Prabodhanm Weekly

Pages

Search

2023 സെപ്റ്റംബർ 29

3320

1445 റബീഉൽ അവ്വൽ 14

തിരുസുന്നത്തില്‍ തിളങ്ങുന്ന ആ മുഖമുണ്ട്

ശമീര്‍ബാബു കൊടുവള്ളി

"ഇസ്‌ലാം എന്ന കെട്ടിടത്തിന്റെ ഇരുമ്പ് ചട്ടക്കൂടാണ് തിരുചര്യ'' -മുഹമ്മദ് അസദ്.
ഇസ്‌ലാമില്‍ വിശുദ്ധ വേദ(ഖുര്‍ആന്‍)ത്തിനും തിരുചര്യ(സുന്നത്ത്)ക്കും ഒരുപോലെ പ്രാധാന്യമുണ്ട്. ഒന്ന് മറ്റൊന്നിന്റെ പൂരണമാണ്. വിശുദ്ധ വേദത്തെ മാറ്റിനിര്‍ത്തിയുള്ള തിരുചര്യയുടെ സ്വീകരണമോ, തിരുചര്യയെ മാറ്റിനിര്‍ത്തിയുള്ള വിശുദ്ധ വേദത്തിന്റെ സ്വീകരണമോ സാധ്യമല്ല. ഒരു നാണയത്തിന്റെ ഇരു പുറങ്ങളാണ് അവ. കാര്യങ്ങളെ ഇപ്രകാരം തിരിച്ചറിഞ്ഞില്ലെങ്കില്‍, ഇസ്‌ലാമിന്റെ പൂര്‍ണത ഗ്രഹിക്കാനാവാതെ പോവും. അതിന്റെ വികൃത രൂപമായിരിക്കും പിന്നെ പ്രത്യക്ഷമാവുക. വിശുദ്ധ വേദവും തിരുചര്യയും ഒരു കാര്യത്തില്‍ മാത്രമേ വ്യത്യാസം പുലര്‍ത്തുന്നുള്ളൂ. ദൈവികമായ ആശയങ്ങളും ദൈവികമായ വചനങ്ങളുമാണ് വിശുദ്ധ വേദം. എന്നാല്‍, ആശയങ്ങള്‍ ദൈവികമാണെങ്കിലും, പ്രവാചകന്റെ വാക്കും കര്‍മവും മൗനാനുവാദവുമാണ് തിരുചര്യ. അതോടൊപ്പം, പ്രവാചക ജീവിതത്തെ മുന്‍നിര്‍ത്തിയുള്ള അനുചരരുടെ വിവരണങ്ങളും തിരുചര്യ ഉള്‍ക്കൊള്ളുന്നുണ്ട്.

തിരുചര്യയില്‍ മുഹമ്മദ് എന്ന വ്യക്തിത്വം തെളിമയോടെ കിടപ്പുണ്ട്. പ്രവാചകന്റെ തത്ത്വചിന്തകള്‍ മുതല്‍ ശാരീരിക വിവരണം വരെ അതില്‍ വായിക്കാം. തിരുചര്യയോടുള്ള പ്രതിബദ്ധതയാണ് ഇസ്‌ലാമിന്റെ നിലനില്‍പ്പ് സാധ്യമാക്കുന്നത്. തിരുചര്യ മാറ്റിനിർത്തുമ്പോള്‍, കേവലം ചരിത്ര വ്യക്തിയായി പ്രവാചകന്‍ ചുരുങ്ങും. അവിടുത്തെ ഓരോ അനക്കവും അടക്കവും ഗ്രഹിക്കുന്നത് അതില്‍നിന്നാണ്. പ്രവാചകനുമായി ബന്ധപ്പെട്ട എല്ലാം അതിലുണ്ട്.  അവയാവട്ടെ, വിശുദ്ധ വേദത്തിന്റെ ആധികാരിക വിശദീകരണങ്ങളും. അതിനാലാണ് പ്രവാചകനും തിരുചര്യയും ഇസ്‌ലാമിന്റെ പ്രമാണമാവുന്നത്. വിശുദ്ധ വേദം പറയുന്നു: ''ഇപ്പോള്‍ നിനക്കും നാമിതാ ഈ വേദം അവതരിപ്പിച്ചിരിക്കുന്നു; ജനങ്ങള്‍ക്കായി അവതീര്‍ണമായത് നീ അവര്‍ക്ക് വിശദീകരിച്ചുകൊടുക്കാന്‍. അവര്‍ ചിന്തിച്ചേക്കാം''(അന്നഹ്ൽ 44). തിരുചര്യ പറയുന്നു: ''ജനങ്ങളേ, നിങ്ങള്‍ക്ക് ഞാന്‍ രണ്ട് കാര്യങ്ങള്‍ നല്‍കുന്നു. അവ മുറുകെ പിടിക്കുവോളം വഴിപിഴക്കില്ല. ദൈവിക ഗ്രന്ഥവും തിരുചര്യയുമാണവ''(ബൈഹഖി). തിരുജീവിതത്തെ സ്വയം ഉള്‍ക്കൊണ്ട്, അതിനെ മറ്റുള്ളവര്‍ക്ക് എത്തിക്കുക എന്നത് പുണ്യകരമാണ്. അതാണ് തന്റെ അവസാന പ്രസംഗത്തില്‍ പ്രവാചകന്‍ ഓര്‍മിപ്പിച്ചത്: ''സാക്ഷി, സാക്ഷിയായിട്ടില്ലാത്തവന് എത്തിച്ചുകൊള്ളട്ടെ. നേരിട്ട് ശ്രവിച്ച സാക്ഷിയെക്കാള്‍ അവന്‍ പ്രബുദ്ധനായേക്കാം''(ബുഖാരി).   

പ്രവാചകനില്‍ ഓരോ മുസ്‌ലിമിനും ഉത്തമമായ മാതൃകയുണ്ട്: ''നിശ്ചയം, ദൈവത്തിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് മികച്ച മാതൃകയുണ്ട്''(അൽ അഹ്‌സാബ്  21). അഹ്‌സാബ് യുദ്ധവേളയിലാണ് ഈ സൂക്തത്തിന്റെ അവതരണം. ''അപ്പോള്‍ അവിടെവെച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും കഠിനമായി വിറപ്പിക്കപ്പെടുകയും ചെയ്തു''(അൽ അഹ്‌സാബ് 11) എന്ന സൂക്തവുമായി മേല്‍ സൂക്തത്തിന് ബന്ധമുണ്ട്. വിശ്വാസികള്‍ നന്നായി പരീക്ഷിക്കപ്പെട്ട സന്ദര്‍ഭമായിരുന്നു അഹ്‌സാബ് യുദ്ധം. ഒരുഭാഗത്ത് ഖുറൈശികള്‍. മറുഭാഗത്താവട്ടെ, ബനൂ ഖുറൈള ജൂതഗോത്രവും. കിടങ്ങ് കുഴിച്ചാണ് മുസ്‌ലിംകള്‍ ശത്രുക്കളെ നേരിട്ടത്. നിര്‍ണായകമായ ആ നിമിഷത്തില്‍ പതറിപ്പോവുക സ്വാഭാവികമാണ്. എന്നാല്‍, പ്രവാചകന്‍ പതറിയില്ല. ദൈവത്തില്‍ ഭരമേൽപിച്ച് അനുചരന്മാരില്‍ പ്രത്യാശ നിറച്ചു. അവര്‍ക്കൊപ്പം ചേര്‍ന്ന് കിടങ്ങ് കീറി; പാറ പൊട്ടിച്ചു; മണ്ണ് ചുമന്നു; കവിതകള്‍ ചൊല്ലി. പ്രവാചകന്റെ ഈ സമീപനത്തില്‍ മാതൃകയുണ്ടെന്നാണ് അവതരണ പശ്ചാത്തലവുമായി ബന്ധപ്പെടുത്തി സൂക്തം പറയുന്നത്. എന്നാല്‍, പ്രവാചക മാതൃക  അഹ്‌സാബ് വേളയില്‍ മാത്രം പരിമിതമല്ല. എല്ലാ കാലത്തേക്കും മുസ്‌ലിമിന്റെ ഓരോ കാര്യത്തിനും പ്രവാചകന്‍ മാതൃകയാണ്: ''ദൂതന്‍ നല്‍കുന്നതെന്തോ, അത് നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ, അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക'' (അൽ ഹശ്്ർ 7).

ഉണര്‍വിലും ഉറക്കത്തിലും, നില്‍പ്പിലും ഇരിപ്പിലും, പെരുമാറ്റത്തിലും സമീപനത്തിലും തുടങ്ങി ഓരോ കാര്യത്തിലും ആ മഹാനുഭാവനെയാണ് മുസ്‌ലിംകള്‍ പിന്തുടരേണ്ടത്. മേൽ സൂക്തത്തിലെ 'ഉസ്‌വത്തുന്‍ ഹസന' എന്ന പ്രയോഗം നോക്കുക. സൗന്ദര്യത്തികവുള്ള ലക്ഷണമൊത്ത മാതൃകയാണത്. ആ മാതൃക സമഗ്രമാണ്; സമ്പൂര്‍ണമാണ്; പ്രായോഗികവുമാണ്.  


സമഗ്ര മാതൃക

ജീവിതത്തിന്റെ മുഴുരംഗങ്ങളിലും വെളിച്ചം വിതറിയ യുഗനാളമാണ് പ്രവാചകന്‍. ഒരിടവും അവിടുത്തെ നോട്ടത്തില്‍നിന്ന് ഒഴിഞ്ഞുപോയില്ല. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം, സമ്പത്ത്, സംസ്‌കാരം, നാഗരികത എന്നിവ ചേര്‍ന്നതാണല്ലോ ജീവിതം. ഓരോ മേഖലക്കും ആവശ്യമായ അധ്യാപനങ്ങളും കര്‍മനിലപാടുകളും പ്രവാചകന്‍ സമര്‍പ്പിച്ചിട്ടുണ്ട്. സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ ഭാഷയില്‍, പല നിറങ്ങളും ഗന്ധങ്ങളുമുള്ള പുഷ്പങ്ങളടങ്ങിയ ബൊക്കപോലെ സമഗ്ര മാതൃകയാണ് പ്രവാചകന്‍.

എത്ര മനോഹരമാണ് അവിടുത്തെ വാക്കുകള്‍. കുറിയ വാക്കുകളില്‍ വലിയ ആശയങ്ങളാണ് പ്രവാചക സംസാരങ്ങളില്‍ വിടരുന്നത്. ഒരു സാരോപദേശമിതാ: ''ശരീരത്തിലേക്കോ രൂപത്തിലേക്കോ അല്ല, നിങ്ങളുടെ ചേതസ്സിലേക്കും കര്‍മങ്ങളിലേക്കുമത്രെ ദൈവം ശ്രദ്ധിക്കുന്നത്''(മുസ്‌ലിം). വ്യക്തി, വ്യക്തിയുടെ ദൈവബോധം, കര്‍മം, ആത്മാര്‍ഥത എന്നിവ ചേര്‍ത്തുവെച്ച് മനുഷ്യനില്‍ പ്രബുദ്ധത ഉണ്ടാക്കുകയാണിവിടെ പ്രവാചകന്‍. കുടുംബത്തിന്റെ പവിത്രതയെക്കുറിച്ച് അരുളുന്നത് നോക്കൂ: ''ഞാനും നിങ്ങളും തമ്മിലുള്ള കുടുംബ ബന്ധം ചേര്‍ക്കണമെന്നല്ലാതെ മറ്റൊരു കാര്യവും ഞാന്‍ നിങ്ങളില്‍നിന്ന് പ്രതീക്ഷിക്കുന്നില്ല''(ബുഖാരി). ഒരുനിലക്കും കുടുംബമോ, കുടുംബ ബന്ധമോ തകരാന്‍ ഇടവരരുത്. മനുഷ്യന്‍ സാമൂഹിക ജീവിയാണ്. അതിനാല്‍, സമൂഹത്തോടൊപ്പമായിരുന്നു പ്രവാചകന്റെ ജീവിതം.   

പൂര്‍ണ മനുഷ്യനായിരുന്നു പ്രവാചകന്‍. ഒരു മനുഷ്യന്‍ പൂര്‍ണനാവുന്നത്, ദൈവികവും വൈയക്തികവും മാനവികവുമായ നന്മകള്‍ ഉണ്ടാവുകയും അവയുടെ പ്രതലത്തില്‍ ജീവിതം നയിക്കുകയും പൂര്‍ണാര്‍ഥത്തില്‍ വിജയിക്കുകയും ചെയ്യുമ്പോഴാണ്. അത്തരത്തിലുള്ള മുഴുവന്‍ സ്വഭാവങ്ങളുടെയും സമാഹാരമായിരുന്നു പ്രവാചകന്‍.

വിജ്ഞാനമായിരുന്നു പ്രവാചകന്റെ മൂലധനം. വിശ്വാസം ശക്തിയും പ്രാര്‍ഥന സന്തുഷ്ടിയുമായിരുന്നു അദ്ദേഹത്തിന്. വിശ്വസ്തത ഭണ്ഡാരമായും തൃപ്തി സമ്പത്തായും വിരക്തി പ്രകൃതമായും കണ്ടു തിരുദൂതര്‍. സംയമനത്തിന്റെ വസ്ത്രം ധരിച്ച് പ്രത്യാശയുടെ വാഹനത്തിലേറി ജീവിതത്തെ ധന്യമാക്കി അവിടുന്ന്. എന്താണ് ഐശ്വര്യമെന്ന ചോദ്യത്തിനുള്ള പ്രവാചകന്റെ മറുപടി കൃത്യമായിരുന്നു: ''ഭൗതിക വിഭവങ്ങളുടെ ആധിക്യമല്ല യഥാര്‍ഥ ഐശ്വര്യം. മറിച്ച്, ആത്മാവിന്റെ ഐശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യം''(മുസ്‌ലിം).  

പ്രയോഗ മാതൃക

ഉപദേശിക്കാൻ എളുപ്പമാണ്. ഉപദേശം ജീവിതത്തില്‍ കൊണ്ടുവരലാണ് ഏറെ പ്രയാസകരം. വാക്കുകളിലല്ല, വാക്കുകളില്‍ ചാലിച്ച കര്‍മങ്ങളിലാണ് വ്യക്തിയുടെ ഔന്നത്യം നിലകൊള്ളുന്നത്. അഥവാ, തത്ത്വത്തോടൊപ്പം പ്രയോഗവും പ്രധാനമാണ്. കര്‍മങ്ങളില്‍ കൊണ്ടുവരാത്ത തത്ത്വങ്ങള്‍ നന്നല്ല: ''പ്രവര്‍ത്തിക്കാത്തത് പറയല്‍ ദൈവത്തിന് ഏറെ വെറുപ്പുള്ള കാര്യമാണ്'' (അസ്സ്വഫ്ഫ്  3). തത്ത്വങ്ങള്‍ പറഞ്ഞതിനൊപ്പം പ്രയോഗവും മികച്ചതാക്കി പ്രവാചകന്‍. അതിന് ഒത്തിരി ഉദാഹരണങ്ങളും നബിജീവിതത്തിൽനിന്ന് കണ്ടെടുക്കാനാവും. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 46 അല്‍ അഹ്ഖാഫ് സൂക്തം 15-16
ടി.കെ ഉബൈദ്

ഹദീസ്‌

ഈമാൻ കൊണ്ട് നിറയണം മനസ്സും ഹൃദയവും
നൗഷാദ് ചേനപ്പാടി