Prabodhanm Weekly

Pages

Search

2023 ഒക്ടോബർ 06

3321

1445 റബീഉൽ അവ്വൽ 21

മതത്തെ നിരാകരിക്കാതെ, ശാസ്ത്രത്തെ അവഗണിക്കാതെ

അബ്ദുല്ലത്വീഫ് കൊടുവള്ളി

ഭൂമിയില്‍ മനുഷ്യജീവിതം സാധ്യമാകാന്‍ രണ്ടുതരം ഹിദായത്തുകള്‍ അഥവാ മാര്‍ഗദര്‍ശനങ്ങൾ വേണമെന്നാണ് ഖുര്‍ആന്റെ തീര്‍പ്പ്. ഇവ രണ്ടും പ്രപഞ്ചനാഥനായ അല്ലാഹു ലഭ്യമാക്കിയിരിക്കുന്നു. ഇവയോട് ഗുണകരവും ക്രിയാത്മകവുമായ പ്രതികരണമാവണം മനുഷ്യരില്‍നിന്നുണ്ടാവേണ്ടത് എന്ന് പഠിപ്പിക്കാനാണ് പല കാലങ്ങളിലായി പ്രവാചകന്മാര്‍ വന്നിട്ടുള്ളത്. അവയിൽ ഒന്നാമത്തേത്, ഭൗതിക ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ അറിവുകളിലേക്കുള്ള മാര്‍ഗദര്‍ശനമാണ്. ഇതിന്റെ അഭാവത്തില്‍ മനുഷ്യജീവിതം അസാധ്യമാണ്. അറിവുകളുടെ ആരംഭം നാമങ്ങളില്‍നിന്ന് തുടങ്ങുന്നു. ഖുര്‍ആന്‍ പറയുന്നത് കാണുക:
''അവന്‍ -അല്ലാഹു- ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ. അവര്‍ പറഞ്ഞു: നിനക്ക് സ്‌തോത്രം. നീ പഠിപ്പിച്ചു തന്നതല്ലാത്ത യാതൊരറിവും ഞങ്ങള്‍ക്കില്ല. നീ തന്നെയാണ് സര്‍വജ്ഞനും അഗാധജ്ഞാനിയും. അനന്തരം അവന്‍ -അല്ലാഹു- പറഞ്ഞു: ആദമേ, ഇവര്‍ക്ക് അവയുടെ നാമങ്ങള്‍ പറഞ്ഞുകൊടുക്കൂ. അങ്ങനെ അവന്‍ -ആദം- അവര്‍ക്ക് ആ നാമങ്ങള്‍ പറഞ്ഞുകൊടുത്തപ്പോല്‍ അവന്‍ -അല്ലാഹു- പറഞ്ഞു: ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങള്‍ വെളിപ്പെടുത്തുന്നതും ഒളിച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാന്‍ നിങ്ങളോട് പറഞ്ഞിട്ടില്ലേ?' (അൽബഖറ 31-33).
ഏതൊരു വസ്തുവിന്റെയും പേര് അതിന്റെ ബാഹ്യവും ആന്തരികവുമായ സവിശേഷ ഘടനയെ സൂചിപ്പിക്കുന്നു. പേരും പൊരുളും പരസ്പരം ബന്ധപ്പെട്ടു നില്‍ക്കുന്നു. മനുഷ്യര്‍ ഏതൊരു വസ്തുവിനെയും വസ്തുതയെയും തങ്ങളുടെ വ്യാവഹാരിക മേഖലയില്‍ കൊണ്ടുവരുന്നത് അതിന് ഒരു പേരിട്ടുകൊണ്ടാണ്. ഈ നാമകരണ സിദ്ധി ആദിമ മനുഷ്യനായ ആദമിന് നല്‍കപ്പെട്ടിരുന്നു എന്ന് മേല്‍ സൂക്തം പഠിപ്പിക്കുന്നു. വസ്തുക്കളെയും വസ്തുക്കളുടെ പേരുകളെയും തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു ഭൂമിയില്‍ മനുഷ്യജീവിതത്തിന്റെ തുടക്കം എന്നു സാരം.
ഭൗതിക മേഖലയിലെ മാര്‍ഗദര്‍ശനം മനുഷ്യജീവിതത്തിന്റെ ബാഹ്യ തലങ്ങളെ സുന്ദരമായി വ്യവസ്ഥപ്പെടുത്തണമെങ്കില്‍ അതിനെ ആന്തരികമായി സാന്മാര്‍ഗിക മൂല്യങ്ങള്‍ സ്വാധീനിക്കണം. ഇതാണ് രണ്ടാമത്തെ ഇനമായ ആത്മീയ മാര്‍ഗദര്‍ശനം. ദൈവവിശ്വാസം, പരലോക ബോധം, നന്മ, നീതി, സത്യം, ധര്‍മം പോലുള്ള മൂല്യങ്ങള്‍ അതത് കാലങ്ങളില്‍ നബിമാരിലൂടെ മനുഷ്യരാശിക്ക് ലഭ്യമാക്കിയാണ് അല്ലാഹു മനുഷ്യരെ സന്മാര്‍ഗപരമായി സായുധരാക്കുന്നത്. ഖുര്‍ആന്‍ പറയുന്നു: ''എന്റെ പക്കല്‍നിന്നുള്ള മാര്‍ഗദര്‍ശനം നിങ്ങള്‍ക്ക് വന്നെത്തുമ്പോള്‍ എന്റെ ആ മാര്‍ഗദര്‍ശനം പിന്‍പറ്റുന്നവരാരോ അവര്‍ ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല'' (അൽബഖറ 38). ഭൗതികമായ ജ്ഞാനം ഏറെയും സഹജമാണെങ്കില്‍, സാന്മാര്‍ഗിക ഹിദായത്ത് നബിമാരിലൂടെ മാത്രം ലഭിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഖുര്‍ആന്റെ സാരസര്‍വം ആത്മീയ മേഖലയിലെ ഹിദായത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.
ഭൗതികമായ അറിവുകളും ആത്മീയമായ ബോധ്യങ്ങളും ചേര്‍ന്നാണ് ജീവിതം മുന്നോട്ടു പോകേണ്ടത്.
തയ്യല്‍ മെഷീനില്‍ താഴെനിന്ന് മേലോട്ടും മേലെ നിന്ന് താഴോട്ടും സംയോജിച്ചു വരുന്ന രണ്ട് നൂലിഴകളാണ് തുണിശീലയെ ഷര്‍ട്ടായോ പാന്റായോ മാറ്റുന്നത്. ഒരു നൂലിന്റെ അഭാവത്തില്‍ അത് സാധ്യമല്ല. ഇതുപോലെ ഭൗതികമായ അറിവുകളെ അവഗണിച്ചോ, ആത്മീയമായ ജ്ഞാനസത്യങ്ങളെ അഗണ്യമാക്കിയോ സന്തുലിതമായ ജീവിതം സാധ്യമല്ല.
മതം, ശാസ്ത്രം
ശാസ്ത്രം നാഗരികതയെ സൃഷ്ടിക്കുന്നു, മതവിശ്വാസം മനുഷ്യനെ സൃഷ്ടിക്കുന്നു. മതവിശ്വാസവും ശാസ്ത്രവും ഒരുപോലെ മനുഷ്യന് ശക്തി പ്രദാനം ചെയ്യുന്നു. ശാസ്ത്രം മനുഷ്യന് നല്‍കുന്ന ശക്തി ബാഹ്യവും അവനില്‍നിന്ന് വേറിട്ടുള്ള രീതിയിലുമാണെങ്കില്‍, മതം നല്‍കുന്ന ശക്തിയാകട്ടെ അവനില്‍ ആന്തരികമായും അവനോട് ചേര്‍ന്നും സഹവര്‍ത്തിച്ചുകൊണ്ടുമാണ്. ശാസ്ത്രം സൗന്ദര്യമാണ്, മതവും സൗന്ദര്യമാണ്. ശാസ്ത്രം ബുദ്ധിയുടെ സൗന്ദര്യത്തിന്റെ പ്രതീകമാണെങ്കില്‍ വിശ്വാസം ആത്മാവിന്റെ സൗന്ദര്യമാണ്. ശാസ്ത്രം ചിന്തയുടെയും മനനത്തിന്റെയും സൗന്ദര്യമാണ്. വിശ്വാസം അവബോധത്തിന്റെ സൗന്ദര്യമാണ്.
ഏതൊരു പ്രകൃതിയിലാണോ മനുഷ്യപ്രകൃതിയെയും ബുദ്ധിയെയും സൃഷ്ടിച്ചിരിക്കുന്നത് അതിനനുസൃതമായി ഉള്‍ക്കൊള്ളാവുന്ന വിധമാണ് ഇസ് ലാമികാദര്‍ശവും ജീവിത രീതിയും സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, മനുഷ്യബുദ്ധിക്ക് അജ്ഞേയമായ അഭൗതിക വിവരങ്ങളും കൈമാറിക്കൊണ്ട് അല്ലാഹു മനുഷ്യനെ ഇരട്ട എഞ്ചിന്‍ നല്‍കി അനുഗ്രഹിച്ചിരിക്കുന്നു.
ശരിയായ ഭൗതിക ജ്ഞാനങ്ങള്‍ക്കൊപ്പം അഭൗതിക യാഥാര്‍ഥ്യങ്ങളെക്കുറിച്ച അറിവുകള്‍ കൂടി ചേരുമ്പോഴാണ് സത്യവിശ്വാസികളുടെ വിശ്വാസാവകാശവാദം സമ്പൂര്‍ണാര്‍ഥത്തില്‍ സാര്‍ഥകമാവുന്നത്. ഈ യാഥാര്‍ഥ്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''വിജ്ഞാനവും വിശ്വാസവും നല്‍കപ്പെട്ടവര്‍ ഇപ്രകാരം പറയുന്നതാണ്: അല്ലാഹുവിന്റെ രേഖയിലുള്ള പ്രകാരം ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളുവരെ നിങ്ങള്‍ കഴിച്ചു കൂട്ടിയിട്ടുണ്ട്. എന്നാല്‍ ഇതാ, ഉയിര്‍ത്തെഴുന്നേല്‍പുനാള്‍. പക്ഷേ, നിങ്ങള്‍ (അതിനെപ്പറ്റി) മനസ്സിലാക്കിയിരുന്നില്ല'' (അര്‍റൂം 56).
(ആത്മീയജ്ഞാനത്തിന്റെയും ഭൗതികമായ ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ പരലോകമെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവും എന്നു സാരം).
മനുഷ്യരിലെ സഹജാവബോധവും പഞ്ചേന്ദ്രിയാനുഭവങ്ങളും, നബിമാര്‍ക്ക് ലഭിച്ച ദിവ്യബോധനത്തിലൂടെ ലഭിക്കുന്ന അഭൗതിക ജ്ഞാനങ്ങളും ചേര്‍ന്നായിരിക്കണം മാനവ സംസ്‌കാരവും നാഗരികതയും മുന്നോട്ടു പോകേണ്ടതെന്ന വസ്തുതയാണ് ഇതിലൂടെ അനാവൃതമാവുന്നത്.
അമാനുഷിക സംഭവങ്ങള്‍ ശാസ്്ത്രമല്ല
ദൈവം, പരലോകം, പ്രവാചകത്വം പോലുള്ള യാഥാര്‍ഥ്യങ്ങളെ പ്രബോധിതര്‍ക്ക് ബോധ്യപ്പെടുത്താനായി അല്ലാഹു താനുദ്ദേശിക്കുമ്പോള്‍ പ്രകടിപ്പിക്കുന്ന ചില അസാധാരണ നടപടികളുണ്ട്. അവ മുഅ്ജിസത്തുകള്‍ (അമാനുഷ സംഭവങ്ങള്‍ അഥവാ സാധാരണ ഗതിയില്‍ മനുഷ്യ സാധ്യമല്ലാത്ത കാര്യങ്ങള്‍) എന്നറിയപ്പെടുന്നു. മൂസാ നബിയുടെ വടി പാമ്പായതും ഈസാ നബി മരിച്ചവരെ ജീവിപ്പിച്ചതും ഉദാഹരണം. മുഹമ്മദ് നബിയുടെ വാനാരോഹണവും ഈ ഗണത്തില്‍ പെടുന്നു. ഇവ ശാസ്ത്ര തത്ത്വങ്ങൾക്കതീതവും അതിന്റെ അളവുകോലുകള്‍ വെച്ച് വ്യാഖ്യാനിക്കാന്‍ കഴിയാത്തതുമാണ്. തികച്ചും അതീന്ദ്രിയവും അഭൗതികവുമാണ് അവ. നബിമാര്‍ക്ക് പ്രവാചകത്വ ലബ്ധിക്ക് ശേഷമാണ് മുഅ്ജിസത്ത് ലഭിക്കുന്നതെങ്കില്‍ പ്രവാചകത്വത്തിന് മുമ്പു തന്നെ അവര്‍ക്കും അവരുമായി ബന്ധപ്പെട്ട പ്രബോധിത ജനങ്ങള്‍ക്കും ചില അസാധാരണാനുഭവങ്ങളുണ്ടാകാം. ഇവ 'ഇര്‍ഹാസ്വാത്തു'കള്‍ എന്നറിയപ്പെടുന്നു.
കഅ്ബ പൊളിക്കാനെത്തിയ അബ്റഹത്ത് ചക്രവര്‍ത്തിയുടെയും സൈന്യത്തിന്റെയും ദുരനുഭവം, നബി(സ)യെ ഗര്‍ഭം ചുമന്ന ഘട്ടത്തില്‍ മാതാവ് ആമിന, തന്നില്‍നിന്ന് പുറത്തേക്ക് ഒരു പ്രകാശം പ്രസരിക്കുന്നതായി കണ്ട സ്വപ്‌നം (അഹ്്മദ്, ഹാകിം- അല്‍ബാനി സ്വഹീഹാക്കിയത്), മുഹമ്മദ് നബിയെ ശിശുവായിരിക്കെ മുലകൊടുത്തു വളര്‍ത്താൻ കൊണ്ടുവരാനായി പോയപ്പോഴും തിരിച്ചുവന്നപ്പോഴുമുണ്ടായ അനുഭവങ്ങള്‍ (ബലപ്പെടുത്തുന്ന ധാരാളം പരമ്പരകളിലൂടെ വന്നതെന്ന് ഇമാം ദഹബി) മുതലായവ ഇർഹാസ്വാത്തുകളുടെ ഇനത്തിൽ ‍പെടുന്നു. ഭാവിയില്‍ പ്രവാചകത്വം ലഭിക്കാനിരിക്കുന്ന വ്യക്തിയിലേക്ക് ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുക എന്നതാണ് ഇതിലെ യുക്തി. ഈ വക ഇർഹാസ്വാത്തുകളോ, പ്രവാചകത്വ ശേഷം ലഭിക്കുന്ന മുഅ്ജിസത്തുകളോ ഭൗതിക ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ച് വിശദീകരിക്കാന്‍ കഴിയുന്നതല്ല. അത് അവയുടെ ലക്ഷ്യവുമല്ല. അതുകൊണ്ടുതന്നെ, ഇസ് ലാമിക വീക്ഷണത്തില്‍, അമാനുഷ സംഭവങ്ങളെ ശാസ്ത്രമായല്ല, ശാസ്ത്രാതീത യാഥാര്‍ഥ്യങ്ങളായാണ് അവതരിപ്പിക്കുന്നത്.
മതത്തെ മതമായും ശാസ്ത്രത്തെ ശാസ്ത്രമായും ഭൗതികാതീത യാഥാര്‍ഥ്യങ്ങളെ അങ്ങനെയായും മനസ്സിലാക്കുകയും അവതരിപ്പിക്കുകയുമാണ് വിവേക മതികള്‍ ചെയ്യേണ്ടത്. മതത്തെ നിരാകരിക്കുന്നതുപോലെ തന്നെ അപക്വമായ നടപടിയാണ് ശാസ്ത്ര സത്യങ്ങളെ അവഗണിക്കുന്നതും. 
l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 17-19
ടി.കെ ഉബൈദ്

ഹദീസ്‌

ഭൂമിയിലുള്ളവരോട് ദയ കാണിക്കുക
ഡോ. കെ. മുഹമ്മദ് പാണ്ടിക്കാട്