Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

എസ്.എം ആസിഫ് (1953-2023)

അബൂസ്വാലിഹ

മുതിര്‍ന്ന ഉര്‍ദു പത്രപ്രവര്‍ത്തകനും ഇന്‍ദിനോം പത്രത്തിന്റെ സ്ഥാപകനുമായ സയ്യിദ് മുഹമ്മദ് ആസിഫ് (എസ്.എം ആസിഫ്) അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഈ ദിനപത്രം ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. These Days എന്നാണ് ഇംഗ്ലീഷില്‍ ഇതിന്റെ പേര്. ന്യൂ ദല്‍ഹി, മുംബൈ, ബംഗളൂരു, ലഖ്‌നൗ, ജയ്പൂര്‍, സഹാറന്‍പൂര്‍ എന്നിവിടങ്ങളില്‍ പത്രത്തിന് എഡിഷനുകളുണ്ട്. 1975-ല്‍ ബിഹാറിലെ പാറ്റ്നയില്‍നിന്നാണ് ഇതിന്റെ തുടക്കം. ഉള്ളടക്കമാണ് പത്രത്തിന്റെ വ്യതിരിക്തത. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന, മുസ്്‌ലിംകള്‍ ഉള്‍പ്പെടെയുള്ള അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാര്‍ത്തകളാണ് പത്രത്തില്‍ ഇടം കണ്ടെത്തുന്നത്.
സാമൂഹിക, രാഷ്ട്രീയ മേഖലകളിലും സജീവമായിരുന്നു. 1998-ല്‍ ആള്‍ ഇന്ത്യാ മൈനോരിറ്റീസ് ഫ്രന്റ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി; അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി. അദ്ദേഹത്തിന്റെ മകള്‍ ലുബ്‌ന ആസിഫാണ് ഇപ്പോള്‍ ഇന്‍ദിനോമിന്റെ എഡിറ്റര്‍. l

 

  സംരംഭകര്‍ക്ക് സഹായവുമായി 'രിഫാഹ്'

കഴിഞ്ഞ എട്ടു വര്‍ഷമായി രിഫാഹ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വ്യാപാര-വ്യാവസായിക മേഖലകളില്‍ സജീവമായി രംഗത്തുണ്ട്. 2015-ല്‍ മഹാരാഷ്ട്രയിലാണ് ഇതിന്റെ തുടക്കം. പല കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ ഇന്ത്യയിലെ മുസ്്‌ലിം സമൂഹത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാന്‍ ബഹുമുഖ പദ്ധതികളാണ് രിഫാഹ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ 18 സംസ്ഥാനങ്ങളിലായി നൂറോളം നഗരങ്ങളില്‍ ഇതിന്റെ നെറ്റ് വര്‍ക്കുകള്‍ ഉണ്ട്. പിന്തുണക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നതോടൊപ്പം അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും സംഘത്തിന്റെ ലക്ഷ്യമാണ്. ''ഞങ്ങള്‍ക്ക് യുവാക്കളോട് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ കേവലം തൊഴിലന്വേഷകര്‍ ആവേണ്ടവരല്ല; തൊഴില്‍ ദായകര്‍ ആവേണ്ടവരാണ്. മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയെന്നത് സമൂഹത്തോടുള്ള നിങ്ങളുടെ ബാധ്യതയായി കാണണം. അതിനാല്‍, യുവാക്കള്‍ സംരംഭകരായിത്തീരണം. അതിന് വേണ്ടതെല്ലാം രിഫാഹ് ചെയ്തു കൊടുക്കും.'' രിഫാഹിന്റെ ജനറല്‍ സെക്രട്ടറി മീര്‍സാ അഫ്‌സല്‍ ബേഗ് പറയുന്നു. രാജ്യത്തും പുറത്തുമുള്ള പ്രമുഖ കൊമേഴ്‌സ് ചേംബറുകളുമായി ചേര്‍ന്നാണ് രിഫാഹിന്റെ പ്രവര്‍ത്തനം. കര്‍ണാടകയില്‍ 15 നഗരങ്ങളിലും മഹാരാഷ്ട്രയില്‍ 12 നഗരങ്ങളിലും ഇതിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. ഈയിടെ ബംഗളൂരുവില്‍ ചേര്‍ന്ന രിഫാഹ് കര്‍ണാടക ചാപ്റ്ററിന്റെ വാർഷിക സമ്മേളനം കര്‍ണാടക  ജമാഅത്തെ ഇസ്്‌ലാമി അധ്യക്ഷന്‍ ഡോ. ബല്‍ഗാമി മുഹമ്മദ് സഅദ് ആണ് ഉദ്ഘാടനം ചെയ്തത്. l

 

 വ്യാപാര ഇടനാഴികള്‍, പിന്നില്‍ കളിക്കുന്നത് രാഷ്ട്രീയം

ഈയിടെ ദല്‍ഹിയില്‍ സമാപിച്ച ജി 20 ഉച്ചകോടിയുടെ ഒരു പ്രധാന നേട്ടം, ഇന്ത്യ-മധ്യ പൗരസ്ത്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (India-Middle East-Europe Corridor) നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞു എന്നതാണ്. മധ്യ പൗരസ്ത്യ ദേശത്തുനിന്ന് യു.എ.ഇ, സുഊദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നീ നാല് രാജ്യങ്ങളാണ് പ്രോജക്ടിന്റെ ഭാഗമാവുക. യൂറോപ്പിൽനിന്ന് പത്ത് രാജ്യങ്ങളുണ്ടാകും- സൈപ്രസ്, ഗ്രീസ്, അല്‍ബേനിയ, മോണ്ടിനെഗ്രോ, ബോസ്‌നിയ ഹെര്‍സഗോവിന, ക്രൊയേഷ്യ, ഹംഗറി, ആസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ജര്‍മനി. ഈ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ ആഗോള കമ്പോളങ്ങളിലേക്ക് വലിയ സാധ്യതകളാണ് ഇന്ത്യക്ക് തുറന്നുകിട്ടുക. 4800 കി.മീ. ദൈര്‍ഘ്യം വരുന്ന ഈ വ്യാപാര പാത ചൈനയുടെ ഭീമന്‍ പ്രോജക്ടായ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവി(BRI)നുള്ള വെല്ലുവിളിയാകുമെന്ന മട്ടില്‍ തന്നെയാണ് രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്. അമേരിക്ക പതിവിലധികം താല്‍പര്യമെടുക്കുന്നതും അതുകൊണ്ടാണ്. പക്ഷേ, ഇന്ത്യ മുന്‍കൈയെടുക്കുന്ന ഈ പ്രോജക്ടില്‍ തുര്‍ക്കിയയെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള കുറഞ്ഞ വഴിദൂരം തുര്‍ക്കിയ വഴിയാണെന്നാണ് തുര്‍ക്കിയ പ്രസിഡന്റ് ഉര്‍ദുഗാന്‍ പറയുന്നത്. ചൈനയുടെ വ്യാപാര പാത പ്രോജക്ടില്‍ തുര്‍ക്കിയ അംഗവുമാണ്. ഒഴിവാക്കപ്പെട്ടതിലുള്ള പ്രതിഷേധം കൊണ്ടാവാം, Iraq Development Road Project-ന് പിന്തുണയുമായി എത്തിയിരിക്കുകയാണ്  തുര്‍ക്കിയ. ഗള്‍ഫ് നാടുകളെ തുര്‍ക്കിയ വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. എല്ലാ പ്രോജക്ടിന്റെയും പിന്നില്‍ കളിക്കുന്നത് രാഷ്ട്രീയം തന്നെ എന്നര്‍ഥം. l

 

 പവര്‍ ഹൗസ് മ്യൂസിയം

ദൃശ്യകലകള്‍ക്ക് ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ക്രിയേറ്റീവ് ആസ്‌ത്രേലിയ അവാര്‍ഡ് ഖാലിദ് സബ്‌സാബിക്ക്. ഇദ്ദേഹം സിഡ്‌നിയില്‍ സ്ഥിരതാമസമാക്കിയ ലബനീസ് വംശജനാണ്. അദ്ദേഹം രൂപകല്‍പന ചെയ്തതാണ് സിഡ്‌നി പ്രാന്തമായ പരാമറ്റയിലെ പവര്‍ ഹൗസ് മ്യൂസിയം. Moments in Waiting എന്ന പേരില്‍ അദ്ദേഹം ഒരു പ്രോ
ജക്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരിക ബഹുസ്വരതക്ക് വേണ്ടി വാദിക്കുന്ന ഖാലിദ് സബ്‌സാബി ആസ്ത്രേലിയന്‍ മുസ്്‌ലിംകളെക്കുറിച്ച വാര്‍പ്പ് മാതൃകകളെ തിരസ്‌കരിച്ചുകൊണ്ട് ആ സമൂഹത്തിന്റെ ആത്മീയ പൈതൃകങ്ങളെ കണ്ടെത്തി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ്. l

 

  ഉത്തരാഖണ്ഡിലെ മദ്‌റസാ കുട്ടികള്‍ 
ഇനി സംസ്‌കൃതവും പഠിക്കണം

ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡിനു കീഴിലുള്ള 117 മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ ഇനി മുതല്‍ സംസ്‌കൃത ഭാഷയും പഠിച്ചിരിക്കണമെന്ന് ഉത്തരവ്. വഖ്ഫ് ബോര്‍ഡ് വഴി തന്നെയാണ് ഉത്തരവ് പോയിരിക്കുന്നത്. എങ്കിലേ മദ്‌റസകളുടെ അപ്ഗ്രഡേഷന്‍ നടക്കൂ. സംസ്‌കൃത പഠനം നടക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത അതത് മദ്‌റസാ ഭാരവാഹികള്‍ക്കുണ്ടാകും. ഉത്തരവ് അയച്ച വിവരം ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാദാബ് ശംസാണ് പുറത്തുവിട്ടത്. സംസ്‌കൃത പഠനം മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് കെട്ടിവെക്കുന്നത് എന്തിനാണെന്ന് ശാദാബ് ശംസ് വിശദീകരിക്കുകയുണ്ടായില്ല. എന്നാല്‍, പ്രസ്താവനയില്‍ അദ്ദേഹം ഒരു കാര്യം പറഞ്ഞു: ' ഉത്തരാഖണ്ഡ് പുണ്യഭൂമിയാണ്.'  പുണ്യഭൂമിയായതു കൊണ്ട് മദ്‌റസാ വിദ്യാര്‍ഥികള്‍ സംസ്‌കൃതം പഠിക്കണമെന്നുണ്ടോ? അതിന് അധികാരികള്‍ക്ക് മറുപടിയില്ല.
വിഷയത്തെ മറ്റൊരു തരത്തില്‍ കാണുന്നവരുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍തന്നെ പഠനഭാരം കൂടുതലാണെങ്കിലും, ഒരു ഭാഷ കൂടി കൂടുതല്‍ അറിയുന്നത് നല്ലതല്ലേ എന്നാണ് അവരുടെ ചോദ്യം. വേദഭാഷ പഠിക്കുന്നത് ഇസ്്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പലവിധത്തില്‍ പ്രയോജനപ്പെടും. ഉത്തരാഖണ്ഡിലെ റസിയ്യ സുല്‍ത്വാന എന്ന മുസ്്‌ലിം വിദ്യാര്‍ഥിനി സംസ്‌കൃതത്തില്‍ പി.എച്ച്.ഡി നേടിയത് അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ആ യുവതി ഖുര്‍ആന്‍ സംസ്‌കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. l

 

  ഓസ്്ലോ കരാറിന് മുപ്പത് വയസ്സ്

പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും ഇസ്രായേല്‍ പ്രധാനമന്ത്രി യിസാക് റബീനും അന്നത്തെ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ ഓസ് ലോ കരാര്‍ ഒപ്പിട്ടത് 1993 സെപ്റ്റംബര്‍ 13-ന്. ആ കരാറിന് ഇപ്പോള്‍ മുപ്പത് വയസ്സ് തികഞ്ഞിരിക്കുന്നു. ഇസ്രായേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള 'ചരിത്രപ്രധാന സമാധാനക്കരാര്‍' എന്നാണത് വിശേഷിപ്പിക്കപ്പെട്ടത്. ഒരു വര്‍ഷം കഴിഞ്ഞ് യാസര്‍ അറഫാത്തും യിസാക് റബീനും ഇതിന്റെ പേരില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും അടിച്ചെടുത്തു. തങ്ങളില്‍നിന്ന് കവര്‍ന്നെടുക്കപ്പെട്ട ഭൂമിയുടെ വളരെ ചെറിയ ചില പോക്കറ്റുകളേ തങ്ങള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ എന്ന് ഉറപ്പായിട്ടും, സ്വതന്ത്രരാഷ്ട്രം എന്ന സ്വപ്‌നത്തിലേക്കുള്ള ഒരു പ്രധാന ചുവട് വെപ്പായി അവരതിനെ കണ്ടു.
പക്ഷേ, മുപ്പത് വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ കരാറിലെ ഒരു വ്യവസ്ഥ പോലും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, തീര്‍ത്തും നിയമവിരുദ്ധമായി സയണിസ്റ്റ് സര്‍ക്കാര്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ ജൂത പാര്‍പ്പിട സമുച്ചയങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷക്കാലത്തേക്ക് വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്ത്വീനിയന്‍ അതോറിറ്റി (പി.എ) എന്ന പേരില്‍ ഒരു താല്‍ക്കാലിക ഭരണസംവിധാനം ഉണ്ടാക്കും എന്ന വ്യവസ്ഥ പാലിക്കപ്പെട്ടെങ്കിലും, ആ ഘടനക്ക് കാര്യമായ ഒരു അധികാരവും നല്‍കാന്‍ ഇസ്രായേല്‍ തയാറായില്ല. എന്നു മാത്രമല്ല, യാസര്‍ അറഫാത്തിന്റെ പാര്‍ട്ടിയായ ഫതഹിന്റെ കൈയിലാണ് അതിന്റെ മുഴുവന്‍ അധികാരങ്ങളും. ഫലസ്ത്വീനിയന്‍ അതോറിറ്റിയുടെ നിലവിലുള്ള പ്രസിഡന്റ് മഹ് മൂദ് അബ്ബാസിന്റെ ഭരണകാലാവധി കഴിഞ്ഞിട്ട് പതിനാല് വര്‍ഷമായി. അദ്ദേഹത്തിന് വയസ്സ് 87 ആയി. ഇത്രയും പടുവൃദ്ധനായ മറ്റൊരു ഭരണാധികാരി ഇപ്പോള്‍ ലോകത്തെങ്ങുമില്ല. എന്നിട്ടും അധികാരം കൈമാറാനോ തെരഞ്ഞെടുപ്പ് നടത്താനോ അബ്ബാസ് തയാറല്ല. സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ഫലസ്ത്വീനികളെ ഇസ്രായേല്‍ സൈന്യത്തിന് പിടിച്ചുകൊടുക്കുന്ന പണി അബ്ബാസിന്റെ ഭരണകൂടം ഒരു വീഴ്ചയും കൂടാതെ ചെയ്തുവരുന്നുമുണ്ട്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്