Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക

ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്

حَدَّثَنَا مُعَاوِيَةُ بْنُ قُرَةٍ، عَنْ أَبِيهِ، أَنَّ رَجُلاً قَالَ: يَا رَسُولَ اللهِ، إنِّي لَأَذْبَحُ الشَّاةَ، وَ أَنَا أَرْحَمُهَا
فَقَالَ : وَالشَّاةَ إنْ رَحِمْتَهَا، رَحِمَكَ اللهُ  (احمد).

 

മുആവിയതുബ്്നു ഖുറത് തന്റെ പിതാവിൽനിന്ന് നിവേദനം ചെയ്യുന്നു. ഒരാൾ പറഞ്ഞു: 
"അല്ലാഹുവിന്റെ റസൂലേ, ഞാൻ വളരെ ദയയോടെയാണ് ആടിനെ അറുക്കാറുള്ളത്."
അപ്പോൾ റസൂൽ പറഞ്ഞു: "നീ ആടിനോട് ദയ കാണിച്ചാൽ അല്ലാഹു 
നിന്നോടും  ദയ കാണിക്കും" (അഹ്്മദ്).

മറ്റുള്ളവരോടുള്ള അനുകമ്പ, ദയ, കാരുണ്യം, സ്നേഹം, കനിവ് തുടങ്ങിയവ വിശ്വാസികളുടെ സ്വഭാവ സവിശേഷതകളുടെ മുഖമുദ്രയാണ്.  മനുഷ്യരോട് മാത്രമല്ല, എല്ലാ ജീവജാലങ്ങളോടും ഈ വികാരമാണവന് ഉണ്ടാവേണ്ടത്. ഇക്കാര്യമാണ് ഹദീസിൽ പഠിപ്പിക്കുന്നത്. ആടിനോട് ദയ കാണിക്കുന്നവന് അല്ലാഹുവിന്റെ കാരുണ്യമുണ്ടാവുമെന്ന് നബി (സ) ഉറപ്പ് നൽകുന്നു.
"ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക; ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും" എന്ന് റസൂൽ (സ) ഉണർത്തുന്നുണ്ട്.
ജീവികളോട് ദയ കാണിക്കുന്നതിന് വളരെ പ്രാധാന്യമാണ് തിരുദൂതർ നൽകിയത്. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: ഞങ്ങൾ അല്ലാഹുവിന്റെ റസൂലിന്റെ കൂടെ യാത്രയിലായിരിക്കെ തിരുമേനി (സ) എന്തോ ആവശ്യത്തിനായി പോയി. ഈ സമയം ഞങ്ങൾ ഒരു കിളിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കണ്ടു. ഞങ്ങൾ കിളിക്കുഞ്ഞുങ്ങളെ കൈയിലെടുത്തു. അപ്പോളതിന്റെ തള്ളപ്പക്ഷി  ഞങ്ങളുടെ തലക്ക് മുകളിലൂടെ വട്ടമിട്ട് പറക്കാൻ തുടങ്ങി. ഇത് കണ്ടുകൊണ്ടാണ് നബി (സ) വന്നത്.
തിരുമേനി ചോദിച്ചു: "ഈ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ആ കിളിയെ വേദനിപ്പിച്ചതാരാണ്? അതിനെ തിരിച്ച് നൽകുക" (അബൂദാവൂദ്).
മറ്റൊരിക്കൽ, കരിച്ചുകളഞ്ഞ ഉറുമ്പിൻ പറ്റത്തെ കണ്ടപ്പോൾ റസൂൽ ചോദിച്ചു: "ആരാണിവയെ കരിച്ചത്?" ഞങ്ങളാണെന്ന് പറഞ്ഞവരോട് തിരുമേനി അരുളി: "തീയിന്റെ നാഥന്നല്ലാതെ തീ കൊണ്ട് ശിക്ഷിക്കാൻ അർഹതയില്ല" (നവവി).
ഒട്ടകത്തോട് ദയ കാണിക്കാത്തയാളെ നബി ശാസിക്കുകയുണ്ടായി. ഒരിക്കൽ റസൂൽ അൻസ്വാരി യുവാവിന്റെ തോട്ടത്തിലെത്തി. അവിടെ അവശയായ ഒരൊട്ടകത്തെ കാണാനിടയായി. നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന അതിനെതടവി സമാധാനിപ്പിച്ചു.
"ആരുടേതാണീ ഒട്ടകം?"
"അല്ലാഹുവിന്റെ പ്രവാചകരേ, അതെന്റേതാണ് "
- അൻസ്വാരി പറഞ്ഞു.
"അല്ലാഹു നിന്റെ ഉടമയിലാക്കിത്തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ നീ അവനെ അനുസരിക്കാത്തതെന്ത്? നീ അതിനെ വേദനിപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യുന്നുവെന്ന് അതെന്നോട്‌ വേവലാതി പറയുന്നു" (അബൂദാവൂദ്).
അറുക്കാനുദ്ദേശിക്കുന്ന മൃഗത്തോട് പോലും അങ്ങേയറ്റം കരുണ കാണിക്കണമെന്നും നബി (സ) പഠിപ്പിച്ചു.
ഇബ്നു അബ്ബാസ് (റ) പറയുന്നു: "അറുക്കാനായി കിടത്തിയ ആടിന്റെ മേൽ കാലമർത്തി കത്തി മൂർച്ച കൂട്ടുന്ന ഒരാളെ അല്ലാഹുവിന്റെ റസൂൽ കാണാനിടയായി. ആട് അയാളെത്തന്നെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു.
നബി (സ) ചോദിച്ചു: "അതിനെ രണ്ട് തവണ കൊല്ലാനാണോ നീ ഉദ്ദേശിക്കുന്നത്? അതിനെ കിടത്തുന്നതിന്റെ മുമ്പ് തന്നെ കത്തി മൂർച്ച കൂട്ടാമായിരുന്നില്ലേ..?"  (ഹാകിം, ത്വബ്റാനി).
ഇപ്രകാരം, 'ലോകര്‍ക്കാകെ കാരുണ്യമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല' എന്ന ഖുർആൻ വാക്യത്തിന്റെ സാക്ഷ്യങ്ങൾ നബിജീവിതത്തിലുടനീളം കാണാനാവും. വിശ്വാസികളുടെ മനസ്സ് കനിവും കാരുണ്യവും നിറഞ്ഞതാവണം എന്നാണിത് അനുശാസിക്കുന്നത്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്