ഖത്തറിൽ മറ്റൊരു ചരിത്ര നിമിഷം
2023 സെപ്‌റ്റംബര്‍ 15-ന് ദോഹ മറ്റൊരു ചരിത്ര നിമിഷത്തിന് സാക്ഷിയാവുകയായിരുന്നു. ഏഴര പതിറ്റാണ്ടായി കേരളക്കരയിൽ ഇസ്‌ലാം വായനയെ സര്‍ഗാത്മകമാക്കിക്കൊണ്ടിരിക്കുന്ന പ്രബോധനം വാരികയുടെ മൊബൈല്‍ ആപ്പിന്റെ ലോഞ്ചിംഗ് ദോഹയിലെ പ്രൗഢ ഗംഭീരമായ സദസ്സില്‍ അരങ്ങേറി. ഒരാഴ്്ചയായി ഖത്തർ മലയാളികൾ പ്രബോധനം മൊബൈൽ ആപ്പിന് നൽകിവന്ന വലിയ സ്വീകരണത്തിന്റെ തുടർച്ചയായിരുന്നു പ്രകാശന പരിപാടി. പ്രബോധനം ചീഫ് എഡിറ്റർ ഡോ. കൂട്ടിൽ മുഹമ്മദലി, സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം എന്നിവർ ചേർന്നാണ് ആപ്പിന്റെ റിലീസിംഗ് നിർവഹിച്ചത്.
'കാലത്തിന്റെ ഭാഷയിലും ശൈലിയിലും സമൂഹത്തോട് സംവദിച്ചുകൊണ്ടേയിരിക്കുന്ന പ്രബോധനം വാരിക അതിന്റെ സ്വാഭാവിക വളര്‍ച്ചയുടെ ഭാഗമായി ആധുനിക സാങ്കേതിക സൗകര്യങ്ങളുടെ പുതിയ മാനത്തേക്ക് കുതിക്കുകയാണ്'- പ്രബോധനം ചീഫ് എഡിറ്റര്‍ ഡോ. കൂട്ടില്‍ മുഹമ്മദലി പറഞ്ഞു. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വാരിക, ആശയപരമായ വെല്ലുവിളികളെയും ഒരു സമൂഹത്തിന് എതിരെയുള്ള അക്രമോത്സുകമായ കടന്നുകയറ്റങ്ങളെയും സര്‍ഗാത്മകമായി നേരിട്ടുകൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ സമൂല മാറ്റം ലക്ഷ്യംവെക്കുന്ന ആശയ പോരാട്ടമാണ് പ്രബോധനത്തിന്റെത്. ഭാഷാപരമായും സാംസ്‌കാരികമായും മഹത്തായ പാഠങ്ങള്‍ നല്‍കുന്ന ഒരു ദര്‍ശന വിശേഷത്തിന്റെ മലയാള വായനക്ക് തുടക്കമിട്ടത് പ്രബോധനമാണ്. സമുദായ ശാക്തീകരണത്തിനും ബഹുസ്വര സാമൂഹികതയുടെ ക്രിയാത്മകതക്കും പ്രബോധനം നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്.
മനുഷ്യരേ, എന്ന ദൈവികമായ അഭിസംബോധന ഒരു ബഹുസ്വര സമൂഹത്തില്‍, എല്ലാവരുടെയും ഭാഷയിൽ അക്ഷരങ്ങളായി പ്രകാശിച്ചതും പ്രസരിച്ചതും പ്രബോധനം വാരികയിലൂടെയാണെന്ന് സീനിയർ സബ് എഡിറ്റർ സദ്റുദ്ദീൻ വാഴക്കാട് പറഞ്ഞു. കാലാതിവർത്തിയായ ഇടപെടലുകളാണ് വാരിക നടത്തുന്നത്. ലിബറലിസത്തിനും നവ നാസ്തികതക്കുമെതിരായ പോരാട്ടത്തിൽ അത് നേതൃപരമായ പങ്ക് വഹിച്ചു. 'സ്വതന്ത്ര ഇന്ത്യയില്‍ ഉർദു ഭാഷ അസ്‌തമിക്കാന്‍ പോകുന്നു, ഇനി പ്രാദേശിക ഭാഷകളിൽ ശ്രദ്ധയൂന്നണം' എന്ന, വിഭജന കാലത്ത് മൗലാനാ മൗദൂദി നടത്തിയ പ്രഭാഷണത്തിലെ പ്രവചനാത്മകമായ പരാമര്‍ശം ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു ഐ.പി.എച്ച് എഡിറ്റർ വി.എ കബീര്‍ സമാപന ഭാഷണം തുടങ്ങിയത്. രാജ്യം സ്വതന്ത്രമാകുന്ന ഘട്ടത്തില്‍ അതത് പ്രാദേശിക ഭാഷകളെ കേന്ദ്രീകരിച്ച് ദൗത്യ നിര്‍വഹണത്തിന് ഒരുങ്ങണമെന്നായിരുന്നു ദീര്‍ഘ ദര്‍ശിയായ ആ നേതാവിന്റെ ആഹ്വാനം. അഥവാ, വായന സജീവമാകുമ്പോഴാണ് ഭാഷകള്‍ ജീവിക്കുന്നത്. വായനയാണ് ഒരു സമൂഹത്തിന്റെ ഉണര്‍വും ഉയര്‍ച്ചയും. വായനയില്ലാത്ത ജിവിതത്തിന് ഒരു മൂല്യവുമില്ല. പേരിൽ തന്നെ ദൗത്യത്തെ വഹിക്കുന്ന മഹത്തായ പ്രസിദ്ധീകരണമാണ് പ്രബോധനമെന്നും വി.എ കബീര്‍ പറഞ്ഞു.
സി.ഐ.സി പ്രസിഡന്റ് ടി.കെ ഖാസിം അധ്യക്ഷത വഹിച്ചു. പ്രബോധനം ആപ്ലിക്കേഷന്‍ ലോഞ്ചിംഗിനോടനുബന്ധിച്ച് രണ്ടാഴ്‌ച നീണ്ടുനിന്ന കാമ്പയിനിൽ കൂടുതല്‍ പേരെ വരിചേര്‍ത്ത വ്യക്തിക്കുള്ള ഉപഹാരം ജഫ്‌ല ഹമീദുദ്ദീന്‍ ഏറ്റുവാങ്ങി. സി.ഐ.സി യൂനിറ്റുകള്‍ക്കുള്ള പ്രത്യേക സമ്മാനം വക് റ, നുഐജ, മതാര്‍ ഖദീം ഘടകങ്ങളും സ്വന്തമാക്കി.
സി.ഐ.സി കേന്ദ്രസമിതി അംഗം ഹബീബ്ുർറഹ്‌മാന്‍ കിഴിശ്ശേരി സ്വാഗതമാശംസിച്ചു. സി.ഐ.സി പോഷക ഘടകങ്ങളായ വിമൻ ഇന്ത്യ പ്രസിഡന്റ് നഹിയാ ബീവി, യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ് മുസ്‌തഫ, ഗേള്‍സ് ഇന്ത്യ പ്രസിഡന്റ് ഖദീജ മന്‍സൂര്‍ ആശംസകള്‍ നേര്‍ന്നു. മുഹമ്മദലി വക് റ ഖുര്‍ആന്‍ പാരായണം നടത്തി.
ഐ.എം ബാബു, വി.കെ നൗഫല്‍, ബഷീര്‍ അഹമ്മദ്, റിയാസ് പി. റസാഖ്, എ.ആര്‍ ഗഫൂര്‍, ത്വയ്യ്വിബ അര്‍ഷദ്, ഷാനവാസ്, അബ്‌ദുല്‍ ജബ്ബാര്‍, ഷംസുദ്ദീന്‍, മുഹമ്മദ് സല്‍മാന്‍ നേതൃത്വം നല്‍കി. സെപ്റ്റംബർ 5 മുതൽ ആരംഭിച്ച പ്രചാരണ കാമ്പയിന് ഖത്തർ മലയാളികൾ വലിയ സ്വീകരണമാണ് നൽകിക്കൊണ്ടിരിക്കുന്നത്.
വായന കൂടുതൽ ജനകീയവും എളുപ്പവുമാകുന്ന വിധത്തിലാണ് പ്രബോധനം ആപ്പ് തയാറാക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് /ആപ്പിൾ സ്റ്റോറുകളിൽ ലഭ്യമാകുന്ന ആപ്പ് ആകർഷകമായ അക്ഷരങ്ങളും രൂപകൽപനയും പോഡ്കാസ്റ്റും ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് പുറത്തിറക്കിയിരിക്കുന്നത്.
Comments