Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇസ്്ലാമിക ഇടങ്ങൾ

യാസർ ഖുത്വ്്ബ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടുതൽ കരുത്താർജിക്കുകയും സർവസാധാരണമാവുകയും ചെയ്യുന്ന കാലത്താണ് നാം ജീവിക്കുന്നത്.  മനുഷ്യരുടെ ദൈനംദിന ജീവിതത്തെ സ്വാധീനിക്കുമ്പോൾ    തന്നെ, എ.ഐയെ കുറിച്ച ധാരാളം ആശങ്കകളും പലരും പങ്കുവെക്കുന്നുണ്ട്.  നിർമിത ബുദ്ധിയെ എങ്ങനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താം എന്ന് ചർച്ച ചെയ്യുകയാണ് ഈ ലേഖനത്തിൽ.
മാറ്റങ്ങളെ ചെറുക്കുക എന്നത് മനുഷ്യസഹജമാണ്. പുതിയ കണ്ടുപിടിത്തങ്ങളും യന്ത്രങ്ങളും ഉണ്ടായപ്പോഴെല്ലാം അതിനെതിരെ വിമർശനങ്ങളും ഉടലെടുത്തിരുന്നു. തൊഴിൽ നഷ്ടപ്പെടുമെന്നും മനുഷ്യകുലത്തിന് ഭീഷണിയാവുമെന്നും പറഞ്ഞു  കണ്ടുപിടിത്തങ്ങൾക്കെതിരെ നിലകൊണ്ടവർ ചരിത്രത്തിൽ ധാരാളമുണ്ട്.  ആവിയന്ത്രം, തുടർന്ന് വൈദ്യുതി കേന്ദ്രീകൃതമായ യന്ത്രങ്ങൾ തുടങ്ങിയവയായിരുന്നു ഒന്നും രണ്ടും വ്യവസായ വിപ്ലവത്തിലേക്കു നയിച്ച മുഖ്യ കണ്ടുപിടിത്തങ്ങൾ. കമ്പ്യൂട്ടറുകളുടെയും ഇന്റർനെറ്റിന്റെയുമായിരുന്നു മൂന്നാം വ്യവസായ വിപ്ലവം. നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായ നാലാം വ്യവസായ വിപ്ലവത്തിന്റെ കാലത്താണ് നാമിപ്പോൾ.
എല്ലാ കണ്ടുപിടിത്തങ്ങളുടെയും പ്രഥമ ലക്ഷ്യം മനുഷ്യജീവിതം കൂടുതൽ  സുഗമവും സൗകര്യപ്രദവുമാക്കുക എന്നതാണ്. ചിലത് നശീകരണ പ്രവൃത്തികൾക്കായി ദുരുപയോഗിക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. എന്നിരുന്നാലും, പഴയ കാലത്തെ അപേക്ഷിച്ച് കൂടുതൽ എളുപ്പമായ ജീവിതം നയിക്കാൻ ശാസ്ത്രീയ  കണ്ടുപിടിത്തങ്ങൾ വലിയ രീതിയിൽ തന്നെ ഉപകാരപ്പെടുന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, ആരോഗ്യം തുടങ്ങി സർവ മേഖലകളിലും ടെക്നോളജി മനുഷ്യനെ സഹായിക്കുന്നു. പഴയകാല കണ്ടുപിടിത്തങ്ങൾ പ്രത്യേക മേഖലകളിൽ  കേന്ദ്രീകൃതമായിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ, ഏത് മേഖലയിലും അതിന് അനുഗുണമായ രീതിയിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കും.
മാറ്റങ്ങളെയും  അവസരങ്ങളെയും ഏറ്റവും ആദ്യം ഉപയോഗപ്പെടുത്തുന്നവർ, അതിന്റെ ഏറ്റവും വലിയ പ്രായോജകരും ആ വിഷയത്തിൽ നൈപുണ്യം നേടിയവരും ആയിത്തീരുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ മടിക്കുന്നവരും സംശയിച്ച് വിട്ടുനിൽക്കുന്നവരും   ഒരു സമൂഹം എന്ന നിലയിൽ തങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതിവേഗം കുറക്കുന്നു. അതിനാൽ, എ.ഐയും  പോസിറ്റീവായ രീതിയിൽ ഉപയോഗപ്പെടുത്തുക എന്നതാണ് ഏതൊരു ക്രിയാത്മക സമൂഹത്തിനും കരണീയം.
ആക്ടിവിസ്റ്റുകൾ, നരവംശ ഗവേഷകർ, ജ്ഞാനോൽപാദകർ തുടങ്ങിയവർ നിർമിത ബുദ്ധിക്കെതിരെ ഉയർത്തുന്ന വാദങ്ങൾ എന്താണെന്ന് പരിശോധിക്കാം. റോബോട്ടുകളും യന്ത്രങ്ങളും മനുഷ്യകുലത്തിന്റെ തന്നെ അന്തകരായിത്തീരും എന്ന അതിവാദമാണ് ആദ്യത്തേത്.  സ്വന്തം ബുദ്ധി ഉപയോഗിച്ച് റോബോട്ടുകൾ ഭൂമി പിടിച്ചടക്കുക എന്നത്  അത്ര എളുപ്പത്തിൽ സാധ്യമാവുന്ന ഒന്നല്ല. റോബോട്ടിക്സിൽ തന്നെയുള്ള ചില അടിസ്ഥാന തത്ത്വങ്ങളും ഇതിന് എതിരാണ്. അതിനാൽ തന്നെ ഇത്തരം വാദങ്ങൾ വെറും ഭാവന മാത്രമാണ്.
ജോലിയും അവസരങ്ങളും വെട്ടിക്കുറക്കും എന്ന ഭയമാണ്  മറ്റൊന്ന്. ചരിത്രത്തിൽ ഏത് തരം കണ്ടുപിടിത്തമുണ്ടാവുമ്പോഴും  ഇത്തരം ആശങ്കകൾ ഉണ്ടാവാറുണ്ട്. നിലവിലുള്ള ചില അവസരങ്ങൾ അപ്രത്യക്ഷമാകും എന്നത് ശരി തന്നെ. അതിനെക്കാൾ കൂടുതൽ  പുതിയ അവസരങ്ങൾ ആ കണ്ടുപിടിത്തം സൃഷ്ടിച്ചിട്ടുമുണ്ടാവും. അതിനാൽ, കാലത്തോടൊപ്പം അപ്ഡേറ്റഡ് ആവുക എന്നതാണ് ഏതൊരു സമൂഹവും ചെയ്യേണ്ടത്.  ഒരിക്കലും മാറ്റങ്ങളെ ആർക്കും തടഞ്ഞു നിർത്താനാവില്ല. അവ സ്വാഭാവികമായിത്തന്നെ എല്ലായിടത്തേക്കും വ്യാപിക്കും.
പഴയ കാലത്തേതിൽനിന്ന് വ്യത്യസ്തമായി, മാറ്റങ്ങൾ വളരെ ത്വരിത ഗതിയിലാണ് ഇപ്പോൾ  എന്നതിനാൽ  എ.ഐയുടെ സ്വാധീനവും വളരെ പെട്ടെന്ന് തന്നെ ജനങ്ങൾക്കിടയിൽ വ്യാപിക്കും. യഥാർഥത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന കൺസെപ്റ്റ് പോലും അത്ര പുതിയതല്ല. അതിന് അനുകൂലമായ  സാഹചര്യം വന്നെത്തിയപ്പോൾ അത് പ്രവർത്തനക്ഷമമായി  എന്നതാണ് യാഥാർഥ്യം. വേഗത കൂടിയ ഇൻറർനെറ്റ് കണക്്ഷനുകൾ, വലിയ അളവിൽ വീഡിയോയും ഓഡിയോയും ഉൾപ്പെടുന്ന ഡാറ്റയുടെ ആധിക്യം,  കുറഞ്ഞ വിലയിൽ  കൂടുതൽ ഗുണമേന്മകളോടെ ലഭ്യമാകുന്ന മൊബൈലുകളും ലാപ്്ടോപ്പുകളും ഉൾപ്പെടുന്ന ഉപകരണങ്ങൾ എന്നീ മൂന്ന് കാരണങ്ങളാണ് എ.ഐക്ക്  ഇപ്പോൾ കൂടുതൽ ജനപ്രീതി നേടിക്കൊടുത്തത്. 
മറ്റൊരു പ്രധാന ആശങ്കയും ആരോപണവും,  എ.ഐ ഉൽപാദിപ്പിക്കുന്ന റിസൽട്ടുകളിലുള്ള വംശീയതയും  മുൻവിധികളുമാണ്. മറ്റൊന്ന്, ബിഗ് ഡാറ്റ ഉപയോഗപ്പെടുത്തി ലോകത്തിന്റെ തന്നെ ആധിപത്യം കൈക്കലാക്കാൻ   ലോക ശക്തികൾ ശ്രമിക്കും എന്നതാണ്. ഇത് പ്രാധാന്യമർഹിക്കുന്ന വിഷയം തന്നെയാണ്. പക്ഷേ, ഇതും പറഞ്ഞ് ഈ മേഖലയിൽനിന്ന് വിട്ടുനിൽക്കുന്നത് ആത്മഹത്യാപരവുമാണ്.  ഇത്തരം നെഗറ്റീവ് മേഖലകൾ  തരണം ചെയ്ത്, നമ്മുടേതായ അടയാളങ്ങൾ എങ്ങനെ അവശേഷിപ്പിക്കാം എന്നാണ് തുടർന്നുള്ള ഭാഗങ്ങളിൽ  ചർച്ച ചെയ്യുന്നത്.
ജനസമ്മതിയിലും പ്രചാരത്തിലും മുന്നിൽ നിൽക്കുന്ന ChatGPT, Bard  തുടങ്ങിയവയിൽ,  സമൂഹത്തിലെ പാർശ്വവത്കൃത സമൂഹങ്ങളോടും അവരുടെ ഡാറ്റയോടും വംശീയ വിധികളോടെ ഇടപെട്ട് ഉത്തരങ്ങൾ നൽകുന്നു എന്നതാണ് ഒരു പ്രധാന ആരോപണം.  യഥാർഥത്തിൽ ഓൺലൈനിലും മറ്റുമായി  ലഭ്യമായ ഡാറ്റയിൽനിന്ന് പ്രോസസ് ചെയ്താണ് അവ ഉത്തരങ്ങൾ  നൽകുന്നത് എന്ന് നമുക്ക് അറിയാമല്ലോ. അതുകൊണ്ടുതന്നെ ഏതെങ്കിലും കമ്പനിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ വലിയ അർഥമില്ല.  രണ്ട് വഴികളിലൂടെ ഇത്  തിരുത്താം:
ഒന്ന്: ഏതു  വിഭാഗത്തെ അല്ലെങ്കിൽ കാര്യത്തെ  കുറിച്ചാണോ തെറ്റായ വിവരങ്ങൾ  നൽകുന്നത്, പ്രസ്തുത വിഷയത്തിലുള്ള യഥാർഥ വസ്തുത  ഓൺലൈനിൽ  ധാരാളമായി ലഭ്യമാക്കുക.  എങ്കിൽ ഈ ഡാറ്റ കൂടി ഉൾപ്പെടുന്നതായിരിക്കും പ്രസ്തുത വിഷയത്തിൽ പ്രോസസ് ചെയ്യാനും പഠിക്കാനും എ.ഐ മെഷീനുകൾ ഉപയോഗിക്കുന്ന  റോ മെറ്റീരിയലുകൾ.  ഉദാഹരണത്തിന്, ഇസ്്ലാമിക വിഷയങ്ങളിലുള്ള ടെക്സ്റ്റുകൾ, ഓഡിയോ - വീഡിയോ ഉള്ളടക്കങ്ങൾ തുടങ്ങിയവ പബ്ലിക് സ്പേസിൽ ഓൺലൈനായി ധാരാളം ലഭ്യമാക്കുക. ഇവ ഉപയോഗിച്ചു മാർക്കറ്റിൽ ലഭ്യമായ പല  എ.ഐ ടൂളുകളും 'പഠിക്കുന്നു.'  അങ്ങനെ ഭാവിയിൽ  കൂടുതൽ കൃത്യമായ വിവരം അതു നമുക്ക് നൽകും. അതായത്, ഒരു ന്യൂനപക്ഷ  വംശീയ (ethnic) വിഭാഗത്തെക്കുറിച്ച് വളരെയധികം കൃത്യമായ ഡാറ്റ ഓൺലൈനിൽ ലഭ്യമാണെങ്കിൽ, എ.ഐ ഉപകരണങ്ങളും  കൃത്യമായ ഡാറ്റ, പ്രസ്തുത വിഭാഗത്തെ കുറിച്ച്,  ചാറ്റുകളിൽ/റിസൽട്ടുകളിൽ  നമുക്ക് നൽകും.
രണ്ട്: ടൂളുകളെ നേർക്കുനേരെ തിരുത്തുക. ഉദാഹരണത്തിന് ചാറ്റ് ജി.പി.ടി, ഒരു ഇസ്്ലാമിക വിഷയത്തിൽ തെറ്റായ ഉത്തരം നൽകുന്നു എന്ന് കരുതുക. എങ്കിൽ അത് തെറ്റാണെന്നും ശരിയായത് ഇന്നതാണെന്നും  പറഞ്ഞു അതിന് അപ്പോൾ തന്നെ ഫീഡ്ബാക്ക് കൊടുക്കുക.  അപ്പോൾ ആ മെഷീൻ പ്രസ്തുത വിഷയം പഠിക്കുകയും പിന്നീട് ആവർത്തിക്കാതിരിക്കുകയും ചെയ്യും.
കൂടുതൽ കാര്യങ്ങൾ (മെഷീൻ ലേണിംഗ്, ഡീപ് ലേണിംഗ്  തുടങ്ങിയവയുടെ സഹായത്തോടെ)  പഠിച്ച് പഠിച്ചാണ് കൂടുതൽ കൃത്യമായ ഉത്തരങ്ങൾ എല്ലാ  A.I മെഷീനുകളും നമുക്ക് നൽകുന്നത്.

A.I എങ്ങനെ ഉപയോഗപ്പെടുത്താം
നമ്മെ സഹായിക്കുന്ന ഒരു ടൂൾ എന്ന നിലക്കാണ് എ.ഐ നമുക്ക് ഉപകാരപ്രദമാകുന്നത്.  നമ്മൾ ഏത് മേഖലയിലാണോ പ്രവർത്തിക്കുന്നത്,  പ്രസ്തുത മേഖലയിൽ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഇപ്പോൾ ലഭ്യമായ അവസരങ്ങൾ  അഥവാ ടൂളുകളും സപ്പോർട്ടുകളും എന്തെല്ലാമാണെന്നും മനസ്സിലാക്കി ഉപയോഗപ്പെടുത്തുക. ഉദാഹരണത്തിന്,  ഒരു ഗ്രാഫിക് ഡിസൈനറോ വീഡിയോ എഡിറ്ററോ ആണെന്നിരിക്കട്ടെ. അയാൾക്ക് ഉപകാരപ്പെടുന്ന ടൂളുകൾ ഉപയോഗപ്പെടുത്തി അയാളുടെ പ്രാവീണ്യം കൂടുതൽ മെച്ചപ്പെടുത്താൻ A.I സഹായിക്കുന്നു.  ഡോക്ടറാണ് എ.ഐ മെഷീൻ ഉപയോഗിക്കുന്നതെങ്കിൽ, തന്റെ രോഗിയുടെ രോഗനിർണയം കൂടുതൽ കാര്യക്ഷമമാക്കാനും കൂടുതൽ കൃത്യതയോടെ കാര്യങ്ങൾ ചെയ്യാനും സഹായകമാകും. ഇതേ രീതിയിൽ ഇസ്്ലാമിക വിജ്ഞാനീയങ്ങൾക്കും  ഇസ്്ലാമിക പ്രവർത്തനങ്ങൾക്കും  സഹായകമായ തരത്തിൽ വ്യത്യസ്ത ടൂളുകളും അസിസ്റ്റുകളും  ഉപയോഗപ്പെടുത്താവുന്നതാണ്.  പുതിയ ടെക്നോളജികളുടെ ഇംപ്ലിമെന്റേഷനുകൾ വഴി ഇസ്്ലാമിക  സംഘടനകൾക്കും അംഗങ്ങൾക്കും പ്രവർത്തനങ്ങൾക്കുമെല്ലാം കൂടുതൽ വേഗതയും സുതാര്യതയും കാര്യക്ഷമതയും  കൈവരിക്കാൻ സാധിക്കും.

ChatGPT  ഫത്്വകൾ
ചോദ്യം:  ഇസ്്ലാമികമായ സംശയനിവാരണത്തിനും ഫത് വകൾ തേടുന്നതിനും ChatGPT ഉപയോഗിക്കുന്നത് ശരിയാണോ?
ഇതിനു ചാറ്റ് ജി.പി.ടി തന്നെ നൽകുന്ന ഉത്തരം കാണുക: “എന്റെ അറിവിന്റെ പരമാവധി വിവരങ്ങൾ നൽകാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഞാൻ ഇവിടെയുണ്ട്. എന്നാൽ, എനിക്ക് മതപരമായ അനുഭവങ്ങളോ വികാരങ്ങളോ ഇല്ല.  പരിശീലനം ലഭിച്ച ഡാറ്റയെ അടിസ്ഥാനമാക്കി മാത്രമേ വിവരങ്ങളും വിശകലനവും നൽകാൻ കഴിയൂ. ഇസ്്ലാമിലോ മറ്റേതെങ്കിലും മതത്തിലോ മതപരമായ വിധികൾ (ഫത്‌വകൾ) പുറപ്പെടുവിക്കാൻ എനിക്ക് യോഗ്യതയില്ല.
മതഗ്രന്ഥങ്ങൾ, നിയമശാസ്ത്രം, ചോദിക്കുന്ന ചോദ്യത്തിന്റെ പ്രത്യേക സന്ദർഭം എന്നിവയെക്കുറിച്ച് ആഴത്തിൽ അറിവുള്ള, യോഗ്യതയുള്ള മതപണ്ഡിതന്മാരാണ് ഫത്്വകൾ സാധാരണയായി നൽകുന്നത്.
മാനുഷിക ഘടകം: ഫത്്വകൾ സാധാരണയായി പ്രത്യേക സാഹചര്യങ്ങൾ, സാംസ്കാരിക സന്ദർഭങ്ങൾ, മത തത്ത്വങ്ങളെക്കുറിച്ചുള്ള വിശാലമായ ധാരണ എന്നിവ കണക്കിലെടുക്കുന്നു. മനുഷ്യരായ പണ്ഡിതന്മാർക്ക് കൂടുതൽ സൂക്ഷ്മമായ മാർഗനിർദേശം നൽകാൻ കഴിയും.
വ്യക്തിപരമായ ഇടപെടൽ: ഒരു മനുഷ്യപണ്ഡിതനെ സമീപിക്കുന്നത് നിങ്ങൾക്ക് സംശയങ്ങൾ വ്യക്തമാക്കാനും തുടർചോദ്യങ്ങൾ ചോദിക്കാനും നിങ്ങളുടെ സാഹചര്യങ്ങൾക്കനുസൃതമായി മാർഗനിർദേശം സ്വീകരിക്കാനും അനുവദിക്കുന്നു.
മനുഷ്യർക്ക് കണ്ടെത്താൻ ബുദ്ധിമുട്ടുള്ള പാറ്റേണുകളും ട്രെൻഡുകളും തിരിച്ചറിയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കാം. മാത്രമല്ല, മനുഷ്യ തീരുമാനങ്ങളിൽ സംഭവിച്ചേക്കാവുന്ന പക്ഷപാതങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.
നിങ്ങളുടെ വിശ്വാസ സംബന്ധമായി നിങ്ങൾ സാങ്കേതികവിദ്യ ഉപയോഗിക്കുകയാണെങ്കിൽ മനുഷ്യസ്രോതസ്സുകളിൽനിന്നുള്ള മാർഗ നിർദേശത്തിന് ഒരിക്കലും എ.ഐ പകരമാവുകയില്ല.  ഒരു അനുബന്ധ ഉപദേശം എന്ന നിലയിൽ മാത്രമേ എ.ഐയെ പരിഗണിക്കാവൂ.”
ഇസ്്ലാമിൽ ഇതിനുള്ള സാധ്യതകളുടെ ഇടം പരിശോധിക്കുകയാണ് ഇനി.

1. ഖുർആൻ, ഹദീസ് വിശകലനം
ഖുർആനിന്റെയും ഹദീസിന്റെയും വിശകലനത്തിനും ഗ്രാഹ്യത്തിനും എ.ഐയെ ഉപയോഗിക്കാൻ കഴിയും. നാച്വുറൽ ലാംഗ്വേജ് പ്രോസസിംഗ് (N.L.P) ടെക്നിക്കുകൾ, പണ്ഡിതന്മാർക്കും ഗവേഷകർക്കും വലിയ അളവിലുള്ള ടെക്സ്റ്റ് ഡാറ്റ വിശകലനം ചെയ്യാനും പാറ്റേണുകൾ വേർതിരിച്ചെടുക്കാനും പുതിയ ഉൾക്കാഴ്ചകൾ പകർന്നുനൽകാനും അതുവഴി ഇസ്്ലാമിക ഗ്രന്ഥങ്ങളെക്കുറിച്ച് ആഴത്തിലുള്ള ജ്ഞാനം സുഗമമായി ലഭ്യമാക്കാനും പ്രയോജനപ്പെടുന്നു.

2. ഇസ്്ലാമിക് ചാറ്റ്ബോട്ടുകൾ, വെർച്വൽ അസിസ്റ്റന്റുകൾ
നിർമിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന ഇസ്്ലാമിക് ചാറ്റ്ബോട്ടുകളും വെർച്വൽ അസിസ്റ്റന്റുകളും വ്യക്തികൾക്ക് ഇസ്്ലാമിക അറിവും മാർഗനിർദേശവും മതപരമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും തേടാനുള്ള ഒരു മാർഗമാണ്. ഈ ചാറ്റ്ബോട്ടുകൾ ഇസ്്ലാമിക പാഠങ്ങളെ അടിസ്ഥാനമാക്കി കൃത്യമായ വിവരങ്ങളും മാർഗനിർദേശങ്ങളും നൽകിക്കൊണ്ട് ബുദ്ധിപരമായി പ്രതികരിക്കാൻ രൂപകൽപന ചെയ്തിട്ടുള്ളതാണ്.  അവ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ സമർപ്പിത ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ ആക്‌സസ് ചെയ്യാൻ കഴിയും.

3. പ്രാർഥനാ സമയവും ബാങ്ക് വിളികളും
ഭൂമിശാസ്ത്രപരമായ സ്ഥാനവും നിർദിഷ്ട കണക്കുകൂട്ടൽ രീതികളും അടിസ്ഥാനമാക്കി എ.ഐ അൽഗോരിതങ്ങൾക്ക് പ്രാർഥനാ സമയങ്ങൾ, ആഘോഷ ദിനങ്ങൾ തുടങ്ങിയവ കൃത്യമായി കണക്കാക്കാൻ കഴിയും.
ഇസ്്ലാമിക ആപ്ലിക്കേഷനുകളും ഉപകരണങ്ങളും തത്സമയ പ്രാർഥനാ സമയ അറിയിപ്പുകൾ നൽകുന്നതിന് എ.ഐയെ ഉപയോഗപ്പെടുത്തുന്നു. മുസ്‌ലിംകൾക്ക് അവരുടെ മതപരമായ ബാധ്യതകൾ സമയാസമയം  നിറവേറ്റാൻ ഇവ സഹായിക്കുന്നു.  ഇത് മുസ്്ലിംകൾ വളരെ ന്യൂനപക്ഷമായ പ്രദേശങ്ങളിൽ അവർക്ക് തങ്ങളുടെ വിശ്വാസവുമായി ബന്ധം നിലനിർത്താൻ സഹായകമാകും.

4. ഇസ്്ലാമിക് ഫിനാൻസ് ആന്റ് റിസ്ക് മാനേജ്മെന്റ്
ഇസ്്ലാമിക് ഫിനാൻസ് മേഖലയിൽ ഇപ്പോൾ തന്നെ A.I സാങ്കേതികവിദ്യകളുടെ  പ്രയോഗവൽക്കരണം തുടങ്ങിയിരിക്കുന്നു.  മെഷീൻ ലേണിംഗ് അൽഗോരിതങ്ങൾക്ക് മാർക്കറ്റ് ട്രെൻഡുകൾ, പാറ്റേണുകൾ, അപകടസാധ്യതാ ഘടകങ്ങൾ എന്നിവ വിശകലനം ചെയ്യാൻ കഴിയും. ഇത് ശരീഅഃ അനുസൃത നിക്ഷേപ തന്ത്രങ്ങളും റിസ്ക് മാനേജ്മെന്റ് മോഡലുകളും വികസിപ്പിക്കുന്നതിന് സഹായിക്കുന്നു. നിക്ഷേപ തീരുമാനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുമ്പോൾ ഇസ്്ലാമിക സാമ്പത്തിക തത്ത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ A.I-യുടെ ഈ സംയോജനം സഹായിക്കും.

5. ഖുർആൻ പാരായണവും മനഃപാഠവും
A.I- അധിഷ്‌ഠിത  പ്ലാറ്റ്‌ഫോമുകളും ആപ്ലിക്കേഷനുകളും,  ഖുർആൻ പാരായണത്തിനും മനഃപാഠത്തിനും സൗകര്യമൊരുക്കുന്നു. സംഭാഷണം തിരിച്ചറിയൽ സാങ്കേതികവിദ്യകൾ (Advanced Speech Recognition Technologies) ഉച്ചാരണത്തിലും പാരായണ കൃത്യതയിലും തൽക്ഷണ ഫീഡ്‌ബാക്ക്(live feedback) നൽകിക്കൊണ്ട് സൂക്തങ്ങൾ ചൊല്ലാൻ നൂതനമായ രീതിയിൽ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. വ്യക്തികളെ അവരുടെ പാരായണ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ഖുർആൻ മനഃപാഠമാക്കുന്നതിനും ഇത് സഹായിക്കുന്നു.

6. ഇസ്്ലാമിക വിദ്യാഭ്യാസവും ഇ-ലേണിംഗും
A.I- ഉപയോഗപ്പെടുത്തുന്ന എജുക്കേഷൻ പ്ലാറ്റ്‌ഫോമുകൾ ഇസ്്ലാമിക വിദ്യാഭ്യാസത്തിനും ഇ-ലേണിംഗിനും പുതിയ വഴികൾ തുറക്കുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ സംവേദനാത്മകവും വ്യക്തിഗതമാക്കപ്പെട്ടതുമായ (interactive and personalized) പഠനാനുഭവങ്ങൾ നൽകുന്നു. വ്യക്തികളെ ഇസ്്ലാമിക് കോഴ്‌സുകൾ, പ്രഭാഷണങ്ങൾ, text & bookകൾ എന്നിവ ആക്‌സസ് ചെയ്യാൻ അനുവദിക്കുന്നു. അഡാപ്റ്റീവ് ലേണിംഗ് അൽഗോരിതങ്ങൾ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ഉള്ളടക്കം ക്രമീകരിക്കുകയും മൊത്തത്തിലുള്ള പഠന പ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

7. സകാത്തും സ്വദഖയും
എ.ഐ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന മറ്റൊരു വലിയ ഏരിയയാണ് സകാത്ത് വിതരണം.  ചാരിറ്റി സംഭാവനകളും സ്വദഖകളും  കാര്യക്ഷമമായി വിതരണം ചെയ്യാൻ ടെക്നോളജി സഹായിക്കുന്നു.  സുതാര്യത, ഉത്തരവാദിത്വം ( transparency and Accountability) തുടങ്ങിയവ ഉറപ്പാക്കാൻ ഇത് വളരെ ഉപകാരപ്രദമാണ്.

8. മറ്റുള്ളവ
കൗൺസിലിംഗ്, ഗൈഡൻസ്, ഹലാൽ ഫുഡ് റെക്കഗ്നിഷൻ, കമ്യൂണിറ്റി എൻഗേജ്മെൻറ്, വിശുദ്ധ സ്ഥലങ്ങളുടെ ഓഗ്മെന്റഡ് റിയാലിറ്റികളും വെർച്വൽ ടൂറുകളും, ഡിജിറ്റൽ ഇസ്്ലാമിക് ആർട്ടുകൾ, എത്തിക്കൽ എ.ഐ അഡ്വക്കേസി (Ethical A.I Advocacy) തുടങ്ങിയ മേഖലകളിലും ഇസ്്ലാമിക പക്ഷത്ത് നിന്നുകൊണ്ട്  നിർമിത ബുദ്ധിയെ നമുക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും.
പരിമിതികൾ ഉണ്ടെങ്കിലും ഇസ്്ലാമിക  പരിപ്രേക്ഷ്യത്തിൽ അധിഷ്ഠിതമായ ജ്ഞാന സമ്പാദനം, വിശകലനം,  ഇസ്്ലാമിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കൽ  തുടങ്ങിയ മേഖലകളിൽ  ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു വലിയ ഇടമുണ്ട്. ഓരോന്നും യഥാസമയം യഥാവിധി ഉപയോഗപ്പെടുത്തിയാൽ മാത്രമേ ഏതൊരു സമൂഹത്തിനും കാലത്തോടൊപ്പം മുന്നേറാൻ  സാധിക്കൂ. ഓർക്കുക, എ.ഐ ഒരിക്കലും ഇസ്്ലാമിക  പ്രമാണങ്ങൾക്കും പണ്ഡിതന്മാർക്കും പകരക്കാരനല്ല. സഹായിയായി വരുന്ന ഒരു ടൂൾ മാത്രമാണ്. എ.ഐ ഉൽപാദിപ്പിക്കുന്ന കണ്ടന്റുകൾ, ഇസ്്ലാമിക വിശ്വാസവുമായും പാരമ്പര്യവുമായും യോജിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. അല്ലാത്തവ തിരുത്തിക്കാനും ഇസ്്ലാമിക സമൂഹത്തിലെ പണ്ഡിതന്മാരുടെയും നേതാക്കളുടെയും  ജാഗ്രതയുണ്ടാകണം. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്