എ.ഐ തുറന്നിടുന്ന സാധ്യതകള്‍
സുകൂന്‍ മഹാല്‍ ഹെ ഖുദ്‌റത്ത് കാ കാര്‍ഖാനെ മേം
സബാത് ഏക് തഗയ്യൂര്‍ കൊ ഹെ സമാനേ മേം
(ദൈവത്തിന്റെ പ്രപഞ്ചമെന്ന ഈ പണിശാലയില്‍ അടങ്ങിയിരിപ്പ് അസാധ്യം. അവിടെ മാറാത്തതായിട്ടുള്ളത് മാറ്റം മാത്രം). മഹാ കവി ഡോ. അല്ലാമാ ഇഖ്ബാലിന്റേതാണ് ഈ വരികള്‍. മാറിക്കൊണ്ടേയിരിക്കുക എന്നത് ഒരു ദൈവിക നടപടിക്രമം തന്നെയാണ്. 'അവന്‍, അല്ലാഹു ഓരോ നിമിഷത്തിലും പുതിയ കാര്യങ്ങളിലാകുന്നു' (അര്‍റഹ്്മാന്‍ 29) എന്ന ഖുര്‍ആനിക സൂക്തം നല്‍കുന്ന സൂചനയും മറ്റൊന്നല്ല. മാറ്റങ്ങള്‍ക്ക് ക്രിയാത്മകവും അല്ലാത്തതുമായ വശങ്ങളുണ്ടാകും. ചില മാറ്റങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ നിലനില്‍പിനെ തന്നെ അപകടപ്പെടുത്തുന്നതാവും. ആ വശം മാത്രം ചൂണ്ടിക്കാണിച്ച് സകല മാറ്റങ്ങള്‍ക്കുമെതിരെ അണിനിരക്കുന്ന പ്രവണത കാണപ്പെടാറുണ്ട്. ആ നിലപാട് വ്യക്തികളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും ബഹുദൂരം പിന്നോട്ട് തള്ളും. അതിനാല്‍, നവോത്ഥാന നായകരും പണ്ഡിതന്മാരും ഇത്തരം നിഷേധാത്മക സമീപനങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിവരാന്‍ പതിറ്റാണ്ടുകളോ ചിലപ്പോള്‍ നൂറ്റാണ്ടുകളോ വേണ്ടിവരുമായിരുന്നു. ഇപ്പോള്‍ അമ്പരപ്പിക്കുന്ന, അസാധാരണ വേഗതയിലാണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ മാറ്റത്തെയും കൃത്യമായും ആഴത്തിലും പഠിക്കുകയും, അവയെ എങ്ങനെ വ്യക്തികളുടെയും സമൂഹത്തിന്റെയും വളര്‍ച്ചക്ക് ഉപയോഗപ്പെടുത്താമെന്ന് ചിന്തിക്കുകയുമാണ് വേണ്ടത്. നിര്‍മിത ബുദ്ധി(Artificial Intelligence)യും അതിന്റെ അസംഖ്യം പ്രയോഗ രൂപങ്ങളും ഇന്ന് വലിയ ചര്‍ച്ചയാണ്. വൈദ്യം, ഭാഷ, വിദ്യാഭ്യാസം, ഭരണ നിര്‍വഹണം തുടങ്ങിയ മേഖലകള്‍ എങ്ങനെ കൂടുതല്‍ കാര്യക്ഷമമാക്കാമെന്ന ചിന്തകള്‍ കാര്യമായും നടക്കുന്നത് നിര്‍മിത ബുദ്ധിയെ അവലംബിച്ചാണ്. ഇങ്ങനെ പോയാല്‍ മനുഷ്യന്‍ നിര്‍മിത ബുദ്ധിയുടെ അടിമയായിപ്പോകില്ലേ മുതല്‍, റോബോട്ടുകള്‍ വന്നുകഴിഞ്ഞാല്‍ ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലേ വരെ പല മട്ടിലുള്ള ചോദ്യങ്ങളും സന്ദേഹങ്ങളും ഉയരുന്നുമുണ്ട്. അതിലൊക്കെ കുറെ സത്യങ്ങള്‍ ഉണ്ടാവാനും മതി. പക്ഷേ, മനുഷ്യന്റെ നാഗരിക പ്രയാണത്തില്‍ സുപ്രധാന വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിര്‍മിത ബുദ്ധിയുടെ ആഗമനം ദോഷത്തെക്കാളേറെ ഗുണമായിരിക്കുമെന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഇസ്്‌ലാമിക പഠന ഗവേഷണങ്ങള്‍ക്കുള്ള ടൂളായി എങ്ങനെ എ.ഐയെ ഉപയോഗപ്പെടുത്താമെന്ന് നേതാക്കളും പണ്ഡിതന്മാരും ആലോചിക്കണം. l
Comments