞു.
ശരീരം ജീര്‍ണിച്ച് ജീവിച്ചിരിക്കുന്നവര്‍ക്ക് ശല്യമാകാതിരിക്കാനാണ് റസൂലി(സ)നെ മറവ് ചെയ്തതെന്ന് വരെ മുജാഹിദ്, ജമാഅത്തെ ഇസ് ലാമി തുടങ്ങിയ പുത്തനാശയക്കാരുടെ പ്രസിദ്ധീകരണങ്ങളില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. നബി(സ)യെ അപകീര്‍ത്തിപ്പെടുത്തുന്നതും നിന്ദിക്കുന്നതുമായ ഇത്തരം ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്ക് എങ്ങനെയാണ് യഥാര്‍ഥ മുസ് ലിമാകാന്‍ സാധിക്കുക എന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. വാക്കുകള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്തും ദുര്‍വ്യാഖ്യാനം ചെയ്തും സമൂഹത്തില്‍ ഛിദ്രതയുണ്ടാക്കാനുള്ള ശ്രമങ്ങളില്‍നിന്ന് എല്ലാവരും പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ് ലിംകള്‍ക്കെതിരെ ശിര്‍ക്കും (ബഹുദൈവത്വം) കുഫ്‌റും (മതനിഷേധം) ആരോപിക്കുന്നത് സുന്നികളുടെ രീതിയല്ലെന്നും ഉത്ഭവ കാലം മുതല്‍ മുജാഹിദുകളുടെ ശൈലിയാണിതെന്നും കാന്തപുരം പറഞ്ഞു (സിറാജ് ദിനപത്രം, 2023 സെപ്റ്റംബര്‍ 21).
1987 ജനുവരി ലക്കം 'പ്രബോധനം' മാസികയിലെ പ്രശ്‌നവും വീക്ഷണവും എന്ന പംക്തിയില്‍ ഒരു ചോദ്യത്തിനുള്ള ഉത്തരത്തില്‍ പ്രതിപാദിച്ച കാര്യങ്ങളാവണം കാന്തപുരം മുസ് ലിയാര്‍ തന്റെ വാദഗതിക്ക് ആധാരമാക്കിയത്. ആ മറുപടി അപ്പടി ചുവടെ:
പ്രവാചകന്മാരുടെ മൃതദേഹങ്ങള്‍ മണ്ണുതിന്നണമെന്ന് ഈ ലേഖകന് യാതൊരു ശാഠ്യവുമില്ല. അവ എന്നെന്നും കേടുകൂടാതെ ഇരിക്കുമെങ്കില്‍ ഇരുന്നോട്ടേ, ഒരു വിരോധവുമില്ല. എന്നാല്‍, പ്രവാചക ശരീരം മണ്ണ് തിന്നുകയില്ല എന്ന് ഉറപ്പിച്ചു പറയാന്‍ ആധികാരികമായ തെളിവൊന്നും ഈ ലേഖകന്‍ കണ്ടിട്ടില്ല. ഈ ലോകത്ത് ഒന്നേകാല്‍ ലക്ഷത്തോളം പ്രവാചകന്മാര്‍ ജീവിച്ചിട്ടുണ്ടല്ലോ. ഇവരില്‍ ആരുടേയും മൃതദേഹം കേടുകൂടാതെ ഇരിക്കുന്നതായും അറിവില്ല. പ്രവാചകന്‍മാര്‍ക്ക് മരിക്കാമെങ്കില്‍, അവരുടെ മൃതദേഹങ്ങള്‍ മണ്ണില്‍ മറമാടുകയും ചെയ്യാമെങ്കില്‍ പിന്നെ ആ ജഡങ്ങള്‍ മണ്ണില്‍ ചേരാതിരിക്കുന്നതില്‍ എന്തെങ്കിലും പ്രത്യേക ഗുണമുണ്ടെന്ന് തോന്നുന്നില്ല. മൃതശരീരം വെളിയിലിരുന്ന് ജീര്‍ണിച്ച് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണല്ലോ മറമാടപ്പെടുന്നത്. അതായത്, ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാതെ മൃതദേഹം ജീര്‍ണിക്കുന്നതിന് സൗകര്യം ചെയ്യുകയാണ് മറമാടലിന്റെ ഉദ്ദേശ്യം. പ്രവാചകന്മാരുടെ ശരീരങ്ങള്‍ ജീര്‍ണിക്കുകയില്ലെങ്കില്‍ അവ മറമാടേണ്ട ആവശ്യമെന്താണ്? പുറത്തുതന്നെ സൂക്ഷിച്ചാല്‍ പോരേ? അതൊരു ദൃഷ്ടാന്തമാകുമല്ലോ. അതല്ലേ അവരും അവരുടെ ആദര്‍ശ ചര്യകളും കൂടുതല്‍ സ്മരിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ഉചിതമായിട്ടുള്ളത്?
അല്ലാഹുവിങ്കല്‍നിന്ന് 'വഹ്'യ് ലഭിക്കുന്ന ശ്രേഷ്ഠ വ്യക്തികള്‍ എന്നതാണ് പ്രവാചകന്‍മാരുടെ സവിശേഷത. മറ്റെല്ലാ കാര്യത്തിലും അവര്‍ മനുഷ്യര്‍ തന്നെയാണ്. انما أنا بشر مثلكم എന്ന് വിശുദ്ധ ഖുര്‍ആന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. മനുഷ്യരെല്ലാം മണ്ണില്‍നിന്ന് സൃഷ്ടിക്കപ്പെട്ടവരും മണ്ണിലേക്ക് മടക്കപ്പെടുന്നവരും വീണ്ടും മണ്ണില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്നവരുമാണെന്നും ഖുര്‍ആന്‍ പറയുന്നു: منها خلقناكم وفيها نعيدكم ومنها نخرجكم تارة اخرى. ഈ മണ്ണിലേക്ക് മടക്കലില്‍നിന്ന് പ്രവാചകന്മാര്‍ ഒഴിവാണെന്ന് എവിടെയും പറയുന്നില്ല.
ചോദ്യകര്‍ത്താവ് ഉന്നയിച്ച ഹദീസ് മേൽപ്പറഞ്ഞ ഖുര്‍ആനികാധ്യാപനങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതുകൊണ്ട് അത് സംശയരഹിതമാംവണ്ണം സ്ഥിരപ്പെട്ടാല്‍ മാത്രമേ അവലംബിക്കാനാവൂ. പ്രസ്തുത ഹദീസ് ഉദ്ധരിച്ചിട്ടുള്ള സുനനു അബീ ദാവൂദില്‍ തന്നെ ചേര്‍ത്തിട്ടുള്ള ഔനുല്‍ മഅ്ബൂദ് എന്ന് പറയുന്ന ഹാശിയയില്‍ ഈ ഹദീസിന് സൂക്ഷ്മമായ ന്യൂനതയുണ്ടെന്നും ബുഖാരിയും മറ്റും അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും പറയുന്നുണ്ട്. ഖുര്‍ആനിന് ശേഷം ഏറ്റവും പ്രബലമായ പ്രമാണമായി ഗണിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരിയിലോ സ്വഹീഹ് മുസ് ലിമിലോ സുനനുത്തുര്‍മുദിയിലോ ഈ ഹദീസ് ഉദ്ധരിച്ചുകാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. പ്രസ്തുത ഹദീസിനെക്കുറിച്ച് നൈലുല്‍ ഔത്വാര്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിപ്രകാരമാണ്: തന്റെ സ്വഹീഹില്‍ ഇബ്‌നു ഹിബ്ബാനും, ഹാകിം തന്റെ മുസ്തദ്റകിലും ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്. ഇത് ബുഖാരിയുടെ മാനദണ്ഡമനുസരിച്ച് സ്വഹീഹാണെന്നും ഹാകിം പറഞ്ഞിട്ടുണ്ട്. അവരിരുവരും (ബുഖാരിയും മുസ്്ലിമും) ഇതുദ്ധരിച്ചിട്ടില്ല. ഇബ്‌നു ഹാതിം ഈ ഹദീസിനെ ദുര്‍ബലമായ ഹദീസുകളുടെ കൂട്ടത്തില്‍ പറഞ്ഞിരിക്കുന്നു. ഈ ഹദീസ് അസ്വീകാര്യമാണെന്ന് അദ്ദേഹം തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ ഹദീസിന്റെ നിവേദന പരമ്പരയില്‍ അബ്ദുർറഹ്്മാനിബ്‌നു യസീദിബ്‌നി ജാബിര്‍ എന്ന നിവേദകനുണ്ട്. അദ്ദേഹം അസ്വീകാര്യനാകുന്നു. ഈ ഹദീസ് സ്ഥിരപ്പെട്ടിട്ടില്ലെന്ന് ഇബ്‌നുല്‍ അറബിയും പ്രസ്താവിച്ചിരിക്കുന്നു.
ബുഖാരി ഈ ഹദീസിന്റെ ന്യൂനത ചൂണ്ടിക്കാണിച്ചുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. ബുഖാരി ഈ ഹദീസ് ഉദ്ധരിക്കാതിരുന്നത് അദ്ദേഹത്തിന് കിട്ടാതിരുന്നതു കൊണ്ടല്ല, സ്വീകാര്യമാകാത്തതുകൊണ്ടാണെന്ന് അതില്‍നിന്ന് വ്യക്തമാവുന്നു. അതോടുകൂടി, ഈ ഹദീസ് ബുഖാരിയുടെ മാനദണ്ഡ പ്രകാരം സ്വഹീഹാണെന്ന ഹാകിമിന്റെ പ്രസ്താവന ശരിയല്ല എന്നും വന്നുകൂടുന്നു. അപ്പോള്‍ ഈ ഹദീസ് സ്വീകരിക്കാതിരുന്നവര്‍ ഇബ്‌നുല്‍ അറബിയും അബൂ ഹാതിമും മാത്രമല്ല, ബുഖാരിയും മറ്റു ചിലരും കൂടി അക്കൂട്ടത്തിലുണ്ടെന്നര്‍ഥം. അവരൊക്കെ അത് തള്ളിക്കളഞ്ഞത് കാര്യകാരണ സഹിതമാണെന്ന് വ്യക്തമാക്കിയിരിക്കുന്നു. എന്നാല്‍, സ്വഹീഹാണെന്ന് പ്രസ്താവിച്ചവര്‍ എങ്ങനെ സ്വഹീഹായി എന്ന് സമര്‍ഥിക്കുന്നില്ല. ഹാകിം മാത്രമാണ് അതിനു ശ്രമിച്ചിട്ടുള്ളത്, അതാണെങ്കില്‍ ശരിയല്ലെന്ന് വ്യക്തമാവുകയും ചെയ്തു. അതുകൊണ്ട് ഈ ഹദീസ് സ്വഹീഹോ ആധികാരികമോ അല്ല എന്ന വീക്ഷണത്തെയാണ് ഈ ലേഖകന്‍ പിന്താങ്ങുന്നത്. ഈ ഹദീസ് സ്വഹീഹാണെന്ന് പറഞ്ഞവരുടെ വീക്ഷണമാണ് ശരിയെന്ന് തോന്നുന്നവര്‍ക്ക് അതംഗീകരിക്കാവുന്നതും വിശ്വസിക്കാവുന്നതുമാണ്.
ലൗലാക ലൗലാക ലമാ ഖലഖ്തുല്‍ അഫ്്ലാഖ് എന്ന നിവേദനം സ്വഹീഹാണെന്ന് ആധികാരികരായ ഹദീസ് പണ്ഡിതന്മാരാരും പറഞ്ഞതായി അറിവില്ല. അതിന്റെ സനദും ഉദ്ധരിക്കപ്പെട്ടതായി കണ്ടിട്ടില്ല. മുഹമ്മദ് നബി(സ)യുടെ പേരില്‍ കെട്ടിച്ചമക്കപ്പെട്ട കൃത്രിമ ഹദീസുകള്‍ സമാഹരിച്ചുകൊണ്ട് ഇമാം ശൗക്കാനി രചിച്ച അൽ ഫവാഇദുല്‍ മജ്മൂഅഃ ഫില്‍ അഹാദീസില്‍ മൗദൂഅഃ എന്ന ഗ്രന്ഥത്തില്‍ വ്യാജ ഹദീസുകളില്‍ ഒന്നായി ഈ നിവേദനം ഉദ്ധരിച്ചിട്ടുമുണ്ട് (പ്രബോധനം മാസിക, 1987 ജനുവരി, പേജ് 54).
അപ്പോള്‍ കാര്യം വ്യക്തം: പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല എന്ന ഹദീസ് പ്രബലമല്ല. ആണെന്ന് വിശ്വസിക്കുന്നവര്‍ക്ക് അതിന് സ്വാതന്ത്ര്യവുമുണ്ട്. എന്നാല്‍, അതില്‍ വിശ്വസിക്കേണ്ടത് അഖീദയുടെ ഭാഗമായി ഒരു മദ്ഹബിലും കിതാബിലും രേഖപ്പെട്ടില്ലെന്നിരിക്കെ എന്തടിസ്ഥാനത്തിലാണ് 'ഗ്രാന്റ് മുഫ്തി', പ്രവാചക ശരീരങ്ങളെ മണ്ണ് തിന്നുകയില്ലെന്ന് വിശ്വസിക്കാത്തവര്‍ യഥാര്‍ഥ മുസ് ലിംകളല്ലെന്ന് ഫത് വ നല്‍കുന്നത്?
(പ്രബോധനം മാസികയിലെ പ്രശ്‌നവും വീക്ഷണവും എന്ന പംക്തിയില്‍ വരുന്ന മറുപടികള്‍ തീര്‍ത്തും വ്യക്തിപരമാണെന്നും ഒരു സംഘടനയുടെയും അഭിപ്രായമായി അത് കണക്കാക്കാന്‍ പാടില്ലെന്നും ആവര്‍ത്തിച്ചു വ്യക്തമാക്കിയതും ഓര്‍ക്കുക). l
Comments