Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

ബിദ്അത്തുകളെ സൂക്ഷിക്കുക

ഡോ. ഇൽയാസ് മൗലവി

സുന്നത്തിന് വിരുദ്ധമായ കര്‍മമാണ് ബിദ്അത്ത്. നബി (സ) അനുശാസിച്ചിട്ടില്ലാത്തതും സ്വഹാബത്തിന്റെയോ താബിഉകളുടെയോ ജീവിതത്തില്‍ മാതൃകയില്ലാത്തതും ശര്‍ഈ പ്രമാണങ്ങളുടെ പിന്‍ബലമില്ലാത്തതുമായ കര്‍മങ്ങള്‍ മതാധ്യാപനങ്ങളാണെന്ന വിശ്വാസത്തോടെ അനുഷ്ഠിക്കുന്നത് ബിദ്അത്താണെന്ന് മുന്‍ഗാമികളായ പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 
നബി (സ) തന്റെ അന്തിമ വസ്വിയ്യത്തില്‍ ബിദ്അത്തുകളുടെ ആധിക്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇര്‍ബാദുബ്നു സാരിയ പറയുന്നു: 'ഒരിക്കൽ നബി (സ) ഞങ്ങള്‍ക്ക് ഇമാമായി നമസ്കരിച്ചു. ശേഷം ഞങ്ങളുടെ നേര്‍ക്ക് തിരിഞ്ഞുനിന്ന് മനസ്സുകളെ ആഴത്തില്‍ സ്വാധീനിക്കുന്ന ഒരു പ്രഭാഷണം നടത്തി. (അതു കേട്ടപ്പോള്‍) ഹൃദയങ്ങള്‍ കിടുങ്ങിവിറച്ചു. കണ്ണുകള്‍ ഈറനണിഞ്ഞു. ഒരാള്‍ പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ, ഒരു വിടവാങ്ങൽ പോലെ ഞങ്ങള്‍ക്ക് ഇത് അനുഭവപ്പെടുന്നല്ലോ? അതിനാല്‍ ഞങ്ങള്‍ക്ക് വസ്വിയ്യത്ത് നൽകിയാലും.' നബി (സ) പറഞ്ഞു: ''അല്ലാഹുവിനെ സൂക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് വസ്വിയ്യത്ത് ചെയ്യുന്നു. നിങ്ങളുടെ നേതാവ് അബ്സീനിയക്കാരനായ അടിമയാണെങ്കിലും കേള്‍ക്കുക; അനുസരിക്കുക. നിങ്ങളിൽ ആരെങ്കിലും എനിക്ക് ശേഷം ജീവിക്കുകയാണെങ്കിൽ തീര്‍ച്ചയായും ധാരാളക്കണക്കിന് അഭിപ്രായ വ്യത്യാസങ്ങള്‍ കാണുക തന്നെ ചെയ്യും. അപ്പോള്‍ നിങ്ങള്‍ എന്റെ ചര്യയെയും ഖുലഫാഉറാശിദുകളുടെ ചര്യയെയും സ്വീകരിക്കുക. അതിനെ നിങ്ങള്‍ മുറുകെ പിടിക്കുക. അണപ്പല്ലുകള്‍ കൊണ്ട് അവ കടിച്ചുപിടിച്ചു കൊള്ളുക. പുതു നിർമിതികളെ സൂക്ഷിക്കുക. അവയെല്ലാം ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്'' (അബൂ ദാവൂദ് 4609).
ഇമാം ഇസ്സുബ്നു അബ്ദിസ്സലാം പറയുന്നു: ''ശരീഅത്ത് സവിശേഷമായി നിശ്ചയിക്കാത്ത സമയങ്ങളിൽ ഇബാദത്തുകൾക്ക് പ്രത്യേകത കൽപിക്കാൻ പാടുള്ളതല്ല. മറിച്ച്, എല്ലാ പുണ്യകർമങ്ങളും സമയബന്ധിതമല്ലാതെ ഏത് സമയത്തും നിർവഹിക്കുകയാണ് വേണ്ടത്. സമയങ്ങളിൽ ചിലതിന് മറ്റു സമയങ്ങളെക്കാൾ മഹത്വമൊന്നും ഇല്ല. ശരീഅത്ത് ശ്രേഷ്ഠത കൽപിക്കുകയും ചില ഇബാദത്തുകൾ പ്രത്യേകമായി നിർദേശിക്കുകയും ചെയ്തിട്ടുള്ള സമയങ്ങൾ മാത്രമാണ് ഇതിന് അപവാദം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ  പ്രസ്തുത ശ്രേഷ്ഠത ആ ഇബാദത്തിന് മാത്രമായിരിക്കും. മറ്റു ഇബാദത്തുകൾക്ക് അത് ബാധകമല്ല. അറഫാ ദിനത്തിലെ നോമ്പ്, ആശൂറാ നോമ്പ്, അർധരാത്രിയിലെ നമസ്കാരം, റമദാനിലെ ഉംറ എന്നിവ ഉദാഹരണങ്ങളാണ്. എല്ലാ സൽക്കർമങ്ങളും ശ്രേഷ്്ഠകരമാക്കപ്പെട്ട ചില സമയങ്ങളുണ്ട്, ദുൽഹിജ്ജ പത്തുവരെയുള്ള ദിവസങ്ങൾ, ആയിരം മാസങ്ങളെക്കാൾ ഉത്തമമായ ലൈലത്തുൽ ഖദ്ർ എന്നിവ ഉദാഹരണം. ആയതിനാൽ ഇതു പോലെയുള്ള സന്ദർഭങ്ങളിൽ ഏതു തരത്തിൽപെട്ട പുണ്യകർമങ്ങൾ ചെയ്താലും അവക്ക് മറ്റു സന്ദർഭങ്ങളിൽ ഉള്ളതിനെക്കാൾ ശ്രേഷ്ഠത ഉണ്ടായിരിക്കും. പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സമയങ്ങൾക്ക് പ്രത്യേകത കൽപിക്കാനുള്ള അധികാരം മുകല്ലഫിന് (നിയമം അനുസരിക്കുന്ന ദാസൻ) ഇല്ല. പ്രത്യുത, അത് നിയമ ദാതാവിന് മാത്രമുള്ളതാകുന്നു'' (ബിദ്അത്തിനെപ്പറ്റിയുള്ള ഇമാം അബൂ ശാമയുടെ ഗ്രന്ഥത്തിൽനിന്ന്).
വ്യക്തമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ, ഏതെങ്കിലുമൊരു ദിവസം അല്ലെങ്കിൽ രാവ് പ്രത്യേകിച്ച് പുണ്യമുള്ളതാണ്, അതിൽ ഒരുമിച്ചു കൂടുന്നതിനും, ദിക്റുകളും ദുആകളുമൊക്കെ ചൊല്ലുന്നതിനും, അതുപോലെ ഏതെങ്കിലും കർമങ്ങൾ - അത് സാധാരണഗതിയിൽ സൽക്കർമങ്ങൾ തന്നെയാണെന്ന് വെക്കുക – ചെയ്യുന്നതിനുമൊക്കെ പ്രത്യേകം പുണ്യവും പ്രതിഫലവുമുണ്ട് എന്നൊക്കെ വിശ്വസിച്ചുകൊണ്ട് ചെയ്യുന്നതിന്റെയും ഒരുമിച്ചുകൂടുന്നതിന്റെയും വിധി അതു പാടില്ല എന്നതാണ്. കാരണം അത് ബിദ്അത്താണ്, അനാചാരമാണ്, ദീനിൽ കൂട്ടിച്ചേർക്കലാണ്. ഈയൊരു കാര്യത്തിൽ ആർക്കെങ്കിലും എതിരഭിപ്രായം ഉള്ളതായി അറിയില്ല. ഒരു പ്രത്യേക ദിവസമോ സന്ദർഭമോ നിശ്ചയിക്കുന്നതോ തെരഞ്ഞെടുക്കുന്നതോ അല്ല ഇവിടെ പ്രശ്നം. പ്രത്യുത, അങ്ങനെ ചെയ്യുന്നതിന്റെ ചേതോവികാരം എന്ത് എന്നതാണ്.

ചെയ്യുന്ന കർമം മാത്രമല്ല പ്രശ്നം എന്നർഥം. അതു മാത്രം അടിസ്ഥാനമാക്കി ഒരു വിധി പ്രസ്താവിക്കുന്നതും ശരിയല്ല. പ്രത്യുത, ആ സംഗതി ചെയ്യുന്നതിന്റെ പ്രചോദനവും നിയ്യത്തും വിശ്വാസവുമെല്ലാം പരിഗണിച്ചാണ് ഒരു കാര്യം ബിദ്അത്താണോ, അല്ലേ എന്നൊക്കെ പറയാൻ പറ്റൂ. ഒരു കാര്യം ബിദ്അത്താവുന്നത് സ്വന്തം നിലക്ക് അക്കാര്യം മോശമോ തിന്മയോ ആയതുകൊണ്ട് മാത്രമായിക്കൊള്ളണമെന്നുമില്ല. കാരണം, സ്വന്തം നിലക്ക് വളരെ ഉത്തമവും പുണ്യകരവുമായ കാര്യങ്ങൾ പോലും ചിലപ്പോൾ കുറ്റകരവും ശിക്ഷാർഹവും ആയിത്തീരാം. 

ഇമാം മുഹമ്മദുൽ ഖത്വീബ് അശ്ശർബീനി, ഇമാം നവവിയുടെ മിൻഹാജിന്റെ വ്യാഖ്യാനത്തിൽ പറയുന്നു: "യാതൊരു കാരണവും കൂടാതെ ഒരു സുജൂദ് നിർവഹിച്ചുകൊണ്ട് അല്ലാഹുവിന്റെ സാമീപ്യം നേടാമെന്ന് വെച്ചാൽ അത് ഹറാമാകും; അതൊരു നമസ്്കാര ശേഷമാണെങ്കിലും. അതുപോലെ തന്നെയാണ് ഒരു റുകൂഓ മറ്റോ മാത്രമായിക്കൊണ്ട് നിർവഹിക്കലും. കാരണം, അത് ബിദ്അത്താണ്. വിവരദോഷികളിൽപെട്ട പലരും തങ്ങളുടെ ഗുരുവര്യന്മാരുടെ മുമ്പിൽ സുജൂദ് ചെയ്യുന്നതും ഹറാമായ ചെയ്തികളിൽ പെടുന്നു. അങ്ങനെ ചെയ്യുന്നത് ഖിബ്്ലക്ക് അഭിമുഖമായിട്ടായിരുന്നാലും, ചെയ്യുന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ പ്രീതിയായിരുന്നാലും അത് ഹറാമാണ്. ശരീഅത്ത് മാറ്റിനിർത്തിയതൊഴിച്ചുള്ള എല്ലാ തരം ബിദ്അത്തും വഴികേട് തന്നെ.'' - (അൽമുഗ്നിൽ മുഹ്താജ്: തിലാവത്തിന്റെ സുജൂദിന്റെ അധ്യായം; ശര്‍ഹുൽ മുഹദ്ദബ് 4/69).

അല്ലാഹുവുമായി ഒരടിമ ഏറ്റവും കൂടുതൽ സമീപസ്ഥനാവുന്ന കർമമാണ് സുജൂദ് എന്നാണ് റസൂല്‍ (സ) പഠിപ്പിച്ചിട്ടുള്ളത്‌. അങ്ങനെയുള്ള സുജൂദ് പോലും ശർഇയ്യായ കാരണമില്ലാതെ ചെയ്യാൻ പാടില്ല എന്നാണ് ഇമാം നവവിയെ പോലുള്ളവർ പഠിപ്പിക്കുന്നത്. ഇവിടെ കാരണം എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം നന്ദിയുടെ സുജൂദ്, മറവിയുടെ സുജൂദ്, തിലാവത്തിന്റെ സുജൂദ് മുതലായ നബി (സ) പഠിപ്പിച്ച ശർഇയ്യായ കാരണങ്ങളാണ്. അല്ലാതെ, ഓരോരുത്തരും സ്വയം കണ്ടെത്തുന്ന ന്യായങ്ങളും കാരണങ്ങളുമല്ല. അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ചുകൊണ്ടാണെങ്കിൽ പോലും അങ്ങനെയുള്ള സുജൂദ് ചെയ്യുന്നത് ബിദ്അത്തും ഹറാമുമാണെന്ന് വ്യക്തമായി പറഞ്ഞിരിക്കുകയാണിവിടെ.
സ്വന്തം നിലക്ക് നോക്കുമ്പോൾ നല്ലതാണ് എന്ന് തോന്നുന്ന പല കർമങ്ങളും യഥാർഥത്തിൽ അങ്ങനെയായിരിക്കുകയില്ല. അഥവാ, ഒരാൾക്ക് തന്റെ സ്വന്തം നിഗമനങ്ങളിലൂടെ ആവിഷ്കരിക്കാവുന്നതല്ല അതൊന്നും എന്നർഥം.

ജുനാദത്തുബ്്നു അബീ ഉമയ്യയിൽനിന്ന് നിവേദനം: ഒരു വെള്ളിയാഴ്ച അസ്ദിൽനിന്നുള്ള ഒരു സംഘത്തോടൊപ്പം ഞാൻ റസൂലി(സ)ന്റെ അടുക്കൽ ചെല്ലുകയുണ്ടായി. റസൂൽ (സ) ഞങ്ങളെ ഭക്ഷണത്തിനായി ക്ഷണിച്ചു. ഞങ്ങൾ പറഞ്ഞു: ഞങ്ങൾ നോമ്പിലാണ്. അവിടുന്ന് ചോദിച്ചു: നിങ്ങൾ ഇന്നലെ നോമ്പെടുത്തിരുന്നോ? ഞങ്ങൾ പറഞ്ഞു: ഇല്ല. അവിടുന്ന് ചോദിച്ചു: നിങ്ങൾ നാളെ നോമ്പെടുക്കുമോ? ഞങ്ങൾ പറഞ്ഞു: ഇല്ല. അപ്പോൾ അവിടുന്ന് പറഞ്ഞു: എന്നാൽ, നിങ്ങൾ നോമ്പ് മുറിച്ചുകൊൾക. വെള്ളിയാഴ്ച ദിവസം മാത്രമായി നിങ്ങൾ നോമ്പെടുക്കരുത് (ഹാകിം തന്റെ മുസ്തദ്റകിൽ ഉദ്ധരിച്ചത്: 6557). 

ഇങ്ങനെ പ്രത്യേകമായി ചെയ്യുന്നതിന് തെളിവുണ്ടെങ്കിൽ അത് പ്രതിഫലാർഹമായ പുണ്യകർമം ആകുമെന്നതിൽ തർക്കവുമില്ല. ഉദാഹരണമായി, വെള്ളിയാഴ്ച ദിവസം സൂറത്തുൽ കഹ്ഫ് ഓതൽ. അബൂ സഈദിൽ ഖുദ്്രി നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു: 'ആരെങ്കിലും വെള്ളിയാഴ്ച സൂറത്തുൽ കഹ്ഫ് പാരായണം ചെയ്താൽ രണ്ടു ജുമുകൾക്കിടയിൽ അല്ലാഹു അയാൾക്ക് വെളിച്ചം നൽകുന്നതാണ്' (ബൈഹഖി സുനനിൽ: 6209).

ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച സൂറത്തുൽ കഹ്ഫ് പാരായണം സുന്നത്താണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിരിക്കുന്നു. ഇവിടെ സൂറത്തുൽ കഹ്ഫിന് പകരം മറ്റൊരു സൂറത്ത് ഓതിയാൽ ഈ പ്രതിഫലം ലഭിക്കുകയില്ല. 

എന്താണ് ബിദ്അത്ത്?

മുന്‍ മാതൃകയില്ലാതെ കണ്ടുപിടിക്കുന്നതിനെ ദ്യോതിപ്പിക്കുന്ന ബിദഅ്/ بدع എന്ന വാക്കാണ് ബിദ്അത്തിന്റെ അടിസ്ഥാനം. 'ആകാശങ്ങളെയും ഭൂമിയെയും മുന്‍ മാതൃകയില്ലാതെ സൃഷ്ടിച്ചവന്‍' (അൽ ബഖറ 117) എന്ന സൂക്തത്തിലെ 'ബദീഅ്'/بَدِيع ഈ ഗണത്തില്‍ പെട്ടതാകുന്നു. '(നബിയേ) പറയുക: ദൈവദൂതന്മാരില്‍ ഒരു പുതുമക്കാരനല്ല ഞാന്‍' (അൽ അഹ്ഖാഫ്  9) എന്ന സൂക്തത്തിലെ بِدْعًا (ബിദ്അന്‍) എന്ന വാക്ക് സൂചിപ്പിക്കുന്നത് എനിക്ക് മുമ്പും ധാരാളം പ്രവാചകന്മാര്‍ കഴിഞ്ഞുപോയിട്ടുണ്ട് എന്ന ചരിത്രസത്യമാണ്. 'ഇബ്തദഅ' / ابتدع - ഒരാള്‍ ഒരു 'ബിദ്അത്ത്' ഉണ്ടാക്കി - എന്നു പറഞ്ഞാല്‍ മുമ്പാരും ചെയ്തിട്ടില്ലാത്ത രീതി സ്വീകരിച്ചു എന്നാണ്. 'ഇത് അനുപമമായ കാര്യമാണ്' (أَمْرٌ بَدِيعٌ) എന്ന് പറഞ്ഞാല്‍, ഇത്രയും സുന്ദരവും മനോഹരവുമായ ഒരു കാര്യം നേരത്തെ ആരും ചെയ്തിട്ടില്ല എന്നാണ്. ഇതാണ് ബിദ്അത്തിന്റെ ഭാഷാപരമായ അർഥം.

ബിദ്അത്തിന്റെ സാങ്കേതിക വിവക്ഷ വിശദീകരിച്ചുകൊണ്ട് ഇമാം ശാത്വിബി പറയുന്നു: ''ബിദ്അത്ത് എന്നത് ദീനിൽ പുതുതായി ആവിഷ്കരിക്കപ്പെട്ടതും, ശർഇയ്യായി സ്ഥിരപ്പെട്ട കാര്യങ്ങളോട് സാമ്യത പുലർത്തുന്നതും, അല്ലാഹുവിന് കൂടുതലായി ഇബാദത്ത് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമായ രീതിക്ക് പ റയുന്ന പേരാണ്'' (അല്‍ ഇഅ്തിസ്വാം).

ബിദ്അത്ത് ചെയ്യുന്നവരുടെ ന്യായം

ബിദ്അത്ത് മദ്യപാനമോ വ്യഭിചാരമോ പോലെയല്ല. മറിച്ച്, മതത്തിലെ പുണ്യകർമമായിട്ടാണ് കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ആളുകള്‍ക്ക് വലിയ പ്രയാസമാണ്. പ്രസ്തുത ബിദ്അത്ത് ചൂണ്ടിക്കാണിച്ചാല്‍ ആളുകള്‍ പറയും, അത് നമസ്കാരമല്ലേ, ദിക്റല്ലേ, സ്വലാത്തല്ലേ എന്നൊ ക്കെ. എക്കാലത്തും ബിദ്അത്ത് ചെയ്യുന്നവരുടെ ന്യായം ഇതുതന്നെയാണ്.

സഈദുബ്്നുൽ മുസയ്യബി(റ)ല്‍നിന്ന് നിവേദനം: ഒരിക്കല്‍ ഒരാൾ പ്രഭാതോദയത്തിന് ശേഷം സുജൂദും റുകൂഉമെല്ലാം ദീര്‍ഘിപ്പിച്ചുകൊണ്ട്‌ രണ്ട് റക്അത്തില്‍ അധികമായി നമസ്കരിക്കുന്നത് കണ്ടു. അയാളോട് അങ്ങനെ ചെയ്യരുതെന്ന് വിലക്കി. അപ്പോള്‍ അയാള്‍ പറഞ്ഞു: അബൂ മുഹമ്മദ്‌, നമസ്കാരത്തിന്റെ പേരില്‍ അല്ലാഹു എന്നെ ശിക്ഷിക്കുമോ? സഈദുബ്്നുൽ മുസയ്യബ് പറഞ്ഞു: ഇല്ല. പക്ഷേ, സുന്നത്തിന് എതിരായി നീ ചെയ്തതിനാണ് നിന്നെ ശിക്ഷിക്കുക.

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ശൈഖ് അല്‍ബാനി പറഞ്ഞു: ''സഈദുബ്്നുൽ മുസയ്യബിന്റെ മറുപടി എത്ര ഉദാത്തമാണ്. മിക്ക ബിദ്അത്തുകളെയും അത് നമസ്കാരമല്ലേ, ദിക്റല്ലേ എന്നൊക്കെ പറഞ്ഞ് നല്ലതായി കരുതിപ്പോരുന്ന ബിദ്അത്തുകാർക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മറുപടി. ഇങ്ങനെയുള്ള ബിദ്അത്തുകള്‍ക്കെതിരെ ശബ്ദിച്ചാല്‍ ഇത്തരം ആളുകളൊക്കെ, നിങ്ങൾ അഹ്്ലുസ്സുന്നയെയും നമസ്കാരത്തെയും ദിക്റിനെയും എതിര്‍ക്കുന്നവരാണെന്ന് കുറ്റപ്പെടുത്തും. യഥാർഥത്തില്‍ അഹ്്ലുസ്സുന്ന എതിര്‍ക്കുന്നത് നമസ്കാരത്തിലും ദിക്റിലും സുന്നത്തിനെതിരായി (പുതുതായി) എന്താണോ അവര്‍ ചെയ്തിട്ടുള്ളത് ആ സംഗതിയെയാണ്'' (ഇര്‍വാഅ് 2/236).
നമ്മുടെ നാടുകളില്‍ നബി(സ)യുടെയോ സ്വഹാബത്തിന്റെയോ കാലത്തില്ലാത്ത പല പുതിയ രീതികളും കാണാന്‍ കഴിയും. എല്ലാ ദിവസവും രാത്രി പള്ളികളില്‍ പാരായണം ചെയ്യപ്പെടുന്ന ഹദ്ദാദ് റാത്തീബ്, സ്വലാത്ത് ചൊല്ലുന്നതിനായി സദസ്സുകള്‍ സംഘടിപ്പിക്കുന്നത്, മൗലിദ് പാരായണം, മരണവീട്ടില്‍ 3,7,40 ദിവസങ്ങളില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കല്‍ തുടങ്ങി പല നൂതനാചാരങ്ങളും ചെയ്യുന്നതിന് സവിശേഷമായ പ്രതിഫലവും പുണ്യവും ഉണ്ട് എന്നാണ് അത് ചെയ്യുന്നവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ അവയെല്ലാം ബിദ്അത്തിന്റെ ഗണത്തിലാണ് പെടുകയെന്നത് ഈ വിവരണത്തില്‍നിന്ന് സംശയമില്ലാത്തവിധം വ്യക്തമാണ്.

ഇന്ന് ബിദ്അത്തുകള്‍ നടത്തുന്നതും സുന്നത്തിന്റെ പരിവേഷം നല്‍കിക്കൊണ്ടാണ്. ഏത് ബിദ്അത്തെടുത്ത് പരിശോധിച്ചു നോക്കിയാലും ആളുകള്‍ അത് മതത്തിലെ പുണ്യകർമമെന്ന നിലക്കാണ് ചെയ്തുവരുന്നത്. അത്തരം ബിദ്അത്തുകള്‍ ഒഴിവാക്കുന്നവരെ സുന്നത്ത് ഒഴിവാക്കിയവരെന്നു പറഞ്ഞ് ആക്ഷേപിക്കുകയും ചെയ്യും.

ഒരിക്കൽ ഹുദൈഫ (റ) രണ്ട് കല്ലുകളെടുക്കുകയും, ഒന്ന് മറ്റൊന്നിനോട് ചേര്‍ത്തുവെക്കുകയും ചെയ്തു. ശേഷം തന്റെ ശിഷ്യന്മാരോട് ചോദിച്ചു: 'ഈ രണ്ട് കല്ലുകള്‍ക്കിടയില്‍ നിങ്ങള്‍ വല്ല വെളിച്ചവും കാണുന്നുണ്ടോ?' അവര്‍ പറഞ്ഞു: 'അബൂ അബ്ദില്ലാ, അവ രണ്ടിനുമിടയില്‍ വളരെ കുറച്ച് പ്രകാശമല്ലാതെ ഞങ്ങള്‍ കാണുന്നില്ല.' ഹുദൈഫ (റ) പറഞ്ഞു: ''എന്റെ ആത്മാവ് ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം! ബിദ്അത്തുകള്‍ പ്രകടമാവുകയും, ഈ കല്ലുകള്‍ക്കിടയില്‍ കാണുന്ന പ്രകാശത്തോളം മാത്രം സത്യം കാണപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും. അല്ലാഹു തന്നെ സത്യം! ബിദ്അത്തുകള്‍ സർവപ്രചാരം നേടുകയും, അതില്‍ നിന്നെന്തെങ്കിലും ഒഴിവാക്കപ്പെട്ടാല്‍ 'സുന്നത്ത് ഒഴിവാക്കപ്പെട്ടിരിക്കുന്നു' എന്ന് ജനങ്ങള്‍ പറയുകയും ചെയ്യും'' (ഇബ്നു വദ്ദാഹിന്റെ അൽബിദഅ്; അല്‍ ഇഅ്തിസ്വാം – ശാത്വിബി 1/78).

അല്ലാഹുവിന്റെ ദീനിന് കടകവിരുദ്ധമായി നിലകൊള്ളുന്ന ഇത്തരം ബിദ്അത്തുകള്‍ നിർമിക്കുന്നതിനും, നിലനിര്‍ത്തുന്നതിനും വേണ്ടി വിയര്‍പ്പൊഴുക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും ഒരാള്‍ക്ക് നന്നായിട്ടുള്ളത് കുറച്ചാണെങ്കിലും സുന്നത്തുകളില്‍ ഒതുങ്ങിനിൽക്കലാണ്. ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു: ''സുന്നത്ത് പ്രവർത്തിക്കുന്നതിൽ മിതത്വം പുലർത്തുന്നതാണ്, ബിദ്അത്തിലുള്ള പരിശ്രമത്തെക്കാള്‍ ഉത്തമം.''

ഓരോ ബിദ്അത്തും നബി (സ) നമ്മെ ഏല്‍പ്പിച്ചു പോയ സുന്നത്തുകളെ മരിപ്പിക്കുകയാണ് ചെയ്യുന്നത്. ഇബ്‌നു അബ്ബാസ് (റ) പറഞ്ഞു: ''ഒരു ബിദ്അത്ത് നിർമിക്കപ്പെടുകയും സുന്നത്ത് മരണപ്പെടുകയും ചെയ്യാത്ത ഒരു വര്‍ഷവും ജനങ്ങള്‍ക്ക് വരാനില്ല. അങ്ങനെ ബിദ്അത്തുകള്‍ ജനിക്കുകയും സുന്നത്തുകള്‍ മരണപ്പെടുകയും ചെയ്യും.''

പ്രവര്‍ത്തനങ്ങളില്‍ ബിദ്അത്തുകളുടെ സാന്നിധ്യമുണ്ടെങ്കില്‍ അല്ലാഹുവിങ്കല്‍നിന്നുള്ള കോപമാണ് അത് ചെയ്യുന്നവർ ക്ഷണിച്ചുവരുത്തുന്നത്.

ഹസനുല്‍ ബസ്വ്്രി (റ) പറഞ്ഞു: ''നോമ്പും നമസ്കാരവുമായി ബിദ്അത്തുകാരന്‍ കൂടുതല്‍ പരിശ്രമിക്കുോ ഴെല്ലാം അല്ലാഹുവില്‍നിന്ന് അയാൾ കൂടുതല്‍ അകലുകയാണ് ചെയ്യുന്നത്.'' l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി