സോഷ്യൽ മീഡിയയും ഉമ്മത്തിന്റെ ദൗത്യവും
മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ ഇസ്്ലാം ലോകത്ത് പോപ്പുലറായി ചർച്ച ചെയ്യപ്പെടുന്ന മതമോ ദർശനമോ ജീവിതരീതിയോ ആയിരുന്നില്ല. ഇസ്്ലാമിനെ കുറിച്ച ചർച്ചകളും ഡയലോഗുകളും ബുദ്ധിജീവികളിലും ഇസ്്ലാമിനെ അറിയാൻ ശ്രമിക്കുന്നവരിലും പരിമിതമായിരുന്നു. ഇത്തരം ഏതൊരു ചർച്ചക്കും മുൻകൈയെടുക്കേണ്ട ബാധ്യത മുസ്്ലിംകളുടേത് മാത്രമായിരുന്നു. അത്തരം പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ കണ്ടെത്തേണ്ടതും സംഘാടകരുടെ ഉത്തരവാദിത്വമായിരുന്നു. ഇസ്്ലാമിനെ മനുഷ്യന്റെ ഭൂമിയിലെ ഭാഗധേയം നിർണയിക്കാൻ കഴിവുള്ള ദർശനമായി മനസ്സിലാക്കുന്നവർ തുലോം കുറവ്. വ്യക്തിജീവിതത്തിൽ ചില വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും ആരാധനകളും ചിഹ്നങ്ങളും കൊണ്ടുനടക്കുന്ന ഒരു മത കാഴ്ചപ്പാട് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാൽ ഇന്ന്, ഒരു ജീവിത ദർശനമെന്ന നിലയിൽ പലരും ഏറെ ആശങ്കയോടെ കാണുന്നതും ചർച്ച ചെയ്യുന്നതും വിമർശിക്കുന്നതും ഇസ്്ലാമിനെയാണ്; അത് മുന്നോട്ടു വെക്കുന്ന സാമൂഹിക മൂല്യങ്ങളെയും അതിന്റെ ഉന്നതമായ സാംസ്കാരിക പൈതൃകത്തെയും, അത് പ്രതിനിധാനം ചെയ്യുന്ന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഉള്ളടക്കത്തെയുമാണ്. ഇസ്്ലാമിനെ കുറിച്ച മുൻവിധികളില്ലാതെ നടക്കുന്ന അന്വേഷണം തങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുന്നതും തങ്ങളുടെ അധികാര സിംഹാസനങ്ങളെ അടിമേൽ മറിക്കുന്നതുമാണെന്ന് ചരിത്രത്തിൽ എല്ലാ കാലത്തെയും മേലാളൻമാർ ഭയപ്പെട്ടതു പോലെ നമ്മുടെ കാലത്തെ മേലാളൻമാരും രാഷ്ട്രീയ നേതാക്കളും ജാതി മേധാവികളും അധികാര തമ്പുരാക്കൻമാരും ഭയപ്പെടുകയാണ്. ഇതിനെ പ്രതിരോധിക്കാൻ കണ്ടെത്തിയ ഒരേയൊരു മാർഗമാണ് ഇസ്്ലാമിനെയും മുസ്്ലിംകളെയും പൈശാചികവൽക്കരിക്കുക എന്നത്. അതിനു വേണ്ടി പല സൂത്രവാക്യങ്ങളും അവർ രൂപപ്പെടുത്തുകയുണ്ടായി: മുസ്്ലിംകളെല്ലാം തീവ്രവാദികളാണ്, അതിൽ ഏതെങ്കിലും ഒരാൾ അങ്ങനെയല്ലെങ്കിൽ അത് തെളിയിച്ചിട്ട് വേണം എന്നതാണതിലൊന്ന്. ഈ പൈശാചികവൽക്കരണത്തിലൂടെ ഇസ്്ലാമോഫോബിയ പടർത്തി സമൂഹത്തിൽ ധ്രുവീകരണവും വിദ്വേഷവും വളർത്തുക എന്നതും ഇവരുടെ കുതന്ത്രത്തിന്റെ ഭാഗമാണ്.
സോഷ്യൽ മീഡിയയിൽ ഇസ്്ലാമിനെ പ്രതിനിധാനം ചെയ്തു കൊണ്ട് അവരിലെ പണ്ഡിതൻമാരും സംഘടനാ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകൾ ഇവിടെ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഇസ്്ലാമിനെ കുറിച്ച പ്രഭാഷണങ്ങളും ചർച്ചകളും സംവാദങ്ങളും അഭിപ്രായപ്രകടനങ്ങളുമെല്ലാം സൃഷ്ടിക്കുന്ന അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തേണ്ടതുണ്ട്. പണ്ട് കാലത്ത് ഇസ് ലാമിന്റെ പേരിൽ സമുദായത്തിൽ നടന്നിരുന്ന പല അനാരോഗ്യകരമായ ചർച്ചകളും വിഴുപ്പലക്കലും ഖണ്ഡന മണ്ഡനങ്ങളുമെല്ലാം ഉണ്ടാക്കിയ പ്രതികരണങ്ങളും സ്വാധീനങ്ങളും പ്രത്യാഘാതങ്ങളുമെല്ലാം ആ പ്രദേശത്തും പിന്നീട് അതിന്റെ ഓഡിയോ കേൾക്കുന്നവരിലും വീഡിയോ കാണുന്നവരിലും പരിമിതമായിരുന്നു. പൊതു സമൂഹത്തിൽ അത്തരം വിഷയങ്ങൾ ചെറിയ അളവിലേ ചർച്ചയായിരുന്നുള്ളൂ. അതെല്ലാം സമുദായത്തിൽ പരിമിതമായിരുന്നു.
ഇന്ന് മൈതാന പ്രസംഗങ്ങളും സംവാദങ്ങളും ഖണ്ഡന മണ്ഡനങ്ങളുമെല്ലാം വലിയ അളവിൽ കുറഞ്ഞിരിക്കുകയാണ്. പകരം, ചെലവ് കുറഞ്ഞ രീതിയിൽ ഇതു വരെ ഒരു തലത്തിലും ശ്രദ്ധിക്കപ്പെടാതിരുന്ന മത കച്ചവടക്കാർക്ക് വരുമാനവും പ്രശസ്തിയും നേടാൻ അവസരമൊരുക്കുന്ന ഇടങ്ങളായി സോഷ്യൽ മീഡിയ മാറുകയാണ്. അത്തരക്കാർ നിരന്തരം ഇടപെട്ട് താരങ്ങളായി മാറുകയും തങ്ങളുടെ ഇടപെടലുകളിലൂടെ ഉയർത്തിക്കൊണ്ടു വരുന്ന ആശയങ്ങളോട് പൊതു സമൂഹം പ്രതികരിക്കാൻ നിർബന്ധിതമാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയുമാണ് ചെയ്യുന്നത്. നിസ്വാർഥരായ പണ്ഡിതൻമാരുടെ പ്രഭാഷണങ്ങളും അഭിപ്രായപ്രകടനങ്ങളും ഇസ്്ലാമിനെ കുറിച്ച് പഠിക്കാനും പല വിഷയങ്ങളുമുള്ള ഇസ്്ലാമിന്റെ നിലപാട് മറ്റുള്ളവർക്ക് അറിയാനും ഏറെ സഹായകമായിട്ടുണ്ട്. എന്നാൽ, ചിലരുടെ അഭിപ്രായപ്രകടനങ്ങൾ ഇസ്്ലാമിനെ കുറിച്ച് മറ്റുള്ളവരിൽ ഏറെ അവമതി സൃഷ്ടിക്കുന്നതും മുസ്്ലിം ഉമ്മത്തിനെ ദുർബലപ്പെടുത്തുന്നതും ശത്രുവിന് വീര്യം പകരുന്നതുമാണ്.
തങ്ങൾക്ക് പറയാനുള്ളത് പറയുക, നേടാനുള്ളത് നേടുക എന്ന സമീപനമാണ് ഇത്തരം നേതാക്കളും പണ്ഡിതൻമാരും സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ വാക്കുകൾ ഇസ് ലാമിക സമൂഹത്തിന് ഏൽപിക്കുന്ന പരിക്കുകളും നഷ്ടങ്ങളും എത്രത്തോളമാണെന്നോ, തന്റെ സംസാരത്തിലൂടെ ഇസ്്ലാമിനെ അടിക്കാനുള്ള വടിയാണ് താൻ ശത്രുക്കൾക്ക് നൽകുന്നതെന്നോ പലരും ചിന്തിക്കാറില്ല. ഇസ്്ലാമിനെ താറടിക്കാൻ പറ്റുന്ന ധാരാളം ഉരുപ്പടികളാണ് പലരുടെയും സംസാരത്തിലൂടെ പൊതു സമൂഹത്തിന് / ഇസ് ലാം വിമർശകർക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇസ്്ലാമിനെ വിമർശിക്കുന്നവർക്ക് പുതിയ പല പോയിന്റും ലഭിക്കുന്നത് ഇത്തരക്കാരുടെ സോഷ്യൽ മീഡിയാ ഇടപെടലിലൂടെയാണ്. ഇസ്്ലാമിനെ ഇകഴ്ത്തുന്നതിന് വേണ്ടിയുള്ള ഉരുപ്പടികൾ അന്വേഷിച്ച് വിമർശകർ സമയം കളയേണ്ടതില്ല. അതെല്ലാം ഒരുക്കിക്കൊടുക്കാൻ സമുദായത്തിൽ തന്നെ ധാരാളം സൈബർ പോരാളികളുണ്ട്. ഇവർ വമിപ്പിക്കുന്ന ദുർഗന്ധം പ്രബോധകർക്ക് മുമ്പിൽ വലിയ വിലങ്ങു തടിയാവുകയാണ്. ഇതെങ്ങനെ തടയാമെന്ന് ഉത്തരവാദപ്പെട്ട നേതൃത്വങ്ങൾ ഗൗരവമായി ആലോചിക്കണം. ബഹുസ്വര സമൂഹത്തിൽ ഇസ്്ലാമിന്റെ പ്രതിനിധാനവും സത്യസാക്ഷ്യവും നിർവഹിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഭാഷയും ശൈലിയും എല്ലാ സംഘടനകളും ഇനിയും വികസിപ്പിച്ചെടുക്കേണ്ടതായിട്ടാണുള്ളത്. ഒരു പൊതു പെരുമാറ്റച്ചട്ടം സംഘടനകൾക്കിടയിൽ രൂപപ്പെട്ടു വരേണ്ടതുണ്ട്. ഔചിത്യബോധമില്ലായ്മ വലിയ അപകടങ്ങൾ വരുത്തി വെക്കും. പുതിയ കാലത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ് ലാംവിരുദ്ധതയെ യാഥാർഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് എല്ലാ മുസ്്ലിം സംഘടനകളും നേതാക്കളും തങ്ങൾ ആശയ പ്രകാശനത്തിന് നേരത്തെ സ്വീകരിച്ച രീതികളിൽ ഇനിയും വലിയ മാറ്റങ്ങൾ വരുത്താൻ സന്നദ്ധമാവണം. ഏത് സാഹചര്യത്തിലും സംഘടനാ താൽപര്യത്തിലുപരിയായി ഇസ്്ലാമിനെയും സമുദായത്തെയും പരിഗണിക്കാനും ഇസ്്ലാമിന്റെ ഉത്തമ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാനും എല്ലാവരും സന്നദ്ധമാവുമ്പോഴാണ് രാജ്യത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ആഴമേറിയ പ്രതിസന്ധിയിൽനിന്ന് ദീനിനെയും സമുദായത്തെയും രക്ഷപ്പെടുത്താനും, രാജ്യത്തിന്റെ മതേതര പ്രതിഛായ വീണ്ടെടുക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കാനും സമുദായത്തിന് സാധ്യമാവുകയുള്ളൂ.
അൽപജ്ഞാനം
നിരീശ്വരവാദത്തിലേക്ക്..
റിച്ചാർഡ് ഡോക്കിൻസ്, ക്രിസ്റ്റഫർ ഹിചൻസ്, സാം ഹാരിസ്, ഡാനിയേൽ ഡെനറ്റ് എന്നീ ചതുർമൂർത്തികളാണ് നവനാസ്തികതയുടെ അപ്പോസ്തലന്മാരായി അറിയപ്പെടുന്നത്- യുക്തിഹീനമായ യുക്തിവാദത്തിനും നിരീശ്വരവാദത്തിനും താങ്ങും തണലുമായി നിന്നുപോരുന്നവർ. ദൈവത്തെ കണ്ടെത്താൻ ശ്രമിക്കാതെ തെളിവില്ലാത്ത ദൈവത്തെ ഇല്ലായ്മയുടെ തെളിവായി അംഗീകരിക്കുന്ന മിഡിൽടണ്ണിന്റെ പിൻഗാമികൾ.
തെളിവിന്റെ അംശം പോലും ഹാജരാക്കാതെ ഭൗമേതര ജീവികളിൽ നിരീശ്വരവാദികൾക്ക് യുക്തിസഹമായി വിശ്വസിക്കാമെങ്കിൽ പ്രാപഞ്ചികാസൂത്രണം ആധാരമാക്കി അതിനെക്കാൾ പതിന്മടങ്ങ് യുക്തിസഹമായി ദൈവാസ്തിത്വത്തിൽ ആസ്തികർക്കും വിശ്വസിക്കാം. തെളിവില്ലായ്മ ഇല്ലായ്മയുടെ തെളിവാണെന്ന് (Absence of evidence is the evidence of absence ) വാദിക്കുന്ന മിഡിൽടണ്ണിന്റെ ആദർശത്തെ ആധാരമാക്കി എത്ര കാലം നിരീശ്വരവാദികൾ തുടരുന്നുവോ അത്രയും കാലം വിഡ്ഢിത്തങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കും.Champion of Modern Science എന്നറിയപ്പെടുന്ന ഫ്രാൻസിസ് ബൈക്കന്റെ വാക്കുകൾ എത്ര മനോഹരം: "തത്ത്വചിന്തയിലുള്ള അൽപജ്ഞാനം മനുഷ്യനെ നിരീശ്വരവാദത്തിലേക്ക് നയിക്കും, അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നാലോ മനുഷ്യൻ മതത്തിലേക്ക് മടങ്ങിവരും." വിശ്വാസം മനുഷ്യസഹജവും അവിശ്വാസം കണ്ടെത്തലും ആകുന്നു. ഇല്ലായ്മയുടെ തെളിവായി തെളിവില്ലായ്മയെ കൊണ്ടുവരുന്ന നിരീശ്വരവാദികൾ മനുഷ്യനെ സകലത്തിന്റെയും അളവുകോലാക്കുകയാണ്.
ഗ്രീക്ക് തത്ത്വചിന്തകന്മാർ വരെ ദൈവത്തെ അനിവാര്യ അസ്തിത്വമായി കാണുകയും ദൈവമില്ലാതെ എല്ലാം അപൂർണമാണെന്ന നിഗമനത്തിൽ എത്തുകയുമാണ് ചെയ്തത്.
സ്വബാഹ് ചാപ്പനങ്ങാടി
വാണിജ്യവത്കരിക്കുന്ന ബിദ്അത്തുകള്‍
'ബിദ്അത്തുകളെ സൂക്ഷിക്കുക' എന്ന ഡോ. ഇൽയാസ് മൗലവിയുടെ ലേഖനം സന്ദര്‍ഭോചിതമായി (ലക്കം 3320). നമ്മള്‍ എത്ര ബോധവത്കരണം നടത്തിയാലും, ഓരോ വര്‍ഷവും നല്ലതല്ലേ എന്ന രൂപത്തില്‍ പുതിയ അനാചാരങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോള്‍ നബിദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ബലൂണുകളും മീലാദുന്നബി എന്ന് അറബിയില്‍ എഴുതി മദീന പള്ളിയുടെ ഫോട്ടോയും വെച്ച് സ്റ്റാറുകളും വിപണിയില്‍ എത്തിയിരിക്കുന്നു. ഇനി അടുത്ത വര്‍ഷം ഒട്ടകവും പുൽക്കൂടും ഈത്തപ്പനയും എല്ലാം രംഗപ്രവേശം ചെയ്യാന്‍ സാധ്യതയുണ്ട്. വര്‍ണശബളമായ രീതിയില്‍ പൗരോഹിത്യ, വാണിജ്യ സാധ്യതകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബിദ്അത്തുകളുടെ വരവ്. അതില്‍ സമുദായത്തിലെ വിദ്യാസമ്പന്നരും സാധാരണക്കാരും ഒരുപോലെ ഭാഗഭാക്കാവുന്നു. ഇതില്‍നിന്നെല്ലാം ലാഭം കണ്ട പൗരോഹിത്യം പിന്മാറും എന്ന് വിചാരിക്കേണ്ടതില്ല.
ഹനാൻ
കുറിക്ക് കൊള്ളുന്ന മറുപടി
1992 കാലത്തെ വെറും ഒരു വര്‍ഷത്തെ ഖത്തര്‍ ജീവിതം ഓർമയില്‍ ഇന്നുമുണ്ട്. അറബ് വീട്ടിലെ ജോലി. അറബിയുടെ മനസ്സില്‍ സ്വിച്ച് ഇടുമ്പോള്‍ പ്രവര്‍ത്തിക്കേണ്ടവരാണ് ഖാദിമുകള്‍/ ഭൃത്യൻമാർ. നാട്ടിലേക്ക് പോകുന്ന ഒന്നോ രണ്ടോ മാസം മാത്രമാണ് അവര്‍ സ്വതന്ത്രര്‍. സാമൂഹിക ബന്ധമോ പത്ര പാരായണമോ ഇല്ലാതെ ശ്വാസംമുട്ടി കഴിയുന്ന നാളുകള്‍. മാസത്തിലൊരിക്കല്‍ ഒത്തുകൂടുന്ന യോഗത്തില്‍ പോലും വരാന്‍ പറ്റാത്ത അവസ്ഥ. എപ്പോഴെങ്കിലും സുഹൃത്തുക്കളെ കാണുമ്പോള്‍ ആട്ടിന്‍ കൂട്ടില്‍ ജോലി ചെയ്തതിന്റെ വാസനയും ഉണ്ടാവും. ഒരിക്കല്‍ യോഗത്തില്‍ ചെന്നപ്പോള്‍ സലീം മൗലവിയോട് ഞാന്‍ പറഞ്ഞു: 'അറബി പറയുന്നത് ആടുമായുള്ള ബന്ധവും ആട്ടിന്‍ കൂട്ടിലെ ജോലിയും നബിമാരുടെ പാരമ്പര്യമാണ് എന്നാണ്.' ഉടനെ സലീം മൗലവിയുടെ മറുപടി : 'എന്നാപ്പിന്നെ അത്രയും പുണ്യപ്പെട്ട ജോലി അദ്ദേഹത്തിന് ചെയ്തുകൂടായിരുന്നോ?' എല്ലാവരും ചിരിച്ചു. എന്നെ സംബന്ധിച്ചേടത്തോളം ആ ഒരു വാചകത്തിലൂടെ വലിയ ധാര്‍മിക പിൻബലമാണ് എനിക്ക് ലഭിച്ചത്. സലീം മൗലവിയെ അല്ലാഹു സ്വർഗം നല്‍കി അനുഗ്രഹിക്കട്ടെ.
കെ.കെ ബഷീര്‍ കുറുവ, കണ്ണൂര്‍ 9496177543
ഹൃദ്യമായ കവിത
ജൂലൈ 21-ലെ പ്രബോധനത്തിൽ വന്ന യാസീൻ വാണിയക്കാടിന്റെ 'പുഴയെ തിരയുന്ന മഴത്തുള്ളികൾ' കവിത ഏറെ ഹൃദ്യമായി. 'ചേരിയിലെ ഓരോ കുടിലിലും കയറിയിറങ്ങിയ മഴ
പുഴയെ തിരയുന്നു' - ഈ വരികൾ കവിതയെ കൂടുതൽ മനോഹരമാക്കി.
അബ്ദുൽ മാലിക് മുടിക്കൽ
പറച്ചിൽ മാത്രം പോരാ
ഫറോവ ഇസ് ലാം സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്‌തോട്ടെ, മൂസാ നബിക്ക് അദ്ദേഹത്തെ ദീനിലേക്ക് ക്ഷണിക്കുകയേ ബാധ്യതയായിട്ടുണ്ടായിരുന്നുള്ളൂ. എന്നാല്‍, ഫറോവയുടെ അടിമത്തത്തില്‍നിന്ന് ഇസ്രാഈല്യരെ മോചിപ്പിക്കാന്‍ പോരാടുക എന്നതായിരുന്നു മൂസാ നബിയുടെ ബാധ്യത. കേവലം പറച്ചില്‍ പോരാ എന്നർഥം.
എം. ഹിദായത്തുല്ല ക്ലാപ്പന
തിരുത്ത്
പ്രബോധനം (വാള്യം 80 ലക്കം 17 ) പേജ് 9-ല്‍, 'മുഹമ്മദ് നബി സ്വഭാവ മഹിമയുടെ മകുടോദാഹരണം' എന്ന കവര്‍ സ്റ്റോറിയില്‍ നബി തിരുമേനി മദീനയില്‍ 13 വര്‍ഷം ജീവിക്കുകയുണ്ടായി എന്ന് കണ്ടു. പത്ത് വർഷമാണല്ലോ തിരുമേനിയുടെ മദീനാ ജീവിതം. തിരുത്തണമെന്ന് അപേക്ഷിക്കുന്നു.
നുജൂം കടയ്ക്കൽ, കൊല്ലം
Comments