Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

ആക്രോശ സംസ്‌കാരത്തില്‍ റണ്ണൗട്ടാകുന്ന ഇന്ത്യ

യാസീന്‍ വാണിയക്കാട്

ഏഷ്യാ കപ്പില്‍, അഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കപ്പില്‍ മുത്തമിട്ടിരിക്കുന്നു. പേസര്‍ മുഹമ്മദ് സിറാജിന്റെ വിസ്മയാവഹമായ പ്രകടനത്തിന് കായികലോകം എഴുന്നേറ്റ് നിന്ന് കൈയടിച്ചു. പക്ഷേ, താന്‍ ജനിച്ചുവളര്‍ന്ന രാജ്യത്ത് പുകഴ്ത്തപ്പെടേണ്ടതിന് പകരം ഇകഴ്ത്തപ്പെടാന്‍ വിധിക്കപ്പെട്ടവനായിരുന്നു ആ വലങ്കയ്യന്‍ പേസര്‍.
'ചെറുപ്പത്തില്‍ പിതാവ് ബോംബ് എങ്ങനെ എറിയാമെന്നാണ് പഠിപ്പിച്ചത്. ഇപ്പോള്‍ ഞാന്‍ പന്ത് എങ്ങനെ എറിയാമെന്ന് പഠിച്ചു'. ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ് നില്‍ക്കുന്ന സിറാജിന്റെ ഫോട്ടോക്കൊപ്പം എഴുതിച്ചേര്‍ത്ത സോഷ്യൽ മീഡിയയിലൂടെ വംശീയവിഷം തുപ്പുന്ന വരികളാണിത്. ലങ്കന്‍ ബാറ്റ്‌സ്മാന്മാരുടെ സ്റ്റമ്പ് തെറിക്കുന്ന കാഴ്ചക്ക് കൈയടിക്കേണ്ടതിന് പകരം സിറാജിന്റെ മുസ് ലിം ശരീരത്തിലേക്ക് വംശവെറിയുടെ വാക്ക് തൊടുക്കുന്ന അപരിഷ്‌കൃത സമൂഹത്തെ ഉൽപാദിപ്പിക്കുന്ന ഇന്ത്യന്‍ നവസാമൂഹിക വ്യവസ്ഥ അത്യന്തം ലജ്ജാകരവും മ്ലേഛവുമെന്ന് പറയാതെ വയ്യ.
പ്രശസ്ത മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബ് 'മുഹമ്മദ് സിറാജ്, നീയാണ് ഹീറോ' എന്ന കുറിപ്പ് സമൂഹമാധ്യമമായ എക്‌സില്‍  പങ്കുവെച്ചതിന് പിന്നാലെ വംശീയ വിദ്വേഷത്തിന്റെ ലാവ പൊട്ടിയൊഴുകാന്‍ തുടങ്ങി. നെറ്റ്പ്രാക്ടീസ് എന്ന് ക്യാപ്ഷന്‍ കൊടുത്തതിന് താഴെ തൊപ്പിവെച്ച് കല്ലെറിയുന്ന ആള്‍ക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ച വ്യക്തിയും, അതിന് കൈയടിച്ച ആള്‍ക്കൂട്ടവും ഹിന്ദുത്വ തീവ്ര ദേശീയതയുടെ പ്രതിനിധാനങ്ങള്‍ മാത്രമാണ്.
നിരവധി റെക്കോർഡുകളാണ് ആ ഹൈദരാബാദുകാരന്‍ ഫൈനല്‍ദിനം തിരുത്തിക്കുറിച്ചത്. ഒരോവറില്‍ നാലു വിക്കറ്റ് കൊയ്ത ആദ്യ ഇന്ത്യന്‍ പേസറാണിന്ന് മുഹമ്മദ് സിറാജ്. ആ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഏകദിന വിജയമായി ആ പോരാട്ടം റെക്കോർഡ് താളുകളില്‍ തുന്നിച്ചേര്‍ക്കപ്പെട്ടു. മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തുകയായി ലഭിച്ച പതിനാറു ലക്ഷം രൂപ, പ്രേമദാസ സ്റ്റേഡിയത്തിലെ കൃത്യനിർവഹണത്തെ പ്രശംസിച്ചുകൊണ്ട്, ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കൈമാറിയത് പലരുടെയും മനം കവര്‍ന്നു. പക്ഷേ, സ്വത്വം നോക്കി മാത്രം നേട്ടങ്ങളെയും സാമൂഹിക, മാനുഷിക പ്രവര്‍ത്തനങ്ങളെയും അളക്കുന്നവര്‍ക്ക് ഇതൊന്നും ആഘോഷങ്ങളുടെ കള്ളികളില്‍ ചേര്‍ക്കാനുള്ള വിശാലത ഇല്ലാതെ പോയി.
സിറാജിനെപ്പോലെത്തന്നെ മറ്റൊരു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും വര്‍ഗീയ ആക്രോശങ്ങളുടെ തേറ്റ തട്ടി ചോര വാര്‍ന്ന കളിക്കാരനാണ്. വംശീയതയുടെ, ഹിംസയുടെ ജയ് ശ്രീറാം വിളികളാല്‍ ഇന്ത്യന്‍ തെരുവുകളെ ദിനേന മലീമസമാക്കുന്ന വംശീയവാദികളുടെ വായ്‌നാറ്റം, അഹ്്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അടിച്ചുവീശിയത് ഏതാനും നാളുകള്‍ക്ക് മുമ്പാണ്. മൂക്ക് പൊത്തിയത് സ്‌പോര്‍ട്‌സിനെ സ്‌നേഹിക്കുന്ന ലോക കായികപ്രേമികളും. അതിന് ഇരയായത് മുഹമ്മദ് ഷമി എന്ന പേസ് ബൗളര്‍. കളിക്കളത്തിന്റെ പച്ചപ്പുകളെ വാടിക്കരിക്കാന്‍ പോന്നതായിരുന്നു ഇന്ത്യ-ആസ്‌ത്രേലിയ നാലാം ടെസ്റ്റ് മത്സരത്തിനിടയിലെ ജയ് ശ്രീറാം ആക്രോശങ്ങള്‍.
വംശഹത്യയില്‍ മുഴങ്ങിക്കേള്‍ക്കുന്ന, ഭരണത്തുടര്‍ച്ചക്ക് ശേഷം അരങ്ങേറുന്ന ഏകപക്ഷീയ കുരുതികളുടെ പിന്നണിയിലെ ആക്രോ ശമാകുന്ന, ഗോചട്ടമ്പികളുടെ നിഷ്ഠുരതയില്‍ പ്രാണന്‍ വെടിയുന്ന കബന്ധങ്ങളെ പിന്നെയും പിന്നെയും  ചവിട്ടിയും അഗ്‌നിക്കിരയാക്കിയും ആര്‍പ്പുവിളിക്കുന്ന, ചര്‍ക്കയിലും ഖദറിലും ചിതറിത്തെറിച്ച ചോരയെ നോക്കി ഇര്‍റോ വിളിക്കുന്ന ഹിംസയുടെ ജയ് ശ്രീറാം വിളികള്‍ കായിക സംസ്‌കാരത്തിന് വിള്ളലുകള്‍ തീര്‍ത്ത് സ്റ്റേഡിയത്തിനകത്തേക്കും കടന്നുചെന്നിരിക്കുന്നു. മുസ് ലിം സ്വത്വങ്ങളെ നോക്കി അത് ഓരിയിടാന്‍ തുടങ്ങിയിരിക്കുന്നു.
ഇന്ത്യയുടെ കായിക സംസ്‌കാരത്തെയെന്നല്ല, ഇന്ത്യയെന്ന മഹിതമായ ആശയത്തെതന്നെ പരിക്കേൽപിക്കാനും മാലിന്യക്കുഴിയില്‍ വീഴ്ത്താനുമുള്ള വീറുണ്ട് ഈ വായ്‌നാറ്റത്തിന്. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും എറിയുന്ന ബോള്‍ ഞൊടിയിടെ മിഡില്‍സ്റ്റമ്പ് പിഴുത് പ്രതിയോഗിയെ പവലിയനിലേക്ക് പറഞ്ഞയക്കുമ്പോള്‍, ഗാലറിയിലെയും സമൂഹ മാധ്യമങ്ങളിലെയും സംസ്‌കാര ശൂന്യതയില്‍ സ്വയം റണ്ണൗട്ട് ആവുകയാണ് നമ്മുടെ രാജ്യം.
ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ പേരുചൊല്ലി വിളിക്കുന്ന ഒരുപറ്റം കാണിക്കൂട്ടം, അടുത്തതായി വിളിക്കുന്നത് മുഹമ്മദ് ഷമിയെയാണ്. സൂര്യകുമാറിന് താരാരാധനയുടെ കൈവീശലും നിറപുഞ്ചിരിയുമാണ് അവരുടെ ആവനാഴിയില്‍ ഉണ്ടായിരുന്നതെങ്കില്‍, ഷമിക്ക് അവര്‍ കരുതിവെച്ചതും തൊടുത്തുവിട്ടതും ഹിംസയുടെ ജയ് ശ്രീറാം വിളികളും. ഇന്ത്യ- ആസ്‌ത്രേലിയ ക്രിക്കറ്റ് സൗഹൃദത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ നല്ല ഓർമകളെ അയവിറക്കുമ്പോള്‍ തിരുമ്മി വെളുപ്പിക്കാനാകാത്ത കറയായി ഈ സംഭവം മുഴച്ചുനിന്നു. ആഘോഷത്തിനു പകിട്ടായി ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ആന്റണി ആല്‍ബനീസും തുറന്ന വാഹനത്തില്‍ കാണികളെ അഭിവാദ്യം ചെയ്ത് ഇടംവലം മൈതാനം ചുറ്റി ഗ്രൗണ്ട് വിട്ടതിനു ശേഷം അരങ്ങേറിയ നാലാം ടെസ്റ്റിലെ രണ്ടാം ദിനത്തിലാണ് ഹീനമായ ഈ സംഭവത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്.
ഓർമയില്‍ സൂക്ഷിക്കാവുന്ന ഒരുപിടി മുഹൂര്‍ത്തങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിന് വലങ്കയ്യന്‍ പേസര്‍ മുഹമ്മദ് ഷമി സംഭാവന ചെയ്തിരിക്കുന്നത്. ഏകദിന  മത്സരത്തില്‍ ഏറ്റവും വേഗത്തില്‍ നൂറ് വിക്കറ്റ് കൊയ്ത ഇന്ത്യന്‍ കളിക്കാരനാണ് അദ്ദേഹം; ലോകകപ്പ് ക്രിക്കറ്റില്‍ ഹാട്രിക് വിക്കറ്റ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും. ചടുലമായും കൃത്യതയോടെയും പന്തെറിഞ്ഞ് ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും കൈയൊപ്പ് പതിപ്പിച്ച കളിക്കളത്തിലെ പ്രതിഭാധനനായ ഷമിയെയും, ഏഷ്യാ കപ്പില്‍ തീതുപ്പുന്ന പന്തുകളുമായി രാജ്യത്തെ വിജയതീരത്തേക്ക് അടുപ്പിച്ച മുഹമ്മദ് സിറാജിനെയും വെറുക്കാന്‍ ഒറ്റ കാരണമേ വിദ്വേഷധാരകള്‍ക്ക് ചൂണ്ടിക്കാട്ടാനുള്ളൂ; മുസ് ലിം സ്വത്വം!
കായിക മേഖല മുതല്‍ സാഹിത്യ അക്കാദമി കസേര വരെ വരുതിയിലാക്കാന്‍ കരുക്കള്‍ നീക്കുന്ന ഹിന്ദുത്വ ഭരണകൂടത്തിനും അതിന്റെ തണൽ പറ്റുന്ന ആള്‍ക്കൂട്ട ചട്ടമ്പികള്‍ക്കും ഇത്തരം വംശീയ 
ആക്രോശങ്ങള്‍ പരിമളമായി അനുഭവപ്പെടാതിരിക്കില്ല. ഇതുവഴി സ്വയം റണ്ണൗട്ടാവുകയോ തോല്‍വി വഴങ്ങുകയോ ആണ് സാംസ്‌കാരിക ഇന്ത്യ എന്ന് വിദ്വേഷം തലക്കുപിടിച്ചവരോട് ആരാണൊന്ന് ഓതിക്കൊടുക്കുക! l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്