ശ്രീനാരായണ ഗുരുവിനെ കാവിയുടുപ്പിക്കാൻ തുനിയുന്നവരോട്
ചതയദിനത്തിൽ ശ്രീനാരായണ ഗുരുവിനെ കാവിയുടുപ്പിച്ചത് സാംസ്കാരിക കേരളത്തിന് ഞെട്ടലുളവാക്കുന്ന കാഴ്ച പോലുമല്ലാതായിരിക്കുന്നു. സകലതും കാവിവത്കരിക്കുന്ന പണിശാലയിൽ, ഒരു നൂറ്റാണ്ടോളം പീതവർണം ധരിച്ചിരിക്കുന്ന ഗുരുവിനെ കാവിയിലേക്ക് കളംമാറ്റിയിരുത്താൻ ബന്ധപ്പെട്ടവർക്ക് മടിയേതുമുണ്ടായില്ല. 'ഹിന്ദുവല്ലാതെ പിന്നെ മതേതരവാദിയായിരുന്നോ ഗുരു' എന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പത്രപ്രവർത്തകരോടുള്ള ചോദ്യത്തിന്റെ അശ്ലീലതയും കാര്യമായി ചർച്ച ചെയ്യപ്പെട്ടില്ല.
ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾ തികച്ചും ഭാരതീയമായിരുന്നുവെന്ന് ഇന്ന് ഘോഷിക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്, ഗുരുവിന്റെ സമരവും പോരാട്ടവും ആർക്കെതിരെയായിരുന്നുവെന്ന് വിശദീകരിക്കാൻ നാവ് വഴങ്ങുമെന്ന് തോന്നുന്നില്ല. ഗുരുവിന്റെ 'ഭാരതീയമായ' ചിന്തയാണല്ലോ ജാത്യാധികാരത്തിനെതിരെയുള്ള പ്രതിരോധവും പോരാട്ടവുമായി ആവിഷ്കരിക്കപ്പെട്ടത്. അഭാരതീയമായതിനെതിരെയായിരുന്നു ഗുരു, ഭാരതീയ ചിന്തയിലൂടെ പ്രശ്നവത്കരിച്ചത് എന്നായിരിക്കുമോ ആ പറഞ്ഞതിന്റെ മറുവായന?
ജാതിയുടെയും ജാതിയെ പോറ്റുന്ന മതത്തിന്റെയും ഉച്ചനീചത്വങ്ങളെ നേരിടാൻ വിദ്യ അഭ്യസിക്കുക എന്ന് ഉദ്ഘോഷിച്ച നവോത്ഥാന പോരാളിയായിരുന്നു ശ്രീനാരായണ ഗുരു. അതേ വിദ്യയെ കാവിവത്കരിച്ചാൽ ഇന്ന് ഗുരുവിനെ കാവിയുടുപ്പിക്കുക ശ്രമകരമല്ല. ഗുരു മാത്രമല്ല വിവേകാനന്ദനും സഹോദരൻ അയ്യപ്പനും കുമാരനാശാനും, എന്തിനേറെ തീക്ഷ്ണമായ ജനാധിപത്യ സമരമാർഗത്തിലൂടെ ജാതീയതയെ ആഴത്തിൽ മുറിവേൽപിച്ച അയ്യങ്കാളി വരെ കാവിയുടുക്കപ്പെടുകയോ ചരിത്രത്തിൽനിന്ന് നിഷ്കാസനം ചെയ്യപ്പെടുകയോ ചെയ്താൽ സാംസ്കാരിക കേരളത്തിന് അതൊരു വിഷയമല്ലെന്നോ?!
'വാദിക്കാനും ജയിക്കാനും അല്ല അറിയാനും അറിയിക്കാനും ആണ് വിദ്യ'
'വിദ്യ കൊണ്ട് പ്രബുദ്ധരാകുക, സംഘടിച്ച് ശക്തരാകുക'
'വിദ്യ കൊണ്ട് സ്വതന്ത്രരാകൂ'
എന്നിങ്ങനെ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന ചിന്തകളാലും മുദ്രാവാക്യങ്ങളാലും അധഃസ്ഥിത ജനവിഭാഗത്തെ സമുദ്ധരിക്കാൻ യത്നിച്ച ഒരു കാലഘട്ടത്തിന്റെ ദാർശനിക വ്യക്തിത്വമായിരുന്നു അദ്ദേഹം. വിദ്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ടു മുമ്പുള്ള നിരീക്ഷണങ്ങൾ ഇന്നും പ്രസക്തമാണ്.
വിദ്യയിലൂടെ മാത്രമേ നവോത്ഥാനം സാധ്യമാവൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവര്‍ണര്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിച്ചു. തീണ്ടലും തൊടീലും കാരണം സവർണശരീരങ്ങൾക്കൊപ്പമിരുന്ന് പഠിക്കാൻ അവസരം നിഷേധിക്കപ്പെട്ട കാലഘട്ടത്തെയാണ് ഗുരു ഇത്തരം വിദ്യാലയ നിർമിതിയിലൂടെ മറികടന്നത്. ശരിയായ വിദ്യാഭ്യാസംകൊണ്ടു മാത്രമേ, വിവേചനത്തെയും ചൂഷണത്തെയും കീഴാളത്തത്തെയും ചോദ്യം ചെയ്യാനുള്ള സമൂഹനിർമിതി സാധ്യമാകൂ എന്നതായിരുന്നു ഗുരുവിന്റെ വീക്ഷണങ്ങളിലെ അന്തർധാര.
വിദ്യാലയങ്ങൾ മാത്രമല്ല, അവർണർക്കായി ക്ഷേത്രങ്ങളും തുറന്നു എന്നത് അദ്ദേഹത്തിന്റെ സാമൂഹിക പരിഷ്കരണങ്ങളുടെ ശോഭയേറ്റുന്ന പ്രവൃത്തിയായി വിലയിരുത്താവുന്നതാണ്. എന്തിനായിരുന്നു ക്ഷേത്രനിർമിതിയിൽ ഗുരു ശ്രദ്ധയൂന്നിയത് എന്ന് പരിശോധിക്കുമ്പോഴാണ് അത് ജാത്യാധികാരങ്ങളെ ശിഥിലമാക്കുകയായിരുന്നു എന്ന് തിരിച്ചറിയാനാവുന്നത്. ഇതിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ടതും ഇന്നും ചരിത്രത്തിൽ ശോഭ വറ്റാതെ നിൽക്കുന്നതുമാണ് അരുവിപ്പുറം പ്രതിഷ്ഠ.
1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠ, അധഃസ്ഥിത ജനവിഭാഗത്തിന് ക്ഷേത്രപ്രവേശനം അനുവദനീയമല്ലാതിരുന്ന കാലത്ത് നടത്തിയ ശക്തമായ പ്രതിഷേധവും പ്രതിരോധവുമായിരുന്നു. ബ്രാഹ്മണനല്ലാത്ത ഒരാൾ ആദ്യമായി ദൈവപ്രതിഷ്ഠ നടത്തി എന്നതായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയുടെ ഒന്നാമത്തെ പ്രത്യേകത. വിയർപ്പ് പൊടിയാതെ സൈദ്ധാന്തികമായി പ്രതിരോധിക്കുന്നതിനപ്പുറം, വിയർപ്പിറ്റിച്ച് പ്രായോഗികമായി വരേണ്യതയെ വെല്ലുവിളിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത.
വൈക്കം സത്യഗ്രഹ പ്രക്ഷോഭത്തിലും ഗുരുവെന്ന പോരാളിയെ കാണാം. ജാതി ഹിന്ദു മേൽക്കോയ്മ കെട്ടിയുയർത്തിയ മുള്ളുവേലികൾ മറികടന്ന്, വിലക്കുള്ള വഴിയിലൂടെ സഞ്ചരിച്ച്, ക്ഷേത്രത്തിന്റെ മതിൽക്കെട്ട് കടന്ന് ഭക്ഷണം കഴിക്കണമെന്ന ഗുരുവിന്റെ 'ഭാരതീയമായ' ആജ്ഞ ഗാന്ധിയെ വരെ ഞെട്ടിച്ചുകളഞ്ഞു. അക്രമരാഹിത്യവും അഹിംസയും കൈയാളുന്ന ഗാന്ധി വൈക്കം സത്യഗ്രഹത്തിന്റെ മുൻനിരയിൽ നിൽക്കുമ്പോളായിരുന്നു ആ ആജ്ഞ. വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വർഷം ആഘോഷിക്കാൻ പോകുന്ന ഈ വേളയിൽ ചതയത്തിന് കാവിയുടുപ്പിച്ചപോലെ ഗുരുവിന്റെ ഇത്തരം സമരമാർഗങ്ങളെ കാവിപ്പുതപ്പിട്ട് മറച്ചുപിടിക്കാൻ ഹിന്ദുത്വ പരിവാറിന് പ്രബുദ്ധ കേരളത്തിന്റെ നിസ്സംഗതയും മൗനവും മാത്രം മതിയാകും.
ബ്രാഹ്മണരും വരേണ്യ ജാതിക്കാരും കൈയടക്കിവെച്ചിരുന്ന വിദ്യാലയങ്ങൾക്കും ക്ഷേത്രങ്ങൾക്കും സമാന്തരമായി, പാർശ്വവത്കരിക്കപ്പെട്ട അധഃസ്ഥിത ജനവിഭാഗങ്ങൾക്കു വേണ്ടി അദ്ദേഹം പണികഴിപ്പിച്ച വിദ്യാലയങ്ങളും ക്ഷേത്രങ്ങളും ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.
ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി ദേവാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും വിദ്യ നഷ്ടപ്പെട്ടവര്‍ക്കായി വിദ്യാലയങ്ങള്‍ ഉണ്ടാക്കിയപ്പോഴും ഗുരുദേവന്‍ മുന്നില്‍ക്കണ്ടത് സമൂഹത്തിന്റെ സാഹോദര്യമായിരുന്നു. കേരളമൊട്ടുക്കും നിരവധി ക്ഷേത്രങ്ങള്‍ അദ്ദേഹം പ്രതിഷ്ഠിച്ചുവെങ്കിലും 'ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് ഇനി ആവശ്യമുള്ളത്' എന്ന പ്രഖ്യാപനം ഗുരുവിന്റെ വിദ്യാഭ്യാസ ദർശനം എന്തെന്ന് വിളിച്ചോതുന്നു. അരുവിപ്പുറത്ത് ശിവനെ പ്രതിഷ്ഠിച്ചതിന് മുന്നാക്ക ജാതിക്കാരുടെ കൊടിയ പ്രതിഷേധത്തിനും ശത്രുതക്കും വഴിവെച്ചിരുന്നു. ശിവൻ സവർണരുടെ ദൈവമായിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. 'ഇത് ഈഴവ ശിവനാണ്, നിങ്ങൾ ഈ വഴിക്ക് വരണ്ട' എന്ന് പ്രതികരിച്ചു കൊണ്ടാണ് അദ്ദേഹം ജാതിചട്ടമ്പികളെ നേരിട്ടത്. അധഃകൃത ജനവിഭാഗത്തിന്റെ പ്രാർഥനാ സ്വാതന്ത്ര്യത്തിന് നാന്ദികുറിച്ച മുഖ്യ സംഭവങ്ങളിൽ ഒന്നായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠ.
'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്' എന്ന ജാതിയെ വെല്ലുവിളിക്കുന്ന വരികൾ ആ ക്ഷേത്രത്തിൽ ഉല്ലേഖനം ചെയ്യുകയും ചെയ്തു.
'മതമേതായാലും മനുഷ്യൻ നന്നായാൽ മതി'
'അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം' എന്നീ ഗുരുവിന്റെ വരികൾ സാമൂഹിക പ്രസക്തിയുള്ളതും സങ്കുചിതത്വങ്ങളെ പാടേ നിരാകരിക്കുന്നതുമാണ്. എല്ലാ മതങ്ങളുടെയും സാരം ഒന്നുതന്നെയാണ് എന്ന് പ്രഖ്യാപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും ഈ സങ്കുചിതത്വമില്ലായ്മ കൊണ്ടാണ്. 1916-ൽ നടത്തിയ പട്ടത്താനം പ്രഭാഷണത്തിൽ അദ്ദേഹം പറയുന്നത് ഇപ്രകാരമാണ്: ''നാം ജാതിമത ഭേദങ്ങൾ വിട്ടിരിക്കുന്നു. നമ്മെ ഒരു ജാതിയുടെയോ മതത്തിന്റെയോ പ്രതിനിധിയായി കരുതിക്കൂടാത്തതാണ്.'' പിന്നാക്ക സമുദായക്കാരുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ പുരോഗതിക്ക് കാരണമായത് ഗുരുവിന്റെ പ്രവർത്തനങ്ങളാണ്. ജാതിക്കും മതത്തിനും അതീതനായ, വിശ്വമാനവികതയുടെ വക്താവായ ശ്രീനാരായണ ഗുരു 1928 സെപ്റ്റംബർ 20-ന് തന്റെ 73-ാം വയസ്സിൽ ശിവഗിരിയിൽ വെച്ച് അന്തരിക്കുന്നത് വരെ ജാതിനൃശംസതകൾക്കെതിരെ നിരന്തരം പോരടിച്ചു.
പോസ്റ്റൽ സ്റ്റാമ്പിൽ ചിത്രീകരിക്കപ്പെട്ട ആദ്യ കേരളീയനാണ് ശ്രീനാരായണ ഗുരു. ഇന്ത്യൻ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ മലയാളിയും അദ്ദേഹമാണ്. കവി, ദാർശനികൻ, യോഗി, വിദ്യാഭ്യാസ വിചക്ഷണൻ, സാമൂഹിക പരിഷ്കർത്താവ്, ജാത്യാചാരങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടിയ പോരാളി എന്നീ നിലകളിൽ കേരള നവോത്ഥാനത്തിന്റെയും ഉണർച്ചയുടെയും ഭാഗമായ, മാനവികത മതമായി ഉദ്ഘോഷിച്ച ഒരു വ്യക്തിത്വത്തെ ഹിന്ദുത്വ നെയ്യുന്ന ഹിംസയിലധിഷ്ഠിതമായ രാഷ്ട്രീയ കാവിയുടുപ്പിക്കാൻ അനുവദിക്കരുത്.
Comments