Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

ഉൾക്കൊള്ളൽ നയമായിരുന്നു തിരുദൂതരുടേത്

പി.കെ ജമാൽ

'പ്രവാചകന്മാരുടെ അനന്തരാവകാശികളാണ് പണ്ഡിതന്മാര്‍' എന്ന നബി(സ)യുടെ പ്രസ്താവനക്ക് നിരവധി അര്‍ഥ ധ്വനികളുണ്ട്. പ്രവാചകന്മാര്‍ സ്വീകരിച്ച നയവും നിലപാടും സമീപനവുമാവണം അവരുടേതും. ഏത് കാലത്തും ഏത് സാഹചര്യങ്ങളിലും പ്രവാചകന്മാരുടെ പ്രവര്‍ത്തന രീതികള്‍ പിന്‍തുടരാന്‍ ബാധ്യസ്ഥരാണ് പണ്ഡിതന്മാര്‍. സമൂഹത്തില്‍ ഇടപഴകിയപ്പോഴും പ്രശ്‌നങ്ങള്‍ അഭിമുഖീകരിച്ചപ്പോഴും നബി (സ) സ്വീകരിച്ച സമീപനങ്ങളുടെ സ്വഭാവം ഹദീസുകളില്‍ നിറഞ്ഞുകിടക്കുന്നു. 'ഉള്‍ക്കൊള്ളല്‍' (Inclusive) നയമായിരുന്നു നബിയുടേത്; പുറംതള്ളല്‍ (Exclusive) നയമായിരുന്നില്ല. പ്രശ്‌നങ്ങളോടുള്ള നബിയുടെ സമീപനവും ഇടപെടലും തന്റെ അനുചരന്മാരോടുള്ള അഭിമുഖീകരണവും വിധിതീര്‍പ്പുകളും അപഗ്രഥിച്ചാല്‍ ബോധ്യമാകുന്ന വസ്തുതയാണിത്. തിരുത്താനും സംസ്‌കരിക്കാനും സ്വര്‍ഗപാതയിലേക്ക് നയിക്കാനും നിയുക്തനായ പ്രവാചകനാണ് താന്‍ എന്ന ബോധമാണ് നബിയെ നയിച്ചത്. 'ബശ്ശിറൂ, വലാ തുനഫ്ഫിറൂ' (ജനങ്ങള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കുന്നവരാവണം നിങ്ങള്‍, ജനങ്ങളെ വെറുപ്പിച്ച് അകറ്റുന്നവരാവരുത്) എന്ന നിര്‍ദേശമാണ് ദൗത്യവാഹകര്‍ക്ക് നബി (സ) നിരന്തരം നല്‍കിപ്പോന്നത്. 'യസ്സിറൂ, വലാ തുഅസ്സിറൂ' (ജനങ്ങള്‍ക്ക് എളുപ്പമാണ് നിങ്ങള്‍ ഉണ്ടാക്കേണ്ടത്, ഞെരുക്കമല്ല) എന്ന നിര്‍ദേശത്തിന് പിന്നിലും എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുകയും ഒന്നിച്ചു കൊണ്ടുപോവുകയും വേണമെന്ന സന്ദേശമാണുള്ളത്. പ്രവാചകന്റെ സമീപന രീതിയെ സംക്ഷേപിച്ച് പുതിയ കാലത്തെ നവോത്ഥാന നായകന്മാര്‍ ഈ നിര്‍ദേശങ്ങളില്‍നിന്ന് ആവിഷ്‌കരിച്ച സമീപന രേഖയാണ് 'അത്തബ്ശീറു ഫിദ്ദഅ്‌വ, വത്തയ്‌സീറു ഫില്‍ ഇബാദഃ' (പ്രബോധനത്തിൽ സന്തോഷ വാർത്ത, ആരാധനാനുഷ്ഠാനങ്ങളിൽ ലാളിത്യ സമീപനം) എന്നത്.
ഇന്ന് ജീവിക്കുന്ന മുസ് ലിം സമൂഹത്തെ എങ്ങനെയാണ് നാം വിലയിരുത്തേണ്ടത്? സമൂഹത്തില്‍ എല്ലാ തരക്കാരുമുണ്ടാവും. ദൈവികാധ്യാപനങ്ങളെ ഉള്‍ക്കൊള്ളുന്നത് വിവിധ രൂപത്തിലായിരിക്കും. ആരും ബോധപൂര്‍വം നരകപാത തെരഞ്ഞെടുക്കുന്നവരാവില്ലെന്ന ധാരണയാണ് ഒന്നാമതായി വേണ്ടത്. വീക്ഷണങ്ങളിലും കാഴ്ചപ്പാടുകളിലും ഉള്ള അന്തരം ആരെയും അകത്തോ പുറത്തോ നിര്‍ത്താന്‍ ഹേതുവാകരുത്. അല്ലാഹു വ്യക്തമാക്കുന്നു: ''പിന്നെ നമ്മുടെ ദാസന്മാരില്‍നിന്ന് സവിശേഷം തെരഞ്ഞെടുത്തവരെ നാം ഈ വേദത്തിന്റെ അനന്തരാവകാശികളാക്കി. ഇപ്പോള്‍ അവരില്‍ ചിലര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുന്നവരാകുന്നു. മറ്റു ചിലര്‍ മധ്യവര്‍ത്തികളാകുന്നു. ഇനിയും ചിലര്‍ അല്ലാഹുവിന്റെ ഹിതത്താല്‍ നന്മകളില്‍ മുന്നേറുന്നവരാകുന്നു. ഇതാണ് അതി മഹത്തായ അനുഗ്രഹം'' (ഫാത്വിര്‍ 32).
ഈ സൂക്തം വിശദീകരിക്കുന്ന പ്രാമാണികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ മൂന്ന് വിഭാഗത്തെയും ചേര്‍ത്തുപിടിച്ചതായി കാണാം. തഫ്‌സീര്‍ സഅ്ദി: 'തങ്ങളോട് തന്നെ അക്രമം കാണിച്ചവര്‍' എന്ന സൂക്തത്തിലെ പരാമര്‍ശം സത്യനിഷേധമല്ലാത്ത തെറ്റുകുറ്റങ്ങള്‍ ചെയ്തവരെക്കുറിച്ചാണ്. 'മധ്യവര്‍ത്തികള്‍' നിര്‍ബന്ധ കാര്യങ്ങള്‍ അനുഷ്ഠിച്ചവരും നിഷിദ്ധ കാര്യങ്ങള്‍ വര്‍ജിച്ചവരുമാണ്. നിര്‍ബന്ധാനുഷ്ഠാനങ്ങളിലും ഐച്ഛിക കര്‍മങ്ങളിലും ഉത്സാഹപൂര്‍വം മുഴുകുന്നവരും, നിഷിദ്ധ കാര്യങ്ങള്‍ വര്‍ജിക്കുന്നവരുമായ വിഭാഗമാണ് 'നന്മകളില്‍ മുന്നേറുന്നവര്‍.' ഈ വിഭാഗത്തെയെല്ലാം തന്റെ ഗ്രന്ഥത്തിന്റെ അവകാശികളായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു. അവരെല്ലാം അല്ലാഹു തെരഞ്ഞെടുത്ത ദാസന്മാരുടെ ഗണത്തില്‍ പെടുന്നു. അവരുടെ പദവികളില്‍ ഏറ്റക്കുറച്ചിലുണ്ടായാലും സ്ഥിതിഗതികള്‍ വ്യത്യസ്തമായാലും ഓരോ വിഭാഗത്തിനുമുണ്ട് ഗ്രന്ഥത്തിന്റെ അനന്തരാവകാശത്തില്‍ ഓഹരി. 'തങ്ങളോട് തന്നെ അക്രമം കാണിച്ചവര്‍' പോലും പുറത്താകുന്നില്ല. വിശ്വാസത്തിന്റെ വേരും വിശ്വാസ ജന്യമായ അറിവുകളും വിശ്വാസത്തില്‍നിന്ന് ഉല്‍ഭൂതമാകുന്ന കര്‍മങ്ങളും അവര്‍ക്കുണ്ടല്ലോ. വേദഗ്രന്ഥത്തിന്റെ അനന്തരാവകാശമെന്നാല്‍, ഗ്രന്ഥത്തിലെ അറിവും ഗ്രന്ഥം നിര്‍ദേശിക്കുന്ന കര്‍മവും പദങ്ങളുടെ പഠനവും ആശയങ്ങളുടെ മനനവും ഗവേഷണവുമാകുന്നു.''
ശൈഖ് ത്വന്‍ത്വാവി 'അല്‍വസീത്വി'ല്‍ ആലൂസിയെ ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു: ''പണ്ഡിതന്മാരില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത് ഈ മൂന്ന് വിഭാഗവും ഇസ് ലാമിക സമൂഹത്തിന്റെ ഭാഗമായി ഗണിക്കപ്പെടണം എന്നാണ്. 'അക്രമം ചെയ്തവര്‍: നന്മകളെക്കാള്‍ തിന്മ ചെയ്തവര്‍. മധ്യവര്‍ത്തികള്‍: നന്മയും തിന്മയും തുല്യരായവര്‍. നന്മകളില്‍ മുന്നേറിയവര്‍: തിന്മകളെക്കാള്‍ നന്മകളില്‍ മികച്ചവര്‍.''
തഫ്‌സീര്‍ 'അല്‍ ബഗവി': ഉസാമതുബ്‌നു സൈദ് (റ) പറയുന്നു: ഈ സൂക്തത്തിലെ മൂന്ന് വിഭാഗത്തെയും സൂചിപ്പിച്ച് നബി (സ) പ്രസ്താവിച്ചു: ''അവരെല്ലാവരും ഈ സമുദായത്തില്‍ പെട്ടവര്‍ തന്നെ.'' ഈ സൂക്തം ഓതി ഉമര്‍ (റ) മിമ്പറില്‍ വെച്ച് പറഞ്ഞു: നബി (സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്: നന്മയില്‍ മുന്നേറുന്നവന്‍ മുമ്പന്‍ തന്നെ. നമ്മിലെ മധ്യവര്‍ത്തി രക്ഷപ്രാപിക്കുന്നവനാകുന്നു. നമ്മിലെ അക്രമം പ്രവര്‍ത്തിച്ചവനാവട്ടെ അവന്ന് അല്ലാഹു പൊറുത്തു കൊടുക്കും.''
ഇബ്‌നു അബ്ബാസ് (റ): ''അസ്സാബിഖ്: ആത്മാര്‍ഥതയുള്ള സത്യവിശ്വാസി. അല്‍ മുഖ്തസ്വിദ്: പ്രകടന വാഞ്ഛയുള്ള വിശ്വാസി. ളാലിമുന്‍ ലിനഫ്‌സിഹി: അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയില്ലാത്തവന്‍. എന്നാല്‍, നിഷേധിയല്ല.' ഈ മൂന്ന് വിഭാഗവും സ്വര്‍ഗാവകാശികളാണ് എന്ന് തുടര്‍ന്നുള്ള സൂക്തം വ്യക്തമാക്കുന്നു.''
ഇബ്‌നു കസീര്‍: ഈ ഗ്രന്ഥത്തിന്റെ, ഖുര്‍ആനിന്റെ വാഹകരും അനന്തരാവകാശികളുമായി തെരഞ്ഞെടുക്കപ്പെട്ട അല്ലാഹുവിന്റെ ദാസന്മാര്‍ എന്നാല്‍ ഈ സമുദായമാകുന്നു. അവരെ മൂന്ന് വിഭാഗമായി  അല്ലാഹു തരംതിരിച്ചിരിക്കുന്നു. തങ്ങളോടുതന്നെ അക്രമം ചെയ്തവര്‍: ചില നിര്‍ബന്ധാനുഷ്ഠാനങ്ങളില്‍ വീഴ്ച വരുത്തിയവരും നിഷിദ്ധമായ ചില കാര്യങ്ങള്‍ ചെയ്തുപോയവരും.
മധ്യവര്‍ത്തികള്‍: നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍, നിഷിദ്ധ കര്‍മങ്ങള്‍ വര്‍ജിക്കുന്നവര്‍, സുന്നത്തായ ചില കാര്യങ്ങളെല്ലാം ചെയ്യുന്നവര്‍, കറാഹത്തായ ചില കാര്യങ്ങള്‍ ചെയ്തുപോകുന്നവര്‍.
നന്മയില്‍ മുന്നേറുന്നവര്‍: നിര്‍ബന്ധ കര്‍മങ്ങളും ഐഛിക കര്‍മങ്ങളും ഒരുപോലെ ചെയ്യുന്നവര്‍. ഹറാമും കറാഹത്തും കരുതലിന്റെ പേരില്‍ അനുവദനീയമായ ചിലതും ഉപേക്ഷിക്കുന്നവര്‍.''
ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ഭൂരിപക്ഷവും, ഈ മൂന്ന് വിഭാഗവും സ്വര്‍ഗാവകാശികളാണെന്നും വിശുദ്ധ ഗ്രന്ഥത്തിന്റെ അനന്തരാവകാശികളാണെന്നും പറഞ്ഞത് കാണാം. സയ്യിദ് ഖുത്വ്്ബ് ഫീ ളിലാലില്‍ ഖുര്‍ആനില്‍ എഴുതുന്നു: ''ഖുര്‍ആന്‍ നല്‍കിയതിനെക്കാള്‍ കൂടുതല്‍ വിശദീകരണത്തിലേക്ക് നാം കടക്കുന്നില്ല. ഈ സമുദായത്തെ ഗ്രന്ഥത്തിന്റെ പിന്‍തുടര്‍ച്ചക്കാരായി തെരഞ്ഞെടുത്തതും മഹത്തായ പ്രതിഫലത്തിന് അവർ അര്‍ഹരാണെന്ന ബഹുമതി നല്‍കിയതും ഖുര്‍ആന്‍ തന്നെയാണല്ലോ. ഖുര്‍ആനിക വചനങ്ങള്‍ വിരിക്കുന്ന തണലാണത്. ഈ സമുദായം മുഴുക്കെ അതിന്റെ പ്രയാണത്തിനൊടുവില്‍ ചെന്നണയുന്നതും ഈ തണലില്‍ തന്നെ. മറ്റു കാര്യങ്ങളൊക്കെ അല്ലാഹുവിന്റെ അറിവിന് വിട്ടേക്കാം. നമുക്ക് സമുദായത്തിലെ ഈ മൂന്ന് വിഭാഗത്തിനും അന്തിമമായി കരഗതമാവേണ്ട അല്ലാഹുവിന്റെ പ്രതിഫലത്തില്‍ പ്രത്യാശയര്‍പ്പിക്കാം.
സമുദായത്തില്‍ ഒരു വിഭാഗം മറ്റൊരു വിഭാഗത്തില്‍ കുഫ്്ര്‍ ആരോപിക്കുന്നതും 'കുഫ്്ര്‍ മുദ്ര' ചാര്‍ത്തുന്നതും ഇസ് ലാം അനുവദിക്കുന്നില്ല. കുഫ്്ര്‍ ഫത്്വ പുറപ്പെടുവിക്കുന്നത് ആപല്‍ക്കരമാണ്. 'കുഫ്്ര്‍' അനിവാര്യമാക്കുന്ന കാരണങ്ങളുണ്ടാവുകയും 'കുഫ്്ര്‍' മുദ്ര ചാര്‍ത്തുന്നതിനുള്ള തടസ്സങ്ങള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ഒരു മുസ്്ലിമിനെ അവിശ്വാസി ആയി ഗണിക്കാന്‍ പാടുള്ളൂ. നബി (സ) വ്യക്തമാക്കി: 'ഒരാള്‍ മറ്റൊരാളെ 'അവിശ്വാസി' എന്ന് വിളിച്ചാല്‍ - അയാള്‍ അങ്ങനെയെങ്കില്‍- അവരില്‍ ഒരാള്‍ ആ വിളിക്ക് അര്‍ഹനായി. അല്ലെങ്കില്‍ ആ വിളി വിളിച്ചയാളിലേക്ക് തിരിച്ചുവരും' (ബുഖാരി, മുസ് ലിം). മുസ് ലിംകളില്‍ ഉള്‍പ്പെട്ട ഒരു വിഭാഗത്തെ അവർ അങ്ങനെ അല്ലെന്ന് വിധിക്കുന്നതും അവരില്‍ കുഫ്്ര്‍ മുദ്ര ചാര്‍ത്തുന്നതും ഒരുപോലെ ഗുരുതരമായ കുറ്റമാണ്.''

ആരാണ് മുസ്്ലിം?
നയത്തിലും നിലപാടിലും സമീപനത്തിലുമുള്ള നബി(സ)യുടെ വിശാലത വ്യക്തമാക്കുന്ന വചനം ഇങ്ങനെ: അനസുബ്‌നു മാലികി(റ)ല്‍നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ''നമ്മുടെ നമസ്‌കാരം നിര്‍വഹിക്കുകയും നമ്മുടെ ഖിബ് ലയെ അഭിമുഖീകരിക്കുകയും നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവന്‍ ആരോ അയാളാണ് അല്ലാഹുവിനും റസൂലിനും സംരക്ഷണ ബാധ്യതയുള്ള 'മുസ് ലിം'. അല്ലാഹു നല്‍കിയ സംരക്ഷണത്തില്‍ നിങ്ങള്‍ വഞ്ചന കാണിക്കരുത്'' (ബുഖാരി).
ഇത്രയും വിശാലമായ വിധത്തില്‍ 'ഉള്‍ക്കൊള്ളല്‍ നയം' കൈക്കൊള്ളുന്ന ഇസ്്ലാമിനെ, സങ്കുചിത താല്‍പര്യ സംരക്ഷണത്തിനു വേണ്ടി കുടുസ്സാക്കാന്‍ ആര്‍ക്കും അധികാരമില്ല. ഇസ്്ലാമിന്റെ വീക്ഷണ വിശാലതയും, ഫത്്വകളിലും വിധി തീര്‍പ്പുകളിലും പ്രകടമാവേണ്ട തഖ് വ-തര്‍ബിയത്ത് മാനങ്ങളും കൂടുതല്‍ പഠന വിധേയമാവേണ്ടതുണ്ട്. തൗഹീദ് പോലുള്ള മൗലിക വിഷയങ്ങളില്‍ അഭിപ്രായാന്തരമുള്ള വിഭാഗങ്ങളുമായി സംവാദത്തില്‍ ഏര്‍പ്പെടുമ്പോള്‍ പോലും പാലിക്കേണ്ട പ്രതിപക്ഷ മര്യാദയും പ്രതിപക്ഷ ബഹുമാനവും ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. അപരന്റെ കര്‍മങ്ങള്‍ കര്‍മങ്ങളായി കണ്ടും കുറ്റം സ്വയം ഏറ്റെടുത്തും വിശാല മനസ്‌കത കാണിക്കേണ്ടവനാണ് വിശ്വാസി. അപ്പോള്‍ പിന്നെ, ഇസ് ലാമിന്റെയോ ഈമാനിന്റെയോ അനിവാര്യ ഘടകമായി എണ്ണാന്‍ പറ്റാത്ത കാര്യങ്ങളെ ചൊല്ലി തീവ്രവും കര്‍ക്കശവുമായ നിലപാടെടുക്കാനും അത് പരസ്യമായി പറയാനും എങ്ങനെയാണ് സാധിക്കുക? ''(പ്രവാചകന്‍) അവരോട് ചോദിക്കുക: വിണ്ണില്‍നിന്നും മണ്ണില്‍നിന്നും നിങ്ങള്‍ക്ക് അന്നം നല്‍കുന്നതാരാണ്? പറയുക: അല്ലാഹു. ഇപ്പോള്‍ അനിവാര്യമായും ഞങ്ങളോ, നിങ്ങളോ രണ്ടില്‍ ഒരു കൂട്ടര്‍ മാത്രം സന്മാര്‍ഗത്തിലോ വ്യക്തമായ ദുര്‍മാര്‍ഗത്തിലോ ആകുന്നു. ഇവരോട് പറയുക: ഞങ്ങള്‍ ചെയ്ത തെറ്റുകളെ കുറിച്ച് നിങ്ങളോട് യാതൊന്നും ചോദിക്കുന്നതല്ല. നിങ്ങള്‍ ചെയ്യുന്നത് സംബന്ധിച്ച് ഞങ്ങളോടും സമാധാനം ചോദിക്കുന്നതല്ല. പറയുക: നമ്മുടെ റബ്ബ് നമ്മെയെല്ലാം ഒരുമിച്ചുകൂട്ടുന്നതും എന്നിട്ട് നമുക്കിടയില്‍ ന്യായമായ തീരുമാനം എടുക്കുന്നതുമാകുന്നു. എല്ലാം അറിയുന്ന അതിവിജ്ഞനായ വിധികര്‍ത്താവാകുന്നു അവന്‍'' (സബഅ്  25,26).
'ഫിഖ്ഹുല്‍ മആലാത്ത്' അഥവാ പ്രത്യാഘാതങ്ങളെ കുറിച്ച ബോധവും ബോധ്യവും പണ്ഡിതന്മാര്‍ക്ക് അത്യന്താപേക്ഷിതമാണ്. പണ്ഡിതന്മാരുടെ വീഴ്ചകളും നാക്ക് പിഴവുകളും ഭീമമായ വിപത്താണ് സമുദായത്തിന് വരുത്തിവെക്കുക. ഇമാം സ്വലാഹുദ്ദന്‍  ബഗവി എഴുതി: ''പണ്ഡിതന്റെ പിഴവും വീഴ്ചയും കപ്പല്‍ ചോരും പോലെയാണ്. നിരവധി മനുഷ്യര്‍ അതോടെ മുങ്ങിച്ചാവും'' (അൽ വാഫി ബില്‍ വഫിയ്യാത്ത്  250/17). ഭവിഷ്യത്തുകള്‍ വിലയിരുത്തി വേണം വാക്കുകളുടെ വിനിമയം എന്നര്‍ഥം. നബി (സ)യുടെ മറ്റൊരു ഉപദേശം ഇത് വ്യക്തമാക്കുന്നു:  ''അനസ് (റ) റിപ്പോര്‍ട്ട്: ഒരാൾ നബിയോട്: എനിക്ക് ഉപദേശം തന്നാലും.' നബി(സ): നല്ലതു പോലെ ചിന്തിച്ചും ഭവിഷ്യത്തുകള്‍ വിലയിരുത്തിയും വേണം നീ ഏതൊരു കാര്യവും ചെയ്യുന്നത്. അതിന്റെ പര്യവസാനം നല്ലതാണെങ്കില്‍ അതുമായി മുന്നോട്ട് പോവുക. ഇനി പര്യവസാനം മോശമായി കലാശിക്കുമെന്ന് ഭയമുണ്ടെങ്കില്‍ അത് ചെയ്യാതിരിക്കുക.''
''അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്‍ ഉത്തമമായത് പറയട്ടെ, അല്ലെങ്കില്‍ മൗനം പാലിക്കട്ടെ'' (ബുഖാരി). ഈ ഹദീസ് വിശദീകരിച്ച് ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി: ''ഉത്തമമായത് എന്ന വാക്കിനെ കുറിച്ച് ഇമാം ശാഫിഈ പറഞ്ഞത്: താന്‍ സ്വീകരിക്കാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് അയാള്‍ ആലോചിക്കണം. ഒരു കുഴപ്പവും പിന്നീട് വരുത്താത്ത, നന്മ മാത്രം നിറഞ്ഞ, നിഷിദ്ധ സംസാരത്തിന് വക വരുത്താത്ത, അനഭിലഷണീയമായ വര്‍ത്തമാനത്തിന് ഇടവരുത്താത്ത വാക്കുകൾ ആണ് അവയെങ്കില്‍ അതുമായി മുന്നോട്ടു പോകാം'' (ഫത്ഹുല്‍ മുബീന്‍ 151).
ഈ കരുതലും ജാഗ്രതയും പണ്ഡിതന്മാർക്കും പ്രബോധകന്മാര്‍ക്കും നേതാക്കൾക്കും വേണമെന്നാണ്, മൂസാ നബിയും ഫിര്‍ഔനും തമ്മിൽ നടന്ന സംവാദത്തിലെ ഒരുഭാഗം ചൂണ്ടിക്കാട്ടി ഖുര്‍ആന്‍ നിഷ്‌കര്‍ഷിക്കുന്നത്. സദസ്സിന്റെ വികാരവും പിന്തുണയും തനിക്കനുകൂലമാക്കാമെന്ന മോഹത്താൽ മൂസാ(അ)യെ കെണിയില്‍ വീഴ്ത്തുന്ന ഒരു ചോദ്യം ഫിര്‍ഔന്‍ എടുത്തിട്ടു: ''ഫിര്‍ഔന്‍ ചോദിച്ചു: അപ്പോള്‍ കഴിഞ്ഞു പോയ തലമുറകളുടെ അവസ്ഥയെന്താണ്? മൂസാ പറഞ്ഞു: അവരുടെ വിവരങ്ങൾ എന്റെ നാഥങ്കൽ ഒരു ഗ്രന്ഥത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. എന്റെ നാഥൻ പിഴക്കുകയില്ല, മറക്കുകയുമില്ല'' (ത്വാഹാ 51,52). മൂസായുടെ മറുപടി എന്തായാലും തനിക്ക് പ്രയോജനം ചെയ്യുമെന്നും മൂസായുടെ അജണ്ട തെറ്റിക്കണമെന്നുമുള്ള ഫിര്‍ഔന്റെ മിഥ്യാ സാഹസത്തിനാണ് മൂസാ തടയിട്ടത്. ഈ കരുതലും ജാഗ്രതയും പണ്ഡിതന്മാര്‍ക്ക് അനിവാര്യമാണ്. ദുഃഖകരമെന്ന് പറയട്ടെ, നമ്മുടെ പണ്ഡിതന്മാര്‍ക്ക് ഇല്ലാതെ പോയതും ഈ വിവേകവും തിരിച്ചറിവുമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്